Image

വാക്കു മാറ്റി പറഞ്ഞാല്‍ പിന്തുണ നല്‍കാന്‍ ബുദ്ധിമുട്ടാകുമെന്ന് ഭാഗ്യലക്ഷ്മി

Published on 21 April, 2025
വാക്കു മാറ്റി പറഞ്ഞാല്‍ പിന്തുണ നല്‍കാന്‍ ബുദ്ധിമുട്ടാകുമെന്ന് ഭാഗ്യലക്ഷ്മി

ഷൈന്‍ ടോം ചാക്കോയുടെ പേര് പുറത്തു വന്നത് താന്‍ അഭിനയിച്ച സിനിമകളെ ബാധിക്കുമെന്ന വിന്‍സിയുടെ വാക്കുകള്‍ക്ക് പ്രതികരണവുമായി ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ഇതൊക്ക വീഡിയോ ഇടുന്നതിനു മുമ്പ് വിന്‍സി ആലോചിക്കണമായിരുന്നു. വിന്‍സിക്ക് താന്‍ പിന്തുണ നല്‍കിയിരുന്നതാണ് . പിന്നീട് മാറ്റി പറയുമ്പോള്‍ പിന്തുണ കൊടുത്തവര്‍ എന്തു ചെയ്യുമെന്നും ഭാഗ്യലക്ഷ്മി ചോദിക്കുന്നു. ഇങ്ങനെയാണെങ്കില്‍ പിന്തുണ നല്‍കാന്‍ ബുദ്ധിമുട്ടാകും.

''ഇതൊക്കെ വീഡിയോ ഇടുന്നതിനു മുമ്പ് ആലോചിക്കണമായിരുന്നു. വീഡിയോ ഇട്ട് ഓരോന്ന് പറഞ്ഞിട്ട് പിന്നീട് മാറ്റിപ്പറഞ്ഞിട്ട് കാര്യമില്ല. ഞാനൊക്കെ ആ കുട്ടിക്ക് സപ്പോര്‍ട്ട് നല്‍കിയതാണ്. ഇപ്പോള്‍ പിന്തുണ കൊടുത്തവര്‍ എന്തു പറയാന്‍. ഇങ്ങനെയാണെങ്കില്‍ ആരെങ്കിലും മുന്നോട്ടു വരുമ്പോള്‍ ഇനി പിന്തുണ നല്‍കാന്‍ ബുദ്ധിമുട്ടാകും. നമ്മള്‍ പിന്തുണ കൊടുത്തിട്ട് പിന്നീട് ആ കുട്ടി നാളെ മാറ്റി പറഞ്ഞാല്‍ എന്തു ചെയ്യും. ഇതൊക്കെ സ്ഥിരം കാണുന്നതും കേള്‍ക്കുന്നതുമാണ്. '' ഭാഗ്യലക്ഷ്മി പറഞ്ഞു.

മയക്കുരുന്ന് ഉപയോഗിച്ച് നടന്‍ ഷൈന്‍ ടോം ചാക്കോ സിനിമാ സൈറ്റില്‍ പ്രശ്‌നമുണ്ടാക്കിയിരുന്നതായി നടി വിന്‍സി അലോഷ്യസ് സിനിമാ സംഘടനകള്‍ക്ക് പരാതി നല്‍കിയിരുന്നു. നടന്റെ പേര് പുറത്തു പറയരുതെന്ന് വിന്‍സി പറഞ്ഞിരുന്നെങ്കിലും സിനിമാ സംഘടനകള്‍ നടന്റെ പേര് പുറത്തു വിട്ടിരുന്നു. നടന്റെ പേര് പുറത്തു വന്നത് നടന്‍ അഭിനയിച്ച സിനിമകളുടെ പ്രദര്‍ശനത്തെ ബാധിക്കുമെന്നും അതുകൊണ്ട് തന്നോട് വിശ്വാസ വഞ്ചന കാട്ടിയ സിനിമാ സംഘടനകള്‍ക്ക് നല്‍കിയ പരാതി പിന്‍വലിക്കുമെന്നും വിന്‍സി പറഞ്ഞിരുന്നു. ഇപ്പോള്‍ ലഹരി കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിലായിരിക്കുകയാണ്. താന്‍ ലഹരി ഉപയോഗിക്കാറുണ്ടെന്നും ലഹരി മരുന്ന് വില്‍ക്കുന്നവരുമായി ബന്ധമുണ്ടെന്നും കഞ്ചാവും മെത്താംഫെറ്റമിനും ഉപയോഗിക്കുമെന്നും ഷൈന്‍ ടോം ചാക്കോ പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. താരത്തെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക