Image

വിഷുപ്പാട്ട് (ഉമ സജി)

Published on 14 April, 2025
വിഷുപ്പാട്ട് (ഉമ സജി)

തുടിയായുയരുന്നു നെഞ്ചിനുള്ളിൽ
തുയിലുണരുന്ന വിഷുപ്പുലരി
മേടവിഷുപ്പക്ഷിപ്പാട്ടുയരുന്നു
വിഷുക്കാലമല്ലെ എന്നു പാടുന്നു

മഞ്ഞക്കണിക്കൊന്ന പൂക്കളുമായി
മഞ്ഞച്ചരടിൽ കൊരുത്തെടുത്തു
മഞ്ഞപ്പട്ടാട ഞൊറിയിട്ടുടുപ്പിച്ചു
കണ്ണന് കണിയായൊരുക്കിടുന്നു

വെള്ളോഓട്ടുരുളിയിൽ നിറയുമൈശ്വര്യം
കാർമുകിൽ വർണ്ണന്റെ ചൊടിയിൽ വിരിയുന്ന
പുഞ്ചിരിപ്പൂക്കളായി നിറതിരി നാളത്തിൽ മുന്നിൽ തെളിയുമ്പോൾ ഉള്ളം നിറയുന്നു

ഉള്ളിലുള്ളൊരാ നാടൻ പെൺകൊടി
പട്ടു പാവാടയിൽ മിന്നിത്തിളങ്ങുന്നു
ബാല്യകൗമാര കുതൂഹലങ്ങളിൽ
വിഷുക്കണിയായി ഒരുങ്ങിനില്ക്കുന്നു

എന്നെ കണ്ണന് കണിവയ്ക്കൂ എന്നോതി
കാത്തുനില്ക്കും മാങ്കനിയും ഫലങ്ങളും
നിറപറ, പൂങ്കുല, നാളികേരം, വെറ്റില
ചേലിൽ ചേർത്തു കണിയൊരുക്കുന്നമ്മ

മുഖംനിറയ്ക്കുന്ന ചിരിയാലവൾ
കണിക്കൊന്നയായി പൂത്തുലയുന്നു
കണ്ണന്റെ മുന്നിലൊരു കൂപ്പുകയ്യായി
കൺനിറയെ കണ്ണനെ നിറച്ചുവയ്കുന്നു

കൈനീട്ടമായി കിട്ടും ഒരു വെൺതുട്ടിനെ
വരുംവർഷ സൗഭാഗ്യമായ് നെഞ്ചിലേറ്റുന്നു
അച്ഛനമ്മാർതൻ ചൊടിയിലെ പുഞ്ചിരി
നിറകണിയായി ഉള്ളിൽ നിറയ്ക്കുന്നു


ഓർമ്മകൾ തിങ്ങി നിറയുന്നു വിഷുവായി
മോഹമെന്നുമാ പെൺകൊടിയാകുവാൻ
എത്രകാലം കഴിഞ്ഞുപോയാലുമാ
വിഷുപ്പുലരികൾ തേനൂറുമോർമ്മകൾ

ഉമ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക