വിഷുവെത്തും മുന്നെ
ഭൂമിക്ക് ഉദാരമായി
കൈനീട്ടമിട്ടു കൊടുത്ത്
എന്റെ പറമ്പിലെ
കൊന്നമരമങ്ങ് പാപ്പരായി.
അങ്ങിട്ടെ വീട്ടിലെ കൊന്ന
അജ്ഞാതമായ
ഏതൊ ഗ്ലാനി മൂലം
ഇക്കുറി പൂത്തതുമില്ല.
മേടക്കാറ്റിനോട്
പട പൊരുതി തോറ്റിട്ടാകാം
ഇങ്ങിട്ടെ വീട്ടിലെ കൊന്ന
ഉതിർന്നു പോയ മൊട്ടുകളുടെയിടയിൽ
സന്യസിച്ചു നിൽപ്പാണു താനും!
2
കൊന്നയില്ലെങ്കിലെന്തു കണി
കണി കാണാൻ
കൊന്നയും വേണം
ഓസിനു വേണ്ട
കാശിനു വാങ്ങാമെന്നു കരുതി
വിഷുത്തലേന്ന്
ചന്തയ്ക്കു പോയി.
പഞ്ചങ്ങളും കണ്ണിമാങ്ങകളും
കണിവെള്ളരികളും
പെരുവയറൻചക്കകളും ഒക്കെ
നിരക്കനെ വിൽപ്പനയ്ക്കുണ്ട്
എങ്ങും കൊന്നപ്പൂ
അതിന്റെ അഭാവം വിളിച്ചോതി.
എന്റെ വിചാരം
ഒരു വിഷുപ്പക്ഷി ഏറ്റു പാടി:
കൊന്നപ്പൂങ്കുലയെവിടെ
മനുഷ്യാ, കൊന്നപ്പൂങ്കുലയെവിടെ?
3
ലേ ലോ.... സിർഫ് ബീസ് റുപ്പ്യ!
പെട്ടെന്ന് തിരക്കിനിടയിൽ
ചിലമ്പിച്ച ഒരു ശബ്ദം ഉയർന്നു.
കിളരം കുറഞ്ഞ ഒരു ബംഗാളി;
അയാളുടെ തോളിലും തലയിലും കണി കണിയായി നിറയെ കൊന്നപ്പൂങ്കുലകൾ.
മനുഷ്യന്റെ അഭിലാഷം
തീവ്രമാണെങ്കിൽ പ്രപഞ്ചം
അത് നിവർത്തിച്ചു തരും.
തരാതിരിക്കാൻ അവിടെ എന്ത് ന്യായം?
വില ഇരുപത് രൂപ മാത്രം
അസ്സലിനെ വെല്ലും;
നാൽപ്പത് രൂപയ്ക്ക്
രണ്ട് പൂങ്കുലകൾ വാങ്ങി.
4
നൂറ്റൊന്നു ധോബികൾ ഒരേ നേരത്ത്
നൂറ്റൊന്നു മുഷിഞ്ഞ ധോത്തികൾ വേറിട്ട്
അടിച്ചലക്കുമ്പോഴുണ്ടാവുന്ന ഒച്ചപ്പൂരം.
ഇരുട്ടിന്റെ ദിക്കുകൾ
ഭേദിച്ചുയർന്ന മിന്നലുകൾ
ഗന്ധകത്തിന്റെ ഗന്ധം വിതറി.
ശബ്ദങ്ങളുടെ നേർത്ത വിടവുകൾക്കിടയിൽ
കേൾക്കാം നിശ്ശബ്ദതയുടെ
ദിവ്യ മഹാവിസ്ഫോടനങ്ങളും.
കണി കാണാൻ നേരമായപ്പോൾ
പ്ലാസ്റ്റർ ഓഫ് പാരീസിൽ തീർത്ത കണ്ണന്റെ നീലപ്രതിമ ചുണ്ടനക്കി:
ശംഭോ ശിവ! ഭക്തിയെങ്കിലും
പ്ലാസ്റ്റിക്കാകാതിരുന്നാൽ മതി!