Image

ഒരിക്കല്‍ ഒരു വേനല്‍ക്കാലരാത്രിയില്‍ (കഥ: പാര്‍വതി പി. ചന്ദ്രന്‍)

Published on 16 April, 2025
ഒരിക്കല്‍ ഒരു വേനല്‍ക്കാലരാത്രിയില്‍ (കഥ: പാര്‍വതി പി. ചന്ദ്രന്‍)

'ഒരിക്കല്‍ ഒരു വേനല്‍ക്കാലരാത്രിയില്‍'. ഒരുപാട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദൂരദര്‍ശനില്‍ കണ്ട ഒരു ടി.വി. സീരിയലിന്റെ പേരാണ് അത്. കൃത്യമായി പറഞ്ഞാല്‍ എനിയ്ക്ക് പത്തോ പതിനൊന്നോ വയസ് ഉണ്ടാവും അപ്പോള്‍. ഈയിടെയായി എന്തുകൊണ്ടോ ഓരോ വേനല്‍ക്കാലരാത്രികളും ആ പേര് മനസ്സിലേക്ക് കൊണ്ടുവരുന്നു. ഈ വേനല്‍ക്കാല രാത്രിയ്ക്ക് എന്തൊരു ചൂട്. തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം ശരിയാവുന്നില്ല. കൊതുകിന്റെ ശല്യം വേറെയും. യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലെ വാര്‍ഡന്റെ ചാര്‍ജ് ഏറ്റെടുത്തിട്ട് അഞ്ചുമാസമായി. ഹോസ്റ്റലില്‍ ഇത് കൂടാതെ വേറെയും മൂന്ന് വനിതാ ഹോസ്റ്റലുകള്‍ കൂടിയുണ്ട്. ഈ ഹോസ്റ്റല്‍ യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സിന് അടുത്താണ്. യൂണിവേഴ്‌സിറ്റിയിലെ പഴയ കെട്ടിടങ്ങളില്‍ ഒന്നാണ്. മറ്റ് ഹോസ്റ്റലുകള്‍ ഒക്കെ പുതിയ കെട്ടിടങ്ങള്‍ ആണ്. എന്നാലും മറ്റ് ഹോസ്റ്റലുകളേക്കാള്‍ ഓപ്പണ്‍ ഏരിയ ആണ്. മുറ്റത്തും  പരിസരത്തും നിറയെ പലതരം ചെടികളും ചെമ്പകമരവും ഉണ്ട്. യൂണിവേഴ്‌സിറ്റി ഇരിക്കുന്ന സ്ഥലത്തായിരുന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ സര്‍ക്കാരിന്റെ കശുമാവ് പ്ലാന്റേഷന്‍ ഉണ്ടായിരുന്നത്. പിന്നീട് സര്‍ക്കാര്‍ ഈ സ്ഥലം യൂണിവേഴ്‌സിറ്റിയ്ക്ക് വേണ്ടി കൊടുത്തതാണ്.
    'ഉറക്കം വരാന്‍ എന്താ മാര്‍ഗ്ഗം?' ഞാന്‍ പിന്നെയും ഉറക്കത്തെ പറ്റി ചിന്തിച്ചു. ഒരു രക്ഷയുമില്ല. ഫോണില്‍ യൂട്യൂബില്‍ 'ഒരിക്കല്‍ ഒരു വേനല്‍ക്കാല രാത്രിയില്‍' എന്ന് സെര്‍ച്ച് ചെയ്തു. അപ്പോള്‍ കയറി വന്നത് ദൂരദര്‍ശനില്‍ പണ്ട് സംപ്രേഷണം ചെയ്തിരുന്ന മറ്റുചില ടെലിഫിലിമുകളും സീരിയല്‍ ടൈറ്റില്‍ ഗാനങ്ങളും ആണ്. മുറിയ്ക്ക് ഉള്ളിലെ ചൂട് തീരെ സഹിക്കാന്‍ പറ്റുന്നില്ല. ഒന്ന് പുറത്തിറങ്ങിയാലോ? മൊബൈലില്‍ നോക്കിയപ്പോള്‍ സമയം പന്ത്രണ്ട് മണി കഴിഞ്ഞ് പത്ത് മിനിറ്റ്. പുറത്തേയ്ക്ക് ഇറങ്ങിയാല്‍ കുറച്ച് കാറ്റ് കിട്ടും. ഹോസ്റ്റലിന്റെ എന്‍ട്രന്‍സിലും മെയിന്‍ഗേറ്റിലും പ്രധാനപ്പെട്ട കെട്ടിടങ്ങളിലുമായി സെക്യൂരിറ്റിമാര്‍ ഉള്ളതുകൊണ്ട് പേടിയ്ക്കാന്‍ ഒന്നും ഇല്ല. പോരാത്തതിന് 'ഇരുപത്തിനാല് മണിക്കൂര്‍ ലൈബ്രറി ഉപയോഗിക്കുക' എന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യം യൂണിവേഴ്‌സിറ്റി അനുവദിച്ച് കൊടുത്തിട്ടുണ്ട്. അതുകൊണ്ട് കുട്ടികളും ഉണ്ടാവും വെളിയില്‍. മിക്കവാറും പേര്‍ ലൈബ്രറിയില്‍ ഉണ്ടാവില്ല. ഏതെങ്കിലും ഒരു മൂലയില്‍ കഥപറഞ്ഞ് ഇരിപ്പുണ്ടാവും. എന്തായാലും ഒന്ന് പുറത്തിറങ്ങിയേക്കാം.
    ''മാം, രാത്രിയില്‍ എങ്ങോട്ടാണ്?'' ഗേറ്റ് തുറക്കാന്‍ നേരം സെക്യൂരിറ്റി സുശീല ചേച്ചി ചോദിച്ചു.
    ''അകത്തെ ചൂട് സഹിക്കാന്‍ പറ്റുന്നില്ല ചേച്ചി. ഒന്ന് കാറ്റും തണുപ്പും കൊള്ളട്ടെ''. പുറത്തിറങ്ങിയപ്പോള്‍ തന്നെ നല്ല ആശ്വാസം തോന്നി. യൂണിവേഴ്‌സിറ്റിയിലെ ലൈറ്റുകള്‍ പ്രകാശിച്ചുനില്‍ക്കുന്നു. യൂണിവേഴ്‌സിറ്റിയില്‍ ചില ഇടവഴികള്‍ ഉണ്ട്. നേരെ മുന്നിലുണ്ട് ഒരു ഇടവഴി. മുന്‍പൊക്കെ ആ വഴിയ്ക്ക് ചുറ്റും കാടായിരുന്നു. ഇപ്പോള്‍ അവിടം തെളിച്ചിട്ടുണ്ട്. ഒന്ന് ആ വഴി നടന്ന് നോക്കിയാലോ? മനസ്സില്‍ ഒരു കൗതുകം തോന്നി. മൊബൈല്‍ കയ്യിലുണ്ട്. ആവശ്യം വന്നാല്‍ ലൈറ്റ് ഓണാക്കിയാല്‍ മതി. ''മാം, ആ വഴി ഒന്നും പോവണ്ട. വല്ല പാമ്പോ പഴുതാരയോ ഒക്കെ ഉണ്ടാവും''. സുശീല ചേച്ചി പുറകില്‍ നിന്നും വിളിച്ചു പറഞ്ഞു. ''അധികദൂരം പോവുന്നില്ല ചേച്ചി. ശ്രദ്ധിച്ചോളാം''. ചേച്ചിയ്ക്ക് മറുപടി കൊടുത്തു. രാത്രി നേരത്ത് ഇങ്ങനെ ഉള്ള വഴിയിലൂടെ നടന്ന് ഒട്ടും പരിചയമില്ല. എന്നാലും ഒന്ന് നോക്കാം. ചുറ്റുവട്ടത്തുള്ള വീടുകളിലെ ലൈറ്റുകള്‍ മിക്കതും അണഞ്ഞിട്ടുണ്ട്. ഇടയിലായി വെളുത്ത പെയിന്റടിച്ച ഒരു കെട്ടിടം ഉണ്ട്. കുറേക്കാലമായി ഉപയോഗിക്കാതെ ചുറ്റിലും കമ്മ്യൂണിസ്റ്റ്പച്ച ചെടികള്‍ പടര്‍ന്ന് നില്‍ക്കുന്നു. യൂണിവേഴ്‌സിറ്റിയുടെ കാലും കയ്യുമൊടിഞ്ഞ കസേരകള്‍ ആ കുഞ്ഞുകെട്ടിടത്തിനുള്ളില്‍ ഉണ്ട്. അല്‍പ്പംകൂടി മുന്നോട്ട് പോവാം. എന്തായാലും വേനല്‍ക്കാലരാത്രിയുടെ ഒരു ഗൂഢസൗന്ദര്യം അനുഭവിക്കാന്‍ കഴിയുന്നുണ്ട്. ചൂടില്‍ നിന്നുള്ള താല്‍ക്കാലിക മോചനവുമായി. ഇനി ഇത്തിരികൂടി നടന്നാല്‍ എന്റെ ഡിപ്പാര്‍ട്ട്‌മെന്റ് എത്തും. ഈ ഭാഗത്ത് ആളൊഴിഞ്ഞ പെയിന്റടിക്കാത്ത ചുമരോട് കൂടിയ ഒരു വീടുണ്ട്. വീടിന്റെ കാല്‍ഭാഗത്തോളം മറച്ചുകൊണ്ട് ചെമ്പരത്തി നില്‍ക്കുന്നു. പ്ലാന്റേഷനിലെ തൊഴിലാളികളിലാരുടെയോ പഴയ വീടാണ്. യൂണിവേഴ്‌സിറ്റി വന്നപ്പോള്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് യൂണിവേഴ്‌സിറ്റി മുന്‍കൈ എടുത്ത് പുതിയ വീട് വച്ചുകൊടുത്തിട്ടുണ്ട്. എവിടെ നിന്നോ ഒരു പഴയ ചലച്ചിത്രഗാനം ആരോ പാടുന്നത് കേള്‍ക്കാം. ചെവിയോര്‍ത്തു നോക്കി. ഒരു പെണ്ണിന്റെ ശബ്ദമാണ്. അകലെ നിന്നല്ല. തൊട്ടടുത്ത് നിന്നാണ് കേള്‍ക്കുന്നത്. വീട് ഇരിയ്ക്കുന്ന ഭാഗത്ത് നിന്നാണല്ലോ. ഞാന്‍ ശബ്ദമുണ്ടാക്കാതെ മുന്‍പോട്ട് നീങ്ങി. എന്റെ ഊഹം ശരിയാണ്. വീടിന്റെ ഒരു മൂലയില്‍ ആയി ഒരു പെണ്‍കുട്ടി ഇരുന്ന് പാടുന്നു. ''നിങ്ങള്‍ക്ക് ഇരുപത്തിനാല് മണിക്കൂര്‍ അനുവദിച്ചു തന്നിരിക്കുന്നത് ഇതിനാണോ? ലൈബ്രറിയില്‍ പോയിരുന്ന് പുസ്തകം റഫര്‍ ചെയ്യാനല്ലേ സമയം തന്നിരിക്കുന്നത്?'' ഞാന്‍ വാര്‍ഡന്റെ അധികാരം ഒന്ന് പ്രയോഗിച്ചു നോക്കി. അവള്‍ അല്പം പകച്ച് എന്നെ നോക്കി. ''ഇവിടെ നല്ല തണുപ്പുണ്ട്. അതാണ് ഇങ്ങോട്ട് വന്നത്''. അവള്‍ മറുപടി പറഞ്ഞു. അപ്പോള്‍ എനിയ്ക്ക് അവളോട് അനുതാപം തോന്നി. ''ഇയാളുടെ സുഹൃത്തുക്കള്‍ ഒന്നും എന്താ കൂടെയില്ലാത്തത്?'' എന്റെ ചോദ്യത്തിനുള്ള അവളുടെ മറുപടി മൗനമായിരുന്നു. അധികം സുഹൃത്തുക്കള്‍ ഒന്നും ഇല്ലാത്ത കൂട്ടത്തില്‍ ആയിരിക്കും. അങ്ങിനെ ഉള്ളവര്‍ അല്ലേ സദാസമയവും ഒറ്റയ്ക്ക് ഇരിക്കുന്നത്. കൂടുതല്‍ ചോദ്യങ്ങള്‍ ചോദിച്ച് വിഷമിപ്പിക്കേണ്ട. ഞാന്‍ മനസ്സില്‍ ഓര്‍ത്തു. ''ടീച്ചര്‍, ഇങ്ങോട്ട് വരുന്നോ? നമുക്ക് ഇവിടെ കുറച്ച് നേരം ഒരുമിച്ചിരിക്കാം''. അവളുടെ മുഖത്ത് ഒരു പ്രസന്നത നിറഞ്ഞു. ഞാന്‍ വിചാരിച്ചതിനേക്കാള്‍ ആള്‍ സ്മാര്‍ട്ടാണ്. എന്തായാലും കുറച്ചുനേരം ഈ വീട്ടുതിണ്ണയില്‍ ഇരുന്നു നോക്കാം. അടുത്തെത്തിയപ്പോള്‍ ആണ് ഞാന്‍ അവളെ വ്യക്തമായി കണ്ടത്. ചുരുണ്ട മുടി. വലിയ റിംഗ് കമ്മല്‍. മെലിഞ്ഞ ശരീരം. വലിയ കണ്ണുകള്‍ ആണ്. 
    ''എന്താ ഇയാള്‍ടെ പേര്?'' ഞാന്‍ തിരക്കി.
    ''പൗര്‍ണമി''. അവള്‍ മറുപടി പറഞ്ഞു.
    ''പൗര്‍ണമിയ്ക്ക് ഈ രാത്രി ഇങ്ങനെ ഒറ്റയ്ക്ക് ഇരിയ്ക്കാന്‍ പേടിയില്ലേ?''
    ''ഇല്ല ടീച്ചര്‍. എനിയ്ക്ക് പകലിനേക്കാള്‍ രാത്രിയാണ് ഇഷ്ടം. രാത്രികള്‍ക്ക് വല്ലാത്ത ഒരു ഗന്ധമുണ്ട്. ചെമ്പകവും മുല്ലയും പാലയും ഒക്കെ പൂക്കുമ്പോള്‍ ഉള്ള ഒരു വശ്യസുഗന്ധം''. അവള്‍ മറുപടി പറഞ്ഞു.
    ''ഇങ്ങനെ ഒക്കെ പറയാന്‍ നീ എന്താ യക്ഷിയാണോ?'' ഞാന്‍ ചിരിയടക്കികൊണ്ട് ചോദിച്ചു.
    ''അടുത്ത ഒരു ജന്മമുണ്ടെങ്കില്‍ യക്ഷിയായി ജനിയ്ക്കണം എന്നാണ് എന്റെ ആഗ്രഹം. എല്ലാ കെട്ടുപാടുകളില്‍ നിന്നും അകന്ന് യാതൊരു ഉത്തരവാദിത്വങ്ങളും ഇല്ലാതെ രാത്രിതോറും സഞ്ചരിക്കുക. രാത്രിയുടെ എല്ലാ ഗന്ധവും ആസ്വദിച്ച്........'' അത് പറയുമ്പോള്‍ രാത്രിയുടെ ഇരുളിലും നേര്‍ത്ത നിലാവെട്ടത്തിലും അവളുടെ കണ്ണുകള്‍ തിളങ്ങി. എനിയ്ക്ക് ആ സമയം അവളോട് ഭയം തോന്നി.
    ''പൗര്‍ണമിയുടെ വീട്ടില്‍ ആരൊക്കെയുണ്ട്?''. തിണ്ണയിലേക്ക് ചരിഞ്ഞുനില്‍ക്കുന്ന ചെമ്പരത്തിപ്പൂവ് നുള്ളിയെടുത്തു കൊണ്ട് ഞാന്‍ തിരക്കി.
    ''ഞാന്‍ അനാഥയാണ് ടീച്ചര്‍. അച്ഛന്‍ നേരത്തെ മരിച്ചു. അമ്മയെയും അനിയത്തിയെയും അമ്മയുടെ രണ്ടാം ഭര്‍ത്താവ് കൊന്നു. ഞാന്‍ എങ്ങിനെയോ രക്ഷപ്പെട്ടു''. പൗര്‍ണമി പറഞ്ഞ കാര്യങ്ങള്‍ കേട്ടപ്പോള്‍ ഞാന്‍ ഒന്ന് നടുങ്ങി. കൂടുതല്‍ ഒന്നും ഇനി കേള്‍ക്കണ്ട. ഞാന്‍ മനസ്സില്‍ തീരുമാനിച്ച് ഉറപ്പിച്ചു. ''പൗര്‍ണമി ഏത് ഡിപ്പാര്‍ട്ട്‌മെന്റാണ്? ഏത് ഹോസ്റ്റലില്‍ ആണ് താമസം? ഞാന്‍ ഹോസ്റ്റല്‍ നമ്പര്‍ ഒന്നിലെ വാര്‍ഡന്‍ ആണ്''.
    ''ഞാന്‍ ഹോസ്റ്റല്‍ നമ്പര്‍ രണ്ടില്‍ ആണ് താമസം. ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്‌മെന്റ് ആണ്. ടീച്ചര്‍ ഏതാണ് സബ്ജക്ട്?'' 
    ''ഞാന്‍ മലയാളം ആണ്. ഇംഗ്ലീഷ് സാഹിത്യം പഠിച്ചവര്‍ക്ക് മലയാളത്തോട് പൊതുവെ ഇഷ്ടം കാണാറുണ്ട്. പൗര്‍ണമി മലയാളം ബുക്‌സ് വായിക്കാറുണ്ടോ?''
    ''വായിക്കാറുണ്ട് ടീച്ചര്‍. മലയാറ്റൂരിന്റെ യക്ഷി ഒരുപാട് ഇഷ്ടം ആണ്. അതിലെ നായികയെ പോലെ ഒരു യക്ഷിയായി മാറണം എനിയ്ക്ക്''.
    യക്ഷിയായി മാറിയിട്ട് ഇവള്‍ക്ക് അമ്മയെയും അനിയത്തിയെയും കൊന്നതിന് രണ്ടാനച്ഛനോട് പകരം വീട്ടാനായിരിക്കും. ഞാന്‍ മനസ്സില്‍ ഓര്‍ത്തു.
    ''എന്തൊരു ചൂടാണ് ടീച്ചര്‍. സഹിയ്ക്കാന്‍ പറ്റുന്നില്ല''. പൗര്‍ണമി തന്റെ അഴിഞ്ഞു കിടക്കുന്ന മുടി ഉച്ചിയിലേക്ക് ഉയര്‍ത്തികെട്ടി. 
    ''ദൈവമേ എത്ര സമൃദ്ധമായ മുടി. യക്ഷിയെപോലെ''.
    ഞാന്‍ മനസ്സില്‍ ചിന്തിച്ചു. ഞാന്‍ പുറത്തെ നിലാവെളിച്ചത്തിലേക്ക് നോക്കി. വേനല്‍ക്കാലരാത്രികള്‍ക്ക് സൗന്ദര്യം കൂടും. മഴക്കാറോ മിന്നലോ ഇല്ലാതെ ഒരു സ്വച്ഛന്ദ സൗന്ദര്യം.
    ''ടീച്ചര്‍ മലയാളം അല്ലേ പഠിപ്പിക്കുന്നത്. അപ്പോള്‍ ഒരുപാട് കഥകള്‍ അറിയാമായിരിക്കുമല്ലോ. ടീച്ചറിന് യക്ഷിക്കഥകള്‍ അറിയാമോ?'' പൗര്‍ണമി തിരക്കി.
    ''ആ ഏരിയ എനിയ്ക്ക് അത്ര പിടുത്തമില്ല. കുട്ടിക്കാലത്ത് യക്ഷിക്കഥകള്‍ കേട്ട് പേടിച്ചിട്ടുണ്ട്. പിന്നെ ഞാന്‍ നല്ല രസമുള്ള കഥകള്‍ കേള്‍ക്കുന്നത് ഇവിടെ വന്ന് കഴിഞ്ഞാണ്. പണ്ട് പ്ലാന്റേഷന്‍ ആയിരുന്നല്ലോ ഇവിടെ മുഴുവന്‍. കാലങ്ങള്‍ക്ക് മുമ്പ് നമ്മുടെ പോലീസും നിയമവും ഒക്കെ അത്ര സ്‌ട്രോങ്ങ് ആയിരുന്നില്ലല്ലോ. അന്ന് ഇവിടെ ദുര്‍മരണങ്ങള്‍ ഒക്കെ പതിവായിരുന്നു എന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. പ്ലാന്റേഷനും പിന്നെ കാടുമായിരുന്നല്ലോ ഇവിടം. കൊല്ലും കൊലയും ഒക്കെ നടന്നിരുന്നു എന്നാണ് കേള്‍വി. കാലം എത്ര കഴിഞ്ഞെങ്കിലും ആളുകളുടെ മനസ്സില്‍ നിന്നും ഇതൊന്നും പോയിട്ടില്ല. ആ കഥകളൊക്കെ ഇപ്പോഴും യക്ഷി, പ്രേതം, നെഗറ്റീവ് എനര്‍ജി ഇങ്ങനെ പല പേരുകളില്‍ ഇവിടെ ഒക്കെ ഇപ്പോഴും പറന്നുനടക്കുന്നു''.
    ''ടീച്ചറിന് അതിലൊക്കെ വിശ്വാസമുണ്ടോ?''    
    ''വിശ്വാസം ഒന്നുമില്ല. പക്ഷെ അതീന്ദ്രിയകഥകള്‍ കേള്‍ക്കാന്‍ ഉള്ള മനുഷ്യസഹജമായ കൗതുകം ഉണ്ടല്ലോ. അതുണ്ട്''.
    ''ടീച്ചര്‍ കേട്ടിട്ടുള്ള കഥകള്‍ ഏതൊക്കെയാണ്? ഒന്ന് പറയൂ. കേള്‍ക്കട്ടെ''.
    ''അങ്ങനെ ഒരുപാട് ഒന്നുമില്ല. പറയാം. ഇവിടെ ഹിന്ദി വിഭാഗത്തില്‍ മുന്‍പ് ഒരു ടീച്ചര്‍ ഉണ്ടായിരുന്നു. പ്രൊഫസര്‍ രമാകൃഷ്ണന്‍. ടീച്ചര്‍ റിട്ടയേര്‍ഡ് ആയി. ടീച്ചര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡ് ആയിരുന്ന സയത്ത് ആണ്. ആ സമയത്ത് ടീച്ചര്‍ വൈകുന്നേരം കൂടുതല്‍ സമയം ഡിപ്പാര്‍ട്ട്‌മെന്റില്‍ ഉണ്ടാവും. അങ്ങിനെ ഇരിയ്ക്കുന്ന ഒരു ദിവസം സന്ധ്യയ്ക്ക് ജനാലയ്ക്ക് അപ്പുറം ഒരു കറുത്ത നിഴല്‍രൂപം നീങ്ങുന്നത് ടീച്ചര്‍ കണ്ടെന്നാണ് പറഞ്ഞത്. അതോടുകൂടി ടീച്ചര്‍ വൈകുന്നേരം അധികസമയം റൂമില്‍ ഇരിയ്ക്കുന്നത് നിര്‍ത്തി. നേരത്തെ വീട്ടില്‍ പോകുവാന്‍ തുടങ്ങി. അതുകഴിഞ്ഞ് ഞങ്ങളുടെ ഡിപ്പാര്‍ട്ട്‌മെന്റിലെ രണ്ടു സാറുമ്മാരും ഇങ്ങനെ അസ്വഭാവിക കാഴ്ച കണ്ടെന്നാണ് പറഞ്ഞത്. അവരും പ്രായമുള്ള അധ്യാപകര്‍ ആണ്. അതില്‍ ഒരാള്‍ക്ക് പനി പിടിച്ചു. ഇതൊക്കെ പിന്നെ പ്രായമായി കഴിയുമ്പോള്‍ ഉള്ള ഓരോ തോന്നലുകള്‍ അല്ലേ. പക്ഷെ പ്രായം കുറഞ്ഞവര്‍ക്കും ഉണ്ട് ഇമ്മാതിരി തോന്നലുകളും പേടിയുമൊക്കെ. ഇവിടുത്തെ ആംബുലന്‍സ് ഡ്രൈവര്‍ നിതീഷ് ഒരിയ്ക്കല്‍ പേടിച്ച് പനി പിടിച്ചു കിടന്നു. ഏതോ ഹോസ്പിറ്റല്‍ കേസുമായി ബന്ധപ്പെട്ട് പുറത്ത് പോയി രാത്രി കുറച്ച് വൈകിയാണ് കിടക്കാനായി നിതീഷ് ഹോസ്റ്റലില്‍ എത്തിയത്. ഭക്ഷണം കഴിക്കുവാനായി അടുക്കളയില്‍ എത്തിയ നിതീഷ് അവിടെ കുക്ക് ശശിയേട്ടന്‍ തനിയ്ക്ക് പുറംതിരിഞ്ഞ് വാഷ്‌ബേസിന് അഭിമുഖം ആയി നിന്ന് പാത്രം കഴുകുന്നത് കണ്ടു. 'ഇത്ര നേരായിട്ടും പണി തീര്‍ന്നില്ലേ ശശിയേട്ടാ..... കിടക്കാറായില്ലേ?' എന്ന് നിതീഷ് ചോദിച്ചെങ്കിലും ശശിയേട്ടന്‍ മറുപടി പറഞ്ഞില്ല. നിതീഷ് ഭക്ഷണം കഴിച്ചിട്ട് കിടക്കാന്‍ പോയി. പിറ്റേന്ന് രാവിലെ ശശിയേട്ടനെ കണ്ടപ്പോള്‍ നിതീഷ് ചോദിച്ചു. 'നിങ്ങള്‍ എന്താണ് ശശിയേട്ടാ ഇന്നലെ രാത്രി എന്നോട്ട് മിണ്ടാതെ ഇരുന്നത്' എന്ന്. 'ഞാന്‍ ഇന്നലെ രാത്രി ഹോസ്റ്റലില്‍ ഉണ്ടായിരുന്നില്ല' എന്നായിരുന്നു ശശിയേട്ടന്റെ മറുപടി. പാവം നിതീഷ് അന്ന് പേടിച്ചു പനി പിടിച്ചു കിടപ്പിലായി എന്നാണ് കേട്ടത്''.
    ''എന്തായാലും ഈ കഥകള്‍ കേള്‍ക്കാന്‍ രസമുണ്ട്. സ്റ്റോക്ക് ഇനിയുമുണ്ടോ ടീച്ചര്‍?''.
    ''തീര്‍ന്നിട്ടൊന്നുമില്ല. ഇനിയുമുണ്ട്. ഇന്ന് ഇനി ഇത് മതി. ഇവിടെ ഇങ്ങനെ ഒറ്റയ്ക്ക് ഇരിയ്ക്കണ്ട പൗര്‍ണമി. നമുക്ക് ഹോസ്റ്റലിലേക്ക് പോവാം''.
    ''ഓക്കെ ടീച്ചര്‍. പിന്നെ എനിയ്ക്ക് രാത്രികളെ തീരെ ഭയമില്ല ടീച്ചര്‍. നമുക്ക് എന്തായാലും നടക്കാം''. പൗര്‍ണമി എഴുന്നേറ്റു. 
    മൊബൈല്‍ ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ ഞാന്‍ പൗര്‍ണമിയ്ക്ക് ഒപ്പം നടന്നു.
    പൗര്‍ണമി പറയുന്നത് പോലെ രാത്രികള്‍ക്ക് എന്തോ മാദകഗന്ധം ഉണ്ട്. പാല പൂക്കുന്ന ഗന്ധം.
    ''ടീച്ചര്‍ ശ്രദ്ധിച്ചു നടക്കണേ. പാമ്പോ തേളോ ഒക്കെ കാണും വഴിയില്‍. സൂക്ഷിക്കണം''. പൗര്‍ണമി നടക്കുന്നതിനിടയില്‍ പറഞ്ഞു.
    ''ആറുവര്‍ഷം മുന്‍പ് ഞാന്‍ ഇവിടെ ജോയിന്‍ ചെയ്ത സമയത്ത് ആണ് പുതിയ വിമന്‍സ് ഹോസ്റ്റലിന്റെ ഉദ്ഘാടനം നടന്നത്. ഇപ്പോള്‍ പൗര്‍ണമി താമസിക്കുന്ന ഹോസ്റ്റല്‍. അന്ന് ഹോസ്റ്റലിലെ അടുക്കളയില്‍ പണിയ്ക്ക് ഒരു വനജ ചേച്ചി ഉണ്ടായിരുന്നു. ചേച്ചി ഒരു ദിവസം അടുക്കളയില്‍ കയറിയപ്പോള്‍ അതിന്റെ വാതില്‍ ആരോ പുറത്ത് നിന്ന് പൂട്ടിയത്രെ. വെളുപ്പിനേ നാലുമണിയ്ക്ക് ആണ്. വേറെ ജോലിക്കാര്‍ ആരെങ്കിലും അബദ്ധത്തില്‍ ചെയ്തത് ആവും എന്നാണ് കരുതിയത്. ചേച്ചി അകത്ത് നിന്നും ഉറക്കെ കുറേ വിളിച്ചു. വിളികേട്ട് ആരോ വന്നു വാതില്‍ തുറന്നു. പക്ഷെ ആരും ആ ഭാഗത്തേയ്ക്ക് അതിന് മുന്‍പ് വന്നിരുന്നില്ല എന്ന് പറഞ്ഞു. എല്ലാവരും ഉറക്കത്തില്‍ ആയിരുന്നു. ഇതും പറഞ്ഞുകേട്ടിട്ടുള്ള കഥ ആണ്. സത്യാവസ്ഥയെ പറ്റിയൊന്നും അറിയില്ല. പലര്‍ക്കും ഇങ്ങനെ നെഗറ്റീവ് അനുഭവങ്ങള്‍ ഉണ്ടായപ്പോള്‍ മേട്രന്മാരുടെ അടുത്ത് ആരോ പറഞ്ഞു പ്രാവുകളെ വളര്‍ത്താന്‍. അങ്ങനെ ഹോസ്റ്റല്‍ വളപ്പില്‍ നിറയെ പ്രാവുകള്‍ വന്നു. പണ്ട് കാലത്ത് ഇവിടെ നിന്നും ടൗണിലേക്ക് പോവുന്ന വഴിയ്ക്കുള്ള ചില സ്ഥലങ്ങള്‍ ഒക്കെ ഒരു സമയം കഴിഞ്ഞാല്‍ സ്ത്രീകള്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ പറ്റാത്തതായിരുന്നു എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്''. ഞാന്‍ നടക്കുന്നതിനിടയിലെ കിതപ്പടക്കി. 
    ''ടീച്ചര്‍ ഈ വിഷയത്തില്‍ കാര്യമായി തന്നെ ഗവേഷണം നടത്തിയിട്ടുണ്ടെന്ന് തോന്നുന്നു''. പൗര്‍ണമി ചിരിച്ചു. അപ്പോള്‍ അവളുടെ ആ ചിരിയ്ക്ക് നിലാവെളിച്ചത്തേക്കാള്‍ ഭംഗിയുള്ളതായി എനിയ്ക്ക് തോന്നി.
    ''ഏയ്, അങ്ങിനെ ഒന്നുമില്ല. കേട്ടറിവുകള്‍ ആണ് പലതും. സുഹൃത്തുക്കള്‍ എല്ലാം വെക്കേഷന് വീട്ടില്‍ പോയിരിക്കുന്നു. ഗോസ്റ്റിനെ ഭയമാണ്. അതുകൊണ്ട് ഹോസ്റ്റലിലെ തന്റെ മുറിയില്‍ കൂട്ടിന് ഒരാളെ നിര്‍ത്തണം എന്ന് ഒരു ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ് റിക്വസ്റ്റ് മെയില്‍ അയച്ച സംഭവം വരെ ഉണ്ടായിട്ടുണ്ട് ഇവിടെ''.
    അതുകേട്ടതും പൗര്‍ണമി നിര്‍ത്താതെ ചിരിയ്ക്കുവാന്‍ തുടങ്ങി. 
    ''പൊന്നു ടീച്ചറേ, ഇങ്ങനെ ചിരിപ്പിയ്ക്കാതെ. കൊള്ളാമല്ലോ ആ ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്''.
    ''പാവം, ഇങ്ങനെ ഓരോ കഥകള്‍ കേട്ട് പേടിച്ചിട്ടാണ്''. 
    ഞങ്ങള്‍ എന്റെ ഹോസ്റ്റലിന്റെ മുന്‍പില്‍ എത്തി. പൗര്‍ണമിയുടെ ഹോസ്റ്റലിലേക്ക് അവിടെ നിന്നും അല്‍പംകൂടി നടക്കുവാനുണ്ട്.
    ''എനിയ്ക്ക് പൗര്‍ണമിയുടെ ഫോണ്‍ നമ്പര്‍ തരാമോ? ഇടയ്ക്ക് നമുക്ക് ഫോണിലും യക്ഷിക്കഥകള്‍ പറയാം''.
    പൗര്‍ണമി പറഞ്ഞ നമ്പര്‍ ഞാന്‍ സേവ് ചെയ്തു.
    ''അപ്പോള്‍ ശരി ടീച്ചര്‍. ഗുഡ്‌നൈറ്റ്''.
    ''ഗുഡ്‌നൈറ്റ് പൗര്‍ണമി''.
    രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ പൗര്‍ണമിയുടെ നമ്പരിലേക്ക് വിളിച്ചു നോക്കി. ഈ നമ്പര്‍ നിലവിലില്ല എന്നുള്ള മറുപടിയാണ് വിളിച്ചു നോക്കുമ്പോള്‍ കിട്ടുന്നത്. 
    ''മാം, ഇരുപത്തിനാലു മണിക്കൂര്‍ ലൈബ്രറി സംവിധാനം യൂണിവേഴ്‌സിറ്റി ഒഴിവാക്കി. കുട്ടികളില്‍ പലരും ലൈബ്രറിയില്‍ പോവാതെ അവിടെയും ഇവിടെയും ഒക്കെയായി അലഞ്ഞു നടക്കുന്നു. സമയം പതിനൊന്ന് മണിവരെ മാത്രമാക്കി മാറ്റിയിട്ടുണ്ട്''. മേട്രന്‍ കണ്ടപ്പോള്‍ പറഞ്ഞു.
    അപ്പോള്‍ ഇനി പാതിരാനേരത്തും പൗര്‍ണമിയെ കണ്ടുമുട്ടില്ല. ഫോണില്‍ വിളിച്ചിട്ട് കിട്ടുന്നുമില്ല. ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ചെന്ന് നേരില്‍ കാണാം.
    ''ടീച്ചര്‍, കുറേ നാള്‍ ആയല്ലോ കണ്ടിട്ട്? എന്താണ് പതിവില്ലാതെ ഈ വഴിയൊക്കെ?'' ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്‌മെന്റിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. നിഷയാണ്. 
    ''ടീച്ചര്‍, ഇവിടെ പൗര്‍ണമി എന്നൊരു സ്റ്റുഡന്റ് ഉണ്ടല്ലോ. ഞാന്‍ ആ കുട്ടിയെ ഒന്ന് കാണുവാന്‍ വന്നത് ആണ്''.
    ''പൗര്‍ണമിയോ? അങ്ങിനെ ഒരു സ്റ്റുഡന്റ് ഞങ്ങള്‍ക്ക് ഇല്ലല്ലോ. ടീച്ചറിന് ആളുമാറിപോയത് ആവും''. നിഷ ടീച്ചര്‍ പറഞ്ഞു.
    ''ഇല്ല നിഷ ടീച്ചറേ, മാറിപോയത് അല്ല. ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്‌മെന്റ് എന്നാണ് അവള്‍ എന്നോട് പറഞ്ഞത്''.
    ''പക്ഷെ, ഇവിടെ അങ്ങിനെ ഒരാള്‍ ഇല്ല. അത് ഉറപ്പാണ്. സംശയമുണ്ടെങ്കില്‍ ടീച്ചര്‍ ഞങ്ങളുടെ ഹെഡ് സ്റ്റീഫന്‍ സാറിനോട് ചോദിച്ച് നോക്കിക്കോളൂ''.
    ''പൗര്‍ണമി എന്നൊരു സ്റ്റുഡന്റ് ഞങ്ങള്‍ക്ക് ഇല്ല ടീച്ചറേ''. സ്റ്റീഫന്‍ സാര്‍ പറഞ്ഞു.
    ക്ലാസ് കഴിഞ്ഞതേ നേരെ പൗര്‍ണമി താമസിക്കുന്നതായി പറഞ്ഞ ഹോസ്റ്റലില്‍ എത്തി. 
    ''മേട്രന്‍, ഇവിടെ പൗര്‍ണമി എന്നൊരു വിദ്യാര്‍ത്ഥിനി താമസിക്കുന്നുണ്ടോ?''        ''ഇല്ലല്ലോ മാം. ഇവിടെ അങ്ങിനെ ഒരാള്‍ ഇല്ല. ഇവിടെ മാത്രമല്ല, മറ്റേ രണ്ടു ഹോസ്റ്റലിലും അങ്ങിനെ ഒരാള്‍ ഇല്ല. ഉണ്ടെങ്കില്‍ ഞങ്ങള്‍ അറിയാതെ ഇരിയ്ക്കില്ലല്ലോ''.
    മൂന്ന് ഹോസ്റ്റലിന്റെയും ചുമതലയുള്ള രണ്ട് മേട്രന്മാരും ഉറപ്പിച്ചു പറഞ്ഞു.
    ''മാഡത്തിന് സംശയം ഉണ്ടെങ്കില്‍ രജിസ്റ്റര്‍ ബുക്ക് നോക്കിക്കോളൂ''. മേട്രന്‍ രജിസ്റ്റര്‍ ബുക്ക് എടുത്തു തന്നു. ഞാന്‍ ആകാംക്ഷയോടെ രജിസ്റ്റര്‍ ബുക്ക് വിശദമായി തന്നെ നോക്കി. ഇല്ല! അങ്ങിനെ ഒരാള്‍ ഇല്ല! ഇനി കാണേണ്ടത് സെക്യൂരിറ്റി ഓഫീസറെ ആണ്.
    ''മാഡം ഇരിയ്ക്കൂ. എന്താണ് അറിയേണ്ടത്?''
    സെക്യൂരിറ്റി ഓഫീസര്‍ അഭിജിത്ത് തിരക്കി. 
    എങ്ങിനെയാണ് ഇവിടുത്തെ സ്റ്റുഡന്റ് അല്ലാത്ത ഒരാള്‍ രാത്രിയില്‍ ഈ ക്യാംപസ് വളപ്പില്‍ കയറിയത് എന്നായിരുന്നു എനിയ്ക്ക് അറിയേണ്ടത്. ഞാന്‍ വിശദമായി തന്നെ കാര്യങ്ങള്‍ പറഞ്ഞു.
    ''അത് വല്ല കഞ്ചാവുകേസും ആയിരിക്കും ടീച്ചറേ. ടീച്ചര്‍ അത് വിട്ടേക്ക്''.
    അഭിജിത്ത് തന്റെ മുന്‍പില്‍ ഇരുന്ന ലാപ്‌ടോപ്പ് ഓണാക്കികൊണ്ട് പറഞ്ഞു. 
    അന്ന് രാത്രി തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വന്നില്ല. പൗര്‍ണമീ, എന്ന് ഉറക്കെ വിളിക്കുവാന്‍ ഞാന്‍ വല്ലാതെ ആഗ്രഹിച്ചു. ഇടയ്ക്ക് എപ്പോഴോ ഞാന്‍ ഉറങ്ങിപോയി. സമൃദ്ധമായ മുടി അഴിച്ചിട്ട് മന്ദഹസിക്കുന്ന പൗര്‍ണമി എന്റെ ഉറക്കത്തില്‍ പ്രത്യക്ഷപ്പെട്ടു. പോകെ പോകെ അവള്‍ ഒരു യക്ഷിയുടെ രൂപം പൂണ്ടു. ഞാന്‍ ഞെട്ടിയുണര്‍ന്നു.
    ഒരു മാസം കഴിഞ്ഞു. ഞാനും പൗര്‍ണമിയും സംസാരിച്ചു പിരിഞ്ഞ ആ ഇടവഴി വീണ്ടും പഴയതുപോലെ കാട് പിടിച്ചുതുടങ്ങിയിരിക്കുന്നു. ക്യാംപസ് ഡെവലപ്‌മെന്റ് ഓഫീസര്‍ ജോബി സാര്‍ കാട് തെളിയ്ക്കുന്നതിനായുള്ള നിര്‍ദ്ദേശങ്ങള്‍ കൊടുക്കുന്നു. സൂപ്പര്‍വൈസര്‍ ലക്ഷ്മണേട്ടന്‍ അടുത്ത് നില്‍പ്പുണ്ട്.

    ''കാടൊക്കെ വെട്ടിത്തെളിക്കുകയാണ് ടീച്ചറേ''. ലക്ഷ്മണേട്ടന്‍ കണ്ടപ്പോള്‍ തന്നെ ചിരിച്ചുകൊണ്ട് പറഞ്ഞു. 
    ''ഭൂതകാലം എന്നത് പ്രേതം പോലെയാണ്. എത്ര പുറത്താക്കുവാന്‍ ശ്രമിച്ചാലും അത് ഇങ്ങനെ പാറി പറന്ന് നടക്കും. കഥകളും വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളുമൊക്കെയായി. ആവശ്യമില്ലാത്തതിനെ ഒക്കെ പുറത്താക്ക ണമെങ്കില്‍ വലിയ ശുദ്ധികലശം തന്നെ വേണ്ടിവരും. യൂണിവേഴ്‌സിറ്റിയിലെ പല കാടുകളും ഇനിയും വെട്ടിത്തെളിക്കുവാനും പുതുവഴികളാക്കാനുമുണ്ട്''. ലക്ഷ്മണേട്ടന്‍ പറഞ്ഞുനിര്‍ത്തി. ചെറുതായി കാറ്റടിച്ചു. ചാറ്റല്‍ മഴ പെയ്തു. പുതുമണ്ണില്‍ മഴ വീഴുമ്പോള്‍ ഉള്ള ഗന്ധം മൂക്കിലേക്ക് തുളച്ചുകയറി. ഞാന്‍ ഹോസ്റ്റലിലെ എന്റെ മുറിയിലേക്ക് നടന്നു. മേശയ്ക്കുള്ളിലെ ഡ്രോയില്‍ നിന്നും നോട്ട്ബുക്കും പേനയുമെടുത്തു. പുറത്ത് പെയ്യുന്ന മഴയുടെ നനുത്ത ശബ്ദം കേട്ടുകൊണ്ട് നോട്ട്ബുക്കിന്റെ താളില്‍ കുറിച്ചു. 
    'ഒരിയ്ക്കല്‍ ഒരു വേനല്‍ക്കാലരാത്രിയില്‍'.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക