മനസ്സിന് സന്തോഷം തരുന്ന ഒരുപാട് കൊച്ചു കൊച്ചു ഓര്‍മ്മകളെ അയവിറക്കിയാണ് നാം ഓരോരുത്തരും ജീവിതം മുന്നോട്ട് നീക്കുന്നത്. അങ്ങനെ ഓര്‍ക്കുമ്പോൾ വിഷു ഞങ്ങൾക്ക് എന്നും പ്രിയപ്പെട്ടതായിരുന്നു. ഇന്ന് വിഷു ആഘോഷിക്കാന്‍ ആരുമില്ലെങ്കില്‍കൂടി ഓര്‍മ്മകളില്‍ ഈ ആഘോഷങ്ങള്‍ക്ക് പത്തരമാറ്റ് തിളക്കമാണ് . ഇന്ന് വിഷു ഒരേസമയം സന്തോഷവും ദുഖവും സമ്മാനിക്കുന്നു. ആഘോഷിക്കാൻ ആരുമില്ല എന്ന് ദുഖിക്കുബോഴും ഓര്‍മകളിലെ വിഷു സുഗന്ധം പരത്തി മനസ്സിൽ ഒരു വേലിയേറ്റം തന്നെ സൃഷ്‌ടിക്കുന്നു.
വിതയ്ക്കുകയും കൊയ്യുകയും ചെയ്തിരുന്ന നല്ലൊരു കാര്‍ഷിക സംസ്‌കൃതിയുടെ സമാരംഭവുമായാണ് വിഷു ആഘോഷം. പുതുവര്‍ഷത്തിലെ വിഷുക്കണിയും വിഷുക്കൈനീട്ടവും വിഷുഫലവും ഗ്രാമീണ മനസ്സുകളില്‍ നന്മനിറഞ്ഞ ഐശ്വര്യപൂര്‍ണ്ണമായ ഒരു ഭാവിയെക്കുറിച്ച് പ്രതീക്ഷയുണര്‍ത്തുന്നു. പ്രകൃതിയും മനുഷ്യനുമായുള്ള അഭേദ്യബന്ധം. കര്‍ഷകനും ഭൂമിയുമായുള്ള ബന്ധം. ഒരു കാർഷിക കുടുബത്തിൽ ജനിച്ച എനിക്ക് വിഷു ഒരു കാർഷിക ഉത്സവം തന്നെയായിരുന്നു. ഈ സമയത്താണ് വീട്ടിൽ കൃഷി ആരംഭിക്കുന്നത്.
മാർച്ചിൽ പരീക്ഷകൾ കഴിഞ്ഞു സ്കൂൾ അടച്ചാൽ പിന്നെ അവധിക്കാലം. കണ്ണാരം പോത്തിക്കളിച്ചും, മണ്ണപ്പം ചുട്ടും, ഒറ്റക്കാലില്‍ കിളിത്തട്ട് കളിച്ചും, കൂട്ടുകാരുമൊത്ത് വീടിന്റെ ഉമ്മറത്ത് പ്ലാവിലയില്‍ വിളമ്പി വയറുനിറച്ച് കഴിച്ചച്ചും മുറ്റത്തെ മാവിൻ ചുവട്ടിൽ മാങ്ങകൾ ഓരോന്നായി എറിഞ്ഞു വീഴ്ത്തിയും നടന്ന കാലം. ഈ അവധിക്കാലത്തു തന്നെയാണ് വിഷുവും എത്തുന്നത്. ഈ സമയത്തു ദേശാടന പക്ഷിയായി എത്തുന്ന ഒരു പക്ഷിയെ വിഷുപക്ഷി എന്ന് വിളിച്ചു പോന്നിരുന്നു. ഇന്ന് അതുണ്ടോ?
വസന്തകാലത്തിന്‍റെ പ്രതിനിധിയായി എങ്ങുനിന്നോ സ്വാഗതഗാനവും പാടികൊണ്ട് വിദൂരതയില്‍നിന്നും പറന്നെത്തുന്ന വിഷുപക്ഷികള്‍. മഞ്ഞയണിഞ്ഞ കൊന്നമരക്കൊമ്പിലിരുന്നു ഇവ വിളിച്ചുണർത്തിയ ആ ഗീതം ഇന്നും ഒരു അശിരീരി പോലെ കേൾക്കാറുണ്ട്. മലയാളി മണ്ണിനെ, മനസ്സിനെ, പ്രകൃതിയെത്തന്നെയും. തളിരിലകളുടെ കുളിരുമായെത്തുന്നു ആ കിളിനാദം: "വിത്തും കൈക്കോട്ടും….കള്ളൻ ചക്കെട്ടു,
കണ്ടാൽ മിണ്ടണ്ട" എന്നി സ്വരങ്ങളിൽ ആണ് അത് പാടിയിരുന്നത്. കുട്ടികൾ ആയ ഞങ്ങൾ ഉച്ചസ്വരത്തിൽ ഏറ്റുപാടുബോൾ ഈ കിളി അതിനേക്കാൾ ഉച്ചത്തിൽ പാടുമായിരുന്നു…. വിഷുവെന്ന കൃഷിയുത്സവത്തിന്റെ വരവു തന്നെയാണ് ഈ പക്ഷിയും അറിയിച്ചിരുന്നത്.
കണ്‍നിറയെ കാണാന്‍ സ്വര്‍ണ്ണനിറത്തിൽ പൂത്തുലുഞ്ഞ കൊന്നമരങ്ങള്‍. മനസ്സില്‍ പൂത്ത സ്നേഹകൊന്നകള്‍ കണികണ്ടുണരുന്ന വിഷുപുലരി. ഐശ്വര്യത്തിന്‍റെ-സമ്പല്‍സമൃദ്ധിയുടെ-പ്രതീക്ഷയുടെ കണിയൊരുക്കി സൂര്യന്‍-പുതിയ പ്രദക്ഷിണ വഴിയിലേക്ക് നടന്നു നീങ്ങുന്നു. രാവും പകലും തുല്യമാകുന്ന രണ്ടു ദിനങ്ങളിൽ ഒന്ന്.
പ്രഭാതത്തില്‍ ഉറക്കമുണര്‍ന്ന് ആദ്യം കാണുന്ന കാഴ്ച അനുസരിച്ചായിരിക്കും അന്നത്തെ ഫലം എന്നു വിശ്വസിക്കുന്നവര്‍ ഇന്നും ധാരാളമുണ്ട്. വിഷുവിന് നല്ല കാഴ്ച ആദ്യം കണ്ടാൽ അല്ലെങ്കിൽ വിഷുക്കണി കണ്ടുണരുമ്പോള്‍, ആ വർഷത്തിൽ എല്ലാ നന്മകളും ഉണ്ടാകും എന്നാണ് വിശ്വാസം. നല്ല നാളെയെക്കുറിച്ചുള്ള പ്രതിക്ഷകളാണ് ഓരോ വിഷുവും നമുക്ക് സമ്മാനിക്കുന്നത്. വിഷുക്കണി സമ്പത്സമൃദ്ധമായ പ്രകൃതിയുടെ ഓർമക്കാഴ്ച തന്നെയാണെന്ന് പറയാം.
തേച്ചുമിനുക്കിയ ഓട്ടുരുളിയില്‍ ഉണക്കലരി, പൊന്‍നിറമുള്ള കണി വെള്ളരി, ഇരട്ടക്കര മുണ്ട്, വാല്‍കണ്ണാടി, വാല്‍കണ്ണാടിയുടെ കഴുത്തില്‍ പൊന്‍മാല, പാദത്തില്‍ കൊന്നപ്പൂങ്കുല, കുങ്കുമച്ചെപ്പ്, കണ്‍മഷിക്കൂട്, പൊതിച്ച നാളികേരം, പഴം, താംബൂലം, വെള്ളിനാണയങ്ങള്‍, കൊളുത്തിവച്ച നിലവിളക്ക്, ചക്ക, മാങ്ങാ തുടങ്ങിയ വീട്ടുവളപ്പില്‍ വിളഞ്ഞ ഫലവര്‍ഗങ്ങള്‍, കൃഷ്ണ വിഗ്രഹം എന്നിവ ഒത്തു ചേരുന്നതാണ് വിഷുക്കണി. സൂര്യൻ ഉദിക്കുന്നതിന് മുൻപ് തന്നെ കണി കാണണം. അപ്രിയമായതൊന്നും കണ്ണില്‍ പെടാതിരിക്കാനായി വഴിയിലെങ്ങും കണ്ണു തുറക്കാതെയാണ് കണികാണാന്‍ വരിക. കണി കണ്ടു കഴിഞ്ഞാൽ പിന്നെ വിഷുക്കൈനീട്ടം. കുടുംബത്തിലെ കാരണവര്‍ വിഷുക്കണിക്കു ശേഷം നല്‍കുന്നതാണ് വിഷുക്കൈനീട്ടം.
കാണിക്കാൻ കൊണ്ടുപോകുബോൾ മുത്തശ്ശി പാടിയ പാട്ട് ഇന്നും ഓർമ്മയിൽ ...
''കണി കാണും നേരം കമലാ നേത്രന്‍റെ
നിറമേറും മഞ്ഞ തുകില്‍ ചാര്‍ത്തി
കനക കിങ്ങിണി വളകള്‍ മോതിരം
അണിഞ്ഞു കാണേണം ഭഗവാനേ"
കുട്ടികൾക്ക് അന്ന് മുതിർന്നവർ എല്ലാം കൈനീട്ടം തരുന്നത് ഒരു പതിവായിരുന്നു. വിഷുവിന് നല്ല കൈനീട്ടം ലഭിച്ചാൽ ആ വർഷം നല്ലതായിത്തീരും എന്നായിരുന്നു വിശാസം . കൈനീട്ടം ലഭിക്കുന്നവര്‍ക്കെല്ലാം ഐശ്വര്യം ഉണ്ടാകുകയും നല്‍കുന്നവര്‍ക്ക് ഐശ്വര്യം വര്‍ധിച്ച് ഇനിയും നല്‍കാനാകുമെന്നുമാണ് വിശ്വാസം. വിശ്വാസം എന്ത് തന്നെയായിരുന്നാലും അവധികാലത്തു മൂവി കാണുന്നതിനും മറ്റുമുള്ള തുക കിട്ടുമായിരുന്നു. ഇന്നത്തെ കുട്ടികളെ പോലെ അന്ന് വലിയ പോക്കറ്റ് മണിയൊന്നും കുട്ടികൾക്ക് കിട്ടുമായിരുന്നില്ല. അതുകൊണ്ടു തന്നെ വിഷുവിന് വേണ്ടി ഞങ്ങൾ കാത്തിരിക്കുമായിരുന്നു.
വിഷു സദ്യയും ഈ ആഘോഷത്തിന്റെ ഭാഗമാണ് . നാട്ടിലൊക്കെ വിഭവസമൃദ്ധമായ സദ്യ ഉച്ച ഊണിന് ഉണ്ടാകും. ഞാൻ നാട്ടിൽ വിഷുവിന് ഉണ്ടായിരുന്നഒരു ദിവസം ഉച്ച ഊണ് കഴിഞ്ഞ് ഞാനും മക്കളും കൂടി ഉമ്മറത്തിരുന്ന് പത്രം വായിക്കെ.. ഒരു വൃദ്ധ ഗേറ്റ് കടന്നുവന്നു. അവർ നന്നേ ക്ഷീണിച്ചിരുന്നു. ഞാൻ അവരോടു കാര്യം ആരാഞ്ഞു.. എനിക്കു അപ്പിടി അസുഹമാണ് മോനെ .. മരുന്നിനൊന്നും കാശില്ല. നല്ല വിശപ്പുമുണ്ട്..എന്തെങ്കിലും കിട്ടിയിരുന്നെങ്കിൽ..!! അവർ വലിച്ചു കൊണ്ടു കഷ്ടപ്പെട്ടു പറഞ്ഞു.
ഒരു നിമിഷം ഞാൻ ഓർത്തു..ഇന്നു ലോകത്തുള്ളവരെല്ലാം ആർഭാട നിറവിൽ വിഷു ആഘോഷിക്കുന്നു. എല്ലാവരും സമൃദ്ധി കണികാണുവാനും ആഗ്രഹിക്കുന്നു. ഒരു നേരത്തെ അന്നത്തിനു വേണ്ടി എന്റെ മുന്നിൽ നിൽക്കുന്ന ഇവരാണു എന്റെ ഇന്നത്തെ കണി.. ഈശ്വരനിശ്ചയം പോലെ..ഞാൻ ആ അമ്മുമ്മയെ വിളിച്ചിരുത്തി ഭക്ഷണവും കൈനീട്ടമായി മരുന്നിനുള്ള പണവും നൽകി... അപ്പോൾ അവരുടെ മുഖത്തുകണ്ട സ ന്തോഷവും സംതൃപ്തിയും... ഞാൻ കണ്ട വിലപ്പെട്ട വിഷുക്കണി.. ആ മുഖത്ത് കണ്ട സന്തോഷം എനിക്ക് ഇന്നും ഓർക്കാൻ കഴിയും. അങ്ങനെ എത്ര എത്രയോ ആളുകൾ ആണ് ഇല്ലായ്മയിൽ ബുദ്ധിമുട്ടുന്നത്. ഇങ്ങനെ ഉള്ള നല്ല ദിവസങ്ങളിൽ ഒരിത്തിരി സഹായങ്ങൾ മറ്റുള്ളവക്ക് ചെയ്യാൻ കഴിഞ്ഞാൽ അതുതന്നെയാണ് ഒരു പുണ്യകർമ്മം. ഇതിൽപരം സൽപ്രവർത്തി വേറെ കാണില്ല ..നമുക്കു മുന്നിലേക്ക് വരുന്ന ഇങ്ങനെയുള്ള ഈശ്വരന്മാരെ കാണാൻ കഴിഞ്ഞില്ലെങ്കിൽ....അരൂപിയായ സാക്ഷാൽ ഈശ്വരനെ നാം എങ്ങനെ കാണും..!!
മരിക്കാത്ത ഓർമ്മകളുടെ മാസ്മരികമായ നിർവൃതിയിൽ കഴിഞ്ഞു പോയ ഓരോ വിഷുവും ഓരോ ഓർമ്മകൾ ആണ്. കാലത്തിന്റെ സൂചികൾ പിന്നോട്ട് തിരിച്ച് വെക്കാനുള്ള മാന്ത്രിക ശക്തി നമ്മുടെ കരങ്ങൾക്കുണ്ടായിരുന്നെങ്കിൽ എന്ന് ചിന്തിച്ചു പോവുകയാണ്.
അനുഭവങ്ങളുടെ മീനച്ചൂട് മനസ്സില്‍ കൊന്നപ്പൂക്കളായി വിരിയുന്നു. പൊന്നും, പൂവും കൊണ്ട് പ്രകൃതിയെഴുതുന്ന മധുര ഗീതം പോലെ ഓരോ കൊന്നയും വർഷം തോറും പൂക്കുന്നു.
ഹൃദയത്തിന്റെ ഭാഷയില്‍ എല്ലാവര്‍ക്കും ഐശ്വര്യവും സമാധാനവും സമൃദ്ധിയും ഉണ്ടാകാന്‍ വിഷു ആശംസകള്‍ നേരുന്നു