മലയാളികൾക്ക് ഏറെ സുപരിചിതയാണ് നടി മഞ്ജു പിള്ള. സിനിമാ – സീരിയൽ രംഗത്ത് ഒരുപോലെ സജീവമാണ് മഞ്ജു. തുടക്കകാലത്ത് ഹാസ്യ കഥാപാത്രങ്ങൾ മാത്രം ചെയ്തിരുന്ന നടി പിന്നീട് സ്വഭാവവേഷങ്ങളിലും തിളങ്ങി. ‘തട്ടീം മുട്ടീം’ എന്ന സിറ്റ്‌കോമിലെ മഞ്ജുവിന്റെ മോഹനവല്ലി എന്ന കഥാപാത്രത്തിന് ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. കൂടാതെ, ‘ഹോം’ എന്ന സിനിമയിലെ മഞ്ജുവിന്റെ കുട്ടിയമ്മ എന്ന കഥാപാത്രവും ഏറെ ശ്രദ്ധേയമായിരുന്നു.
ഇപ്പോഴിതാ തന്റെ കരിയറിൽ നഷ്‌ടമായ അവസരങ്ങളെ കുറിച്ച് പറയുകയാണ് മഞ്ജു പിള്ള. ചില സിനിമകൾ കാണുമ്പോൾ അതിൽ അവസരം ലഭിച്ചിരുന്നെങ്കിൽ എന്ന് ചിന്തിക്കാറുണ്ടെന്നും, എങ്കിലും അതാലോചിച്ച് സങ്കടപ്പെടാറില്ല കാരണം അതിനേക്കാൾ മികച്ച അവസരങ്ങൾ തേടിയെത്തുമെന്ന് ഉറപ്പായിരുന്നുവെന്നും നടി പറയുന്നു. ചില സിനിമകളിൽ ആദ്യം കാസ്റ്റ് ചെയ്ത ശേഷം പിന്നീട് പലരും പറഞ്ഞ് തന്നെ ഒഴിവാക്കിയിട്ടുണ്ടെന്നും നടി കൂട്ടിച്ചേർത്തു. അതുപോലെ താൻ കൂടെ അഭിനയിക്കുണ്ടെന്ന് അറിഞ്ഞ് ഒരു നടൻ പ്രൊജക്ടിൽ നിന്ന് ഒഴിവായെന്നും ഇത് മൂന്ന് നാല് തവണ ആവർത്തിച്ചിട്ടുണ്ടെന്നും നടി പറയുന്നു. ആ നടൻ ഇൻഡസ്ട്രിയിൽ സജീവമാണെന്നും മഞ്ജു പിള്ള കൂട്ടിച്ചേർത്തു. വൺ ടു ടോക്ക്‌സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മഞ്ജു.
“ചില സിനിമകളിലെ കഥാപാത്രങ്ങൾ കണ്ടിട്ട് അത് ചെയ്യാമായിരുന്നെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. പക്ഷേ, അത് ആലോചിച്ച് ഒരിക്കലും വിഷമിക്കാറില്ല. കിട്ടാനുള്ളതാണെങ്കിൽ നമുക്ക് എന്തായാലും കിട്ടും. അതിനെക്കാൾ നല്ല അവസരം ലഭിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു. ചില സിനിമയിൽ നമ്മളെ ആദ്യം കാസ്റ്റ് ചെയ്തിട്ട് അവസാന നിമിഷം ആരൊക്കെയോ പറഞ്ഞ് എന്നെ മാറ്റിയിട്ടുണ്ടെന്ന് ചിലർ എന്നോട് പറഞ്ഞിട്ടുണ്ട്. അത് പ്രൊഡക്ഷൻ സൈഡിന്ന് എടുത്ത തീരുമാനമോ അല്ലെങ്കിൽ വേറെ ആരുടെയെങ്കിലും തീരുമാനമോ ആയിരിക്കും.
ചിലപ്പോൾ അതിന്റെ സത്യാവസ്ഥ അവർ പറഞ്ഞതിനും ഞാൻ കേട്ടതിനും ഇടയിലായിരിക്കും. അത് അറിയാതെ പ്രതികരിക്കാൻ ഞാൻ താത്പര്യപ്പെടുന്നില്ല. അതുപോലെ, ഞാനാണ് കൂടെ അഭിനയിക്കുന്നതെന്ന് അറിഞ്ഞ് ഒരു നടൻ പ്രൊജക്ടിൽ നിന്ന് പിന്മാറിയിട്ടുണ്ട്. മൂന്നുനാല് തവണ അയാൾ ഇത് ആവർത്തിച്ചിട്ടുണ്ട്. ആ നടൻ ഇപ്പോഴും ഇൻഡസ്ട്രിയിൽ സജീവമാണ്. അതിൽ എനിക്ക് പരിഭവമില്ല. കാരണം ഞാൻ വിശ്വസിക്കുന്നത് കർമയിലാണ്” മഞ്ജു പിള്ള പറഞ്ഞു.