Image

മധുരമിടാക്കാപ്പിയിലെ പഞ്ചസാര (മിനി വിശ്വനാഥന്‍)

Published on 12 April, 2025
മധുരമിടാക്കാപ്പിയിലെ പഞ്ചസാര  (മിനി വിശ്വനാഥന്‍)

കൊങ്ക് നാട് ഹോസ്പിറ്റലിലെ ലിഫ്റ്റിനും വീൽച്ചെയർ റാമ്പിനുമടുത്തായിരുന്നു അമ്മയെ അഡ്മിറ്റാക്കിയ റൂം നമ്പർ 310.

മൂന്നാം നിലയിലെ ലിഫ്റ്റ് കാത്തു നിൽക്കുന്നതിനേക്കാൾ എളുപ്പം റാമ്പിലൂടെ ഓടി ഇറങ്ങുന്നതായിരുന്നു. ഈ ഓട്ടത്തിനിടയിലാണ് "എങ്കയോ പാത്ത മാതിരി" എന്ന് സംശയം പറഞ്ഞ് ഒരു പാട്ടി എൻ്റെ ഒപ്പം വന്നത്. എന്നെ ഇതിനു മുമ്പ് ഈ നാട്ടിൽ വെച്ച്  'പാക്കാൻ ' യാതൊരു സാദ്ധ്യതയുമില്ലെന്നും ഞാൻ കേരളക്കാരിയാണെന്നും പറഞ്ഞൊഴിയാൻ ശ്രമിച്ചു കൊണ്ട്  താഴേക്ക് നടന്നു. എനിക്കൊപ്പം തിടുക്കപ്പെട്ട് നടക്കുന്ന അവരുടെ "തമിഴ് പുരിയലേ" എന്ന 
ആശ്ചര്യചോദ്യത്തിനു ഇല്ലെന്ന് ചിരിയാൽ മറുപടി പറഞ്ഞു.

നടക്കുന്നതിനിടെ അവർ റൂം നമ്പർ 316 ലാണെന്നും, അവരുടെ പുരുഷന് മുട്ടുവേദനയാണെന്നും ഒരാഴ്ചയായി ഇവിടെ അഡ്മിറ്റായിട്ടെന്നുമുള്ള വിശേഷങ്ങൾ പറഞ്ഞു കൊണ്ടിരുന്നു. ഞാൻ കാൻ്റീനിൽ ചായ വാങ്ങാൻ പോവുകയാണെന്ന് അവരുടെ ഒരു ചോദ്യത്തിന് മറുപടി പറഞ്ഞപ്പോൾ
താനും കാൻ്റീനിലേക്കാണെന്നും മുപ്പത്തിഅഞ്ച് രൂപക്ക്  ഒരു പാർസൽ കാപ്പി വാങ്ങിയാൽ രണ്ട് പേർക്ക് ധാരാളമായി കഴിക്കാമെന്നും ഇവിടെ ഉപയോഗിക്കുന്ന പാൽ സെന്തിൽ ഡോക്ടറുടെ ഫാമിൻ നിന്ന് കൊണ്ടുവരുന്നതാണെന്നും അതുകൊണ്ടാണ് കാപ്പിക്ക് ഇത്രരുചിയെന്നും രുചി മാത്രമല്ല കാഫീഷോപ്പിന് നല്ല വൃത്തിയുമുണ്ടെന്നും പറഞ്ഞ് തന്നു. അവിടത്തെ കാപ്പിക്കട സൂപ്പർ ആണെന്ന് മുന്നനുഭവമുണ്ടായിരുന്നു എനിക്ക്.

മധുരമിടാച്ചായക്ക് ഒരു സ്പൂൺ പാൽ അധികമൊഴിക്കുന്ന താടിക്കാരൻ മലയാളിയാണ്. മധുരം കുറഞ്ഞ ചായ ഓർഡർ ചെയ്യുമ്പോൾ ഹാഫ് ഷുഗർ എന്ന് പറഞ്ഞാൽ കേരളത്ത്കാരുടെ പാകം മധുരമാവും എന്നു പറഞ്ഞ് തന്നതും അയാളായിരുന്നു. 
ഓരോ തരം എണ്ണപ്പഹാരങ്ങളും ഒറ്റ എണ്ണയിൽ മാത്രമെ ഉണ്ടാക്കാറുള്ളൂ. അതുകൊണ്ട് വിശ്വസിച്ച് കഴിക്കാമെന്നും അവർ കൂട്ടിച്ചേർത്തു. അവരുടെ ബജി ഐറ്റംസ് ശരിക്കും നല്ലതാണെന്ന് എനിക്കുമറിയാവുന്നതിനാൽ ഞാൻ എല്ലാം തല കുലുക്കി സമ്മതിച്ചു.

സംസാരത്തിനിടെ കൂടെ നടക്കുന്ന പാട്ടിയെ ഞാൻ ഇടം കണ്ണിനാൽ ശ്രദ്ധിച്ചു. അവരെ കാണാൻ നല്ല ഭംഗിയുണ്ടായിരുന്നു. ചുവപ്പും വെള്ളയും കല്ലുകൾ പതിപ്പിച്ച വൈര മൂക്കുത്തിയുടെ തിളക്കം അവരുടെ മുഖത്താകെ പടരുന്നുണ്ടായിരുന്നു. ചുവപ്പിൽ  താമരപ്പൂക്കളുള്ള ഡിസൈനുളള സാരിയുടെ ബോർഡറിലെ ചുള്ളിക്കസവിൻ്റെ ഭംഗി അവരുടെ സൗന്ദര്യത്തിൻ്റെ തിളക്കം കൂട്ടി. മുത്തും പവിഴവും സ്വർണ്ണ നൂലിൽ ചേർത്ത് കെട്ടിയ മാലയുടെ അറ്റത്തായി ബ്രാഹ്മണ സ്ത്രീകൾ ഉപയോഗിക്കുന്ന വലിയ താലികൾ കോർത്തിട്ടിരിക്കുന്നത് നടക്കുമ്പോൾ ചെറുതായി ശബ്ദമുണ്ടാക്കുന്നതും എനിക്ക് ഇഷ്ടമായി.

രണ്ട് വിതൗട്ട് ഷുഗർ കാപ്പിക്കും നാല് ഉഴുന്ന് വടക്കും ഓർഡർ ചെയ്ത് അവർ എന്നോട് സ്വകാര്യമായി, അല്പം പഞ്ചസാര വാങ്ങി മുറിയിൽ വെച്ചാൽ ഒരു കാപ്പി കൊണ്ട് വിത്തും വിതൗട്ടും ആക്കാമെന്ന് മന്ത്രിച്ചു. 
അത് ശരിയാണെന്ന് എനിക്കും തോന്നി. യഥാർത്ഥത്തിൽ അവരിൽ നിന്ന് പിശുക്കും ലാഭവും തമ്മിലുള്ള വ്യത്യാസം ഞാൻ പഠിച്ചു തുടങ്ങുകയായിരുന്നു.

കാപ്പിക്ക് പൊള്ളിക്കുന്ന ചൂടുണ്ടായിരുന്നു. വടയ്ക്കും ചൂട് കുറവായിരുന്നില്ല. തിരിച്ച് വരുമ്പോൾ ഞാൻ അവരുടെ കാപ്പിക്കവർ കൂടി പിടിക്കാമെന്ന് ഉദാരയായി. എന്തോ ഓർത്ത് അവർ അത് എന്നെ ഏല്പിച്ചു. രണ്ട് വടപ്പാക്കറ്റുകൾ അവർ കൈയിലൊതുക്കി എന്നെയും സഹായിച്ചു.

വാർദ്ധക്യവും രോഗവും തന്നെയായിരുന്നു അവരുടെയും പ്രശ്നം. രണ്ട് മക്കളിൽ ഒരാൾ അമേരിക്കാവിലും മറ്റേയാൾ തിരുവനന്തപുരത്തുമാണ്. രണ്ടാൾക്കും നല്ല ജോലിയാണ്. മക്കളെക്കുറിച്ച് പറയുമ്പോൾ അവരുടെ മുഖം അഭിമാനം കൊണ്ട് തിളങ്ങി. താത്തക്ക് ബാങ്കിലായിരുന്നു ജോലി. കുടുംബ ചരിത്രത്തിൻ്റെ അടരുകൾ അവർ എനിക്ക് മുന്നിൽ തുറന്നിട്ടു. ഇപ്പോൾ രണ്ട് പേരും മാത്രമാണ് വീട്ടിൽ. രോഗം വന്നാലാണ് പ്രശ്നമെന്ന് അവർ ദീർഘ നിശ്വാസം വിട്ടു. അയൽക്കാരെ ആശ്രയിക്കുന്നതിന് ഒരു പരിധിയില്ലേ എന്ന് നിശാശപ്പെട്ടു.

എൻ്റെ കഥകൾ ഞാനും കുറച്ചൊക്കെ അവരോട് വിവരിച്ചു. അമ്മക്ക് സുഖമില്ലാത്ത വിവരം അറിഞ്ഞപ്പോൾ നാട്ടിൽ നിന്ന് രാത്രി ട്രെയിൻ കയറി വന്നതാണെന്ന് പറഞ്ഞപ്പോൾ അവർ എന്നെ ഒന്ന് നോക്കി. "നിനക്ക് ജോലിയില്ല അല്ലേ" എന്ന് ആശ്ചര്യസ്വരത്തിൽ മൂളി. "അല്ല, ജോലിയുണ്ടായിരുന്നെങ്കിൽ ഇങ്ങനെ ഓടി വരാൻ പറ്റില്ലായിരുന്നല്ലോ" എന്ന് ആ ചോദ്യത്തെ അവർ ഒന്നു കൂടി വിശദമാക്കി. "ഇപ്പോൾ ഇതൊക്കെ തന്നെയാണ് എൻ്റെ ജോലി" എന്ന് ഞാനും ചിരിച്ചൊഴിഞ്ഞു.

നടന്ന് നടന്ന് ഞങ്ങൾ മുകളിലെത്തി. ഞങ്ങളുടെ റൂം കഴിഞ്ഞിട്ടാണ് അവരുടെ മുറി. ഇത്രയും പരിചയമായ സ്ഥിതിക്ക് അമ്മയെ ഒന്നു കാണാം എന്ന് പറഞ്ഞ് അവർ മുറിയിൽ കയറി. അമ്മയെ കണ്ടയുടൻ "അയ്യയ്യോ ഇത് മാധവൻ ഫോർമാനുടെ വിട്ടുകാരി താനേ" എന്നവർ ഒച്ചവെച്ചു. പണ്ട് പെരിയനായ്ക്കൻ പാളയത്ത് താമസിക്കുന്ന കാലത്ത് അച്ഛൻ അയൽക്കാർക്ക് മാധവൻ ഫോർമാൻ ആയിരുന്നു എന്ന് എനിക്ക് ഓർമ്മ വന്നു.

"തന്നെ മകൾക്ക് മനസ്സിലായില്ലെന്ന് "അമ്മയോട് അവർ പരിഭവിച്ചു. ഇത് ഊരിൽനിന്ന് വന്ന മൂത്ത മകളാണെന്നും, മറ്റവൾ വെളിനാട്ടിലാണെന്നും അമ്മ അവരെ പറഞ്ഞ് മനസ്സിലാക്കി. പെരിയനായ്കൻ പാളയത്തിലെ ലക്ഷ്മി മെസ്സിന് പക്കത്ത് വീട്ടിലെ ബാങ്ക് മാമിയാണ് ഇതെന്ന് അമ്മ എനിക്കവരെ പരിചയപ്പെടുത്തിത്തന്നു. ഇവരുടെ പട്ടുസാരികളെപ്പറ്റിയും തരാതരം കമ്മലുകളെപ്പറ്റിയും അമ്മ പണ്ട് പറയാറുള്ളത് എനിക്ക് ഓർമ്മ വന്നു. 
ഞാൻ അവരുടെ തിളങ്ങുന്ന വൈരക്കല്ലുകൾ നിറഞ്ഞ കമ്മലിലേക്ക് ഒന്ന് പാളി നോക്കി. അവർ തല തിരിച്ച് സംസാരിക്കുമ്പോഴൊക്കെ ആ ആഭരണങ്ങളുടെ തിളക്കം അവരുടെ മുഖത്തിന് പ്രകാശം കൂട്ടുന്നു എന്ന് ഞാൻ ചെറിയ അസൂയയോടെ കണ്ടറിഞ്ഞു.

സംസാരത്തിനിടെ തൊട്ടടുത്ത റൂമുകളിലെ രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും ലഘു ചരിത്രം അവർ പരസ്പരം പറഞ്ഞു. അടുത്ത മുറിയിലെ പെൺകുട്ടിക്ക് മൂന്നാമത്തെ പ്രസവമാണെന്നും, അത് നോക്കേണ്ടത് മാമൻ വീട്ടുകാരാണെന്ന  തർക്കം തീർന്നിട്ടില്ലെന്നും, അതിനുമപ്പുറത്തെ മുറിയിലെ അമ്മക്ക് പ്രഷർ കൂടിയതാണെന്നും മറ്റേ മുറിയിലെ പാട്ടിക്ക് ശരിക്കും രോഗമൊന്നുമില്ലന്നും കുട്ടികളെ ബുദ്ധിമുട്ടിക്കാനായി രോഗം അഭിനയിക്കുകയാണെന്നും അവർ ചിരിച്ച് കൊണ്ട് പരദൂഷണം പറഞ്ഞു. ചിലതൊക്കെ ഈ മുറിയിൽ കിടക്കുന്ന അമ്മയും ശരിവെക്കുന്നത് എന്നെ അതിശയപ്പെടുത്തി.

കാപ്പി ആറുന്നു എന്നും അപ്പാവിന് ഭക്ഷണം കൊടുത്തിട്ട് രാത്രി വരാമെന്നും പറഞ്ഞ് അവർ യാത്ര പറഞ്ഞു. അമ്മ പെരിയനായ്ക്കൻ പാളയം കാലത്തേക്ക് മനസ് കൊണ്ട് ഊളിയിട്ടു. ബാങ്കുമാമിയുടെ മക്കളും കാണാൻ സുന്ദരൻമാരായിരുന്നു ഓർത്തെടുത്തു. നല്ല കാലങ്ങൾ എത്ര വേഗം പറന്ന് പോയി എന്ന് സങ്കടപ്പെട്ടു. താൻ ഒരു രോഗിയായിപ്പോയല്ലോ എന്ന് ദീർഘ നിശ്വാസം വിട്ടു.

അവരുടെ ഭർത്താവിനെ ഒന്ന് പോയി കാണൂ എന്ന് അമ്മ നിർബന്ധിച്ചപ്പോൾ ഞാൻ മെല്ലെ അങോട്ടേക്ക് നടന്നു. എന്നെ കണ്ടപ്പോൾ "മാധവൻ 
ഫോർമാൻ്റെ"മൂത്ത പൊണ്ണ് എന്ന് അവരെന്നെ പരിചയപ്പെടുത്തി.

അവരുടെ വീട്ടിനു മുന്നിൽ ബസ് കാത്ത് നിൽക്കുന്ന കുട്ടിയുടെ മുഖത്തിൽ നിന്ന് വല്യ വ്യത്യാസം വന്നില്ലെന്ന് അദ്ദേഹം പറഞ്ഞപ്പോൾ ഇത് അവളുടെ അക്കയാണെന്ന് അവർ തിരുത്തി. അക്കയും തങ്കച്ചിയും കാണാൻ ഒരുപോലെയാണെന്ന് അവർ ഇരുവരും അതിശയപ്പെട്ടു.

നാളെ കഴിഞ്ഞ് ഞങ്ങൾ ഡിസ്ചാർജ് ആവുമെന്ന് ഞാൻ അവരോട് വെറുതെ പറഞ്ഞു. അവിടെ നിന്ന് പുറത്തിറങ്ങി വരുമ്പോൾ ഞാൻ മെല്ലെ ഓരോ മുറിയിലും എത്തി നോക്കി. നിസ്സഹായരായി ആശുപത്രിക്കട്ടിലിൽ കിടക്കുന്ന രോഗികളും അവർക്ക് ചുറ്റും നിന്ന് ബഹളം വെക്കുന്ന കൂട്ടിരിപ്പുകാരും ചേർന്ന വിചിത്ര ലോകം എന്നിലെ തത്വചിന്തകയെ ഉണർത്തി.

ചിരിക്കുമ്പോഴും ഉള്ളിൽ കരഞ്ഞ് കൊണ്ടു ആശുപത്രി വരാന്തയിൽ കാത്തു നിൽക്കുന്ന ആൾക്കൂട്ടത്തിൽ ഒരാളായി ഞാൻ നേഴ്സസ് ബേയിലേക്ക് നടന്നു.

അമ്മയുടെ ഡ്രിപ്പ് തീർന്നെന്ന് പച്ച മലയാളത്തിൽ അവരോട് പറഞ്ഞു. ഇപ്പോൾ റൂമിൽ വരാമെന്ന് അവർ തമിഴിൽ മറുചൊല്ലും ചൊല്ലി.

വേദനകൾക്കും സൗഹൃദങ്ങൾക്കും ഭാഷയുടെ അതിർവരമ്പുകളില്ലെന്ന് അപ്പോഴേക്ക് എനിക്ക് തിരിച്ചറിവായിരുന്നു !
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക