ഷർട്ട് ഹൃദയവുമായി പറ്റിച്ചേരുന്നിടത്ത് സുരക്ഷിതമായി പലതും ശേഖരിച്ചു വെയ്ക്കാനായി മുൻതലമുറ കണ്ടുപിടിച്ച ഭണ്ഡാരമാണ് പോക്കറ്റ്.
ചിലപ്പോൾ ചില്ലറത്തുട്ടുകളാവാം, കറൻസി നോട്ടുകളാവാം പ്രധാനപ്പെട്ട രേഖകളാവാം, ചാവിയാകാം.
പലതും പേറി നെഞ്ചോടു ചേർക്കുന്ന സംവിധാനം.
എപ്പോൾ വേണമെങ്കിലും നിക്ഷേപിക്കാം, പിൻവലിക്കാം.
ഭാര്യ മുഷിഞ്ഞ ഷർട്ട് വാഷ് ചെയ്യാൻ എടുക്കുമ്പോൾ പോക്കറ്റിൽ തപ്പി നോക്കുന്നതും,നിരാശയോടെ കൈ പിൻവലിക്കുന്നതും,തുടർന്ന് ഷർട്ട് കഴുകുന്നതും ഞാനൊരിക്കൽ കാണാനിടയായി.
പകലന്തിയോളം പണിയെടുത്ത് ക്ഷീണിച്ച് ഭർത്താവിന്റെ വസ്ത്രങ്ങളുമലക്കി ഒരു പരിഭവവുമില്ലാതെ ജീവിതം തള്ളിനീക്കാൻ വിധിക്കപ്പെട്ട ഭാര്യ..
വളർത്തി വലുതാക്കിയ അഛനുമമ്മയും ഒരു നാൾ വരുമ്പോൾ അവളുടെ മുഖം മുമ്പെങ്ങുമില്ലാത്ത വിധം പ്രസന്നമാവും.
അവരുടെ കൈയ്യിൽ കുറച്ച് ഓറഞ്ചോ മിഠായിയോ ചെറു മക്കൾക്കായി കരുതിയിട്ടുണ്ടാവും.
ചെറുമക്കളോടൊപ്പം കളിതമാശ പറയാനും,
.അവരെ ഓമനിക്കാനും, അവർ ക്കരികിൽ അവരെപ്പോലെ കുറച്ചുനേരം കഴിയാനും അവർസമയം കണ്ടെത്തും.
ഷർട്ടിന്റെ കഥയെടുക്കാം , മുഷിഞ്ഞ ഷർട്ട് കഴുകാനിടുമ്പോൾ ഭാര്യ അറിയാതെ ഒരു നാൾ ഞാനതിൽ 50 രൂപ ഇട്ടു വെച്ചു.
പതിവു പോലെ പോക്കറ്റ് തപ്പിയ അവൾക്ക് അന്ന് നിരാശയല്ല അൽഭുതമാണ് തോന്നിയത്.
അവൾ കൈയ്യിൽ കിട്ടിയരൂപ സാരിത്തലപ്പിൽ കെട്ടിയിട്ടു. കുറച്ചു മാറി നിന്ന് ഞാനത് കണ്ടു.
ഞാനത് കണ്ട ഭാവം നടിച്ചില്ല.
കുറച്ചു കഴിഞ്ഞ് ഭാര്യ ചോദിച്ചു. ഷർട്ടിൽ വല്ല പൈസയും ഇട്ടിരുന്നോ?
ഹേയ് അങ്ങനെ വരാൻ വഴിയില്ലല്ലോ. തല ചൊറിഞ്ഞു കൊണ്ട്ഞാൻ പതിയെ പറഞ്ഞു.
അല്ലേലും കാശിന്റെ കാര്യത്തിൽ നല്ല കണിശക്കാരനാ പിന്നയല്ലേ പോക്കറ്റിലിടുന്നു.
ഇതു കേട്ട ഞാൻ ഊറിച്ചിരിച്ചു.
അങ്ങനെ ഇടയ്ക്കിടെ ഞങ്ങളുടെ കലാപരി തുടർന്നു.
അവൾ ഷർട്ടിൽ നിന്നും കാശെടുത്ത് നാലുപാടും നോക്കി സാരിത്തലപ്പിൽ കെട്ടുന്നത് ഞാൻ പലപ്പോഴും ജനലിലൂടെ വീക്ഷിക്കാറുണ്ട്
ഇടയക്കിടെ എന്നോട് ചോദിക്കും കാശെങ്ങാനും കാണാനുണ്ടോ ?
ഹേയ് എവിടുന്ന് ? എന്റെ കാശോ ഇല്ലേ ഇല്ല. കേട്ട സമാധാനത്തിൽ അവൾ പോകാറാണ് പതിവ്..
ഒരു നാൾ അവളുടെ അച്നുമമ്മയും കുറച്ച് പലഹാരപ്പൊതിയുമായി കയറി വന്നു.
കൊച്ചു മക്കൾ ഓടിച്ചെന്ന് അവരെ കെട്ടിപ്പിടിച്ചു.
പലഹാരപ്പൊതി കിട്ടിയ സന്തോഷത്തിൽ അവർ അകത്തേക്ക് ഓടി.
പിറ്റേന്ന് അവർ പോകാൻ നേരം ഭാര്യ അറിയാതെ ഞാനൊരു തുക അവരുടെകൈകളിൽ വെച്ചു കൊടുത്തു.മടിച്ചു മടിച്ചാണെങ്കിലും അവരത് വാങ്ങി.
പടിയിറങ്ങിയ അഛനേയും അമ്മയേയും അവൾ ഗേറ്റ് വരെ കൊണ്ടുചെന്നാക്കി.
ഇത്ര കാലം സ്വരുക്കൂട്ടി വെച്ച്മുഷിഞ്ഞു പോയ ഏതാനും നോട്ടുകൾ മകൾ അമ്മയുടെ ശുഷ്കിച്ച കൈത്തലത്തിൽ മുറുക്കിപ്പിടിപ്പിച്ചു..
ഇനിയും നേരം കിട്ടുമ്പോൾ ബസ്സിനു വരാനാണേ? മകൾ നിറകണ്ണുകളോടെ പറഞ്ഞു
വേണ്ട മോളെ ഈ കാശ് , എനിക്ക് മോൻ ആവശ്യത്തിന് കാശ് തന്നിട്ടുണ്ട് ഇത് മോളു തന്നെ വെച്ചോ അമ്മ മറുപടി പറഞ്ഞു.
ഇത് ചേട്ടൻ തന്നതാണ് അച്ഛാ ഇതു വാങ്ങൂ.
മകളുടെ വേദന നിറഞ്ഞ സ്വരവും മുഖഭാവവും കണ്ട അച്ഛൻ അതു വാങ്ങി തന്റെ തന്റെ കണ്ണിനോടടുപ്പിച്ച ശേഷം തന്റെ പോക്കറ്റിലിട്ടു സുരക്ഷിതമായി.
ജനലിലൂടെ ഇതെല്ലാം കണ്ട എന്നിക്ക് വലിയ മനോവിഷമം ഉണ്ടായി.
ഇടയ്ക്കിടെ അലക്കാനുള്ള ഷർട്ടിന്റെ പോക്കറ്റിൽ ഞാൻ പിശുക്കു കാണിക്കാറില്ല.
ഭാര്യ അനാവശ്യത്തിനല്ല കാശ് എടുക്കുന്നത് അവളെ വളർത്തി വലുതാക്കിയ വൃദ്ധരായ മാതാപിതാക്കൾക്കുവേണ്ടിയല്ലേ? എനിക്കതിൽ അഭിമാനം തോന്നി.
ഭാര്യയ്ക്കുമറിയാം തന്റെ ഭർത്താവ് അറിഞ്ഞു കൊണ്ടാണ്പോക്കറ്റിൽ കാശ് നിക്ഷേപിക്കുന്നതെന്ന്. പക്ഷെ രണ്ടു പേരും അത് പുറത്തു കാണിക്കാറില്ലാ എന്നു മാത്രം !!