മുനിഞ്ഞുകത്തുന്ന മൺവിളക്കിന്റെ
തിരിനാളം ആടിയുലയുമ്പോഴറിയാം
അച്ഛൻ വരുന്നുണ്ടെന്ന്, അമ്മയുടെ
ഹൃദയം ഉച്ചത്തിൽ മിടിക്കുന്നതും
പണി മാറ്റി ,കള്ള്ഷാപ്പ് നിരങ്ങി,തുണീം
കോണോനും പോയ്,തുപ്പി തൂറിയവരവ്!
ഒളിച്ചോളാൻ അമ്മ ആംഗ്യം കാണിച്ചാൽ
കലിയടങ്ങും വരെ പേടിച്ച് വിറച്ചിരിക്കും
അടീം തൊഴീം കഴിഞ്ഞ്,ചട്ടീം പാത്രോം
പൊട്ടിച്ചാൽ അച്ഛന്റെ കെട്ടിറങ്ങും,പിന്നെ
കൊച്ചുകുഞ്ഞിനെപ്പോലെ ശാന്തനായി
ഉറങ്ങും, അമ്മ ഉറങ്ങാതിരുന്നു കരയും
ഇന്നച്ഛനില്ല, പഴയ മൺവിളക്കും,ന്നാലും
ആടിയാടി വരുന്ന കെട്ട്യോനുണ്ട് ചൂലും
കെട്ടെടുത്ത് തയ്യാറായി നിൽക്കെ,അവൾ
ഓർത്തു,മക്കൾ പേടിയ്ക്കാതുറങ്ങട്ടെ !