എങ്ങും ഐശ്വര്യത്തിൻ്റെയും നൻമയുടെയും പൊൻകണി ഒരുക്കാനുള്ള തിരക്കിലാണ് വിഷു ആഘോഷിക്കുന്ന ലോകമെമ്പാടുമുള്ള ഓരോ മലയാളികളും. രാവും പകലും തുല്യമാകുന്ന മേടം ഒന്ന് മലയാളിയുടെ കാർഷിക നന്മയുടെ ഉത്സവമാണ്. പ്രകൃതി പോലും സ്വർണവർണ പട്ടണിഞ്ഞ് വിഷുവിനെ വരവേൽക്കാൻ ഒരുങ്ങുന്നു. എങ്ങും കണിക്കൊന്ന പൂക്കളുടെ വർണ മനോഹരമായ കാഴ്ചകൾ മാത്രം. കർണികാരങ്ങൾ പൂത്ത് തുടങ്ങുന്നതോടെ മലയാളി മനസ്സിൽ വിഷു ചിന്തകളുടെ ഒരുക്കങ്ങൾക്ക് തിരിതെളിയുകയായി.
പിന്നെ വിഷുവിന് അണിയാനുള്ള വസ്ത്രങ്ങൾ തിരഞ്ഞെടുക്കാനുള്ള തിരക്കിൽ ലയിക്കും ക്ഷേത്ര ദർശനത്തിനും മലയാളികളുടെ ഏതൊരു ആഘോഷത്തിനും ഇന്നും പ്രാധാന്യം നൽകുന്ന വസ്ത്രങ്ങൾ കേരളീയ പാരമ്പര്യം വിളിച്ചോതുന്ന കൈത്തറി തന്നെയാണ്. പഴമയുടെ പ്രൗഢിയും പുത്തൻ ഫാഷൻ ട്രെൻ്റുകളും ഒത്തിണങ്ങിയ കൈത്തറി വസ്ത്രങ്ങൾ തന്നെയാണ് വിഷു വസ്ത്ര വിപണിയിലെ താരമെന്ന് കോഴിക്കോട് മിഠായിത്തെരുവിലെ രാധാതിയേറ്ററിനു സമീപമുള്ള കുത്താമ്പുള്ളി, ബാലരാമപുരം പാരമ്പര്യ കൈത്തറി വിൽപ്പനക്കാരനായ പുടവ പ്രമോദ് പറയുമ്പോഴും പുതു തലമുറ കൈത്തറി വസ്ത്രങ്ങളെ ഹൃദയത്തോട് ചേർത്ത് പിടിക്കുമ്പോൾ കേരളത്തിൻ്റെ തനത് പാരമ്പര്യ നെയ്ത്തു തൊഴിലാളികൾക്കു കൂടിയുള്ള വിഷുക്കൈനീട്ടമായി മാറുകയാണ്. മുതിർന്നവരിൽ നിന്നും വിഷുക്കൈനീട്ടമായി കിട്ടുന്ന നാണയത്തുട്ടുകൾക്ക് ബന്ധങ്ങളുടെ ഇഴയടുപ്പമുണ്ട്.
പടക്കം പൊട്ടിച്ചും കമ്പിത്തിരിയും മത്താപ്പും കത്തിച്ച ഓർമകൾ ഓരോ മുതിർന്നവരേയും ഇന്നും കുഞ്ഞു ബാല്യത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ഒരാഘോഷം കൂടിയാണ് വിഷു.
ചക്കയും മാങ്ങയും കണിക്കൊന്നയും കണിവെള്ളരിയും ധാന്യങ്ങളും സ്വർണവും പണവും കൃഷ്ണ വിഗ്രഹവും നിലവിളക്കും ഒരുക്കി സ്നേഹത്തിൻ്റേയും സൗഹൃദത്തിൻ്റേയും നൻമയുടെയും ഐശ്വര്യത്തിൻ്റേയും നല്ല നാളേയ്ക്കായി പൊൻ കണി കണ്ടുണരുന്ന ഓരോ മലയാളിക്കും ഇ മലയാളിയുടെ ഐശ്വര്യപൂർണമായ വിഷു ആശംസകൾ
മോഡൽസ് : സിത്താര സിത്തു
പവിത്ര വിജയൻ