ഏപ്രിൽ 12...മലയാളത്തിന്റെ പ്രിയകവി കുമാരനാശാന്റെ 152 -ആം ജന്മദിനമാണിന്ന്. കവിസമ്മേളനങ്ങളും സാഹിത്യ സംവാദങ്ങളുമൊക്കെയായി നാടെങ്ങും ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു കഴിഞ്ഞു.ആശയ ഗംഭീരമായ കവിതകൾ എഴുതുന്നതിനിടയിലും കുട്ടികൾക്ക് വേണ്ടി മനോഹരമായ കവിതകൾ എഴുതാൻ സമയം കണ്ടെത്തിയ മഹാകവിയാണ് കുമാരനാശാൻ ..
ഹാ,വീണ പുഷ്പമേ അധിക തുംഗ പദത്തിലെത്ര
ശോഭിച്ചിരുന്നയേ
രാജ്ഞി കണക്കെ നീ "
തുടങ്ങിയ ഗഹനമായ വരികൾ രചിച്ച ആശാൻ തന്നെയാണ് ‘’ഈ വല്ലിയിൽ നിന്ന് ചെമ്മേ പോകുന്നിതാ പറന്നമ്മേ.."പോലെയുള്ള ലളിതവും അന്നും ഇന്നും കുട്ടികൾക്ക് ഏറ്റവും പ്രിയപ്പെട്ട കവിതകളും എഴുതിയത്. ‘അദ്ദേഹത്തിന്റെ ബാലകവിതകൾ പുഷ്പവാടി എന്ന സമാഹാരത്തിൽ
സമാഹരിച്ചിരിക്കുന്നു. 1922 ലാണ് ഈ സമാഹാരം പ്രസിദ്ധീകരിക്കപ്പെട്ടത്.
‘’ആദ്യഭാഗം ബാലൻമാരുടെ അഭിരുചി ലാക്കാക്കിയും അവസാന ഭാഗം പ്രായമായവർക്കു കൂടി രസിക്കത്തക്ക രീതിയിലുമാണ്’’ ഈ സമഹാരത്തിന്റെ രചന എന്ന് ആമുഖത്തിൽ പറയുന്നു.
"സകലാശ്രയമായി രാത്രിയും
പകലും നിന്നെരിയും പ്രദീപമേ,
ജഗദീശ, ജയിക്ക, ശാശ്വതം
നിഗമം തേടിന നിൻപദാംബുജം
എന്ന തുടങ്ങുന്ന പ്രഭാത
പ്രാത്ഥന എന്ന പദ്യത്തിലൂടെയാണ് ഈ കാവ്യ സമാഹാരം ആരംഭിക്കുന്നത്.
ഒരു ഭീതിയെഴാതെ കാത്തു, ദു-
ഷ്കര സാംസാരിക പോതയാത്രയിൽ
കരകാട്ടുക നിന്നു നീ കൃപാ-
കര, ഞാൻ ദിക്കറിയാത്ത നാവികൻ "
എന്ന ഈ കവിതയിലെ പ്രാർത്ഥനയിലൂടെ കടന്നു പോകുമ്പോൾ ഗുരുവിന്റെ
ദൈവ ദശകത്തിലെ " ദൈവമേ! കാത്തുകൊൾകങ്ങു
കൈവിടാതിങ്ങു ഞങ്ങളെ ;
നാവികൻ നീ ഭവാബ്ധിക്കോ -
രാവിവൻതോണി നിൻപദം
എന്ന വരികൾ നമ്മുടെ ഓർമ്മയിലെത്താതിരിക്കില്ല,
എങ്കിലും ദൈവദശകം രചിക്കപ്പെടുന്നത് 1914 ലും ആശാന്റെ പ്രഭാതപ്രാർത്ഥന രചിക്കപ്പെടുന്നത് 1913 ലുമാണ്. ഇരുവരും ദൈവത്തിന്റെ പാദങ്ങളെ സംസാരസാഗരം താണ്ടുന്നതിനായി ആശ്രയിക്കുന്നുണ്ടെങ്കിലും ഇരുപ്രാർത്ഥനകളും തമ്മിൽ സാരമായ ഒരു വ്യത്യാസമുണ്ട്. നാരായണഗുരുവിന്റെ പ്രാർത്ഥനയിൽ ഭവസാഗരം താണ്ടുന്നതിനുള്ള ആവിക്കപ്പൽ ദൈവപാദങ്ങളും നാവികൻ ദൈവവുമാണ്. കുമാരനാശാന്റെ ലോകയാത്രയിൽ കപ്പലിന്റെ നാവികൻ ദൈവമല്ല. മനുഷ്യനാണ്. എന്നുവച്ചാൽ കപ്പലിനെ ചലിപ്പിക്കേണ്ടതും യാത്ര ചെയ്യേണ്ടതും സ്വജീവിതത്തെ മുന്നോട്ടുകൊണ്ടുപോകേണ്ടതും മനുഷ്യന്റെ ഉത്തരവാദിത്വമാണ്’
ഈ സമാഹരത്തിലെ പൂക്കാലം എന്ന കവിതയും ഏറെ പ്രസിദ്ധമാണ്.
"പൂക്കുന്നിതാ മുല്ല, പൂക്കുന്നിലഞ്ഞി,
പൂക്കുന്നു തേന്മാവു, പൂക്കുന്നശോകം;
വായ്ക്കുന്നു വേലിക്കു വർണ്ണങ്ങൾ, പൂവാൽ
ചോക്കുന്നു കാടന്തിമേഘങ്ങൾപോലെ.’’
എന്ന വരികളൊക്കെ ഇപ്പോഴും നമ്മുടെ ഓർമ്മയിൽ നിറഞ്ഞു നിൽക്കുന്നു..
ഇസമാഹാരത്തിലെ ആദ്യം ഉദ്ധരിച്ച കുട്ടിയും തള്ളയും എന്ന കവിതയാണ് ഏറ്റവും പ്രസിദ്ധം
അന്നുണ്ടായിരുന്ന മഹിളാരത്നം മാസികയ്ക്കുവേണ്ടി ആശാൻ 1915 ൽ എഴുതിയ കവിതയാണ് 'കുട്ടിയും തള്ളയും' . ഒരു കുഞ്ഞ് പൂമ്പാറ്റകളെ പൂക്കളെന്ന് തെറ്റിദ്ധരിക്കുന്നു. പൂമ്പാറ്റകളെപ്പോലെ തനിയ്ക്ക് പറക്കാനാകില്ലല്ലോയെന്ന് പരിതപിക്കുന്നു. എല്ലാം ദൈവസങ്കല്പമനുസരിച്ചാണ് സംഭവിക്കുന്നതെന്നു പറഞ്ഞ് അമ്മ അവനെ ആശ്വസിപ്പിക്കുന്നു. ഇങ്ങനെ ചുരുക്കിപ്പറയാവുന്നതാണ് കവിതയുടെ ഇതിവൃത്തം. എന്നാൽ
" ആകാത്തതിങ്ങനെ എണ്ണീ- ചുമ്മാ
മാഴ്കൊല്ലായെന്നോമലുണ്ണീ! " എന്ന വരികളുടെ പ്രാധാന്യം ചുരുക്കിപ്പറയുവാനാകില്ല. തനിയ്ക്ക് അസാധ്യമായവയെ നോക്കി ദുഃഖിക്കാറുണ്ട് കുമാരനാശാന്റെ മിക്ക കഥാപാത്രങ്ങളും. അപ്രാപ്യനായ കാമുകനെ (നളിനി, ലീല, കരുണ, ചണ്ഡാലഭിക്ഷുകി) അപ്രാപ്യമായ സ്വാതന്ത്ര്യത്തെ (ഒരു സിംഹപ്രസവം ) എല്ലാം അവർ നോക്കിനിന്നുപോകാറുണ്ട്.
ചിലപ്പോഴെങ്കിലും കൊതിച്ച വസ്തുവെ കിട്ടിയേ തീരൂ എന്ന വാശിയിൽ ദേശാന്തരങ്ങളിലലഞ്ഞിട്ടുണ്ട്. അതിനായി രേവാനദിയിൽ മുങ്ങിമരിച്ചിട്ടുണ്ട്. അപ്രാപ്യമായതിന്റെ പുറകേപോയി മരണം വരിച്ചവരെല്ലാം കുമാരനാശാന്റെ കവിതകളിലെ കാമുകരായിരുന്നു. അതേസമയം അപ്രാപ്യമായതിനെ ഒട്ടൊരുവേള നോക്കിനിന്ന് ഒരു നെടുവീർപ്പോടെ നിത്യജീവിതപ്രാരാബ്ധങ്ങളിലേയ്ക്ക് മടങ്ങുന്ന മറ്റൊരു കൂട്ടം മനുഷ്യരും കുമാരനാശാനിലുണ്ട്.
" നിനയാതഴൽ നിൻ കുടുംബമൊ-
ത്തനപായം മൃഗരാജ വാഴ്ക നീ
ജനമൊക്കെയുമസ്വതന്ത്രരാം -
ദിനകൃത്യം തടയുന്നു, പോട്ടെ ഞാൻ "
എന്ന് 'ഒരു സിംഹപ്രസവ'ത്തിൽ പിന്മടങ്ങുന്ന കവിയുടെ കൂട്ടത്തിലാണ് 'കുട്ടിയും തള്ളയും ' എന്ന കവിതയിലെ അമ്മയും ഉൾപ്പെടുന്നത്. ആകാത്തവയെക്കുറിച്ചോർത്ത് ദുഃഖിക്കാനുള്ളതല്ല ജീവിതം എന്നും ആകാവുന്ന സാദ്ധ്യതകളിൽ തൃപ്തി കണ്ടെത്തണമെന്നുമുള്ള ഉപദേശം തനിക്കുള്ളിലെ കുഞ്ഞിന് വേണ്ടിത്തന്നെയായിരിക്കണം ആശാൻ എഴുതിയത്.
" നാമിങ്ങറിയുവതല്പം എല്ലാ -
മോമനേ ദൈവസങ്കല്പം "-
എന്ന പിൻവാങ്ങൽ ആശാന് പതിവാണ്. ചിലനേരങ്ങളിലത് " വിരയുന്നു മനുഷ്യനെന്തിനോ തിരിയാ ലോകരഹസ്യമാർക്കുമേ " എന്നാകാം.
മറ്റുചിലപ്പോൾ ,
" ഹാ ശാന്തിയൗപനിഷദോക്തികൾതന്നെ നല്കും
ക്ലേശിപ്പതാത്മപരിപീഡനമജ്ഞയോഗ്യം;
ആശാഭരം ശ്രുതിയിൽ വയ്ക്കുക നമ്മൾ ; പിന്നെ -
യീശാജ്ഞപോലെവരുമൊക്കെയുമോർക്ക പൂവേ!"
എന്നുമാകാം.
"കരപറ്റിനിന്നു വീണ്ടും കുണങ്ങിത്തൻ കുളത്തിലേ-
ക്കരയന്നപ്പിടപോലെ നടന്നുപോയി. (കരുണ) "
എന്നിങ്ങനെ അവർ താന്താങ്ങളുടെ കർമ്മ മേഖലകളിലേയ്ക്ക് തിരിച്ചുനടക്കുന്നു.
പൂമ്പാറ്റകളെപ്പോലെ പാറുവാനാകുന്നില്ലല്ലോ എന്ന് ദുഃഖിക്കുന്ന മകനോട് പിച്ചകത്തെകൾക്ക് നിന്നെപ്പോലെ പിച്ചനടന്നു കളിക്കാനാകില്ലല്ലോ എന്നോർത്താശ്വസിക്കാൻ പ്രേരിപ്പിക്കുന്ന അമ്മയെ 'കുട്ടിയും തള്ളയും ' എന്ന കവിതയിൽ കാണാം. '
ബാലകവിതയിലും സന്ദർഭം വരുമ്പോൾ തന്റെ ചിന്തകൾ പ്രകടിപ്പിക്കാൻ ആശാൻ മടി കാണിക്കുന്നില്ല.സ്നേഹഗായകനായ ആശാനെയും ഭാവഗായകനായ ആശാനെയും കുറിച്ച് ചർച്ച ചെയ്യുന്ന ഈ ജയന്തി വേളയിൽ കുട്ടികളെ സ്നേഹിച്ച കുമാരനാശാനെ കുറിച്ചും നമുക്ക് ചർച്ച ചെയ്യാം..
നൈന മണ്ണഞ്ചേരി