മുട്ടിന് മുട്ടിന് ബാറുകള്‍ തുടങ്ങിയതോടെ കേരളത്തിലെ ചിരപുരാതനമായ കള്ളുഷാപ്പുകള്‍ക്ക് നിലനില്‍പ്പില്ലാതായി. പലതും പൂട്ടുകയാണ്. പുതിയ ബാറുകളും മദ്യവില്‍പ്പനശാലകളും തുറക്കാന്‍ സഹായിക്കുന്ന നയമാണ് ഇത്തവണയും പിണറായി സര്‍ക്കാര്‍ സ്വീകരിച്ചത്. കേരളത്തിലിപ്പോള്‍ ബാറുകള്‍ കൂണുകള്‍ പോലെ മുളച്ചുപൊന്തുന്നു. ഉദാഹരണത്തിന് ചങ്ങനാശേരി ടൗണില്‍ മാത്രം 7 ബാറുകളുണ്ട്. 15 കിലോമീറ്റര്‍ ചുറ്റളവില്‍ 15 ബാറുകള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു. അഞ്ച് ബാറുകളുടെ പണികള്‍ പൂര്‍ത്തിയായിവരുന്നു. അതായത് ചങ്ങനാശേരിക്കാരെ സംബന്ധിച്ചിടത്തോളം നടന്നെത്താവുന്ന ദൂരത്തിലാണ് ബാറുകള്‍.
എന്നാല്‍ കള്ളുചെത്ത് മേഖലയെ പ്രോല്‍സാഹിപ്പിക്കാന്‍ എക്‌സൈസ് മന്ത്രി എം.ബി രാജേഷ് ചില പൊടിക്കൈകളുമായി രംഗത്തുവന്നിട്ടുണ്ട്. സമീപത്തെ ഷാപ്പില്‍ നിന്ന് കള്ള് വാങ്ങി അതിഥികള്‍ക്ക് വില്‍ക്കാന്‍ സ്റ്റാര്‍ ഹോട്ടലുകള്‍ക്ക്, പുതിയ മദ്യ നയത്തില്‍ അനുമതി നല്‍കിയിരിക്കുകയാണ് സര്‍ക്കാര്‍. ത്രീ സ്റ്റാറോ അതിനു മുകളിലോ ഉള്ള ഹോട്ടലുകള്‍ക്കും ടൂറിസ്റ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകള്‍ക്കും സ്ഥാപനത്തിന്റെ എക്‌സൈസ് റേഞ്ച് പരിധിക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന ഷാപ്പുകളില്‍ നിന്ന് കള്ള് വാങ്ങാം. ഇതിനായി ഫീസടച്ച് പ്രത്യേക പെര്‍മിറ്റ് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറില്‍ നിന്ന് വാങ്ങണം.
സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് അവരുടെ സ്വന്തം വളപ്പിലെ തെങ്ങില്‍ നിന്ന് കള്ള് ചെത്തി ഗസ്റ്റുകള്‍ക്ക് വില്‍ക്കാന്‍ നേരത്തെ അനുമതി നല്‍കിയിരുന്നെങ്കിലും പ്രായോഗിക ബുദ്ധിമുട്ടുകള്‍ കാരണം ആരും മുന്നോട്ട് വന്നിരുന്നില്ല. അതേസമയം കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ലൈസന്‍സി കള്ളുഷാപ്പുകളുടെ എണ്ണമോ, എത്ര ലിറ്റര്‍ കള്ള് വില്‍ക്കുന്നുവെന്നോ എന്നതിന്റെ കൃത്യമായ കണക്ക് സര്‍ക്കാരിന്റെ പക്കലില്ല. എത്ര തെങ്ങ്, പനയില്‍ നിന്ന് കള്ള് ചെത്തുന്നതിന് അനുമതിയുണ്ട്..?, എത്ര ലിറ്റര്‍ കള്ളാണ് ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്നത്..? പുറത്ത് നിന്ന് കള്ളുകൊണ്ട് വന്ന് വിതരണം ചെയ്യുന്നുണ്ടോ..? എങ്കില്‍ എത്ര ലിറ്റര്‍ തുടങ്ങിയ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടിയില്ല.
എന്തായാലും കേരളത്തിലെ കള്ള് സ്‌നേഹികള്‍ക്ക് വയറു നിറയ്ക്കാനുള്ള അളവിനു കിട്ടുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. 5000-ത്തോളം കള്ള് ഷാപ്പുകളാണ് കേരളത്തിലുള്ളത്. ഇതില്‍ 3900 മാത്രമേ ലേലം അനുസരിച്ച് സര്‍ക്കാര്‍ വിറ്റിട്ടുള്ളൂ എന്നാണ് ഏകദേശ കണക്ക്. കേരളത്തിലെ കള്ള് ഉല്‍പാദനത്തിന്റെ തലസ്ഥാനം പാലക്കാടാണ്. അവിടെ നിന്നുള്ള തെങ്ങിന്‍തോപ്പുകളിലെ കള്ളാണ് കേരളത്തിലെമ്പാടും നുരഞ്ഞ് പതഞ്ഞ് ഒഴുകുന്നത്. ചിറ്റൂര്‍ മേഖലയില്‍ രണ്ട് ലക്ഷത്തോളം തെങ്ങാണ് ചെത്തുന്നത്.
നേരത്തെ ഒരു തെങ്ങില്‍ നിന്ന് പ്രതിദിനം നാലു ലിറ്റര്‍ കള്ളു വരെ ലഭിക്കുമായിരുന്നു. എന്നാല്‍ കടുത്ത വേനലും വെള്ളീച്ചയുടെ ആക്രമണം മൂലവും ഉത്പാദനം പകുതിയായി കുറഞ്ഞിരിക്കുകയാണ്. കടുത്ത വേനല്‍ അനുഭവപ്പെടുന്ന ജില്ലയാണ് പാലക്കാട്. വേനല്‍ക്കാലത്ത് പുതിയ ചൊട്ടകള്‍ ഉണ്ടാകാത്തതും ആവശ്യത്തിന് മഴ ലഭിക്കാത്തതും കള്ളുത്പാദനം ഗണ്യമായി കുറയ്ക്കുന്ന ഘടകങ്ങളാണ്. അതേ സമയം, 2300 ലേറെ തൊഴിലാളികളുള്ള ചിറ്റൂര്‍ മേഖലയില്‍ ഏതാണ് 800 ചെത്തുകാര്‍ മാത്രമേ ഇപ്പോഴുള്ളു.
കേരളത്തില്‍ കുടിയന്മാര്‍ ജനിക്കുന്നത് 12 വയസ്സിലാണെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുമ്പ് നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്. എന്നാല്‍ കേരളത്തില്‍ മദ്യപിക്കാനുള്ള പ്രായപരിധി പിണറായി സര്‍ക്കാര്‍ 2018-ല്‍ കൂട്ടുകയുണ്ടായി. 21 വയസില്‍ നിന്ന് 23 ലേക്കാണ് ഉയര്‍ത്തിയത്. ഇടയ്ക്കിടെ ബിവറേജസ് കോര്‍പ്പറേഷനില്‍ നിന്നും മദ്യം വാങ്ങുന്നവരുടെ പ്രായം ശേഖരിക്കാനും സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ടായിരുന്നു. ഇന്ത്യയിലെ മദ്യവില്‍പ്പനയുടെ 16 ശതമാനവും കേരളത്തിലാണെന്ന് ശാസ്ത്ര സാഹിത്യ പരിശത്ത് നടത്തിയ പഠനത്തില്‍ പറയുന്നത്. യുവ മദ്യപാനികളില്‍ 42 ശതമാനവും കടുത്ത മദ്യപാനികളാണ്. 85 ശതമാനം കുടുംബ കലഹത്തിനും കാരണം മദ്യപാനമാണെന്നും പഠനത്തില്‍ പറയുന്നു. റോഡ് ആക്‌സിഡന്റും പീഡനവും വേറെ.
സംസ്ഥാനത്തെ പുരുഷ ജനസംഖ്യയില്‍ 48 ശതമാനത്തോളം മദ്യപിക്കുന്നവരാണ്. അതേസമയം സ്ത്രീകളില്‍ രണ്ടുമുതല്‍ അഞ്ച് ശതമാനം വരെ മദ്യപിക്കുന്നവരാണെന്നാണെന്നതും ശ്രദ്ധേയമാണ്. ഇവരുടെ എണ്ണം ഏതാണ്ട് പത്ത് ലക്ഷത്തിലധികമാണ്. മലയാളികള്‍ ഒരു വര്‍ഷം അരി വാങ്ങാന്‍ ചെലവാക്കുന്നതിന്റെ മൂന്നിരട്ടി പണം മദ്യം വാങ്ങാനായി ചെലവഴിക്കുണ്ടെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. മൂവായിരം കോടി രൂപ അരി വാങ്ങാനായി ചെലവാക്കുമ്പോള്‍ മദ്യത്തിനായി ഒഴുക്കുന്നത് പതിനയ്യായിരം കോടിയോളം രൂപയാണ്.
പുതിയ തലമുറ കഞ്ചാവിനും രാസലഹരിക്കും പിന്നാലെ പായുന്നതിനാല്‍ കേരളത്തിന്റെ തനതു പാനീയമായ കള്ള് ആര്‍ക്കും വേണ്ട. ഷാപ്പില്‍ നിന്ന് കിട്ടുന്ന കള്ള് ഗുളിക കലക്കിയതുമാണ്. കള്ളിന്റെ ഈ അദോഗതി മാറ്റിയെടുക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. സംസ്ഥാനത്തെ കള്ളുഷാപ്പുകള്‍ ആധുനികവത്കരിക്കുമെന്നും കള്ളിനെ കേരളത്തിന്റെ തനത് പാനീയമാക്കി മാറ്റുമെന്നുമാണ് മന്ത്രി എം.ബി രാജേഷ് പറയുന്നത്. വിനോദസഞ്ചാര മേഖലകളില്‍ ടോഡി പാര്‍ലര്‍ തുടങ്ങും. പ്രാകൃതമായിട്ടുള്ള അവസ്ഥയില്‍നിന്ന് മാറ്റി, കള്ളുഷാപ്പുകള്‍ എല്ലാവര്‍ക്കും കുടുംബസമേതം വരാന്‍ പറ്റുന്ന ഇടങ്ങളായി മാറ്റുകയാണ് ലക്ഷ്യമത്രേ.
കള്ള് എന്ന പേര് എങ്ങനെയുണ്ടായി...? കള്ള് ഒരു തനത് വാക്കാണ്. പാലി ഭാഷയില്‍ മദ്യത്തിനെ സൂചിപ്പിക്കുന്ന 'കല്ലാ' എന്ന വാക്കില്‍ നിന്നാണ് കള്ള് എന്ന പദം ഉദ്ഭവിച്ചത്.
വെള്ളം ചേര്‍ക്കാതെടുത്തോരമൃതിനു സമമാം നല്ലിളം കള്ളു, ചില്ലിന്‍
വെള്ളഗ്ലാസ്സില്‍ പകര്‍ന്നങ്ങനെ രുചികരമാം മത്സ്യമാംസാദി കൂട്ടി
ചെല്ലും തോതില്‍ ചെലുത്തി, ക്കളിചിരികള്‍ തമാശൊത്തു മേളിപ്പതേക്കാള്‍
സ്വര്‍ല്ലോകത്തും ലഭിക്കില്ലുപരിയൊരു സുഖം-പോക വേദാന്തമേ നീ!
കള്ളുസല്‍ക്കാരത്തില്‍ നിന്ന് കിട്ടുന്നതില്‍ വലിയ അനന്ദം സ്വര്‍ലോകത്തും കിട്ടുകയില്ലെന്നു പറയുന്ന ഈ വരികള്‍ കാല്‍പനിക കവി ചങ്ങമ്പുഴ കൃഷ്ണപിള്ളയുടേതാണ്.