Image

നവംബറിന്‍റെ സ്നേഹമഞ്ഞ്…. എം. ജയചന്ദ്രന്‍റെ ആത്മകഥ-'സ്മൃതി തൻ ചിറകിലേറി': ആസ്വാദനം, ഗിരിജാ വേണുഗോപാൽ

ഗിരിജ വേണുഗോപാല്‍ Published on 10 April, 2025
നവംബറിന്‍റെ സ്നേഹമഞ്ഞ്…. എം. ജയചന്ദ്രന്‍റെ ആത്മകഥ-'സ്മൃതി തൻ ചിറകിലേറി': ആസ്വാദനം, ഗിരിജാ വേണുഗോപാൽ

നിക്ക് മറക്കാന്‍ കഴിയാത്ത ദിനമായിരുന്നു പോയ നവംബര്‍ സമ്മാനിച്ചത്. 2024 ലെ നവംബര്‍ മൂന്ന്..

ജാലകപ്പാളിയിലെ മാഞ്ഞുപോവാത്ത ഹിമകണം പോലെ എന്നെ കോരിത്തരിപ്പിക്കുന്നു. കൊറിയറില്‍ എന്നെത്തേടിയെത്തിയ പായ്ക്കറ്റ് തുറക്കുമ്പോള്‍ എന്‍റെ ഹ‍ൃദയമിടിപ്പ് എനിക്ക് കേള്‍ക്കാമായിരുന്നു. അതിമനോഹരമായ കവര്‍പേജില്‍ നിലാവുപോലെ പുഞ്ചിരി തൂകുന്ന ; മലയാളികളുടെ സ്വകാര്യഅഹങ്കാരമായ എം ജയചന്ദ്രന്‍! പുസ്തകത്തിന്‍റെ ശീര്‍ഷകം മനസ്സില്‍ പതിപ്പിച്ചു - 
'സ്മൃതി തന്‍ ചിറകിലേറി.'
എം. ജയചന്ദ്രന്‍റെ ആത്മഗീതം.

വിറയ്ക്കുന്ന വിരലുകളാല്‍ താള്‍ മറിച്ചു. മനോഹരമായ കയ്യക്ഷരത്തില്‍ കറുത്തമഷികൊണ്ടെഴുതിയ ആ വരികള്‍ എനിക്കുള്ള സ്നേഹമധുരമായിരുന്നു -

'സ്നേഹം മാത്രമാണ് സത്യം'

പ്രിയപ്പെട്ട ഗിരിജചേച്ചിക്ക്
സസ്നേഹം

(എം ജയചന്ദ്രന്‍)
3-11-2024
 
താളുകള്‍ മറിയുന്നത് ഞാനറിഞ്ഞില്ല.

….ഈ പുസ്തകം സാധാരണ മട്ടിലുള്ള ഒരു സ്മരണികയല്ല. അത്യന്തം വിചിത്രവും നിത്യസ്മരണീയവുമായ ചില സംഭവങ്ങളുടെ – എല്ലാം ഗ്രന്ഥകാരന്‍റെ അനുഭവത്തിൽപ്പെട്ടത് – ഓർമ്മക്കുറിപ്പുകളാണ് ഇവിടെയുള്ളത്.

ഇരുപത്തഞ്ച് അദ്ധ്യായങ്ങളുള്ള ഈ പുസ്തകത്തിൽനിന്ന് ഏതെങ്കിലും ഒന്ന് തിരഞ്ഞെടുത്ത് അതിനെക്കുറിച്ച് മാത്രം പരാമർശിച്ചുകൊണ്ട് ഈ പ്രവേശിക അവസാനിപ്പിക്കാം എന്നാണ് ‍ഞാൻ കരുതിയത്. പക്ഷേ, തിരഞ്ഞെടുപ്പിനു തുനിഞ്ഞപ്പോൾ ഞാൻ ഏറെ ബുദ്ധിമുട്ടി – എല്ലാം ഒന്നിനൊന്നു മെച്ചമാണല്ലോ!’ –

സ്മൃതി തന്‍ ചിറകിലേറി  എന്ന എം. ജയചന്ദ്രന്‍റെ ആത്മഗീതത്തിന് മലയാളത്തിന്‍റെ പ്രിയകഥാകാരന്‍ ടി പത്മനാഭൻ എഴുതിയ മുഖപ്രസാദത്തിലെ ചില പൂവിതളുകളാണ് ഇത്.

സംഗീതലോകത്ത് മൂന്ന് പതിറ്റാണ്ടിലേറെ കാലത്തെ അനുഭവസമ്പത്തുള്ള  എം ജയചന്ദ്രന് സ്വന്തം ജീവിതം ഒരു രാഗസരോവരമായിരുന്നു. മികച്ച സംഗീത സംവിധായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ഒമ്പത് തവണ അദ്ദേഹം നേടിയിട്ടുണ്ട്. 2005-ൽ മികച്ച ഗായകനുള്ള സംസ്ഥാന അവാർഡും അദ്ദേഹം നേടി. 2015-ൽ, 'എന്ന് നിന്‍റെ മൊയ്തീൻ' എന്ന ചിത്രത്തിന് മികച്ച സംഗീത സംവിധായകനുള്ള ദേശീയ ചലച്ചിത്ര അവാർഡ് നേടി . 126 സിനിമകൾക്ക് അദ്ദേഹം സംഗീതം നൽകിയിട്ടുണ്ട്.


എം. ജെ. ജി എന്ന പ്രിയപ്പെട്ടവരുടെ സ്നേഹവിളിയില്‍ ആത്മാവിനെത്തൊട്ടുണര്‍ത്തുന്ന ഹംസധ്വനികളുണ്ടായിരുന്നു. ആ രാഗസരോവരത്തിലെ നീഹാരാർദ്രമായ പത്മദലങ്ങള്‍  ശേഖരിക്കുകയാണ്….
ഓര്‍മ്മകളുടെ പൂപ്പാലികയിലെ രാഗപുഷ്പാഞ്ജലി പോലെ….സ്മൃതി തന്‍ ചിറകിലേറി

കോലക്കുഴൽവിളി കേട്ടോ രാധേ എൻ രാധേ ....

മലയാളി നെ‍ഞ്ചേറ്റി  ലാളിച്ച ; നിവേദ്യത്തിലെ,
എം. ജെ. ജിയുടെ ഈണത്തിൽപ്പിറന്ന ഈ ഗാനം എം. ജയചന്ദ്രന്‍ എന്ന സംഗീതസംവിധായകന്‍റെ ഒരു രണ്ടാം വരവിന്‍റെ കഥകൂടിയാണ്. സ്മൃതി തന്‍ ചിറകിലേറി  എന്ന ഈആത്മഗാഥയിലെ കണ്ണു നനയിക്കുന്ന ഭാഗമാണത്.

അദ്ദേഹത്തിന്‍റെ വാക്കുകളില്‍…..

….വിശ്രമമില്ലാതെ സിനിമാപ്പാട്ടുകൾ ചെയ്യുന്നു. അതങ്ങനെ ഒരു തുലാമഴയെന്നപോലെ തിമർത്തുപെയ്‌ത്‌ പെട്ടെന്ന് ഒരുനാൾ സ്വിച്ച് ഓഫ് ചെയ്‌തപോലെ നിന്നുപോകുന്നു. അതിൻ്റെ കാരണം എനിക്കും അറിയില്ല. പാട്ടുകൾ ആഘോഷിക്കപ്പെടുന്നുണ്ട്. പുരസ്‌കാരങ്ങളും അംഗീകാരങ്ങളും കിട്ടുന്നുണ്ട്. പക്ഷേ, പുതിയ ജോലികൾ, എന്തോ കാരണംകൊണ്ട് എന്നിലേക്കെത്തുന്നില്ല.

ദിവസങ്ങൾ, ആഴ്‌ചകൾ, മാസങ്ങൾ അങ്ങനെ കടന്നുപോകുന്നു. ഒരാൾപോലും പുതിയ പ്രൊജക്‌ടിനെപ്പറ്റി പറയാൻ വിളിക്കുന്നില്ല. എന്‍റെ സിനിമാ സംഗീതയാത്ര ഇവിടെക്കഴിയുന്നു എന്നതിന്‍റെ വ്യക്തമായ ഒരു സൂചനയാണതെന്ന് എനിക്കു തോന്നി. മറ്റേതെങ്കിലും മേഖലയിലെ തൊഴിലിടത്തേക്കു ഞാൻ വഴിമാറുക എന്നതു മാത്രമായി മുന്നിലുള്ള സാഹചര്യം. ഇനിയെന്ത് എന്ന് ഗൗരവമായി ചിന്തിച്ചുതുടങ്ങി.

എൻ്റെ വീർപ്പുമുട്ടലുകളെ നന്നായി മനസ്സിലാക്കുന്നുണ്ട് പ്രിയ.. 
'ഭഗവാൻ ഒരു വഴി കാണിച്ചുതരും. കുട്ടൻചേട്ടൻ ഗുരുവായൂരിൽ പോയി തൊഴുത് പ്രാർത്ഥിച്ചുവരൂ. ഈ ടെൻഷനൊക്കെ മാറും' എന്ന്, അവൾ ശുഭാപ്‌തിവിശ്വാസത്തോടെ പറഞ്ഞു.

എനിക്ക് ആശ്രയം ഭഗവാൻതന്നെ. ഗുരുവായൂരിൽ പോവുക, ഭഗവാനോട് എല്ലാം പറയുക എന്നല്ലാതെ, മറ്റൊന്നും ചെയ്യാനില്ല. ഭഗവാൻ്റെ കയ്യിലെ മുരളിയിൽനിന്നു പകർന്നുകിട്ടിയ സ്വരാക്ഷരങ്ങളും ഈണങ്ങളും മാത്രമല്ലേ എൻ്റെ സമ്പത്ത്. ഇനിയെന്ത് എന്ന ചോദ്യ ത്തിന് എപ്പോഴും ഉത്തരം കിട്ടിയതും അവിടെനിന്നല്ലേ?

ഗുരുവായൂരിലെത്തി.

ഞാൻ നാലമ്പലത്തിനകത്ത്, ആ തിരുനടയിൽ, ഭഗവാനെ നോക്കി നിന്നു. ഉള്ളുരുകിപ്പറഞ്ഞു:

"ഭഗവാനേ, എന്‍റെ സംഗീതത്തെ മാറ്റിവയ്ക്കാൻ പറയല്ലേ. അങ്ങയുടെ സ്വരങ്ങളിലൂടെ, ഈണങ്ങളിലൂടെ നടക്കാൻ എനിക്കൊരു വഴി കാണിച്ചു തരൂ. എന്നെ തനിച്ചാക്കരുതേ."

എന്‍റെ ഉള്ളുരുകിയ വിളി കണ്ണന്‍ കേട്ടു. തിരിച്ച് തിരുവനന്തപുരത്തേക്കുള്ള മടക്കയാത്രയിലാണ് 'നിവേദ്യം ' എന്ന ലോഹിതദാസ് ചിത്രത്തിനുവേണ്ടിയുള്ള കരാര്‍ ലഭിക്കുന്നത്.


എനിക്കുമുന്നില്‍ അടഞ്ഞുകിടന്ന സിനിമാജീവിതത്തിന്‍റെ കോട്ടവാതില്‍ ഭഗവാന്‍ തുറന്നിട്ടിരിക്കുന്നു എന്നാണ് ഈ മടങ്ങിവരവിനെ എംജെ. വിശേഷിപ്പിച്ചത്.

'കണ്ണനെന്നെ വിളിച്ചോ രാവിൽ ഈ രാവിൽ ..
പാൽനിലാവു പെയ്യുമ്പോൾ പൂങ്കിനാവു നെയ്യുമ്പോൾ എല്ലാം മറന്നു വന്നു ഞാൻ നിന്നോടിഷ്ടം കൂടാൻ.... '

തന്‍റെ ജീവിതത്തെ ആഴത്തില്‍ സ്വാധീനിച്ച കവിയും ഗാനരചയിതാവുമായ ഗിരീഷ് പുത്തഞ്ചേരിയെക്കുറിച്ചുള്ള എം.ജെയുടെ ഓര്‍മ്മകളില്‍ സ്നേഹനനവുണ്ട്. ബാലേട്ടനിലെ, 'അമ്മമഴക്കാറില്‍' എന്ന ഗാനം ഞാന്‍ ജയചന്ദ്രന്‍ എന്ന എന്‍റെ അനിയനുവേണ്ടി എഴുതിയതാണെന്ന് ഗിരീഷ് പുത്തഞ്ചേരി പറഞ്ഞത് ആര്‍ദ്രതയോടെ എം.ജെ കുറിച്ചിട്ടുണ്ട്-

അമ്മയുടെ കണ്ണീരുവീണുനനയേണ്ടി വന്ന ഒരു മകന്‍റെ 
തേങ്ങലായ ഈ ഗാനത്തെ ഒരോ മനസ്സിന്‍റെയും കണ്ണീര്‍നനവാക്കാന്‍ എം ജെയുടെ ഈണത്തിനു കഴിഞ്ഞു. 
ഒരോ വരിയിലും ആ നൊമ്പരത്തിപ്പൂവിതളുകള്‍ വീണുകിടപ്പുണ്ട്.

കാത്തിരിക്കുന്ന സ്നേഹവും
തുളുമ്പുന്ന കണ്ണുകളും മുലപ്പാലിന്‍റെ മധുരവുമാണ്
അമ്മ എന്നു പലപ്പോഴും തോന്നിയിട്ടുണ്ട്.
മറ്റൊരു കണ്ണുകളിലും ഈ നനവ് കാണാനാവില്ല.

അമ്മമഴക്കാറിനു  കൺ നിറഞ്ഞു 
ആ കണ്ണീരിൽ ഞാൻ നനഞ്ഞു ...
കന്നിവെയിൽ പാടത്തു കനലെരിഞ്ഞു 
ആ മൺകൂടിൽ ഞാൻ പിടഞ്ഞു ...

ഈ ഗാനത്തിലെ ഗിരീഷ് പുത്തഞ്ചേരിയുടെ  വരികള്‍ക്ക് ഒരു പ്രത്യേക ശക്തിതന്നെയുണ്ട്. 
എം. ജയചന്ദ്രന്‍ ആ വരികളെ ഈണത്തില്‍പ്പൊതിഞ്ഞു. സംഗീതസംവിധായകനും ഗാനരചയിതാവും പരസ്പരം സിനേഹാശ്ളേഷത്തില്‍ അലിഞ്ഞുചേര്‍ന്ന 
എം. ജയചന്ദ്രന്‍റെ ഓര്‍മ്മകള്‍ക്കും ഒരു നനവുണ്ട് -

“അമ്മമഴക്കാറ്... അതെവിടെയും പെയ്യാം. മരുഭൂമിയിൽ പെയ്യാം. മരത്തിൽ പെയ്യാം, മനസ്സിൽ പെയ്യാം, സ്നേഹത്തിൽ പെയ്യാം. കണ്ണീരിൽ പെയ്യാം. അതാണ് അമ്മയുടെ ധർമ്മം."

ഗിരീഷേട്ടൻ കണ്ണടച്ചിരുന്ന് ഒരു വരി ചൊല്ലി:

"അമ്മമഴക്കാറിന് കൺനിറഞ്ഞു ആ കണ്ണീരിൽ ഞാൻ നനഞ്ഞു.'

ഞാൻ ഗിരീഷേട്ടനെ കെട്ടിപ്പിടിച്ചു.

എന്‍റെ അനുവാദമില്ലാതെത്തന്നെ കണ്ണുകൾ നിറഞ്ഞു നനഞ്ഞു.

ഗിരീഷേട്ടൻ തുടർന്നു:

"ഇതു നിനക്കുള്ളതാണ്. മൂകാംബികയെപ്പോലെയുള്ള എൻ്റെ ആ അമ്മയ്ക്കുള്ളതാണ്. ഞാനും നീയും ഉയിരറ്റു പോകുംവരെ നമ്മുടെയുള്ളില്‍ ഇത് നൻമക്കുവേണ്ടി മാത്രമാണ്.

അമ്മേ നീ പാടിയ താരാട്ടിന്‍റെ ഈണത്തിലും എന്‍റെ ചുണ്ടില്‍ നീ പകര്‍ന്ന മുലപ്പാല്‍ മധുമൊഴിയിലും അലിയാന്‍ എനിക്കു കൊതിയാണ്. എനിക്കുണരാന്‍ നിന്‍റെ സ്നേഹഗാഥ തരുമോ?

നീ.പകർന്ന നറുപാൽ തുളുമ്പുമൊരു 
മൊഴിതൻ ചെറുചിമിഴിൽ ...
പാതി പാടുമൊരു പാട്ടുപോലെ 
അതിലലിയാൻ കൊതിയല്ലേ ...
അമ്മേ ഇനിയുണരാനൊരു 
സ്നേഹഗാഥ തരുമോ ...

ഒരില അടർന്നുവീഴുന്നതുപോലെ.... 
സൂര്യചുംബനമേറ്റു മാഞ്ഞുപോയ
പുൽത്തുമ്പിലെ  മഞ്ഞുതുള്ളിപോലെ ..... മുലപ്പാൽമധുരമൂറുന്ന നിൻ്റെ മൊഴിയിൽ അലിയാൻ   അമ്മേ ...... ഇനിയുണരാനൊരു
സ്നേഹഗാഥ തരുമോ

ഗാനം അമ്മയുടെ കണ്ണീര്‍മഴയായി മകനിലൂടെ ഒഴുകുകയാണ്.

'സ്മൃതി തന്‍ ചിറകിലേറി' എന്ന പുസ്തകം ഓര്‍മ്മകളുടെ ആല്‍ബമാണ്. താന്‍ നടന്നുവന്ന ഒറ്റയടിപ്പാതകളിലെ തണലോരത്തിരുന്ന് എം ജയചന്ദ്രൻ അനുവാചകരെ ക്ഷണിക്കുകയാണ്. കാലം വിളമ്പിനല്‍കിയ പാഥേയവുമായി…

….ഇതെന്‍റെ സ്വപ്നങ്ങളല്ല
നേരനുഭവങ്ങളുടെ ചെറു ചിന്തുകൾ മാത്രം. നടന്നു തീർത്ത പരിസരങ്ങൾ, കുളിരൂർന്ന ഭൂതകാലങ്ങൾ.
കാലം കടന്നുപോകുമ്പോൾ പിന്നിട്ട വഴിയിലെ അനുഭവങ്ങള്‍ ..... അങ്ങനെ ഓരോന്നും ഓർമ്മകളുടെ ശേഖരമാകുന്നു. 
പലതും ഇടയ്ക്കെ‌ാന്ന് മറിച്ചുനോക്കുന്നു. രാത്രിയുടെ പാത കടന്നെത്താതെ ആരും പുലരിയുടെ പ്രകാശം അറിഞ്ഞിട്ടില്ലല്ലോ. ഏതൊരു വ്യക്തിയേയുംപോലെ എൻ്റെ അനുഭവങ്ങളിലും സന്തോഷമുണ്ട്, വ്യഥയുണ്ട്. വേദനയുണ്ട്, ആഘോഷമുണ്ട് അവയിൽ ചിലത് കുറിപ്പുകളാക്കി ഇവിടെ അടുക്കിവയ്ക്കുന്നു എന്നുമാത്രം…..

'സ്മൃതി തന്‍ ചിറകിലേറി' എന്ന തന്‍റെ ആത്മഗീതത്തിന്‍റെ മുഖമൊഴിയായി  എം ജയചന്ദ്രൻ കുറിച്ച ഈ വരികളില്‍ പുസ്തകത്തിന്‍റെ ആത്മാവിനെ അനുവാചകന് സ്പര്‍ശിക്കാനാവും.

 

Join WhatsApp News
Anitha Varma 2025-04-16 07:10:30
വളരെ രസകരമായ ആസ്വാദനം! ഇനി പുസ്തകം വായിക്കേണ്ടതു തന്നെ ഇല്ലെന്നു തോന്നുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക