ചക്കപ്പുഴുക്കെന്ന
കവിതയെഴുതി
കൈയിലെ അരക്ക്
കളഞ്ഞതേയുള്ളൂ.
നാവിലേക്കിരച്ച്
ഓർമകളൊട്ടുന്നു.
തൊണ്ടയടയുന്നു,
അമ്മയുടെ ജീവനറ്റ
പ്രായത്തിലേക്കെന്റെ
ആയുസ്സൊട്ടുന്നുണ്ടെന്ന്
തെക്കേമാവിന്റെ കൊമ്പ്
വാത്സല്യക്കോമാങ്ങകൾ
മൂക്കാതെ പഴുപ്പിക്കുന്നു.
ഒരായുഷ്ക്കാല വിശപ്പ്
വീടിനെ മാത്രം വിഴുങ്ങുന്നു.
മകളേ...
നെടുവീർപ്പായി
കാറ്റോ കടലോ
നിലവിളിക്കുന്നു?
കാടോ മലയോ
ഉരുളുന്നു?
# അമ്മ