കൈക്കുമ്പിളിലെ വെള്ളം പോലെ . സ്വാസ്ഥ്യപൂർണ്ണമായ ജീവിതത്തെ സ്വപ്നം കണ്ടാണ് ഒരു ദശാബ്ദക്കാലത്തെ തന്റെ മൾട്ടിനാഷണൽ കമ്പനിയിലെ ജോലി വിട്ട് മെട്രോ പോളിറ്റൻ നഗരത്തിൽ നിന്ന് നാട്ടിലേക്ക് ജീവിതം പറിച്ച് നട്ടത്. എന്നിട്ടുമെത്ര അകലെയായിരിക്കുന്നു സങ്കല്പ ജീവിതം. സ്വാസ്ഥ്യവും മനസ്സമാധാനവും നശിപ്പിക്കുന്ന വിധം ഓൺലൈൻ മീറ്റിങ്ങുകൾ ഒന്നിന് പിറകെയായി പെരുകി വന്നു കൊണ്ടിരിക്കുന്നുവെന്നതാണ് കോവിഡാനന്തര ഔദ്യോഗിക ജീവിതത്തിന്റെ പ്രത്യേകത.
ഇന്ന് അവധിയെടുത്ത് ഹോസ്പിറ്റലിലെത്താമെന്നാണ് നയനയോട് പറഞ്ഞിരുന്നത്. എത്ര ദിവസമാണ് അവൾ തനിച്ച് ലീവെടുത്ത് മകന്റെ ചികിത്സാക്കാര്യത്തിന് വേണ്ടി ഓടി നടക്കുക ? അവളുടെ ഉള്ള ലീവെല്ലാം തീർന്ന് ഇപ്പോൾ ശമ്പളമില്ലാത്ത അവധിയിലാണ് കാര്യങ്ങൾ നെട്ടോട്ടമോടുന്നത്. തനിക്കാണെങ്കിൽ ഒന്ന് തൊട്ട്മണത്തു പോലും നോക്കാൻ പറ്റാതെ കുതിരവായിലെ ഇരുമ്പ് പോലെ ലീവുകൾ കിടക്കുന്നു. കോവിഡ് കാലത്ത് തുടങ്ങിയതാണ് ഓൺലൈൻ മീറ്റിങ്ങുകൾ . പകലെന്നോ രാത്രിയെന്നോ അവധി ദിവസമെന്നോ ഭേദമില്ലാതെ പെട്ടെന്ന് മുകളിൽ നിന്ന്തീരുമാനിക്കപ്പെടുന്ന റിവ്യു യോഗങ്ങൾ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുവെന്ന് മിക്കവാറും പേർക്ക് അഭിപ്രായമുണ്ട്. പക്ഷേ പൂച്ചക്ക് മണികെട്ടാൻ ആർക്കുമാവില്ല. അച്ചടക്ക നടപടികൾ പേടിച്ച്
ആരുമൊന്നും പുറത്ത് പറയാതെ എല്ലാം സഹിക്കുന്നു. എന്നാൽ വീട്ടിൽ നിന്നോ യാത്രയ്ക്കിടയിലോ മീറ്റിങ്ങിൽ കയറാമെന്ന് വെച്ചാൽ അതും മേലാപ്പീസർമാർക്കിഷ്ടപ്പെടില്ല. ഇരിക്കുന്ന സ്ഥലം കൃത്യമായി കാണും വിധം വീഡിയോ ഓണാക്കിയില്ലെങ്കിൽ ശകാരിച്ച് നാണം കെടുത്തും. അല്ലെങ്കിലും ശകാരിക്കാൻ വേണ്ടിയാണ് അടിക്കടി മീറ്റിങ്ങുകൾ അവരുടെയൊക്കെ ഫ്രസ്റ്റേഷൻഅതുകൊണ്ട് തീർന്നു കിട്ടുമെന്ന് മാത്രം. ഓൺലൈൻ ശകാരമെന്നാണ് ഇത്തരം മീറ്റിങ്ങുകളുടെ രഹസ്യപ്പേരായി സഹപ്രവർത്തകർക്കിടയിൽ വിളിക്കപ്പെടുന്നത്. സ്വന്തം രോഗാവസ്ഥയിലോ അല്ലെങ്കിൽ ഉറ്റവർക്ക് വേണ്ടിയോ ഒന്ന് അവധിയെടുത്ത് ഡോക്ടറെ കാണിക്കാനിറങ്ങുമ്പോഴായിരിക്കുംചിലപ്പോൾ മുകളിലെ ഓഫീസിൽ നിന്ന് വിളിയുണ്ടാവുക : ഒരു മീറ്റിങ്ങിന്റെ ലിങ്കിട്ടുണ്ട്. മറുത്തൊന്നും പറയണ്ട.ഇപ്പോൾ തന്നെ കയറണം...
പുതിയ പ്രൊജക്ടുകൾക്ക് വേണ്ടിഅത്യാവശ്യം തീർക്കേണ്ട സൈറ്റ് വിസിറ്റുകൾ മാത്രമാണ് ബാക്കി വെക്കാതെ നടക്കുക. അതും മേലാപ്പീസിലേക്ക് അടിയന്തിര റിപ്പോർട്ടയക്കേണ്ടവ. പ്രവൃത്തി നടന്നുകൊണ്ടിരിക്കുന്ന പ്രൊജക്ടുകളുടെ സൈറ്റിലാവട്ടെ പലപ്പോഴും എത്തിനോക്കാനേ കഴിയാറില്ല. താഴെയുള്ളവർ ചെയ്യുന്നതും പറയുന്നതും വിശ്വസിക്കുക മാത്രമാണ് ഏകവഴി. അതിലവർ എന്തെങ്കിലും ഉടായിപ്പ് കാണിച്ചാൽ പെട്ടത് തന്നെ. മീറ്റിങ്ങ് കാരണം തൊടാൻ പോലും പറ്റാതെ മാറ്റിവെച്ച മറ്റ് ഓഫീസ് ജോലികളപ്പാടെ തന്നോടൊപ്പം രാത്രി ഏറെ വൈകി വീട്ടിലേക്ക് കയറി വരുന്നത്
കാണുമ്പോഴേ നയനയുടെ മുഖം കറുക്കും: എങ്കിൽപ്പിന്നെ ഓഫീസിൽ തന്നെ ഇരുന്നൂടെ .അല്പസമയം ഉറങ്ങാൻ മാത്രമായിട്ടെന്തിനാണ് വീട്ടിലെത്തുന്നത് ?
മീറ്റിങ്ങ് തീർന്ന ശേഷം ഫോണിൽ നോക്കുമ്പോൾ ഇരുപത്തേഴോളം മിസ്ഡ് കോളുകൾ. ആശുപത്രിയിൽ നിന്ന് വന്ന നയനയുടെ മിസ്ഡ്കോളുകൾ ആദ്യം അറ്റന്റ് ചെയ്തു. അജയ്മോന്റെ ടെസ്റ്റ് റിസൾട്ടിനെപ്പറ്റി ചോദിച്ചിട്ട് അവളൊന്നും പറയുന്നില്ല. ആശുപത്രിയിലെത്താമെന്ന് പറഞ്ഞ് പറ്റിച്ചതിന് അവളാകെ കലിപ്പിലാണ്. ഉടൻ എത്താമെന്ന് പറഞ്ഞ് ഫോൺ വെച്ചു. അത്ര പരിചിതമല്ലാത്ത മറ്റ് ചില നമ്പറുകളിൽ നിന്നാണ് കൂടുതൽ കോളുകൾ . പരിചയമുള്ള ഒരു നമ്പറിൽ - ജലശുദ്ധീകരണപ്ലാന്റിലെ ഹെഡ് ഓപ്പറേറ്റർ ശിവന്റെതാണ്- വിളിച്ചു. അയാളിപ്പോൾ തിരക്കിലാണെന്ന മറുമൊഴി.ആവർത്തിച്ച് കണ്ട ഒന്ന് രണ്ടു കോളുകളിലേക്ക് തിരിച്ചു വിളിച്ചു നോക്കി. പരിചയമുള്ള മാധ്യമ പ്രവർത്തകരുടെതാണ്; പുതിയ നമ്പറായതിനാൽ സേവ് ചെയ്യാൻ വിട്ടു പോയതാണ്. അവർ പറഞ്ഞത് കേട്ട് ആകെ വിറയലാണനുഭവപ്പെട്ടത്. ജലശുദ്ധീകരണ ശാലയിലേക്ക് വെള്ളം പമ്പ് ചെയ്യുന്ന പുഴയ്ക്കരികിലെ റോഡിൽ ഫിനോൾ കൊണ്ടുപോകുന്ന ചരക്കുലോറി മറിഞ്ഞിരിക്കുന്നു. രാത്രിയിലാണ്. ഏതാണ്ട് മുക്കാൽ മണിക്കൂറായി കാണും. ഫിനോൾ വെള്ളത്തിൽ കലർന്നാലുണ്ടാവുന്ന ആപത്ത് ഗുരുതരമായിരിക്കും.
ടൗണിലെ പതിനായിരക്കണക്കിനാളുകളുടെ കുടിവെള്ളമാണ് ട്രീറ്റ്മെന്റ് പ്ലാന്റിനോടനുബന്ധിച്ചിട്ടുള്ള സർവീസ് റിസർവോയറിൽ നിന്ന് വിവിധപൈപ്പുകളിലൂടെയായി ഒഴുകുന്നത്. നിലവിൽ ആരെയും ആശുപത്രികളിൽ പ്രവേശിക്കപ്പെട്ടതായി അറിവില്ല. എന്തെങ്കിലും വിവരം കിട്ടിയാൽ ഉടൻ അറിയിക്കാമെന്നും അവർ പറഞ്ഞു.
തൽക്കാലം ഈ വാർത്ത പുറത്ത് വിടരുത്; പ്ലീസ്. ജനങ്ങൾ പാനിക്കാവും.
അവരോടുള്ള പരിചയം വെച്ച് നടത്തിയ അഭ്യർത്ഥന സ്വീകരിച്ചു.
ഇല്ല, തൽക്കാലം വാർത്ത പുറത്ത് വിടുന്നില്ല. നിങ്ങൾ ഉടൻ വേണ്ട നടപടികൾ ധൈര്യമായി കൈക്കൊള്ളു..
ഉടൻ മേലധികാരിയെ വിളിച്ച് വിവരം പറഞ്ഞു. വിശദമായ റിപ്പോർട്ട് സ്ഥലത്ത് പോയി പരിശോധിച്ച ശേഷം മെയിൽ ചെയ്യാമെന്നും പറഞ്ഞപ്പോൾ എൻഗേജ്ഡ് ട്യൂൺ. ഉടൻ വിളിക്കാമെന്ന് പറഞ്ഞ് നിർത്തി ആ നമ്പറിലേക്ക് തിരിച്ചു വിളിച്ചു. ശിവനാണ്. നേരത്തെ മാധ്യമ പ്രവർത്തകരിൽ നിന്നറിഞ്ഞ വാർത്ത തന്നെ. പ്ലാന്റിലേക്കുള്ള പമ്പിങ്ങ് നിർത്തി വെച്ച ശേഷം പമ്പ് ഹൗസിലെ ഓപ്പറേറ്റർ രമേശനെയും കൂട്ടി അയാൾ ലോറി മറിഞ്ഞയിടത്തെത്തിയിട്ടുണ്ട്. ആശ്വാസമായി. താനുടൻ പ്ലാന്റിലെത്താമെന്നും പ്ലാന്റിലെ സമ്പിൽ നിന്ന് സർവീസ് റിസർവോയറിലേക്കുള്ള പൈപ്പിന്റെ വാൽവ് അടച്ചുവെക്കാനും നിർദ്ദേശം കൊടുത്ത ശേഷം നയനയെ വിളിച്ച് കാര്യം പറഞ്ഞു. അജയ്യെ പനി കൂടി ഐ സി യുവിലാക്കിയ വിവരം കരഞ്ഞു കൊണ്ടവൾ പറഞ്ഞു.ന്യൂമോണിയയാണോ എന്ന് ഡോക്ടർ സംശയം പ്രകടിപ്പിച്ചതായും ടെസ്റ്റ് റിപ്പോർട്ട് കിട്ടിയിട്ടേ
എന്തെങ്കിലും പറയാൻ പറ്റുകയുള്ളുവെന്ന് ഡോക്ടർ പറഞ്ഞതായും ആ കരച്ചിലിനിടയിൽ അവൾ പറഞ്ഞൊപ്പിച്ചു. അനുമോളെ അയലത്തെ വീട്ടിലാക്കിയാണ് വന്നത്. അവളെ വേഗം കൂട്ടി വന്നില്ലെങ്കിൽ മോൾ വിഷമിക്കുമെന്നും .വാച്ചിൽ നോക്കി. സമയം 9.25 മണി. കുറെ നാളായി ദിനരാത്ര ഭേദങ്ങളെപ്പറ്റി ഓർക്കാറേയില്ലാത്തതു കൊണ്ട് സാമാന്യ മനുഷ്യർ രാത്രി ഭക്ഷണം കഴിച്ച് കിടന്നുറങ്ങാൻ നോക്കുന്ന വൈകിയ സമയം പോലും തന്നിലൊരു ഭാവമാറ്റവുമുണ്ടാക്കുന്നില്ലെന്നതിൽ അത്ഭുതം കൂറി. താനൊരു വികാരഭേദവുമേശാത്ത വിധം ശിലയായി പരിണമിക്കുകയാണോ? ബൈക്ക് സ്റ്റാർട്ടാക്കി. എങ്ങോട്ട് പോകണമെന്നറിയാതെ ചിന്താശൂന്യമായി ഓടിച്ചു. ബൈക്ക് തന്നെയും കൊണ്ട് എങ്ങോട്ടൊക്കെയാണ് പോവുക ? അയൽ വീട്ടിലേക്ക് മോളെ കൂട്ടാനോ ? ലോറി മറിഞ്ഞയിടത്തക്കോ അതോ ആശുപത്രിയിലേക്കോ ? നിശ്ചയമില്ലൊന്നിനും..
പമ്പിങ്ങ് സ്രോതസ്സായ പുഴയിലെത്തുമ്പോൾ സമയം ഏറെ കഴിഞ്ഞിരിക്കുന്നു. മോളെ കൂട്ടിക്കൊണ്ടുപോകാനെത്താൻ വൈകുമെന്ന് അയൽ വീട്ടുകാരോട് കാരണ സഹിതം വിളിച്ചറിയിച്ച് നേരെ വിട്ടത് പുഴയിലേക്കാണ്. അതിനിടയിൽ ആകെക്കഴിച്ചത് വഴിക്കരികിലെ ഒരു രാത്രിതട്ടുകടയിൽ നിന്ന് ഒരു വടയും ചായയുമാണ്. ക്ഷീണവും വിശപ്പും കൊണ്ട് വല്ലാത്ത പരവേശമുണ്ടെങ്കിലും അത് മറക്കാൻ ശ്രമിച്ചു
കൊണ്ടിരുന്നു. അതിനിടെ ട്രീറ്റ്മെന്റ് പ്ലാന്റിലെ ക്ലിയർ വാട്ടർ സമ്പിൽ നിന്നും ക്ലാരിഫ്ലോക്കുലേറ്ററിൽ നിന്നും പുഴയിൽ ലോറി മറിഞ്ഞതിനടുത്തു നിന്നും ഓരോ കാനിൽ സാമ്പിൾ വെള്ളമെടുത്ത് ലൊക്കേഷൻ പേരെഴുതി സ്റ്റിക്കറൊട്ടിച്ച് അവ റീജ്യണൽ ലാബിലെത്തിച്ചു. മൂന്നിന്റെയും ഓരോ സാമ്പിളുകൾ വീതം മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ സെൻട്രൽ ലബോറട്ടറിയിലേക്കയക്കാനും ലെറ്റർ സഹിതം ആളെ വിട്ടു. അതുവരെ പമ്പിംഗ് നടക്കാതെന്തു ചെയ്യും ?ദാഹിക്കുന്ന ജനങ്ങൾക്ക് കുടിവെള്ളത്തിന് മറുവെള്ളമില്ലല്ലോ. അവർക്ക് മറ്റെവിടെ നിന്നെങ്കിലും ടാങ്കർ ലോറിയിൽ വെള്ളം കൊണ്ടു വിതരണം ചെയ്യാൻ ഏർപ്പാടാക്കാൻ പറ്റുമോയെന്ന കാര്യത്തിൽ ഒരു തീരുമാനമെടുക്കാൻ മേലാഫീസറോട് അഭ്യത്ഥിക്കുന്ന കത്തും സാമ്പിളും തയാറാക്കി കൊടുത്തയച്ചു. പരിശോധനാ റിസൾട്ട് കിട്ടുന്നത് വരെ കാത്തിരിക്കാതെ വിഷം വെള്ളത്തിൽ കലരുന്നതൊഴിവാക്കാനുള്ള താല്ക്കാലിക നടപടിയെന്ന നിലക്ക് തന്റെ ഉള്ള അറിവ് വെച്ച് ചാർക്കോളോ ചിരട്ടക്കരിയോ കിട്ടാവുന്ന കാര്യം കൂടി അന്വേഷിച്ചു കൊണ്ടിരുന്നു. വെള്ളത്തിൽ പടർന്ന വിഷം വലിച്ചെടുക്കാൻ ആക്ടിവേറ്റഡ് കാർബണിനോളം നല്ലൊരു അഡ് സോർബന്റ് വേറെയില്ല എന്നാണ് തന്നിലെ പഴയ കെമിസ്ട്രി വിദ്യാർത്ഥി പറയുന്നത്.
അല്പം കണ്ണടച്ചതായിരുന്നു. അജയിന്റെ പനിക്ക് നേരിയ കുറവുണ്ടെന്നറിയിച്ചത് സ്വപ്നത്തിലെ മാലാഖയല്ല. ടെസ്റ്റ് റിപ്പോർട്ട് നെഗറ്റീവാണ്. താനപ്പോൾ ആശുപത്രി കിടക്കയിലായിരുന്നു. എപ്പോഴോ എങ്ങനെയോ വിശപ്പും ദാഹവും ഉറക്കമില്ലായ്മയും കൊണ്ട് ക്ഷീണിതനായ തന്നെയും വഹിച്ച് ആ മഹായന്ത്രം ആശുപത്രിയിലെത്തിയിരുന്നു. അവിടെഎത്തിയതും അവശതയോടെ താൻ കുഴഞ്ഞു വീഴുകയായിരുന്നു. അവിടെയുണ്ടായിരുന്ന യമുനയും മറ്റും ചേർന്ന് കാഷ്വാലിറ്റിയിൽ പ്രവേശിപ്പിച്ച് ഡ്രിപ്പിടുകയായിരുന്നു. വിശ്രമമില്ലായ്മ മൂലം വന്ന് ചേർന്ന ചെറിയ തലചുറ്റൽ .മറ്റൊന്നുമില്ല.
റീജിയണൽ ലാബിൽ നിന്നുള്ള റിസൾട്ട് ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്റെ ഫോണിൽ ഇമെയിലായി കിട്ടി. കൊടുത്തയച്ച സാമ്പിളുകളിലൊന്നും കാര്യമായ കുഴപ്പമില്ല. വിഷസാന്നിധ്യം ബോധ്യപ്പെടുന്നതിന് കൊച്ചിയിലേക്കയച്ച സാമ്പിളിന്റെ ഫലം കൂടി കിട്ടണം. എങ്കിലും ചിലകാര്യങ്ങൾ ഒരു നല്ല സൂചന തരുന്നു. തന്റെ തോന്നലല്ല. ഇതേ വരെ ആർക്കും ; ഒരു ചെറിയ അപായ സൂചന പോലും എവിടെയും ലഭ്യമായിട്ടില്ലെന്ന് മാധ്യമ സുഹൃത്തുക്കൾ വിളിച്ചു പറഞ്ഞു. ചാർക്കോൾ ബാഗുകൾ എത്തിക്കാനുള്ള ഏർപ്പാട് ചെയ്തു കഴിഞ്ഞതായി മേലാപ്പീസിൽ നിന്നുള്ള വിവരം നൽകിയ സന്തോഷം ചെറുതല്ല. പുഴയിൽ ഫിനോൾ കലരാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ ചാർക്കോൾ കൊണ്ടിടാനുള്ള പ്രവൃത്തി മെയിന്റനൻസ് വിഭാഗത്തിലെ ജോലിക്കാർ ഏറ്റെടുത്തു കഴിഞ്ഞു. ഇനി തനിക്കാശ്വസിക്കാം. അജയിന്റെ പനിക്ക് നല്ല കുറവുണ്ട്. മാറിയാൽ ഉടൻ വീട്ടിലേക്ക് പോകാം. അയൽക്കാരൻ വിളിച്ചിരുന്നു. അയാൾ
അനുമോളെയും കൂട്ടി ആശുപത്രിയിലേക്ക് വരുന്നുണ്ടെന്ന് . അവൾക്ക് അജയിനെ കാണണമത്രെ. വരട്ടെ, കുഞ്ഞുങ്ങളുടെ സ്നേഹപ്രകടനമല്ലേ ; തടയേണ്ട. തല ചാരിവെച്ച്
മിഴികൾ പൂട്ടി. ഒരു തണുത്ത തലോടൽ പോലെ കാറ്റ് വീശി.ചുറ്റും ജലക്കാഴ്ചകൾ .സംഗീതം പൊഴിച്ചു കൊണ്ട് ആനന്ദനൃത്തത്തിലമർന്ന ജലതരംഗങ്ങളിൽ പെട്ട് താനൊരു കുഞ്ഞു കുളിർമ്മയായി. ജലത്തിന്റെ ആന്ദോളനത്തിൽ അയാൾ മതിമറന്നാടി.