ഒരു നോവലിൽ സുപ്രധാനമാണ് അന്തരീക്ഷ സൃഷ്ടി. നോവലിൻ്റെ മൂഡ് അഥവാ ഭാവം മാറിക്കൊണ്ടിരിക്കും. എന്നാൽ കഥാന്തരീക്ഷം ആദ്യം മുതൽ അന്ത്യംവരെ പിരിമുറുക്കമുള്ളതും ദൃഢവുമാക്കി നിലനിർത്താൻ ഒരു നല്ല നോവലിസ്റ്റിനു മാത്രം കഴിയുന്ന പ്രാഗത്ഭ്യമാണ്.
കോലധാരിയിൽ സുധ അജിത്തിന് അതു സാധിച്ചിട്ടുണ്ട്. പിരിമുറുക്കമുള്ളതും നിഗൂഢവും ദുരൂഹവും ഭൂതാവിഷ്ട സ്വഭാവത്തോടു കൂടിയതും സംഗീതാത്മകവുമായ അന്തരീക്ഷ സൃഷ്ടി കോലധാരിയുടെ സവിശേഷതയാണ്.
ജുവൈനൽ ഹോമിൽ നിന്നും ശിക്ഷാ കാലാവധി കഴിഞ്ഞിറങ്ങി വരുന്ന നകുലനിലാണ് കഥ തുടങ്ങുന്നത്. സഹോദരനെ കൊലപ്പെടുത്തിയതായിരുന്നു കുറ്റം. തെയ്യം കലാകാരനായി വളരുന്ന നകുലന് ജീവിതം കൈകളിൽ നിന്നും ചോർന്നുപോകുന്നതാണ് തുടർന്നു കാണുന്നത്. അമ്മയെയും പെങ്ങളെയും തിരിച്ചറിയാത്ത നീചനും കാമാന്ധനുമായ പിതാവിനെ കൊലപ്പെടുത്തുന്ന നകുലൻ ആത്മഹത്യയിൽ അഭയം തേടുമ്പോൾ നോവൽ അവസാനിക്കുന്നു, സ്വന്തം പിതാവിനെയും സഹോദരനെയും കൊല്ലുക എന്നതു മാത്രമല്ല പെങ്ങളെ വിവാഹം കഴിക്കേണ്ടി വരിക എന്ന പാപവും മനസ്സറിയാതെ നകുലന് ചെയ്യേണ്ടിവരുന്നു.
എം ടിയുടെ നിർമ്മാല്യത്തിൽ പള്ളിവാളുകൊണ്ട് ഗിരസ്സിൽ ആഞ്ഞു വെട്ടുന്ന വെളിച്ചപ്പാടിൻ്റെ ദുരന്ത ചിത്രം നകുലൻ്റെ ആത്മഹത്യ ഓർമ്മിപ്പിക്കുന്നുണ്ട്.
കേരളത്തിലെ വടക്കൻ ജില്ലകളിൽ വളരെ പ്രചാരമുള്ള ഒരു പ്രകടന കലാരൂപമായ തെയ്യം , മിത്ത്, നൃത്തം, നാടകം, സംഗീതം, കല, വാസ്തുവിദ്യ എന്നിവയെ ഉൾക്കൊള്ളുന്ന ഒരു അനുഷ്ഠാനകലാരൂപമാണ്.
മലയാളത്തിൽ ദൈവം എന്നർത്ഥം വരുന്ന ദൈവത്തിൽ നിന്നാണ് തെയ്യം എന്ന വാക്ക് വന്നത്.
ഈ കലാരൂപവുമായി ബന്ധപ്പെട്ട ചമയങ്ങളും ആചാരങ്ങളും ഉൾപ്പെടെയുള്ള തയ്യാറെടുപ്പുകളെക്കുറിച്ചും സുധഅജിത്തിന്‍റെ കോലധാരി എന്ന നോവല്‍ അനുവാചകരെ ബോധവൽക്കരിക്കുന്നുണ്ട്.
തെയ്യവും തെയ്യം കലാകാരന്മാരുടെ അനുഭവലോകവുമാണ് ഈ നോവലിന്‍റെ തട്ടകം.
മേലേരിയിലെ അഗ്നികുണ്ഠത്തിൽ ദൈവീകതയിൽ മതിമറന്ന്സ്വയം ആവാഹിക്കപ്പെടുന്ന തെയ്യക്കാരൻ്റെ ദൈന്യത നിറഞ്ഞ ജീവിതമാണ് ഈ നോവലില്‍ താന്‍ പകർത്താൻ ശ്രമിച്ചിട്ടുള്ളതെന്ന് നോവലിസ്റ്റ് സാക്ഷ്യപ്പെടുത്തുന്നുണ്ട്. സാധാരണ മനുഷ്യനായി ജീവിച്ച്, അനീതിക്കെതിരെ പൊരുതി ഒടുവിൽ സ്വയം സമർപ്പണത്തിലൂടെ ദൈവീകതയിലേക്ക് ഉയർത്തപ്പെടുന്നയാളാണ് ഇതിലെ നായക കഥാ പാത്രമായ നകുലന്‍ എന്ന് നോവല്‍ വായിച്ചുകഴിയുമ്പോള്‍ അനുവാചകരും സാക്ഷ്യപ്പെടുത്തുന്നു.
നകുലൻ എന്ന തെയ്യം കലാകാരനെ ജീവിതം കൈപിടിച്ച് നടത്തിയ ഈ ദുഃഖഭരിതവും ദുരന്തപൂർണ്ണവുമായ അരങ്ങാണ് നോവൽ വരച്ചിടുന്നത് ജുവനൈൽ ഹോമിന്‍റെ പടികളിറങ്ങി വരുന്ന അയാളുടെ ചിത്രമാണ് നോവലിലെ ആദ്യവരി തന്നെ. അതിങ്ങനെയാണ്.
ജുവനൈൽ ഹോമിൻ്റെ പടികളിറങ്ങി നടക്കുമ്പോൾ ഇരുൾ മൂടിയ ഒരു വീടായിരുന്നു മനസ്സിൽ. ഇരുട്ടിൽ തപസ്സിരിക്കുന്ന രണ്ടു മുഖങ്ങൾ നിർവ്വികാരതയോടെ നോക്കുന്നതും മനസ്സിൽ കണ്ടു. അമ്മയും പെങ്ങളും തന്നെക്കാത്ത് ജയിലരികിലെ മരത്തിന് കീഴെ നില്ക്കുന്നത് കണ്ടപ്പോൾ മനസ്സ് പിടഞ്ഞു.'
'ഇരുൾമൂടിയ വീട്', 'ഇരുട്ടിൽ തപസ്സിരിക്കുന്ന മുഖങ്ങൾ', 'നിർവ്വികാരത്', 'മനസ് പിടഞ്ഞു', എന്നിങ്ങനെ ആദ്യവരികളിൽ തന്നെയുള്ള ഈ വാക്കുകളുടെ കൂടുതൽ അഗാധവും അർത്ഥപൂർണ്ണവുമായ വിശ ദീകരണമാണ് നോവൽ എന്നും നിസംശയം പറയാം.
മദ്യപാനിയും കലഹപ്രിയനുമായ സഹോദരനെ ഒരു പ്രത്യേക സന്ദർഭത്തിൽ കൊലപ്പെടുത്തേണ്ടിവന്നതിന്‍റെ തുടർച്ചയായിട്ടാണ് നകുലന്‍ ജുവൈനൽ ഹോമിൽ എത്തിപ്പെട്ടത്. വർഷങ്ങൾ നീണ്ട തടവിനു ശേഷം പുറ ത്തിറങ്ങുമ്പോൾ അയാൾക്കൊരു സ്വപ്‌നമുണ്ട്: 'ഒരു നല്ല തെയ്യം കലാ കാരനാകുക.' അതിനുള്ള ശ്രമമാണ് അയാളുടെ തുടർജീവിതം. എന്നാൽ കാലം അയാൾക്കായി കാത്തുവച്ചത് വീണ്ടും ഒരു കുറ്റവാളിയു ടെ വേഷമാണ്. ആദ്യം സഹോദരൻ്റെ രക്തമാണ് അയാളെ തെറ്റുകാരനാക്കിയതെങ്കിൽ, രണ്ടാം വട്ടം സ്വപിതാവിൻ്റെ ഹത്യയാണ് അയാളെ തിന്മയ്ക്ക് ഒറ്റുകൊടുക്കുന്നത്. 'എരിപുരം' എന്ന അയാളുടെ ഗ്രാമത്തിന്‍റെ പേര് പോലെ, സ്വന്തം ഹൃദയത്തിനുള്ളിൽ എരിഞ്ഞുതീരുന്ന മനുഷ്യനാണയാൾ, നോവലിലെ മറ്റു കഥാപത്രങ്ങളും അയാളിൽ നിന്നും ഒട്ടും വ്യത്യസ്‌തരല്ല.
എരിഞ്ഞുതീരാനാണ് അവരുടെയും നിയോഗം.
ഇരുട്ടിനെ ഉപാസിക്കുന്ന കഥാപാത്രങ്ങളും വെല്ലുവിളികളും ധിക്കാരശബ്ദങ്ങളും മുഴക്കി നോവലിൽ എമ്പാടും വിഹരിക്കുന്നു. അമ്മയുടെ താലിമാലയിൽ പിടുത്തമിടുകയും പെങ്ങളെ തെരുവിൽ വിൽക്കാൻ ഒരുങ്ങുകയും ചെയ്യുന്ന നായക കഥാപാത്രത്തിൻ്റെ ഏട്ടൻ, സ്വത്തിനുവേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത വാസു, സ്വന്തം മകളെപ്പോലും ലൈംഗികമായ ഇച്ഛയോടെ സമീപിക്കുന്ന മാധവൻ തമ്പി എന്നിവരെല്ലാം ഇത്തരക്കാരാണ്.
അസഹിഷ്‌ണുതയും അൽപത്വവും വിവേകമില്ലായ്‌മയും വിടത്വവുമാണ് അവരെ നയിക്കുന്നത്. ഈ ദുഷിപ്പുകളുടെ ഇരകളാകുന്നതാ കട്ടെ അവരുടെ ജീവിത പരിസരങ്ങളിലുള്ള സന്തോഷം ആഗ്രഹിക്കുന്ന നിഷ്കളങ്കരായ മനുഷ്യരും.
ഇതൊരു ജീവിതനാടക വൈരുധ്യമാണ്. ഇരുട്ടിൻ്റെ ഉപാസകർ സ്വമേധയാ ഇരുട്ടിൽ വീഴുന്നതിനൊപ്പം, കൂടെ നിൽക്കുന്നവരേയും ആ അഗാധ ഗർത്തത്തിൽ തള്ളിയിടുന്നതെന്തിന് എന്ന ഉത്തരമില്ലാത്ത ചോദ്യമാണ് അതിൻ്റെ മറുഭാഗം. ഈ ചോദ്യം തെല്ലുറക്കെ 'കോലധാരി' എന്ന നോവൽ ഉന്നയിക്കുന്നുണ്ട്. സാമൂഹ്യ ജീർണ്ണത, മൂല്യ ബോധത്തിൻ്റെ അഭാവം, ആചാരസംഹിതകളുടെ ദയനീയാവസ്ഥ എന്നിവയൊക്കെ ഇതിനോട് ചേർന്നുവരുന്നു.
തെയ്യമാണ് നോവലിൻ്റെ പശ്ചാത്തലം എന്ന് ആദ്യമേ സൂചിപ്പിച്ചല്ലോ. മലബാറിലെ, വിശിഷ്യാ കണ്ണൂർ ഭാഗത്തുള്ള ജനങ്ങളുടെ സംസാര ഭാഷയും അതി സൂക്ഷ്‌മതയോടെ ഈ നോവലിൽ വിന്യസിച്ചിട്ടുണ്ട്.
മനോജ് വെങ്ങോലയുടെ ശ്രദ്ധേയമായ അവതാരിക കോലധാരിയുടെ ഹൃദയത്തിലേക്കു തുറക്കുന്ന കിളിവാതിലാണ് എന്ന് പ്രത്യേകം പരാമര്‍ശിക്കുന്നു.
സുധഅജിത് : ഒരു രേഖാചിത്രം
എറണാകുളത്ത് ജനനം. സ്ക്കൂൾ വിദ്യാഭ്യാസം തിരുവനന്തപുരം കോട്ടൺ ഹിൽ സ്ക്കൂളിലും, ബിരുദവും, ബിരുദാനന്തര പഠനവും തിരുവനന്തപുരം ഗവണ്മെന്റ്റ് വിമൻസ് കോളേജിലും.
ആനുകാലികങ്ങളിൽ കഥകളും, കവിതകളും, നോവലുകളും, ലേഖനങ്ങളും എഴുതിവരുന്നു.
കേരളസാഹിത്യവേദിയുടെ തകഴി സാഹിത്യപുരസ്‌കാരം, ആത്മായനങ്ങളുടെ ഖസാക്ക് അവാർഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
My impressio.com എന്ന ഓൺലൈൻ മാഗസീനിൻ്റെ എഡിറ്ററാണ്.
കെ ആർ മോഹൻദാസ്