മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ടില്‍ പിറന്ന 'എമ്പുരാന്‍' സിനിമയിലെ പാട്ട് യൂട്യൂബില്‍ തരംഗമാകുന്നു. വിനായക് ശശികുമാര്‍ എഴുതി ദീപക് ദേവ് ഈണമിട്ട 'എമ്പുരാനേ' എന്ന ഗാനമാണ് പുറത്തിറക്കിയത്. ആനന്ദ് ശ്രീരാജ്, അലംകൃത മേനോന്‍, പൃഥ്വിരാജ് സുകുമാരന്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
യൂട്യൂബില്‍ വന്ന് മണിക്കൂറികള്‍ക്കകം പാട്ട് പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു. 'അലംകൃതയുടെ ആലാപനം അതിമനോഹരം' എന്നാണ് ആരാധകര്‍ കമന്റ് ചെയ്തിരിക്കുന്നത്. ' പാട്ട് അലംകൃത തൂക്കി' എന്ന രീതിയിലുള്ള കമന്റുകളും വരുന്നുണ്ട്. ആനന്ദ് ശ്രീരാജിന്റെ ആലാപനത്തെ പ്രകംസിച്ചും അഭിനന്ദനങ്ങള്‍ അറിയിച്ചും ധാരാളം കമന്റുകള്‍ വരുന്നുണ്ട്.
മാര്‍ച്ച് 27നാണ് ഏറെ ഘോഷിക്കപ്പെട്ട ചിത്രം തിയേറ്ററുകളിലെത്തിയത്. ലോകം മുഴുവനുമുളള സിനിമാ പ്രേമികള്‍ കാത്തിരുന്ന ചിത്രം ആഗോളതലത്തില്‍ പ്രേക്ഷക സ്വീകാര്യതയിലും ആഗോള കളക്ഷനിലും സകല റെക്കോഡുകളും തകര്‍ത്ത് ചരിത്രം സൃഷ്ടിച്ചിരുന്നു. ചിത്രത്തിന്റെ പ്രമേയത്തെ ചൊല്ലി രാഷ്ട്രീയ വിവാദങ്ങള്‍ ഉടലെടുക്കുകയും തുടര്‍ന്ന് റീസെന്‍സറിങ്ങ് നടത്തി പുതിയ പതിപ്പ് പുറത്തിറക്കുകയും ചെയ്തിരുന്നു.
ആശീര്‍വാദ് സിനിമാസ്, ശ്രീ ഗോകുലം മുവീസ് എന്നിവയുടെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, സുഭാസ്‌ക്കരന്‍, ഗോകുലം ഗോപാലന്‍ എന്നിവര്‍ ചേര്‍ന്നാണ് 'എമ്പുരാന്‍' നിര്‍മ്മിച്ചത്. മലയാളത്തില്‍ ഇന്നേ വരെ ഒരു നടനും ചെയ്യാത്ത വിധം അങ്ങേയറ്റം ഉജ്ജ്വലമായ മേക്കിങ്ങും ലോകോത്തര സാങ്കേതിക മികവോടും കൂടി ചിത്രം സംവിധാനം ചെയ്തതു വഴി പൃഥ്വിരാജ് സുകുമാരന്‍ എന്ന നടന്റെ താരമൂല്യം ഇന്ത്യയിലെ മുന്‍നിര താരങ്ങള്‍ക്കൊപ്പമാണ്.