വളരെ നാളുകൾക്ക് ശേഷമാണ് അയാൾ തറവാട്ടിലേക്ക് മടങ്ങിയത്. തിരികെപ്പോകാൻ ഒട്ടും മന:സുണ്ടായിരുന്നില്ല, എങ്കിലും ഉള്ളിൽ നിന്നും ആരോ ശക്തമായി പറയുന്ന പോലെ. ചില ചിന്തകൾ അത്ര പെട്ടെന്ന് തള്ളിക്കളയാനും പറ്റില്ലല്ലോ, നമ്മൾ എത്ര വേണ്ട എന്ന് കരുതിയാലും... യാത്രക്കായി അധികം ഒന്നും ഒരുങ്ങിയില്ല. ഏറ്റവും അടുത്ത ഒന്ന് രണ്ട് സുഹ്രുത്തുക്കളോട് മാത്രം സൂചിപ്പിച്ചു. " തറവാട് വരെ ഒന്ന് പോകുന്നു ചിലപ്പോൾ കുറച്ച് ദിവസങ്ങൾ കഴിഞ്ഞേ മടങ്ങു.... ജോലിയിൽ നിന്ന് വിരമിച്ച ശേഷം അധികവും വീട്ടിനുള്ളിൽ തന്നെ ഒതുങ്ങുന്ന രീതിയിലേക്ക് എത്തിയിരുന്നു. വല്ലപ്പോഴും സച്ചിനും , ഫ്രാൻസിസും വരും, കുറച്ച് സമയം പഴയ കാര്യങ്ങൾ പറഞ്ഞിരിക്കും,അല്ലാത്തപ്പോഴൊക്കെ പത്രം വായിക്കുകയോ പാട്ടു കേൾക്കുകയോ ആവും. അങ്ങനെയാണ് തറവാട് വരെ പോയാലോ എന്ന ചിന്ത ഉടലെടുക്കുന്നത്, പോകണോ വേണ്ടയോ എന്ന് മനസിലിട്ട് കുറെ വിചിന്തനം ചെയ്ത ശേഷമാണ് പോയേക്കാം എന്ന തീരുമാനത്തിൽ എത്തിയത്
ബസ്റ്റാൻഡിൽ എത്തിയപ്പോഴേക്കും പതിവില്ലാത്ത തിരക്ക്,അതോ തോന്നിയതോ ബസിൽ കയറി യാത്ര ചെയ്തിട്ട് കുറെ ആയില്ലെ, എന്നാലും വെറുമൊരു കൗതുകം ഈ ജനങ്ങൾ എല്ലാം എങ്ങോട്ടാകും പോവുക, ഓരോരുത്തരേയും കണ്ട് ചോദിച്ചാലോ. ചിലപ്പോൾ അവർ വട്ടാണെന്ന് കരുതിയാലോ...
വേണ്ട,അന്വേഷണം എന്നെഴുതി വച്ചിരിക്കുന്ന ബോർഡ് ലക്ഷ്യം വെച്ച് നടന്നു. തലമുഴുവൻ വെള്ള മുടിയുമായി മുറിക്കിച്ചുവപ്പിച്ച് ഒരാൾ, ഓരോ ബസും പോകുന്ന സ്ഥലവും സമയവും ബസ് നമ്പറും മൈക്കിലൂടെ വിളിച്ച് പറഞ്ഞ് ഇരിക്കുന്നു. കുറെ സമയം അയാളെ തന്നെ നോക്കി നിന്നു. നല്ല കണ്ടു പരിചയം പക്ഷേ ഓർത്തെടുക്കാൻ പറ്റുന്നില്ല. ചിലപ്പോൾ അയാൾ തന്നോടെന്തെങ്കിലും ചോദിക്കുമോ എന്ന് പേടിച്ച് ബസിന്റെ കാര്യം അന്വേഷിക്കാതെ കുറച്ച് സമയം കൂടെ അവിടെതന്നെ നിന്നിട്ട് പതിയെ തിരികെ നടന്നു. ഈ ഇടെയായി അങ്ങനെയാണ് മനസ് ഒരിടത്തും നിൽക്കുന്നില്ല, അത് വല്ലാതെ ചാടിക്കളിച്ച് നിൽക്കുന്നു. ഒന്നിനും ഒരു ഉറപ്പില്ലാത്തതുപോലെ.
ചാരുപോയതിൽ പിന്നെ തന്റെ എല്ലാ കാര്യങ്ങളും ഇങ്ങനെ തന്നെയാണല്ലോ. അവളുണ്ടായിരുന്നപ്പോൾ താൻ ഒന്നും അറിഞ്ഞിരുന്നില്ല. പിള്ളേരുടെ പഠിപ്പുൾപ്പെടെ. ഇപ്പോളെന്താ മക്കൾ രണ്ട് പേരും വിദേശത്ത് കുടുംബമായി കഴിയുന്നു. സുഖമായിരിക്കും,അല്ലാതെ വരാൻ വഴിയില്ല. ചാരു പോയതിൽ പിന്നെ രണ്ട് പേരും അവരുടെ കൂടെ ചെന്ന് നിൽക്കാൻ മാറി മാറി വിളിക്കുന്നുണ്ട്. എന്തോ പോകാൻ ഒട്ടും മനസ് തോന്നിയില്ല. തന്റെ ചാരു ഉറങ്ങുന്ന ഈ മണ്ണ് വിട്ട് എങ്ങോട്ടും പോകാൻ തോന്നാറില്ല. ഇപ്പോ തന്നെ തറവാട്ടിലേക്ക് പോകുന്നത് തന്നെ എന്തിനെന്ന് ഒരു പിടിയും ഇല്ല, കുറച്ചായി മനസിനൊരു അഗ്രഹം തറവാട് വരെ ഒന്ന് പോകണം എന്നത്. ആ ഒറ്റക്കാരണത്താലാണ് ബാഗും എടുത്ത് ഇറങ്ങിയിരിക്കുന്നത്.
ബസിന്റെ സൈഡിലിരുന്ന് പുറം കാഴ്ച്ചകളിലേക്ക് കണ്ണുനട്ടിരുന്നു. ഒന്നും കണ്ണിൽ ഉറച്ച് നിൽക്കുന്നില്ല. ബസിന്റെ മുൻപോട്ടുള്ള വേഗത്തിനനുസരിച്ച് കാഴ്ച്ചകളുടെ മിന്നിമറയുന്ന വേഗവും കൂടുന്നു.പടവുകൾ കയറി തറവാടിന്റെ മുറ്റത്തേക്ക് ചെല്ലുന്നതും മനസിൽ ഓർത്ത് ഒരു ചെറു പുഞ്ചിരിയോടെ പതുക്കെ കണ്ണുകൾ അടച്ചു....ബസ് അതിന്റെ പരമാവതി വേഗത്തിൽ മുൻപോട്ട് കുതിച്ചു കൊണ്ടിരിന്നു....