മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാൻ ചരിത്ര നേട്ടം കൈവരിച്ചു. റിലീസ് ചെയ്ത് 30 ദിവസത്തിനുള്ളിൽ ചിത്രം 325 കോടി രൂപ കളക്ഷൻ നേടിയതായി അണിയറ പ്രവർത്തകർ അറിയിച്ചു. ഇതോടെ മലയാള സിനിമയിൽ നിന്ന് 300 കോടി ക്ലബ്ബിൽ എത്തുന്ന ആദ്യ ചിത്രമായി എമ്പുരാൻ മാറി. മോഹൻലാൽ തന്നെയാണ് ഈ സന്തോഷവാർത്ത സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. നേരത്തെ 242.25 കോടി രൂപ കളക്ഷൻ നേടിയ മഞ്ഞുമ്മൽ ബോയ്സിൻ്റെ റെക്കോർഡ് എമ്പുരാൻ മറികടന്നു. ചിത്രത്തിനെതിരെ ആർഎസ്എസും കേന്ദ്രസർക്കാരും വിമർശനങ്ങൾ ഉന്നയിക്കുന്നതിനിടയിലും ഈ വിജയം ശ്രദ്ധേയമാണ്.
ചിത്രത്തിൻ്റെ വിജയം ആഘോഷിച്ച് പൃഥ്വിരാജും സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെച്ചു. ഇത് ചരിത്രത്തിൽ രേഖപ്പെടുത്തുന്ന ഒരു സിനിമാ നിമിഷമാണെന്നും, പ്രേക്ഷകർക്കൊപ്പമാണ് ഈ സ്വപ്നം കണ്ടതും യാഥാർത്ഥ്യമാക്കിയതെന്നും അദ്ദേഹം കുറിച്ചു. മലയാള സിനിമ ഇന്ന് കൂടുതൽ തിളക്കത്തോടെ ഒരുമിച്ച് മുന്നേറുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാർച്ച് 27നാണ് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തിയത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി എത്തിയ ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത് മുരളി ഗോപിയാണ്. 2019-ൽ പുറത്തിറങ്ങിയ ലൂസിഫറിൻ്റെ രണ്ടാം ഭാഗമായ എമ്പുരാൻ നിർമ്മിച്ചിരിക്കുന്നത് ലൈക്ക പ്രൊഡക്ഷൻസ്, ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നീ ബാനറുകളിൽ സുഭാസ്കരൻ, ആന്റണി പെരുമ്പാവൂർ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ്. ചിത്രത്തിൽ പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിൻ, ബൈജു, സായ്‌കുമാർ, ആൻഡ്രിയ ടിവാടർ, അഭിമന്യു സിങ്, സാനിയ ഇയ്യപ്പൻ, ഫാസിൽ തുടങ്ങിയ വലിയ താരനിരയും അണിനിരക്കുന്നു.
English summary:
First Malayalam film to enter the 300 crore club; Mohanlal expresses gratitude.