തമിഴ് സൂപ്പർ താരം അജിത് നായകനായി എത്തിയ ചിത്രമാണ് ‘ഗുഡ് ബാഡ് അഗ്ലി’. വിശാൽ ചിത്രം ‘മാർക്ക് ആന്റണി’ക്കു ശേഷം ആദിക് രവിചന്ദ്രൻ സംവിധാനം നിർവഹിക്കുന്ന ചിത്രമാണിത്. കഴിഞ്ഞ ദിവസം തീയേറ്ററുകളിൽ എത്തിയ ചിത്രത്തിന് ഗംഭീര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഇപ്പോഴിതാ , ചിത്രത്തിലെ മലയാളി താരം പ്രിയ വാരിയരുടെ പ്രകടനത്തിന് തമിഴ് പ്രേക്ഷകരുടെ ഇടയിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രിയയുടെ രണ്ടാമത്തെ തമിഴ് ചിത്രമാണ് ഗുഡ് ബാഡ് അഗ്ലി. ധനുഷ് സംവിധാനം ചെയ്ത ‘നിലാവുക്കു മേൽ എന്നടി കോപം’ എന്ന സിനിമയിലൂടെയായിരുന്നു നടിയുടെ തമിഴ് അരങ്ങേറ്റം. ഗുഡ് ബാഡ് അഗ്ലിയിൽ നിത്യ എന്ന കഥാപാത്രത്തെയാണ് പ്രിയ അവതരിപ്പിക്കുന്നത് .
അതേസമയം, ഗുഡ് ബാഡ് അഗ്ലിയിൽ തനിക്ക് ഉണ്ടായ അനുഭവങ്ങളെ കുറിച്ചതും നടൻ അജിത്തിനെകുറിച്ചുമുള്ള ഒരു കുറിപ്പ് പ്രിയ തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ പങ്കുവച്ചിട്ടുണ്ട്. ആദ്യമായി സംസാരിച്ചതുമുതൽ ഷൂട്ടിംഗ് അവസാനിക്കുന്നതുവരെ അജിത് തന്ന സ്നേഹവും പരിഗണയും ഒരിക്കലും മറക്കാനാകില്ലെന്ന് പ്രിയ പറയുന്നു.