ലില്ലിക്കുട്ടി ആറിലോട്ട് ജയിച്ച കൊല്ലമായിരുന്നു അത്
മുറിക്കാനുള്ള കുരിശപ്പം അമ്മച്ചി മേശപ്പൊറത്ത് എടുത്തു വെച്ചതേ ഒള്ളാരുന്നു
ചരുവത്തിലെ കുറുക്കു പാലില്‍ പാളയംകോടന്‍ വട്ടങ്ങള്‍ പൊങ്ങിയും താഴ്ന്നും കെടന്നു
അതുകണ്ട് അനിയന്‍ മാത്തന്‍ കൊതിവെള്ളം ഒച്ചയിട്ടെറക്കി
'ഇതെന്നാ കൊതിയാടാ മാത്താ'ന്ന് വല്യമ്മച്ചി വാത്സല്യപ്പെട്ടു
ഉറക്കെ പൊട്ടിച്ചിരിച്ച് നനഞ്ഞ മുടി ഒന്നൂടെ തോര്‍ത്തിയൊതുക്കി അപ്പോഴത്തേക്കും അപ്പനെറങ്ങി വന്നു
'ലില്ലിക്കൊച്ചേ നീയാ പൊറപ്പാടിന്റെ പൊസ്തകമെടുത്ത് നമ്മടെ വല്യ കാര്‍ന്നോമ്മാരുടെ ആദ്യത്തെ പെസഹായെടെ കഥയൊന്ന് വായിച്ചേ, കേക്കട്ടേ'യെന്ന് അപ്പന്‍ പറേന്നത് കേള്‍ക്കാന്‍ കാത്തിരുന്നവണ്ണം
ലില്ലിക്കുട്ടി താളായ താളെല്ലാം മഞ്ഞിച്ച വേദപൊസ്തകം തൊറന്നു
അന്നേരമാണ് വടക്കേലെ വേണുച്ചേട്ടായി ഓടിപ്പാഞ്ഞു കേറിവന്നതും അപ്പനെ മുറ്റത്തോട്ടു വിളിച്ചോണ്ടുപോയതും.
തിരിച്ചു കേറി വന്ന അപ്പന്റെ മൊഖത്തെ പന്തികേട് കണ്ട് ലില്ലിക്കുട്ടി വായന നിര്‍ത്തി.'കൊച്ചു വായിച്ചാട്ടേ, അപ്പനിപ്പമിങ്ങു വരാമെ'ന്നും പറഞ്ഞ് അമ്മച്ചീടെ കാതിലെന്തോ പിറുപിറുത്തേച്ചും അപ്പന്‍ തെരക്കിട്ടെറങ്ങിപ്പോയി.
'എന്നാ പെണഞ്ഞെടീ തങ്കേ'യെന്ന വല്യമ്മച്ചീടെ സന്ദേഹത്തിനുള്ള അമ്മച്ചീടെ ഉത്തരത്തില്‍ കറിയാപ്പാപ്പന്റെ പേരു പതിഞ്ഞു കേട്ടതേ' നിന്റെ കറിയാപ്പാപ്പന്‍ നക്‌സലേറ്റാ? എന്ന കൂട്ടുകാരി ക്ലാരമ്മേടെ ചോദ്യം
ലില്ലിക്കുട്ടിക്കോര്‍മ്മ വന്നു.
'ആടിന്റെ രക്തത്തില്‍ നിന്ന് കുറച്ചെടുത്ത് വീടിന്റെ മേല്‍പ്പടിയിലും കട്ടിളക്കാലുകളിലും പുരട്ടണം'എന്നവള്‍ വായിച്ചതും അവളറിയാതെ ഒരു വിറയല്‍ അവളുടെ വാക്കുകളെ പിടിച്ചു കുലുക്കിയതും 'ഈ വയസാങ്കാലത്തെന്നെ തീ തീറ്റാനാന്നോ കര്‍ത്താവേ അവനെ നീയെനിക്ക് തന്ന'തെന്ന് വല്യമ്മച്ചി ആവലാതിപ്പെട്ടതും ഒരേ സമയത്താരുന്നു...!
അന്ന് വീട്ടിലാരും കുരിശപ്പം മുറിച്ചില്ല അന്നെന്നല്ല, പിന്നൊരിക്കലും!
കൊതി തീരാതെ തന്നെ മാത്തന്‍ കെടന്നൊറങ്ങിപ്പോയി പിന്നീടൊരിക്കലും ഒരു വസ്തുവിനും
അവന്‍ കൊതി പറഞ്ഞതായി ലില്ലിക്കുട്ടി കേട്ടിട്ടില്ല!
അന്നുതൊട്ട് ലില്ലിക്കുട്ടിക്ക് പെസഹാപ്പം കാണുമ്പോള്‍ ആട്ടിന്‍ ചോരയുടെ മണം തോന്നും,മനം മറിച്ചില്‍ വരും!
പിറ്റേന്നായിരുന്നു ദുഃഖവെള്ളി!
പോലീസിനെ വെട്ടാനാഞ്ഞ കറിയാപ്പാപ്പനെ തടയാന്‍ ഓടിച്ചെന്നു കേറിയ അപ്പനാണ് ആ വെട്ടുകൊണ്ടത്. കൂടെയൊണ്ടാരുന്നോരൊക്കെ ഓടി കറിയാപ്പാപ്പനെ പോലീസു പിടിച്ചോണ്ടുപോയി.
ക്ലാരമ്മയാണ് കാര്യങ്ങളൊക്കെ ലില്ലിക്കുട്ടിക്ക് പറഞ്ഞുകൊടുത്തത്. അമ്മച്ചിയും വെല്യമ്മച്ചിയും
മിണ്ടലും പറച്ചിലും നിര്‍ത്തിയാരുന്നല്ലോ!
ജയില്‍വാസം കഴിഞ്ഞ് കറിയാപ്പാപ്പന്‍ തിരിച്ചു വന്നത് ഒരു പെസഹാത്തലേന്നാരുന്നു.
അപ്പോഴത്തേക്കും വെല്യമ്മച്ചിയെ കര്‍ത്താവു വിളിച്ചോണ്ട് പോയാരുന്നു.മാത്തന്‍ കര്‍ത്താവിനു പോലും
അറിയാത്ത എങ്ങോട്ടേക്കോ വണ്ടികേറി കറിയാപ്പാപ്പന്‍ ലെക്കും ലെഗാനവുമില്ലാത്ത കള്ളുകുടിയും തൊടങ്ങി
തുടര്‍ന്നെല്ലാ ദുഃഖവെള്ളികളിലും കയ്പ്പുനീരിനെക്കാളും പഴകിയൊരു കയ്പ്പ് വഴിയരികില്‍ കിടന്നു പുലമ്പുന്ന
കറിയാപ്പാപ്പനെ കാണുമ്പം ലില്ലിക്കുട്ടിക്ക് അനുഭവപ്പെടും
'കര്‍ത്താവിനു പതിന്നാലേ ഒണ്ടാരുന്നൊള്ളൂ...ഞാന്‍ ബറാബ്ബാസാ... എനിക്കേ... എനിക്ക് പതിനെട്ടാ സ്ഥലം..!'
'എനിക്കും കറിയാപ്പാപ്പാ...എനിക്കും...!'ലില്ലിക്കുട്ടി സാരിത്തുമ്പ് തലവഴി മൂടും വെക്കന്ന് വീട്ടിലേക്ക് നടക്കും.