നരേന്ദ്ര മോദി സര്‍ക്കാരും കോണ്‍ഗ്രസും തമ്മില്‍ ശക്തമായ രാഷ്ട്രീയ-നിയമ യുദ്ധത്തിന് വഴിമരുന്നിട്ടുകൊണ്ട് നാഷണല്‍ ഹെറാള്‍ഡ് കേസില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധി എന്നിവര്‍ക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ച പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് രാജ്യവ്യാപകമായ പ്രക്ഷോഭത്തിനിറങ്ങിയിരിക്കുന്നു. ഡല്‍ഹി റോസ് അവന്യൂ കോടതിയിലാണ് ഇ.ഡി ഇന്നലെ കുറ്റപത്രം സമര്‍പ്പിച്ചത്. സോണിയ ഒന്നാം പ്രതിയും രാഹുല്‍ രണ്ടാം പ്രതിയുമായ കേസ് വരുന്ന 25-ാം തീയതി പരിഗണിക്കും.
ഈ കുറ്റപത്രം രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാനുള്ള ഗൂഢപദ്ധതികളുടെ ഭാഗമാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോല്‍ പ്രതികരിച്ചു. കള്ളക്കേസ് കോടതി വരാന്തയില്‍ പോലും നില്‍ക്കില്ലെന്നും ഈ മാസം 30-ന് മുമ്പ് സമര്‍പ്പിച്ചില്ലെങ്കില്‍ കേസ് തള്ളി പോകുമെന്നതിനാല്‍ തട്ടിക്കൂട്ടിയ കുറ്റപത്രമാണ് ഇ.ഡിയുടേതെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു. എ.ഐ.സി.സി ഓഫിസ് സ്ഥിതി ചെയ്യുന്ന അക്ബര്‍ റോഡില്‍ വന്‍ സുരക്ഷയാണ് ഡല്‍ഹി പോലീസ് ഒരുക്കിയിരിക്കുന്നത്.
ജവഹര്‍ലാല്‍ നെഹ്റു 1937-ല്‍ സ്ഥാപിച്ച നാഷണല്‍ ഹെറാള്‍ഡ് പത്രവുമായി ബന്ധപ്പെട്ട കേസാണിത്. സ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് ഓഹരിയുണ്ടായിരുന്ന, 1000 കോടി രൂപയിലേറെ ഭുസ്വത്തുള്ള എ.ജി.എല്‍ (അസോസിയേറ്റ് ജേര്‍ണല്‍സ് ലിമിറ്റഡ്) കമ്പനിയെ, 'യംഗ് ഇന്ത്യന്‍ ലിമിറ്റഡ്' എന്ന ഉപകമ്പനിയുണ്ടാക്കി സോണിയയും രാഹുലും ഉള്‍പ്പെടെയുള്ളവര്‍ തട്ടിയെടുത്തെന്നാരോപിച്ച് ബി.ജെ.പി നേതാവായ സുബ്രഹ്‌മണ്യന്‍ സ്വാമി കൊടുത്ത കേസാണ് പ്രമാദമായ നാഷണല്‍ ഹെറാള്‍ഡ് കേസ്.
സോണിയയ്ക്കും രാഹുലിനും പുറമെ കോണ്‍ഗ്രസ് നേതാക്കളായ സാം പിത്രോദ, സുമന്‍ ദുബെ, പരേതരായ ഓസ്‌കര്‍ ഫെര്‍ണാണ്ടസ് തുടങ്ങിയവരും യംഗ് ഇന്ത്യനും ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നാണ് സുബ്രഹ്‌മണ്യന്‍ സ്വാമിയുടെ പരാതി. പരാതിയില്‍ 2014 ജൂണ്‍ 26-ന് ഡല്‍ഹി പട്യാല ഹൗസ് കോടതിയിലെ മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റിന്റെ ഉത്തരവനുസരിച്ചാണ് അന്വേഷണം ആരംഭിച്ചത്.
അതേസമയം, നാഷണല്‍ ഹെറാള്‍ഡിന്റെ ഉടമകളായ അസോസിയേറ്റ് ജേര്‍ണല്‍സ് ലിമിറ്റഡിന്റെ 751.9 കോടി രൂപയുടെ സ്വത്തുവകകള്‍ കണ്ടുകെട്ടാനുള്ള നടപടിയുടെ ഭാഗമായി വസ്തു രജിസ്ട്രാര്‍മാര്‍ക്ക് ഇ.ഡി നോട്ടീസ് അയച്ചുകഴിഞ്ഞു. സോണിയ, രാഹുല്‍ ഉള്‍പ്പെടെയുള്ളവരുടെ ഉടമസ്ഥതയിലുള്ള യംഗ് ഇന്ത്യന്‍ ലിമിറ്റഡിന്റെ കൈവശമാണ് ഇപ്പോള്‍ എ.ജി.എല്‍. പ്രസ്തുത കേസില്‍ സോണിയാ ഗാന്ധിയെ 2022-ലും രാഹുല്‍ ഗാന്ധിയെ 2024-ലും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു.
എ.ജി.എലിന്റെ ഈസ്റ്റ് മുംബൈയിലെ ബാന്ദ്ര, ഡല്‍ഹിയിലെ ബഹാദൂര്‍ഷാ സഫര്‍ മാര്‍ഗ്, ലഖ്നൗവിലെ ബിശ്വേശ്വര്‍ നാഥ് റോഡ് എന്നിവിടങ്ങളിലെ വസ്തുക്കള്‍ കണ്ടുകെട്ടാനാണ് നിര്‍ദേശം. മുംബൈ, ലഖ്നൗ എന്നിവിടങ്ങളിലെ 661 കോടി രൂപ മൂല്യമുള്ള സ്വത്തുക്കളും 90.2 കോടി രൂപ മൂല്യമുള്ള ഓഹരികളും കണ്ടുകെട്ടും. ബാന്ദ്രയിലെ കെട്ടിടത്തിന്റെ മൂന്ന് നിലകള്‍ ജിന്‍ഡാല്‍ സൗത്ത് വെസ്റ്റ് പ്രോജക്ട്സ് ലിമിറ്റഡാണ് നിലവില്‍ ഉപയോഗിക്കുന്നത്. അവരോട് എല്ലാ മാസത്തെയും വാടക ഇ.ഡിക്ക് നേരിട്ട് നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്.
ജവഹര്‍ലാല്‍ നെഹ്റു 1937 നവംബര്‍ 20-നാണ് അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ് എന്ന കമ്പനി തുടങ്ങിയത്. ന്യൂഡല്‍ഹി ബഹാദൂര്‍ ഷാ സഫര്‍ മാര്‍ഗിലെ ഹെറാള്‍ഡ് ഹൗസിലായിരുന്നു കമ്പനിയുടെ രജിസ്ട്രേഡ് ഓഫീസ്. അയ്യായിരത്തോളം സ്വാതന്ത്ര്യസമര സേനാനികള്‍ ഓഹരി ഉടമകളായ ഈ കമ്പനി ആരുടേയും സ്വകാര്യ സ്വത്തല്ലായിരുന്നു. ഏതെങ്കിലും പക്ഷപാതപരമായ നിലപാടുകള്‍ക്കതീതമായി, സത്യസന്ധമായി വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന ഒരു കമ്പനി എന്നതായിരുന്നു എ.ജി.എല്ലിന്റെ ലക്ഷ്യം. ബ്രിട്ടീഷ് ദിനപത്രങ്ങള്‍ക്കു ബദലായി ഇന്ത്യന്‍ ദിനപത്രങ്ങള്‍ പ്രസിദ്ധീകരിക്കുക എന്നതു കൂടി നെഹ്റുവിന്റെ ലക്ഷ്യമായിരുന്നു. 2010 സെപ്റ്റംബര്‍ 29-ലെ കണക്കനുസരിച്ച് 1057 ഓഹരി ഉടകമള്‍ എ.ജി.എല്ലിനുണ്ടായിരുന്നു.
2002 മാര്‍ച്ച് 22 മുതല്‍ കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ മോത്തിലാല്‍ വോറ ആയിരുന്നു കമ്പനിയുടെ ചെയര്‍മാന്‍. മൂന്നു പത്രങ്ങളാണ് അസ്സോസ്സിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ് പ്രസിദ്ധീകരിച്ചിരുന്നത്. നാഷണല്‍ ഹെറാള്‍ഡ് ഇംഗ്ലീഷിലും, ഖൗമി ആവാസ് ഉറുദുവിലും, നവജീവന്‍ ഹിന്ദിയിലും ആയിരുന്നു അവ. ഡല്‍ഹി, ലക്നൗ, ഭോപാല്‍, മുംബൈ, ഇന്‍ഡോര്‍, പറ്റ്ന എന്നിവിടങ്ങളില്‍ വമ്പിച്ച ഭൂസ്വത്തും കമ്പനിക്കുണ്ടായിരുന്നു.
2010 നവംബര്‍ 23-ന് അഞ്ച് ലക്ഷം രൂപാ മൂലധനവുമായി തുടങ്ങിയ കമ്പനിയാണ് യങ് ഇന്ത്യന്‍. നാഷണല്‍ ഹെറാള്‍ഡിന്റെ കെട്ടിടത്തില്‍ തന്നെയാണ് യങ് ഇന്ത്യന്റെ ഓഫീസും പ്രവര്‍ത്തിച്ചിരുന്നത്. 2010 ഡിസംബര്‍ 13-ന്, രാഹുല്‍ ഗാന്ധി യങ് ഇന്ത്യന്‍ കമ്പനിയുടെ ഡയറക്ടറായി നിയമിതനായി. അധികം വൈകാതെ, 2011 ജനുവരിയില്‍, സോണിയാ ഗാന്ധി, ഡയറക്ടര്‍ ബോര്‍ഡംഗമായും സ്ഥാനമേറ്റെടുത്തു. യങ് ഇന്ത്യന്‍ കമ്പനിയുടെ 76 ശതമാനം ഓഹരികളും, രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയുമാണ് കൈവശം വച്ചിരിക്കുന്നത്. 12 ശതമാനം വീതം ഓഹരികള്‍ മോത്തിലാല്‍ വോറയ്ക്കും, ഓസ്‌കാര്‍ ഫെര്‍ണാണ്ടസിനും ഉണ്ട്.
കോടികള്‍ വിലമതിക്കുന്ന എ.ജി.എല്‍ കമ്പനിയെ സോണിയയും രാഹുലും ചതിയിലൂടെ കൈവശമാക്കിയെന്നാണ് ആക്ഷേപം. ഇതിലൂടെ നാഷണല്‍ ഹെറാള്‍ഡ്, ഖൗമി ആവാസ്, എന്നീ പത്രങ്ങളും, ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലുമുള്ള കോടിക്കണക്കിനു രൂപ വിലമതിക്കുന്ന ഭൂസ്വത്തുക്കളും, രാഹുലിന്റേയും, സോണിയയുടേയും കൈവശത്തിലായി എന്നും സുബ്രഹ്‌മണ്യന്‍ സ്വാമി പരാതിയില്‍ ആരോപിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ യങ് ഇന്ത്യ ഏറ്റെടുത്ത അസ്സോസ്സിയേറ്റഡ് ജേണല്‍സ് പ്രസ്സിന്റെ സ്ഥലം, സര്‍ക്കാര്‍ പത്രപ്രവര്‍ത്തനം സംബന്ധിച്ച കാര്യങ്ങള്‍ക്കായി വിട്ടുകൊടുത്തതാണെന്നും, എന്നാല്‍ അതിനു വിരുദ്ധമായി യങ് ഇന്ത്യന്‍ അവിടെ പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ നടത്തി എന്നും സ്വാമി ആരോപിക്കുന്നു. ഇതിലൂടെ ലക്ഷക്കണക്കിനു രൂപ യങ് ഇന്ത്യന്‍ വരുമാനം എന്ന രീതിയില്‍ കൈക്കലാക്കിയതും നിയമവിരുദ്ധമാണ്.
അസ്സോസ്സിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ് ഏറ്റെടുക്കാന്‍ യങ് ഇന്ത്യന്‍ കമ്പനിക്ക് കോണ്‍ഗ്രസ് 90 കോടി രൂപ വായ്പ അനുവദിച്ചിരുന്നു. ഇത് ചട്ടവിരുദ്ധമെന്നും സ്വാമി ആരോപിക്കുന്നു. ഇന്ത്യയിലെ ഒരു രാഷ്ട്രീയപാര്‍ട്ടിക്കും വാണിജ്യാവശ്യങ്ങള്‍ക്കു വേണ്ടി വായ്പ നല്‍കാന്‍ നിയമം അനുവദിക്കുന്നില്ല. അസോസിയേറ്റഡ് പ്രസ്സ് ഏറ്റെടുക്കാന്‍ മാത്രമാണീ വായ്പ എന്നും ഇതിനു പുറകില്‍ യാതൊരു വാണിജ്യ താല്‍പര്യങ്ങളില്ലെന്നും സ്വാമിയുടെ ആരോപണങ്ങള്‍ക്കു മറുപടിയായി കോണ്‍ഗ്രസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഏതായാലും സോണിയയ്ക്കും രാഹുലിനുമെതിരെ ഇ.ഡി പിടിമുറുക്കിയിരിക്കുകയാണ്.