Image

ഭദ്ര (കഥ: രേഷ്മ ലെച്ചൂസ്)

Published on 17 April, 2025
ഭദ്ര  (കഥ: രേഷ്മ ലെച്ചൂസ്)

"ടാ ഭദ്ര മരിച്ചു ഇന്ന് പുലർച്ചെ! ഭ്രാന്താശുപത്രിയിൽ ഇരുമ്പ് ആഴിക്കുള്ളിൽ ഒരു സാരിയിൽ തൂങ്ങി. പാവം അവളെ നീയൊന്ന് ചേർത്തു നിർത്തിയെങ്കിൽ.. കൂടുതൽ ഒന്നും പറയുന്നില്ല മഹേഷേ!! പറഞ്ഞാൽ കൂടി പോകും അറിഞ്ഞത് കൊണ്ട് വിളിച്ചു പറഞ്ഞു അത്രേയുള്ളു ഞാൻ വയ്ക്കുന്നു."

”ആരാ ചേട്ടാ പാതിരാത്രിയിൽ?"

"അത് മനുവാ."

"ഉം എന്താ കാര്യം?"

"ഭദ്ര മരിച്ചു…"

"ഭദ്രയോ? ചേട്ടന്റെ ആദ്യ ഭാര്യ പാവം ആയിരുന്നില്ലേ. എല്ലാവരും ചേർന്ന് അതിനെ… ഞാൻ ഇത് അറിഞ്ഞിരുന്നെങ്കിൽ ചേട്ടനെ കൂടെ ജീവിക്കാൻ ആഗ്രഹിക്കില്ലായിരുന്നു. അന്നൊന്നും ചേട്ടൻ പറഞ്ഞില്ല, ആ മനസ്സ് വേദനിപ്പിച്ചത് കൊണ്ടാവും നമ്മുക്ക് കുഞ്ഞ് ഉണ്ടകാത്തത്. എന്റെ പണം കണ്ടിട്ടല്ലേ ചേട്ടൻ എന്നെ കല്യാണം കഴിച്ചത്?"

"നീയൊന്ന് നിർത്താമോ? പാതിരാത്രിയായാലും തലയ്ക്കു സ്വൈരം തരരുത് നാശം പിടിക്കാൻ."
മഹേഷ്‌ പിറുപിറുത്ത് മുറിയുടെ വാതിൽ തുറന്നു പുറത്തേക്ക് പോയി.

ബാൽക്കാണിയിൽ കുറച്ചു നേരം ആകാശം നോക്കി നിന്നു. ഒരു നനുത്ത കാറ്റിന്റെ സ്പർശം അവനെ തലോടി തഴുകി കടന്നു പോയി.
ഭദ്ര ഒരു നാളെന്റെ ജീവന്റെ മറുപതി ആയവൾ! ഇന്ന് അവൾ ഭ്രാന്തമാശുപത്രിയിൽ അനാഥയായി ജീവനില്ലാത്ത ശരീരം ആയി കഴിഞ്ഞിരിക്കുന്നു.
പലരുടെയും വാക്ക് കേട്ട് ഞാൻ അവളോട് ചെയ്തത് വല്ല്യ തെറ്റാണ്. ഒരിക്കലും പൊറുക്കാൻ കഴിയാത്ത തെറ്റ്. അവൾ എനിക്ക് നല്ലത് വരാനാണ് ആഗ്രഹിച്ചത്. എന്നിട്ടും ഞാൻ. കണ്ണ് ഉള്ളപ്പോൾ കണ്ണിന്റെ വില അറിയില്ല. ആ വില അറിയണമെങ്കിൽ അത് നഷ്‌ടപ്പെടണം. എനിക്ക് കിട്ടിയ അമൂല്യ നിധിയെ ഞാൻ.. ഓർക്കും തോറും എനിക്ക്..
അവളെ കാണാൻ ചെന്ന അന്ന്, ചിരിച്ച മുഖത്തോടെ സെറ്റ് സാരി ഉടുത്തു നിൽക്കുന്ന ഭദ്രയുടെ മുഖം 
ഭദ്ര അവൾ സുന്ദരിയായിരുന്നു. ഒരു പാവം പെണ്ണ്. ചെറിയ കാര്യത്തിന് പോലും വിഷമിക്കുന്നവൾ. പെണ്ണ് കണ്ട് ഇഷ്‌ടപ്പെട്ടതാണ് രണ്ട് വീട്ടുകാരുടെ സമ്മതത്തോടെയായിരുന്നു ഞങ്ങളുടെ പ്രണയകാലം. അവളെ ഓരോ ദിവസം കഴിയും തോറും അവളോടുള്ള  സ്നേഹം കൂടി വന്നു എനിക്ക് അത് കൊണ്ട് തന്നെ കല്യാണ ശേഷവും  അവളെ പ്രണയിച്ചു നടക്കുകയായിരുന്നു.  ഓരോ ദിവസവും എണ്ണി തീരും പോലെ അല്ലായിരുന്നോ പോയി കൊണ്ടിരുന്നത്. വർഷങ്ങളുടെ കടന്നു വരവുകൾ പോലും 
അറിഞ്ഞില്ല. ആ കാലയളവിൽ കുഞ്ഞു വേണം എന്നുള്ള ചിന്ത പോലും ഉണ്ടായിരുന്നില്ല. ഒളിഞ്ഞും തെളിഞ്ഞും
കുഞ്ഞില്ലാത്തതിൻ്റെ പേരിൽ അവളെ വീട്ടിൽ ഉള്ളവർ ചേർന്ന് കുത്തു വാക്കുകൾ പറഞ്ഞു വേദനിപ്പിച്ചു. അതൊക്കെയും എന്റെ സ്നേഹത്തിനു മുമ്പിൽ അതൊക്കെ മറന്നു പോയിരുന്നു.  എന്റെനെഞ്ചിന്റെ ചൂട് അവളുടെ വിഷമം മാറാൻ അത് മതിയായിരുന്നു.പ്രതീക്ഷകൾ ഇല്ലാത്ത ആ ദിവസങ്ങളിലൊന്നിൽ അവൾ അമ്മ ആകാൻ പോകുന്നുയെന്ന് അറിഞ്ഞു. പറഞ്ഞു അറിയിക്കാൻ കഴിയാത്ത സന്തോഷമായിരുന്നു.

രണ്ട് മാസം മാത്രമേ അവളുടെ കൂടെ നിൽക്കാൻ കഴിഞ്ഞോളു. ജോലി സംബന്ധമായ ആവശ്യത്തിന് ഗൾഫിൽ പോകേണ്ടി വന്നു. ഒരു കുഞ്ഞ് ആയിട്ടും അവളെന്റെ വിട്ടിൽ കുത്തു വാക്കുകൾ കേട്ടു. ഒന്നും ആരോടും പറഞ്ഞിരുന്നില്ല അവൾ. അവളുടെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും വിഷമങ്ങളും ചോദിച്ചു മനസ്സിലാക്കാൻ ഞാൻ ശ്രമിച്ചില്ല എന്നാണ് സത്യം.

കുറേ ആഗ്രഹം ഉണ്ടായിരുന്നു, എൻ്റെ സാമിപ്യം കൊതിച്ചു കാണും. ഓരോ കാരണങ്ങൾ കൊണ്ട് നാട്ടിലേക്ക് പോകാൻ കഴിഞ്ഞില്ല. അവളുടെ പ്രസവം അടുത്ത് വന്നപ്പോൾ ഓടി എത്താൻ ഞാൻ ശ്രമിച്ചു, കുറെ പരിശ്രമങ്ങൾക്ക് ഒടുവിൽ എനിക്ക് ലീവ് കിട്ടി.

പക്ഷേ പ്രസവം കഴിഞ്ഞപ്പോഴാണ് എനിക്ക് അവളുടെ അടുത്ത് പോകാൻ കഴിഞ്ഞത്. അവൾ എനിക്ക് നല്ലൊരു കണ്മണിയെ തന്നു. ലീവ് കുറച്ചു ദിവസം ഉള്ളത് കൊണ്ട് അവളുടെയും കുഞ്ഞിന്റെയും ഒപ്പം ആയിരുന്നു. വിഷമത്തോടെയാണ് തിരിച്ചു പോയത്. പിന്നെ, ഓഫീസിലെ മീറ്റിംഗിൽ വെച്ചു കണ്ടു മുട്ടിയ വിജി അവളുമായി കമ്പനി ആയി.

അതിനിടയിൽ മനു എന്നോട് ഒരു കാര്യം പറഞ്ഞു. ഭദ്രയിൽ കണ്ട മാറ്റം കുഞ്ഞിനെ പോലും നോക്കുന്നില്ല. അവനും ഭാര്യയും പോയപ്പോ എന്തൊക്കെയോ ഭാവമാറ്റം അതിനെ കുറിച്ച് ചെറിയ ക്ലാസ്സ്‌ തന്നു.
പ്രസവാനന്തര വിഷാദം നിസ്സാരമല്ല;
അറിഞ്ഞിരിക്കണം ഈ കാര്യങ്ങൾ എന്ന് എന്തോ പത്രത്തിൽ വായിച്ചത് ആണെന്ന്.. ബാക്കി അവൻ വാട്ട്‌സ്സാപ്പിൽ ഓഡിയോ ആയിട്ടും തന്നു.

അവളെ അതിൽ നിന്ന് പുറത്തേക്ക് കൊണ്ട് വരാൻ സ്നേഹം കൊണ്ട് മാത്രമേ മാറ്റാൻ പറ്റു എന്ന് പറഞ്ഞിരുന്നു അവൻ. ഓഫീസിൽ തിരക്ക് ഉള്ളത് കൊണ്ട് അവൻ പറഞ്ഞത് റെക്കോർഡ് ചെയ്തു വച്ചിരുന്നു. പക്ഷെ അത് ഒന്ന് കേൾക്കാൻ സമയം കിട്ടിയില്ല പാടേ മറന്നു പോയി. ഭദ്രയെയും വിളിക്കാൻ മറന്നു പോയിരുന്നു. അവളെ വിളിച്ചിട്ട് കിട്ടുന്നില്ല. അപ്പോഴാണ് അമ്മയുടെ കോൾ വന്നത്.

"മോനെ നമ്മുടെ കുഞ്ഞിനെ അവള് കൊന്നു മോനെ. ഞാൻ പറഞ്ഞത് അല്ലെ നിന്നോട് അവളെ കെട്ടണ്ട എന്ന് നീ കേട്ടിട്ടല്ലോ. പോകാൻ ഉള്ളത് പോയി അവള് എന്റെ വീട്ടിലെ അന്താരാവകാശിയെ അല്ലെ ഇല്ലാതെയാക്കിയത്…" അമ്മ എന്തൊക്കെയോ പുലമ്പി കൊണ്ടിരുന്നു.

അത് ഒന്നും ഞാൻ ശ്രദ്ധിച്ചില്ല.  തലയ്ക്കു കയറുന്നില്ല. അവിടെ നിന്ന് എങ്ങനെയോ ഓടി എത്തി വീട്ടിൽ എത്തിയപ്പോൾ കരഞ്ഞു കൊണ്ടിരിക്കുന്നു ഭദ്ര.

"ഏട്ടാ ഞാൻ ഒന്നും ചെയ്തില്ല. നമ്മുടെ കുഞ്ഞ്… ഏട്ടാ ഞാൻ അല്ല…"

"വാ ടി, വനിതാ പോലീസ് പിടിച്ചു കൊണ്ട് പോയി ജീപ്പിൽ കയറ്റുമ്പോൾ അവളുടെ ദയനീയമായ മുഖം എന്നിൽ ചെറിയൊരു നൊമ്പരം ഉണർത്തിയെങ്കിലും എന്റെ കുഞ്ഞിനെ കൊന്ന അവളെ ഞാൻ എന്തിനു ശ്രദ്ധിക്കണം.

അവള് എന്റെ കുഞ്ഞിനെ...
അവളുടെ കരച്ചിൽ എനിക്ക് കേൾക്കാമായിരുന്നു. "അറിയാതെ പറ്റിയതാ ഏട്ടാ… അറിഞ്ഞു കൊണ്ട് അല്ല എന്തോ ദുർബല നിമിഷത്തിൽ ചെയ്തു പോയതാ." എന്നൊക്കെ.

അത് ഒന്നും ഞാൻ ചെവി കൊടുത്തില്ല. കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു ഭദ്രയെ. അവളെ കാണാനോ മിണ്ടാനോ തോന്നിയില്ല. പിന്നെ കേൾക്കുന്നത്. ജയിൽ കിടന്ന ഭദ്രക്ക് മാനസിക വിഭ്രാന്തി ആയത് കൊണ്ട് ജയിൽ നിന്ന് ഭ്രാന്തശുപത്രിയിലേക്ക് മാറ്റി എന്ന്.

നാളുകൾ കടന്നു പോയി. അമ്മയുടെ നിർബന്ധം കാരണവും വിജിയുമായുള്ള അടുപ്പവും അവളുടെ പണവും കണ്ടത് കൊണ്ടാണ് കല്യാണം വരെ എത്തിയതും. ആയിടയ്ക്ക്, ആണ് മനു അയച്ച മെസ്സേജും ആ വിവരണവും കാണുന്നത് തന്നെ. എനിക്ക് എവിടെയോ തെറ്റ് പറ്റിയിട്ടുണ്ട്. അവൾ ആരായിരുന്നു എന്നിലെ ജീവന്റെ പാതി. എന്നിട്ടും അവളെ മനസ്സിലാക്കാൻ ശ്രമിച്ചില്ല ഞാൻ അല്ലേ.

അവളെ കാണാൻ കൊതി ആയി. മനുവിനെ വിളിച്ചു അവനു കൂടെ വരാൻ താല്പര്യം ഇല്ല എന്ന്. അവളെ ഈ നിലയിൽ ആക്കിയത് ഞാൻ അല്ലേ കുറേ കുറ്റപ്പെടുത്തലുകൾ അത് കേൾക്കാനുള്ള അർഹത എനിക്കുണ്ട്. അവളെ കാണാൻ ചെന്നപ്പോ എന്റെ മുഖത്ത് പോലും നോക്കിയില്ല. ഞാൻ വിളിച്ചു വർഷം കാലങ്ങൾക്ക് ശേഷം 'ഭദ്രേ ' എന്ന്. ഞാൻ അവളുടെ ആരും അല്ലാലോ?  അധിക നേരം അവിടെ നിൽക്കാൻ തോന്നിയില്ല.

പെട്ടെന്ന് പോന്നു അപ്പൊ മുതൽ ഭദ്ര എനിക്ക് തന്ന സ്നേഹത്തെ കുറിച്ചായിരുന്നു എൻ്റെ ചിന്ത, അവളുടെ കാര്യം ഞാനാ മറന്നു പോയെ 
അവളെ ഒന്ന് ആശ്വസിപ്പിച്ചേങ്കിൽ ചേർത്തു പിടിച്ചെങ്കിൽ. ഒന്നും ചെയ്തില്ല ഞാനാണ് തെറ്റുക്കാരൻ ഞാൻ മാത്രമാണ് അതാണ് അവളുടെ മരണവും എന്നെ കീറി മുറിക്കുന്നത്. 
ഭദ്രേ മാപ്പ് ഒരായിരം മാപ്പ്.

ഇത് ഭദ്രയുടെ മാത്രം കഥ അല്ല നമ്മുടെ ചുറ്റുമുണ്ട് ഇത് പോലെയുള്ള ഭദ്രന്മാർ. ഗർഭിണി ആകുമ്പോഴും കുഞ്ഞു ഉണ്ടായ ശേഷവും അവരെ ചേർത്തു നിർത്താം.. സ്നേഹത്തോടെ കരുതലോടെ..
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക