ചിതറിക്കിടക്കുന്ന അക്ഷരങ്ങൾക്കിടയിലൂടെ
ദിശ തെറ്റിയലയുന്ന നേരത്തവിടേക്ക്
പരന്നൊഴുകിയെത്തിയ വെള്ളി വെളിച്ചം.
കൂടെ നിന്നവർ പോയിക്കഴിഞ്ഞിട്ടും
എഴുതിയൊരുക്കിയ കണ്ണുകൾ
ഒറ്റയ്ക്കൊരുവനെ പിടിച്ചു നിർത്തി.
വരിഞ്ഞു മുറുക്കുന്ന പെരുമ്പാമ്പിന്റെ
ഇരയായി മാറാൻ പാട്ട് മൂളിയ നത്ത്
അവനെ കൂട്ടിന് വിളിച്ചു.
തട്ടിത്തെറിപ്പിച്ച അക്ഷരക്കുഞ്ഞുങ്ങളെ
പെറുക്കിയടുക്കുന്ന നീളൻ വിരലുകൾ
ദൂരെയുള്ള കാട്ടിലേക്ക് ചൂണ്ടി.
കൂർത്ത നഖങ്ങളാൽ മിനുക്കിയൊരുക്കിയ
വിരലുകളിൽ വിഷം പുരട്ടിയ നേരത്ത്
മുൻപേ പോയവർ ഓടിയൊളിച്ചു.
ഇരമ്പിയെത്തുന്ന കടൽ വെള്ളത്തിൽ
നഞ്ച് കലർത്തി വേവിച്ചെടുത്ത
ചെന്നായക്കൂട്ടം വെളിച്ചത്തിന് ചുറ്റും
വലയം തീർത്ത് മന്ത്രങ്ങൾ മൊഴിഞ്ഞു.
താളത്തിൽ ചൊല്ലിക്കേട്ട മന്ത്രത്തിന്റെ
ചൂടിൽ ഉരുകിയൊലിച്ച യാത്രികന്
നേർക്ക് മഞ്ഞുകാലം വരുമെന്ന്
അവർ പറഞ്ഞു കൊടുത്തു.
രമ്യമായ തുരുത്ത് തേടിപ്പോയവരൊക്കെ
മുൾവേലികളാൽ തീർത്ത വലയത്തിലകപ്പെട്ടു.
വരയിട്ട കണ്ണുകളിൽ വെട്ടിയൊരുക്കിയ
പൊട്ടക്കിണർ വാ പൊളിച്ചു നിന്ന്
ക്ഷണക്കത്ത് നൽകി.
വഴി തെറ്റി നടന്നവൻ കിണറിൻ
വക്കത്തെ ചേര് മരത്തിൽ നൂല് കൊണ്ട്
ഒരു ഊഞ്ഞാൽ തീർത്തു.
ചൊറിഞ്ഞു പൊട്ടിയ ദേഹത്ത്
ഉമ്മ വയ്ക്കുന്ന കണ്ണീച്ചകൾ സ്വപ്‌നങ്ങളിൽ
പൂമ്പാറ്റകളുടെ വസ്ത്രം ധരിക്കാറുണ്ട്.
പിഴുതു പോയ നാവ് പെറ്റു കൂട്ടിയ
വാക്കുകൾ ചാറ്റൽ മഴയിൽ
മൺകട്ടകളോടൊപ്പം ജീവനൊടുക്കി.
തെറ്റിച്ച് വരച്ചു കൊടുത്ത വഴിയിലൂടെ
നടന്നവന് വഴിയിൽ കണ്ടവർ
ഒറ്റക്കണ്ണുള്ള കുന്നിക്കുരുകൾ സമ്മാനിച്ചു.
പ്രേതം പാടിക്കൊടുത്ത പാട്ടിൽ
ഉറങ്ങാൻ കിടന്നവർ പിന്നീട് ഉണർന്നില്ല.
വഴി മറന്നവന്റെ കഥകൾ
ആദ്യം കണ്ട നിഴലിനോട് നിരന്തരം
പുലമ്പുന്ന കൃഷ്ണമണികൾ
കടന്നലുകളെപ്പോൽ മുറിവേൽപ്പിക്കാറുണ്ട്.
ചുവന്ന നിറമുള്ള കാട്ടിൽ
പറ്റിപ്പിടിച്ചിരിക്കുന്ന ഓന്തുകൾക്ക്
നിറം നൽകാൻ കൂർത്ത നഖമുള്ള
വിരലുകളെ ചട്ടം കെട്ടിയവർ ദൂരെയാണ്.
കൂടം മുറിക്കാത്ത കാട്ടു പാറയിൽ
സൂചി കൊണ്ട് കുത്തി തിളക്കമുള്ള
മൂക്കുത്തി ഇട്ടു കൊടുത്തു.
കൈവെള്ള പൊള്ളിയടർത്തുന്ന
കനലിൽ തീർത്ത മൂക്കുത്തി.
ഒറ്റച്ചക്രത്തിന്റെ തേരിൽ വരുന്നവരാരെങ്കിലും
അത് ഊരിയെടുത്തേക്കാം.
തല പൊന്തിയ പാറയിൽ മയങ്ങുന്ന
മൂക്കുത്തി ചിലപ്പോൾ വെളിച്ചം കാട്ടും.
ചെന്നായ്ക്കൾ വീട് തീർത്ത കാട്ടിൽ
ഒറ്റയ്ക്ക് അക്ഷരം പെറുക്കാൻ
പോകുന്നവർക്ക് വഴിയൊരുക്കി
പൊട്ടക്കിണറിലേക്ക് എത്തിക്കും.
ചേരിൽ തീർത്ത ഊഞ്ഞാൽ പൊട്ടിയിട്ടില്ല.
കിണറിൽ വീഴാതെ ആടുന്നവർക്ക്
മാത്രം അക്കരെയ്ക്ക് എത്താം.
ചിലപ്പോൾ മാത്രം കോമ്പല്ല്
നീട്ടിയ കിണർ ഇരയെ വിഴുങ്ങും.
ചുരണ്ടു കിടന്നവർ കണ്ണു തുറന്നു.
ചുവരിൽ കുത്തിയ തീപ്പന്തം
അണഞ്ഞു പോയെങ്കിലും
ദൂരെ എവിടെയോ ഒരു
മൂക്കുത്തിയോളം വരുന്ന സൂര്യൻ
അപ്പോഴും തിളങ്ങി നിൽക്കും.