Image

ദുബായിക്കണി (മിനി വിശ്വനാഥന്‍)

Published on 16 April, 2025
ദുബായിക്കണി (മിനി വിശ്വനാഥന്‍)

വിഷു എന്നത് അടുക്കളയിലുണ്ടാവുന്ന സദ്യയും ആരൊക്കെയോ ചേർന്നൊരുക്കുന്ന വിഷുക്കണിയും കാരണവൻമാർതരുന്ന വിഷുകൈനീട്ടവും പിന്നെ പടക്കങ്ങളുടെ ഗന്ധകമണവും മാത്രമായിരുന്ന എന്നിലേക്ക് ശരിക്കുമൊരു വിഷു ഓടിപ്പാഞ്ഞ് വന്നത് ദുബായിലെത്തിയപ്പോഴാണ്.

വെറുതെ കൈ കഴുകിയിരുന്നാൽ ഊണ് കിട്ടില്ലെന്ന ദുഃഖ സത്യം തിരിച്ചറിഞ്ഞ ആഘാതത്തിൽ നിന്ന് വിമുക്തയായിരുന്നില്ല ഞാൻ.  അപ്പോഴാണ് വിഷുക്കാലം വന്നത്. സൂപ്പർ മാർക്കറ്റുകളിലെ പരസ്യക്കടലാസുകളിൽ വിഷു ഓഫറുകൾ നിരന്നു. കൊന്നപ്പൂവും ശർക്കര ഉപ്പേരിയും വാഴയില സദ്യയും ഹൈ റസല്യൂഷൻ ചിത്രങ്ങളായി എന്നെ കൊതിപ്പിച്ചു.

"നമുക്കും കണി വെക്കേണ്ടേ?" എന്ന വിശ്വേട്ടൻ്റെ ചോദ്യത്തിന് വേണമെന്ന് തലയാട്ടി ഉത്തരം പറയുമ്പോൾ തറവാട്ടിലെ പടിഞ്ഞിറ്റയിൽ ഓട്ടുരുളിയിൽ നിരന്ന കണി സാധനങ്ങളിലേക്ക് മനസ് പാഞ്ഞു. കൊന്നപ്പൂ വേണം, ഞാൻ പിറുപിറുത്തു. കോടി വസ്ത്രവും നിറനാഴിയും കിണ്ടിയിൽ വെള്ളവും നവധാന്യങ്ങളും വെള്ളരിയും കൂടി ഓർമ്മയിൽ ഓടിയെത്തി.

വൈകുന്നേരത്തെ അയൽക്കൂട്ട വർത്തമാനത്തിൽ വിഷു ചർച്ചയായപ്പോൾ കൊന്നപ്പൂവില്ലാതെ എന്ത് വിഷുവെന്ന് ഞാൻ കണ്ണു നിറച്ചു.

കൊന്നപ്പൂ സൺറൈസിലുണ്ടാവുമെന്നും, താൻ വാങ്ങിത്തരാമെന്നും ഡാർളിച്ചേച്ചി  സമ്മതിച്ചു. കൊന്നപ്പൂവിന് പകരമായി പായസം ഉണ്ടാക്കിത്തരാൻ എനിക്കറിയില്ലെന്ന് ഞാൻ നിഷ്കളങ്കയായി.  അതൊന്നും സാരമില്ലെന്നും എല്ലാം കാലം കൊണ്ട് പഠിക്കുമെന്നും, കീർത്തി റസ്റ്റോറൻ്റിൽ നല്ല സദ്യ കിട്ടുമെന്നും തത്കാലം അത് വാങ്ങി ഉണ്ണണമെന്നും , കല്യാണം കഴിഞ്ഞ ആദ്യ വിഷു കേമമാവണമെന്നും അവർ പറഞ്ഞു തന്നു. അപ്പോഴേക്കും അവിടെയെത്തിയഅമ്മച്ചി "വിഷുക്കണി വെക്കുന്നില്ലോടീ " എന്ന് ഏറ്റ് പിടിച്ചു. ഞാൻ വീണ്ടും നാട്ടിലെ വിഷുക്കണി മനസ്സിലോർത്തു കണ്ണ് നിറച്ചു. എനിക്കൊന്നുമറിയില്ലെന്നും കൈനീട്ടത്തിൻ്റെ കിലുക്കവും സദ്യയിലെ പായസവും ഓലപ്പൊട്ടാസിൻ്റെ മുഴക്കവും മാത്രമെ മനസ്സിലുള്ളൂ എന്നും കുറ്റബോധത്തോടെ സമ്മതിച്ചു.

ഇക്കാലത്തെപ്പോലെ ഗൂഗിൾ ചെയ്ത് വിഷുക്കണിയുടെ ഇമേജ് കിട്ടാനുള്ള വഴിയൊന്നുമില്ലായിരുന്നു. ഞങ്ങൾ കൃസ്ത്യാനികൾക്ക് വിഷുക്കണി യെക്കുറിച്ച് ഒന്നുമറിയില്ലെന്ന് അമ്മച്ചി നിസ്സഹായയായി. "കൊച്ച് ചെറുക്കൻ്റെ " ഫോട്ടോയുണ്ടോ നിൻ്റെ കൈയിൽ, അത് എന്തായാലും വേണം എന്ന് അമ്മച്ചി പറഞ്ഞപ്പോൾ ഞാനൊന്ന് ഞെട്ടി.  ശ്രീകൃഷ്ണനാണ് അമ്മച്ചിയുടെ കൊച്ച് ചെറുക്കനെന്ന് മനസ്സിലായപ്പോൾ ഞങ്ങൾ ചിരിച്ചു. ആ ചിരിയോടെ മനസ്സൊന്ന് തണുത്തു. ഞാൻ ഓർമ്മയിലുള്ള വിഷുക്കണി അവരുടെ മുന്നിൽ അവതരിപ്പിച്ചു. 
വെള്ളരിയും മറ്റ് കിടുതാപ്പുകളും സൺറൈസിൽ കിട്ടുമെന്ന് അവരിരുവരും ഉറപ്പിച്ചു. ഭാഗ്യത്തിന് ഒരു പുതിയ പാവാട അലമാരയിൽ ഉണ്ടായിരുന്നു. പുത്തൻ തുണി വേണമെന്നല്ലേയുള്ളൂ, സാരിയാവണമെന്ന് നിർബദ്ധങ്ങളില്ലെന്ന് അമ്മച്ചി പ്രായോഗികമതിയായി. വെറുതെ സാരി വാങ്ങി  ദിർഹം കളയരുതെന്ന് ഡാർളിച്ചേച്ചിയും ഏറ്റ് പിടിച്ചു.

അടുത്തത് അരി നിറച്ച ഇടങ്ങഴിയും കിണ്ടിയിലെ വെള്ളവും ആണ്, അതിന് പകരം  എന്ത് ചെയ്യുമെന്ന് ഞാൻ കണ്ണു നിറച്ചു. കുറച്ച് നേരത്തെ ആലോചനക്ക് ശേഷം അമ്മച്ചി ഒരു സ്റ്റീൽഗ്ലാസിൽ ബസ്മതി അരി നിറച്ച് കൊണ്ടുവന്നു. കുറച്ച് പത്രാസ് ആയിക്കോട്ടെ എന്ന് പറഞ്ഞ് ക്രിസ്റ്റൽ വൈൻ ഗ്ലാസിൽ വെള്ളവും നിറച്ചു. പിന്നെ മറ്റ് അനുസാരികളായ പഴവർഗ്ഗങ്ങൾ മൂന്ന് വീട്ടിലെ ഫ്രിഡ്ജിലും നിന്ന് തപ്പിയെടുത്തു.
"കൊച്ചു ചെറുക്ക" ൻ്റെ വല്യ ഫോട്ടോ ഒന്നും കാണാതെ ഞങ്ങൾ മുട്ടിലിഴയുന്ന ഒരു ഉണ്ണിക്കണ്ണൻ്റെ പടം സംഘടിപ്പിച്ചു.

വിശ്വേട്ടൻ ഓഫീസ് വിട്ട് വന്നതോടെ കണിവെക്കുന്ന കാര്യം മൂപ്പർ ഏറ്റെടുത്തു. വൈൻ ഗ്ലാസിലെ വെള്ളം കണ്ട് ചിരി വന്നെങ്കിലും അത് കാണാൻ നല്ല ഭംഗിയുള്ളത് കൊണ്ട് അത് തന്നെ വെച്ചു. ഗ്ലാസിലെ അരിക്കുമുകളിൽ ഒരു ദിർഹത്തിൻ്റെ കോയിൻ വെച്ചു. പുത്തൻ പാവാടയും ഒരു സ്വർണ്ണ വളയും കൂടിയായപ്പോൾ കണി ഗംഭീരമായി. ഡാർളിച്ചേച്ചി ഒരു ചെറിയ പാക്കറ്റിൽ കൊന്നപ്പൂ കൊണ്ടു തന്നു. അക്കാലത്ത് കൊന്നപ്പൂ സ്റ്റോറുകളിൽ സുലഭമായിരുന്നില്ല. അതുകൊണ്ട് തന്നെ അത് കൊന്നപ്പൂ ആണെന്ന് പ്രത്യേകം എഴുതി വെക്കണമായിരുന്നു. ഉണ്ണിയപ്പത്തിന് പകരം ഒരു അച്ച് വെല്ലം വെച്ചാൽ മതിയെന്ന അതിബുദ്ധി എൻ്റെതായിരുന്നു. പച്ചമുളകും തക്കാളിയും കൂടി വേണോ കണി വെക്കാൻ എന്ന അപ്പച്ചൻ്റെ ചോദ്യത്തിന് നേരെ അമ്മച്ചി കണ്ണുരുട്ടി. ശരിക്കും കണികാണേണ്ടത് അവയൊക്കെയാണെന്ന് അപ്പച്ചൻ തൻ്റെ ഭാഗം ന്യായീകരിച്ചു.

ഏതായാലും ശൂന്യതയിൽ നിന്ന് ഞങ്ങൾ അതിമനോഹരമായ ഒരു കണി ഉണ്ടാക്കി. മഞ്ഞനിറത്തിലുള്ള സാറ്റിൻ പൂക്കൾ നിറച്ച ഒരു ഫ്ലവർവേസും കൂടിയായപ്പോ സംഗതി റിച്ചായി.

വിഷു ദിവസം രാവിലെ
വിരലോളം പോന്ന ഒരു കുഞ്ഞു നിലവിളക്കിൽ രണ്ട് തിരിയിട്ട് ഞാൻ കത്തിച്ചു, പ്രാരബ്ധജീവിതത്തിലെ ആദ്യ വിഷുക്കണി കാണുകയും കാണിക്കുകയും ചെയ്തു. അമ്മച്ചിയും ഡാർളിച്ചേച്ചിയും കണി കാണാൻ വന്ന് അഞ്ച് ദിർഹം കൈനീട്ടമായും തന്നു. ഞാനും കണി വെച്ചെന്ന് അഭിമാനത്തോടെ വീട്ടിലേക്ക് വിളിച്ചു പറഞ്ഞു. ഞാനും അമ്മയോളം വലുതായി എന്ന് അഭിമാനിച്ചു.

സാമ്പാറും പപ്പടവും ഉപ്പേരിയുമുണ്ടെങ്കിൽ സദ്യയായെന്ന് അമ്മച്ചി പറഞ്ഞു തന്നു. ഒന്നാമത്തെ വിഷുവല്ലേ വാഴയില വെച്ച് വീട്ടിൽത്തന്നെ ഉണ്ണുന്നതാണ് ഐശ്വര്യമെന്ന് അമ്മച്ചി കാരണവത്തിയായി. പഠിപ്പും പച്ചക്കറിയും സാമ്പാറ് പൊടിയുമിട്ട് വേവിച്ചാൽ സാമ്പാർ ആയെന്ന് അമ്മച്ചി തിടുക്കപ്പെട്ടു. സേമിയാ പായസം അവർ ഉണ്ടാക്കിത്തന്നു. അങ്ങിനെ ജീവിതത്തിലാദ്യമായി ഞാൻ എൻ്റെ അടുക്കളയിൽ വെന്ത വിഷുച്ചോറുണ്ടു.....
പക്ഷേ ആ കണിയുടെ ഭംഗിയും സദ്യയുടെ രുചിയും പിന്നീടൊരിക്കലും വീണ്ടെടുക്കാനായില്ല എന്നതാണ് സത്യം. പ്രവാസികൾക്ക് മാത്രം തിരിച്ചറിയാനാവുന്ന സത്യം!

എല്ലാ വായനക്കാർക്കും സ്നേഹസമൃദ്ധമായ വിഷു ആശംസകൾ!

Join WhatsApp News
shyna 2025-04-17 14:01:48
ഏറെ രസകരമായ കഥ
റീന വി കെ 2025-04-17 15:15:22
വിവരണം അതിമനോഹരം മിനിക്കുട്ടി
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക