Image

വിശ്വാസത്തിന്റെ നിത്യാനന്ദം (രാജരാജേശ്വരി)

Published on 19 April, 2025
വിശ്വാസത്തിന്റെ നിത്യാനന്ദം (രാജരാജേശ്വരി)

രാജാധിരാജൻ ശ്രീയേശുനഥൻ മാനവർ തൻ രക്ഷക്കായി
സ്നേഹത്തിൻ സന്ദേശവും പേറി
സ്നേഹബലിയർപ്പിച്ചു തൻ ജീവൻ മരക്കുരിശിൽ
പാപികൾ നമ്മേ തേടി നടന്നൊരാ പാദങ്ങളിൽ നമ്മൾ തറച്ചു  
ഇരുമ്പാണികൾ
തലയിൽ മുൾക്കിരീടവും ചൂടി
ക്രൂശതിൽ തൂങ്ങുമ്പോഴും തിരുവായ്മൊഴി
പിതാവെ! ഇവർ ചെയ്യും പാതകമെന്തെന്നിവർ
അറിയായ്കയാലങ്ങു ക്ഷമിച്ചീടണെ എന്ന് 
ഭൂമിയോ ഇരുളാം കരിമ്പടമണിഞ്ഞു
ദേവാലയ തിരശ്ശീലയും നടുവെ പിളർന്നു
ഇടിമുഴക്കമായ് കല്ലറകളും പിളർന്നീശൻ്റെ മരണത്തിൻ
വിളംബരമെന്നോണം
ലോകത്തിൻ പാപവും ദുരിതവും നീയെടുത്തു
പാപികൾക്കാശ്വാസം നീ പകർന്നു
ദൈവത്തിന്നിച്ഛ നീ സ്വയം വരിച്ചു
ദൈവരാജ്യം നിന്നേ സ്വീകരിച്ചു
ഉലകമാം സാഗരത്തിലുഴലും മാനവർക്കായ്
ഉതിർത്തു വീഴ്ത്തിയില്ലെ ശത്രുസ്നേഹത്തിൻ സൂനം
ഒടുക്കത്തെ ശത്രുവാം
മരണത്തെ ജയിച്ചു നീ
ഉയർത്തെഴുന്നേല്പിൻ
ഉണർവ്വേകി
വീണ്ടെടുപ്പിൻ വിശ്വാസത്താൽ സ്വയം പുതുക്കാൻ
നിത്യാനന്ദം നിശ്ചയം
മിഥ്യയല്ലിതു സത്യമെന്നതാം
പ്രത്യാശ നൽകി
മങ്ങില്ല മായില്ല നാഥാ  
മാനസത്തിൽ നിന്നും നീയൊരിക്കലും
ഇരുളിൽ വെളിച്ചമാം പൊൻതാരമേ
വെളിവിൻ കതിരൊളി വീശി ഞങ്ങൾ തൻ
വിശ്വാസത്തിൻ വിളക്കിൽ
സ്നേഹമൊഴുക്കി നിറച്ചീടണമേ
അങ്ങു കൊളുത്തിയെരീ
വിശ്വാസമാം ദീപനാളം
അണയാതൊരായിരം ദീപമാക്കി
അങ്ങേ കാലടികളനുഗമിക്കാൻ
അനുഗ്രഹമേകണമെന്നേശുനാഥാ

***** 

Join WhatsApp News
Antony Mathew 2025-04-20 02:34:28
മനോഹരം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക