മമ്മൂട്ടി ഗൗതം മേനോൻ കോമ്പോയിൽ അടുത്തിടെ പുറത്തിറങ്ങിയ ചിത്രമാണ് ഡൊമിനിക് ആന്റ് ദി ലേഡീസ് പേഴ്സ്. കോമഡി ട്രാക്കിൽ കഥ പറഞ്ഞ ഇൻവെസ്റ്റിഗേഷൻ ത്രില്ലറായിരുന്നു ചിത്രം. മമ്മൂട്ടിക്കമ്പനിയുടെ നിർമ്മാണത്തിൽ പുറത്തിറങ്ങിയ ചിത്രത്തിന് പക്ഷേ വലിയ വിജയം നേടാൻ സാധിച്ചില്ല. മമ്മൂട്ടി, ഗൗതം വാസുദേവ് മേനോൻ, ഗോകുൽ സുരേഷ്, ലൈന, സിദ്ദിഖ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തിയത്.
ഇപ്പോഴിതാ ചിത്രത്തിന് കുറച്ചുംകൂടി പ്രൊമോഷൻ കൊടുക്കാമായിരുന്നെന്ന് അഭിപ്രായപ്പെടുകയാണ് ഗൗതം മേനോൻ. കേരളത്തിൽ പലർക്കും ഡൊമിനിക് റിലീസ് ആയത് പോലും അറിയില്ലെന്ന് അദ്ദേഹം പറഞ്ഞു. അവതാരികയായ പേളി മാണിയുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഡൊമിനിക്കിന് കുറച്ചും കൂടി പ്രൊമോഷൻ കൊടുക്കാമായിരുന്നെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ചിത്രം റിലീസായത് പോലും പലർക്കും അറിയില്ല. ബസൂക്കയുടെ ഭാഗമായി ഒരു ഇന്റർവ്യൂ കൊടുത്തിരുന്നു. മമ്മൂട്ടി സാറെ വെച്ച് ഡയറക്ട് ചെയ്ത സിനിമ എപ്പോൾ റിലീസാകും എന്നാണ് അയാൾ ചോദിച്ചത്.
തിരുവനന്തപുരത്ത് ഒരു ഹോട്ടലിൽ ലഞ്ച് കഴിക്കാൻ ചെന്നപ്പോൾ അവർ ചോദിച്ചതും ഇതേ ചോദ്യമാണ്. വിക്രത്തെ വെച്ച് ചെയ്ത ധ്രുവ നച്ചത്തിരവും മമ്മൂക്കയുടെ കൂടെയുള്ള ഡൊമിനിക്കുമാണ് ഇനി റിലീസ് ചെയ്യാനുള്ളത് എന്നാണ് പലരുടെയും വിചാരം’ എന്നും ഗൗതം വാസുദേവ് മേനോൻ പറഞ്ഞു.