Image

തരൂർജിയുടെ വികൃതികൾ (സുനിൽ വല്ലാത്തറ ഫ്ലോറിഡ)

Published on 14 April, 2025
തരൂർജിയുടെ വികൃതികൾ  (സുനിൽ വല്ലാത്തറ ഫ്ലോറിഡ)

ദീർഘകാലത്തെ അമേരിക്കൻ പ്രവാസം മടുത്തു തുടങ്ങിയപ്പോൾ ആണ്‌ ശശി തരൂർജിക്ക് അധികാരത്തോടുള്ള ആർത്തി അനുദിനം വർധിച്ചു വന്നത് യു എൻ അണ്ടർ സെക്രട്ടറിയുടെ കാലാവധി കഴിഞ്ഞ ശേഷം അതിനായി കോഫി അന്നന്റെ പിന്തുണയോടെ സെക്രട്ടറി ജനറൽ പദവിയിലേക്ക് 2006ൽ മത്സരിച്ചെങ്കിലും സൗത്ത് കൊറിയയുടെ ബാൻകി മൂണിനോട് പരാജയപ്പെട്ടു ആ സ്വപ്നം നടക്കാതെ പോയി 
                       
അമേരിക്കയിൽ ഇനിയും തുടർന്നുകൊണ്ട് ഏതെങ്കിലും അധികാര സ്‌ഥാനത്തു എത്താൻ കഴിയില്ല എന്ന് മനസ്സിലാക്കിയ തരൂർജി അതിനായി താനുമായി ചെറിയ സൗഹൃദം ഉള്ള അന്നത്തെ ഇന്ത്യൻ പ്രധാ മന്ത്രി മൻമോഹൻ സിംഗ്ജിയെ വിളിച്ചു ചോദിച്ചു ഇന്ത്യയിലേക്ക് സ്‌ഥിരമായി വരണമെന്നുണ്ട് ഒരു രാജ്യസഭ മെമ്പർ ആക്കി കാബിനെറ്റിൽ കയറ്റാൻ പറ്റുമോ എന്ന് 
                     
നിഷ്കളങ്കനും ദയാശാലുവും ആയ മൻമോഹൻജി പറഞ്ഞു ഞാനല്ല തീരുമാനങ്ങൾ എടുക്കുന്നത് ഞാൻ സോണിയ മാഡത്തോട് തന്റെ കാര്യം പറയാം 
                         
രണ്ടു ദിവസം കഴിഞ്ഞു മാന്യനും മിതഭാഷിയും ആയ മൻമോഹൻജി തരൂർജിയെ തിരിച്ചു വിളിച്ചിട്ട് പറഞ്ഞു എടോ തന്റെ കാര്യം ഞാൻ സോണിയാജിയുമായി സംസാരിച്ചു. ഈ ഗവൺമിന്റിന്റെ കാലാവധി തീരുവാൻ ഇനി അധി കാലം ഇല്ല സോണിയാജി പറഞ്ഞത് താൻ മലയാളി ആയതുകൊണ്ടു അടുത്തു വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തു മത്സരിക്കുവാൻ ആണ്‌ ഇപ്പോൾ ഇടതുപക്ഷത്തിന്റെ കയ്യിൽ ഇരിക്കുന്ന സീറ്റ് തിരുവനന്തപുരത്തെ വോട്ടർമാർ അധികവും ഉദ്യോഗസ്‌ഥരും പുരോഗമന വാദികളും ആയതുകൊണ്ട് തനിക്കു വിശ്വപൗരൻ എന്നുള്ള പേരുള്ളതുകൊണ്ട് തന്നെ ജയിപ്പിക്കുമെന്നാണ്. പിന്നെ വേറൊരു കാര്യം തന്നോട് പ്രത്യേകം പറയുവാൻ സോണിയാജി പറഞ്ഞു തിരുവനന്തപുരത്തു എത്തുമ്പോൾ തന്റെ കോട്ടും സുട്ടും കൂളിംഗ് ഗ്ലാസും ഊരി വച്ചു സാധാരണക്കാർ ധരിക്കുന്നത് പോലെ മുണ്ടും ഷർട്ടും അണിഞ്ഞു വേണം ജനങ്ങളുടെ ഇടയിൽ പ്രവർത്തിക്കാൻ 
                         
ഇത് കേട്ട താമസം പിറ്റേ ദിവസത്തെ ഫ്ലൈറ്റ് പിടിച്ചു തരൂർജി തിരുവനന്തപുരത്തു പറന്നെത്തി സ്‌ഥിര താമസം തുടങ്ങി 
                     
അങ്ങനെ 2009ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തു സ്‌ഥാനാർഥി ആയ തരൂർജി ജീവിതത്തിൽ ആദ്യമായി മുണ്ടും ജൂബയും ധരിച്ചു ഷാളും അണിഞ്ഞു തിരുവനന്തപുരത്തെ കോൺഗ്രസ്‌ പ്രവർത്തകർ പഠിപ്പിച്ച മുറി മലയാളവുമായി വോട്ടു പിടിക്കാൻ ഇറങ്ങി 
                   
ഇറക്കുമതി ചെയ്ത വിശ്വപൗരന് വേണ്ടി തിരുവനന്തപുരത്തെ കോൺഗ്രസ്‌ പ്രവർത്തകരും നേതാക്കളും അഹോരാർത്ഥം പണിയെടുത്തതിന്റെ ഫലമായി തെരെഞ്ഞെടുപ്പ് ഫലം വന്നപ്പോൾ തരൂർജി വൻ മാർജിനിൽ ജയിച്ചു അടുത്ത ഫ്ലൈറ്റിനു വീണ്ടും കോട്ടും സുട്ടും ഇട്ടു ഡൽഹിക്ക് പറന്നു 
                      
സോണിയാജിയുടെ വീടായ പത്താം നമ്പർ ജൻപതിൽ ഓടിപ്പാഞ്ഞെത്തിയ തരൂർജി കാണുന്നത് സോണിയാജിയും മൻമോഹൻജിയും പിന്നെ നമ്മുടെ ആന്റപ്പനും കൂടി ചർച്ച നടത്തുന്നതാണ് 
                      
ഓടി അണച്ചു നിൽക്കുന്ന തരൂർജിയെ ഒരു മൂലക്കലേക്കു മാറ്റി നിർത്തി മൻമോഹൻജി പറഞ്ഞു മന്ത്രി പണി തരാം പക്ഷേ ക്യാബിനറ്റ് റാങ്കില്ല സഹയാണ്. നമ്മുടെ മുന്നണിയിൽ ഒരുപാട് പാർട്ടികൾ ഉള്ളത് കൊണ്ടു എല്ലാവരും ക്യാബിനറ്റ് റാങ്കാണ് ചോദിക്കുന്നത് 
                     
കിട്ടിയ സഹയുമായി അഞ്ചു വർഷം വിലസാം എന്ന് കണക്കു കൂട്ടിയ തരൂർജിക്ക് പക്ഷേ സ്വന്തം വകുപ്പിൽ ഉണ്ടായ വിവാദങ്ങളെ തുടർന്ന് കാലാവധി തികയ്ക്കാതെ രാജി വച്ചു പോകേണ്ടി വന്നു 
                     
രണ്ടായിരത്തി പതിനാലിലും പത്തൊൻപതിലും കോൺഗ്രസ്‌ പ്രവർത്തകരുടെയോ നേതാക്കളുടെയോ സഹകരണം ഇല്ലാതെ തിരുവനന്തപുരത്തു നിന്നും തെരെഞ്ഞെടുക്കപ്പെട്ട തരൂർജി പക്ഷേ ഡൽഹിയിലേക്ക് സമയം ഒട്ടും കളയാതെ പാഞ്ഞെത്തി എങ്കിലും രണ്ടു തവണയും മോദിജിയുടെ നേതൃത്വത്തിൽ ഉള്ള ബി ജെ പി ഗവണ്മെന്റ് വന്നതുകൊണ്ട് മന്ത്രി ആകാതെ കാഴ്ചക്കാരൻ ആയി സത്യപ്രതിങ്ജയിൽ പങ്കെടുക്കാനായിരുന്നു വിധി 
                                
രണ്ടു വർഷം മുൻപ് നടന്ന എ ഐ സി സി പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നെഹ്‌റു കുടുംബത്തിന്റെ പരിപൂർണ പിന്തുണയോടെ ഔദ്യോഗിക സ്‌ഥാനാർഥി ആയി മല്ലികർജുൻ ഖാർഗെ മത്സരിച്ചപ്പോൾ ഖാർഗെയെ നേരിടാൻ ഇന്ത്യയിലെ കോൺഗ്രസ്‌ നേതാക്കളിൽ ധൈര്യം കാണിച്ചത് തരൂർജി മാത്രം ആണ്‌ 
                           
സ്വന്തം തട്ടകമായ കേരളത്തിലെ മുഴുവൻ എ ഐ സി സി മെമ്പർമാരുടെയും പതിനാറു എം പി മാരുടെയും പിന്തുണ ചോദിച്ചു അവരെ നിരന്തരം വിളിച്ച തരൂർജിയെ പരസ്യമായി സപ്പോർട്ട് ചെയ്തത് കോഴിക്കോടിന്റെ എം പി യായ എം കെ രാഘവൻ മാത്രം ആണ്‌ 
                    
രമേശ്‌ ചെന്നിത്തലയും കൊടിക്കുന്നിൽ സുരേഷും രാജ്‌മോഹൻ ഉണ്ണിത്താനും പിന്തുണച്ചില്ലെന്നു മാത്രമല്ല പരസ്യമായി തരൂർജിക്കെതിരെ പ്രചരണം നടത്തി. വിശ്വപൗരൻ എന്ന പേരിൽ ഡൽഹിയിൽ കൂടി സുട്ടിട്ടു കൂളിംഗ് ഗ്ലാസും വച്ചു നടക്കുന്നത് കൊണ്ടാവാം പരാജയപ്പെട്ടിട്ടും കേരളത്തിൽ നിന്നും വോട്ടു കിട്ടിയില്ലെങ്കിലും നോർത്തിന്ത്യക്കാർ വോട്ടു ചെയ്തു തരൂർജി ആയിരത്തിൽ അധികം വോട്ടു പിടിച്ചു വില പേശി വർക്കിംഗ്‌ കമ്മറ്റിയിൽ കയറി പ്പറ്റി. 
                 
പിന്നെയാണ് തരൂർജിക്ക് അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ ജയിച്ചു യൂ ഡി ഫ് അധികാരത്തിൽ വരുകയാണെങ്കിൽ മുഖ്യമന്ത്രി ആകണം എന്നുള്ള മോഹം ഉള്ളിൽ ഉദിച്ചത്. അതിനായി ആദ്യം ഓടിയത് പ്രവാസം ഉപേക്ഷിച്ചു നാട്ടിൽ വന്നിട്ട് ഇതുവരെ കാലു കുത്താത്ത പാണക്കാട്ടോട്ടാണ്. അവിടെ പോയി തങ്ങളുമാരെയും കുഞ്ഞാലിക്കുട്ടി സാഹിബിനെയും ഒക്കെ കെട്ടി പിടിച്ചു പിന്തുണ ഉറപ്പാക്കി തിരികെ തിരുവനന്തപുരത്തെത്തി ലുലു മാളിന്റെ ഉദ്ഘാടനത്തിൽ പങ്കെടുത്തുകൊണ്ടിരിക്കുമ്പോൾ ആണ്‌ മറ്റൊരു മുഖ്യമന്ത്രി മോഹിയും പ്രതിപക്ഷ നേതാവുമായ വി ഡി സതീശൻ തരൂർജിയെ കൊഞ്ചനം കാട്ടിയത്. അതോടെ മുഖ്യമന്ത്രി മോഹം തരൂർജി വഴിയിൽ ഉപേക്ഷിച്ചു 
                
കുറച്ചു നാളുകളായി കോഴിക്കോട് പോകുമ്പോൾ തരൂർജിക്ക് തൊടുന്നതെല്ലാം പിഴയ്ക്കുകയാണ്. ഒരു വർഷം മുൻപ് അടുത്ത അനുയായിയും സുഹൃത്തുമായ എം കെ രാഘവൻ തരൂർജിക്ക് പതിനായിരം പേർ പങ്കെടുക്കും എന്ന് നോട്ടീസ് അടിച്ചിറക്കി കോഴിക്കോട് സ്വീകരണം സംഘടിപ്പിച്ചു.  ഇരുപത്തിയഞ്ചു പേർ കൊള്ളുന്ന ഓഡിറ്റോറിയത്തിൽ നൂറുപേരെ കൊണ്ടു വന്നു തരൂർജി പ്രസംഗിച്ചു കൊണ്ടിരുന്നപ്പോൾ ചൂട് താങ്ങാതെയും ശ്വാസം മുട്ടിയും തരൂർജിയുടെ പ്രസംഗത്തിനിടയിൽ മുഴുവൻ പേരും ഇറങ്ങി പോയി 
                          
കുറച്ചു നാൾ മുൻപ് ഇസ്രായേൽ പലസ്റ്റീൻ യുദ്ധം കൊടുംബരി കൊണ്ടിരിക്കുമ്പോൾ മുസ്ലീംലീഗ് പലസ്റ്റീൻ ഐക്യദാർഢ്യ റാലി കോഴിക്കോട് സംഘടിപ്പിച്ചു ഉദ്ഘാടകൻ നമ്മുടെ സ്വന്തം തരൂർജി ആയിരുന്നു. തരൂർജി തന്റെ പ്രസംഗത്തിൽ മുഴുവൻ ഇസ്രായേലിന് അനുകൂലം ആയി സംസാരിച്ചത് ലീഗ് നേതാക്കളെയും അണികളെയും വെട്ടിലാക്കി

കഴിഞ്ഞ ദിവസം ആണ്‌ കോഴിക്കോട് ഡി സി സി യുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നടന്നത് അതിൽ പങ്കെടുത്ത തരൂർജി തന്റെ പ്രസംഗത്തിൽ കോൺഗ്രസ്‌ ഒരു സംഘടന അല്ലെന്നും ബർത്തഡേ പോലുള്ള ആഘോഷങ്ങൾ നടത്തുന്ന പാർട്ടിയും ആണെന്ന് പറഞ്ഞെത് അണികളെയും കാണികളെയും ചിന്താ കുഴപ്പത്തിൽ ആക്കി 
                         
കുറേ നാളുകളായി തരൂർജി മോദി പുകഴ്ത്തലിൽ ആണ്‌. കോൺഗ്രസിലെ തരൂർജിയോട് കലിപ്പുള്ള ഒരു വിഭാഗം നേതാക്കളും മാധ്യമങ്ങളും തരൂർജി ബി ജെ പി യിലേക്ക് ഉടൻ പോകും എന്നുള്ള പ്രചരണം ശക്തമാക്കുന്നതിനിടയിൽ ആണ്‌ ഗുജറാത്തിൽ എ ഐ സി സി സമ്മേളനം നടന്നത്. തരൂർജി പ്രസംഗിക്കാൻ എണീറ്റപ്പോൾ എല്ലാവരും കരുതി വിടവാങ്ങൽ സ്‌പീച്ചു ആണെന്ന്. തരൂർജി പോയാൽ പകരം കയറാം എന്നുകരുതി വടകരയിൽ നിന്നും വണ്ടി കയറി വട്ടിയൂർക്കാവ് വഴി വർക്കിംഗ്‌ കമ്മിറ്റി പ്രതീക്ഷിച്ചിരുന്ന കെ മുരളീധരൻ പാതി മയക്കത്തിൽ നിന്നും ഞെട്ടി ഉണർന്നത് കോൺഗ്രസ്‌ എന്ന് കേട്ടാൽ ജ്വലിക്കണം ചോര ഞരമ്പുകളിൽ എന്ന് തരൂർജി അലറി വിളിക്കുന്നത്‌ കേട്ടാണ്

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക