ന്യൂയോർക്ക്: കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്കയുടെ (കെഎച്ച്എൻഎ) ഫാമിലി കൺവൻഷനും, രജത ജൂബിലി വിരാട് 25 ആഘോഷവും ആഗസ്റ് 17,18,19 തീയതികളിൽ (ഞായർ, തിങ്കൾ, ചൊവ്വാ) ന്യൂജേഴ്സിയിലെ അറ്റ്ലാൻറ്റിക് സിറ്റിയിലെ എം. ജി.എം. റിസോർട്ടിൽ വർണ്ണാഭമായി നടക്കുമെന്ന് പ്രസിഡന്റ് ഡോ.നിഷ പിള്ളയും മറ്റു ഭാരവാഹികളും അറിയിച്ചു. ഇൻഡ്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ന്യൂ യോർക്ക് ചാപ്റ്റയുമായി സൂമിലൂടെ നടത്തിയ വാർത്ത സമ്മേളനത്തിലാണ് കൺവൻഷന്റെ വിശദാശംങ്ങൾ അറിയിച്ചത്.
കെഎച്ച്എൻ.എ വൈസ് പ്രസിഡൻറെ സുരേഷ് നായർ, ജനറൽ സെക്രട്ടറി മധു ചെറിയേടത്തു, ട്രഷറർ രഘുവരൻ നായർ, ട്രസ്റ്റി ബോർഡ് ചെയർമാൻ ഗോപിനാഥ കുറുപ്പ്, കൺവൻഷൻ ചെയർമാൻ സുനിൽ പൈങ്കോൽ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
മൂന്നു ദിവസങ്ങളിയായി നടക്കുന്ന കൺവൻഷൻ വൻ വിജയമാക്കുന്നതിനു അതിവിപുലമായ ഒരുക്കങ്ങളാണ് നടന്നുവരുന്നത്. രജിസ്ട്രേഷൻ ആരംഭിച്ചുകഴിഞ്ഞു. നല്ല പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നു ഭാരവാഹികൾ പറഞ്ഞു. ഏതാണ് 400-450 കുടുംബങ്ങളിൽ നിന്നുമായി 1400 മുതൽ 1500 ആളുകൾ ഈ കൺവൻഷനിൽ പങ്കെടുക്കുമെന്നാണ് കരുതുന്നത്. അമേരിക്ക, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിൽ നിന്നുള്ള ഹിന്ദുസമൂഹം എത്തിച്ചേരും.
നാട്ടിലെ തൃശൂർ പൂരം പോലെ അമേരിക്കയിലെ ഹൈന്ദവ സമൂഹം ഏറ്റെടുക്കുന്ന ആഘോഷമാണ് കെഎച്ച്എൻഎ കൺവൻഷൻ. ഈ വര്ഷം ഇന്ത്യയിൽ നിന്നും അമേരിക്കയിൽ നിന്നുമായി വളരെ വിശിഷ്ട വ്യക്തികൾ പങ്കെടുക്കും. സ്വാമി ചിദാനന്ദപുരി, സ്വാമി സർവപ്രിയാനന്ദ, മുൻ കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, രാജീവ് ചന്ദ്രശേഖരൻ, സാഹിത്യകാരനായ ജെ. നന്ദകുമാർ, ടിവി ചർച്ചകളിലൂടെ ശ്രദ്ധേയരായ ശ്രീജിത്ത് പണിക്കർ, അഡ്വ. ജയശങ്കർ, ആത്മീയ പ്രഭാഷകനും സംവിധായകനുമായ ശരത് എ. ഹരിദാസൻ, അഭിനേതാക്കളായ ധ്യാൻ ശ്രീനിവാസൻ, ഗോവിന്ദ് പത്മസൂര്യ, ശിവദ, അഭിലാഷ് പിള്ള (സംവിധായകൻ-മാളികപ്പുറം) രഞ്ജൻ രാജ് (സംഗീത സംവിധായകൻ), കേരള കലാമണ്ഡലത്തിലെ കലാകാരന്മാർ എന്നിവർ ഇന്ത്യയിൽ നിന്ന് എത്തും. കൂടാതെ ശ്രീകാന്ത് പ്രധാൻ (കോൺസൽ ജനറൽ,ന്യൂയോർക്ക്), ജഡ്ജ് രാജരാജേശ്വരി (ന്യു യോർക്ക് സുപ്രീം കോടതി), ന്യു ജേഴ്‌സി സെനറ്റർ വിൻ ഗോപാൽ എന്നിവരും കൺവൻഷന്റെ ഭാഗമാകും.
പരിപാടികൾ ഒറ്റനോട്ടത്തിൽ:
തൃശൂർ പൂരത്തെ അനുസ്മരിക്കുന്ന തരത്തിൽ ഘോഷയാത്രയോടെ ആയിരിക്കും പരിപാടിയുടെ തുടക്കം. സംഗീതജ്ഞൻ രമേശ് നാരായണനും മകൾ മധുശ്രീയും ഒരുക്കുന്ന ഹിന്ദുസ്ഥാനി സംഗീതവിരുന്ന്, കലാമണ്ഡലത്തിലെ കലാകാരമ്മാർ അവതരിപ്പിക്കുന്ന ക്ഷേത്ര കലകൾ കോർത്തിണക്കിയ വിവിധ കലാ പരിപാടികൾ , പകൽപ്പൂരം, ഗായകൻ ഹരീഷ് ശിവരാമകൃഷ്ണന്റെ നേതൃത്വത്തിൽ 'അഗം' എന്ന മ്യൂസിക്കൽ ബാൻഡ് ഷോ, ആത്മീയനേതാക്കളുടെ പ്രഭാഷണം, യൂത്ത് ഫോറം നയിക്കുന്ന 'യൂത്ത് ഫോർ ട്രൂത്ത് ' എന്ന സംവാദം, സെലിബ്രിറ്റി നൈറ്റ്, സമഷ്ടി എന്ന തീം ബേസ്ഡ് പ്രോഗ്രാം, "അരങ്ങ്" എന്ന പേരിൽ യൂത്ത് ഫെസ്റ്റിവൽ, ഫാൻസി ഡ്രസ് മത്സരം,വിമൻസ് ഫോറത്തിന്റെ നേതൃത്വത്തിൽ "ലീല" എന്ന് നാമകരണം ചെയ്തിട്ടുള്ള ഫാഷൻ ഷോ, മെഗാ തിരുവാതിര, മോഹിനിയാട്ടം, സർവൈശ്വരീ പൂജ, ബിസിനസ് ഫോറത്തിന്റെ ആഭിമുഖ്യത്തിലുള്ള ചർച്ചകൾ, ഭക്തിമഞ്ജരി (കുരുന്നുകൾ ആലപിക്കുന്ന ഭജൻ), കളരിപ്പയറ്റ് ആസ്പദമാക്കിയുള്ള പരിപാടികൾ എന്നിങ്ങനെ ഒട്ടനവധി പ്രോഗ്രാമുകൾ മൂന്നു ദിവസം നീണ്ടു നിൽക്കുന്ന കൺവൻഷന്റെ ഭാഗമായി ഉണ്ടായിരിക്കും.
എടുത്തുപറയേണ്ട മറ്റൊരു കാര്യം, ഭക്ഷണം തയ്യാറാക്കുന്നത് പാചക കുലപതി പഴയിടം മോഹനൻ നമ്പൂതിരിയുടെയും മകൻ യദുവിന്റേയും മേൽനോട്ടത്തിലായിരിക്കുമെന്നതാണ്. കൂടാതെ ന്യൂ ജേഴ്സിയിലെ പ്രശസ്തമായ ബി.എ.പി.എസ് . ടെമ്പിൾ സന്ദേർശിക്കുന്നതിനുള്ള അവസരവും ഉണ്ടാകും. കൺവൻഷനോടനുബന്ധിച്ചു മീഡിയ സെമിനാറും നടത്തും .
നാലാമത് ആർഷദർശന പുരസ്കാരം ഡോ.എം.ലീലാവതി ടീച്ചറിന് 'കെഎച്ച്എൻഎ ഫോർ കേരള' എന്ന പരിപാടിയിൽ വച്ച് സമ്മാനിച്ചിരുന്നു. ഒരു ലക്ഷം രൂപയും ഫലകവുമാണ് പുരസ്കാരമെങ്കിലും ടീച്ചർ തുക സ്നേഹത്തോടെ നിരസിക്കുകയും, ആ പണം ചാരിറ്റിയിലേക്ക് വകയിരുത്തുകയും ചെയ്തുവെന്ന് പ്രസിഡൻമാറ് ഡോ നിഷ പിള്ള പറഞ്ഞു. ആദിവാസി മേഖലയ്ക്കും വിദ്യാഭ്യാസ രംഗത്തും ഒരു കോടി രൂപയുടെ ചാരിറ്റി സഹായം എത്തിച്ചു . ചലച്ചിത്ര പുരസ്കാരം നടൻ ശ്രീനിവാസന് നൽകി.
പതിവ് പോലെ കൺവൻഷന് അനുബന്ധമായി പുതിയ ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കും. ലൈഫ് മെമ്പേഴ്‌സ്, കൺവൻഷനിൽ പങ്കെടുക്കുന്ന 18 കഴിഞ്ഞവർ തുടങ്ങിയവരാണ് വോട്ടർമാർ.
ഡോ. അനിത മേനോനിലൂടെ (മേരിലാൻഡ്) കെഎച്ച്എൻഎയ്ക്ക് ആദ്യമായൊരു വനിതാ ഇലക്ഷൻ കമ്മീഷണറെ ലഭിക്കുന്ന വിവരവും പ്രസിഡന്റ് അറിയിച്ചു. ശ്യാംകുമാർ (പെൻസിൽവേനിയ), ഡോ രശ്മി മേനോൻ (അരിസോണ) എന്നിവരാണ് കമ്മീഷനിലെ മറ്റു അംഗങ്ങൾ.
രജിസ്ട്രേഷൻ, അമേരിക്കയ്ക്ക് അകത്തും പുറത്തുനിന്നുമുള്ള സ്പോൺസർഷിപ്പ് ,സൂവനീർ എന്നിങ്ങനെയുള്ള രീതിയിലാണ് പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് എത്തുന്നത്.
സ്കോളർഷിപ്പ് വിതരണം, നവീനമാക്കിയ മാട്രിമോണിയൽ വെബ്സൈറ്റ് ഉദ്ഘാടനം എന്നിവക്ക് പുറമെ മണ്ണാറശ്ശാലയിലെ സാവിത്രി അന്തർജ്ജനത്തിന് അദ്വൈത പുരസ്കാരം സമ്മാനിക്കുമെന്നും ട്രസ്റ്റ് ബോർഡ് ചെയർ ഗോപിനാഥ കുറുപ്പ് അറിയിച്ചു.
ഹിന്ദുമത യഥാർത്ഥത്തിൽ മനസിലാക്കാത്തതാണ് ഹിന്ദു സമൂഹം അമേരിക്കയിൽ നേരിടുന്ന ഹിന്ദുഫോബിയ പോലുള്ള പ്രശ്നങ്ങളുടെ കാരണം എന്നും കെഎച്ച്എൻഎ പോലുള്ള സംഘടന പ്രസക്തമാകുന്നത് അതുകൊണ്ടാണെന്നും പ്രസിഡന്റ് അഭിപ്രായപ്പെട്ടു. ജാതിസമ്പ്രദായമാണ് ഹിന്ദുമതമെന്നും മറ്റുമാണ് പഠിപ്പിക്കുന്നതും പലരും കരുതുന്നതും. ഹിന്ദുമതം എന്തെന്ന് അറിയാത്തതു കൊണ്ടാണിത് സംഭവിക്കുന്നത്. സനാതന സംസ്കാരത്തെ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അവർ സംസാരിച്ചു. അത് നീ തന്നെയാണ് എന്ന് കണ്ടെത്തുന്ന അദ്വൈത ദർശനമാണ് ഹിന്ദുമതത്തിന്റെ കാതൽ. അവിടെ എത്തിപ്പെടുക എളുപ്പമല്ല. ഹിന്ദുക്കൾക്ക് പോലും അവയെപ്പറ്റി ഗ്രാഹ്യം പോരാ. അപ്പോൾ മറ്റുള്ളവർക്ക് മനസിലാകാത്തതിൽ അതിശയമില്ല.
സംഘടനാ രമഗത്തെ വിവാദങ്ങൾ സാധാരണക്കാരിലേക്ക് എത്താതെ ഇരിക്കുന്നിടത്താണ് നേതൃത്വത്തിന്റെ വിജയമെന്നും നിഷ പിള്ള അഭിപ്രായപ്പെട്ടു. സംഘടനയിൽ ഭിന്നതയൊന്നുമില്ല. ഏതാനും ചിലർക്ക് ചില മാറ്റങ്ങൾ അംഗീകരിക്കാനാവുന്നില്ല എന്നതാണ് പ്രശനം. 'മന്ത്ര'യുടെ പ്രവർത്തനത്തോടും എതിർപ്പില്ല. ഒരേ ആശയമുള്ള ഒരു സംഘടന കൂടി ഉണ്ടാവാൻ മാത്രം ഹിന്ദു ജനസംഖ്യ ഇപ്പോഴുണ്ട്.
ട്രസ്റ്റി ബോർഡിനല്ല, എക്സിക്യൂട്ടീവ് കമ്മിറ്റിക്കാണ് സംഘടനയുടെ അധികാരമെന്നും അവർ വ്യക്തമാക്കി. ട്രസ്റ്റി ബോർഡ് ചില കാര്യങ്ങൾക്ക് ചുമതലയുള്ള അഡ്വൈസറി ബോർഡ് മാത്രമാണ് . അധികാര കൈമാറ്റം, മാട്രിമോണിയും സ്കോളർഷിപ്പും കൈകാര്യം ചെയ്യുക എന്നിങ്ങനെയുള്ള ഉത്തരവാദിത്തങ്ങളാണ് ട്രസ്റ്റി ബോർഡിനുള്ളത് .
'നീ തന്നെ ഈശ്വരനായിട്ട് വരണം' എന്ന തത്വമസിയിൽ ഉൾക്കൊള്ളുന്ന ആശയം ഉൾക്കൊണ്ട് ജീവിക്കാൻ ബുദ്ധിമുട്ടാണെങ്കിലും അതിനായി ശ്രമിക്കണമെന്നും അവർ ഓർമ്മിപ്പിച്ചു. വേരുകളിൽ നിന്ന് അകന്നുപോകാതെ രണ്ടാം തലമുറയെ മുന്നോട്ടുകൊണ്ടുപോകുകയും മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് അവരെ ആനയിക്കുന്നതും ഉൾപ്പെടെ നിരവധി ലക്ഷ്യങ്ങൾ കെഎച്ച്എൻഎ യ്ക്ക് ഉണ്ടെന്നും ഭാരവാഹികൾ അറിയിച്ചു. നമ്മുടെ യുവതലമുറയെ ഹൈന്ദവ വിശ്വാസത്തിലും പാരമ്പര്യത്തിലും നിലനിർത്താൻ കഴിഞ്ഞു എന്നാതാണ് കാൽ നൂറ്റാണ്ട് കൊണ്ട് കെ.എച്ച്.എൻ.എ കൈവരിച്ച നേട്ടം. ഇപ്പോൾ പുതിയ തലമുറ വിശ്വാസത്തിൽ അടിയുറച്ചു നിൽക്കുന്നവരായി. ഇതിനു വഴിയൊരുക്കിയ മുൻ ഭാരവാഹികളെ ആദരിക്കുന്നു.
ഐ.പി.സി.എൻ.എ ന്യൂയോർക്ക് ചാപ്റ്റർ പ്രസിഡന്റ് ഷോളി കുമ്പിളുവേലി ആയിരുന്നു കോ-ഓർഡിനേറ്റർ. പ്രസ് ക്ലബ്ബിനെ പ്രതിനിധീകരിച്ച് നാഷണൽ പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാർ ജനറൽ സെക്രട്ടറി ഷിജോ പൗലോസ്, ന്യൂയോർക്ക് ചാപ്റ്റർ സെക്രട്ടറി ജോജോ കൊട്ടാരക്കര, ട്രഷറർ ബിനു തോമസ് , ജെ.മാത്യു, സജി എബ്രഹാം ,ബിജു കൊട്ടാരക്കര, മാത്തുക്കുട്ടി ഈശോ, രാജു പള്ളത്ത്, മുൻ പ്രസിഡന്റുമാരായ ജോർജ്ജ് ജോസഫ്, മധു കൊട്ടാരക്കര തുടങ്ങിയവർ പങ്കെടുത്തു.