Image

അടയാളങ്ങൾ അവശേഷിപ്പിക്കുന്നത് (കഥ: സിന്ധു തോമസ്)

Published on 16 April, 2025
അടയാളങ്ങൾ അവശേഷിപ്പിക്കുന്നത് (കഥ: സിന്ധു തോമസ്)

അവളുടെ സന്ധ്യകൾ ഒരിക്കലും സന്തോഷം നിറഞ്ഞവയായിരുന്നില്ല. പകലിനോടുള്ള പ്രണയം കൊണ്ടല്ല, ഇരുളിനെ ഭയന്നിട്ടുമല്ല.

പകൽ രാത്രിക്ക് വഴിമാറുന്ന മൂവന്തികൾ അവൾക്കും പ്രിയങ്കരങ്ങളായിരുന്നു, വിവാഹത്തിന് മുൻപ് .

ഇപ്പോൾ ഓരോ അന്തികളും മറയുന്നത് അയാളേക്കുറിച്ചുള്ള ആശങ്കകൾ സമ്മാനിച്ചു കൊണ്ടാണ്.

വീട്ടിലേക്കുള്ള അയാളുടെ
യാത്രകളെന്നുo രാത്രി വൈകിയായിരുന്നു.ഇരുൾക്കയങ്ങൾക്ക് മേൽ നിലാവെളിച്ചം ജയംവരിച്ച കുളിരാർന്ന രാത്രികൾ... നിലാവിലേക്ക് മഞ്ഞ് പ്രവഹിക്കുന്ന രാത്രികൾ അയാൾക്ക് പ്രിയങ്കരങ്ങളായിരുന്നു.
പകലുദിക്കും മുൻപേ തുടങ്ങുന്ന യാത്രകൾ...

ഇരുളിൽ മിന്നിത്തെളിയുന്ന മിന്നാമിനുങ്ങികളോടയാൾക്ക് എന്നു പ്രണയമായിരുന്നു.
തനിക്കായി വഴിക്കണ്ണുമായി കാത്തിരിക്കുന്ന, തന്റെ ജീവിതത്തിൻ്റെ വെളിച്ചമായവളെ അപ്പോഴൊക്കെ അയാൾ മറക്കുമായിരുന്നു.

പകലുദിച്ചാൽ നിഷ്പ്രഭമാകുന്ന മിന്നാമിനുങ്ങുകളുടെ ഇത്തിരി വെട്ടങ്ങളിലേക്ക് പലപ്പോഴും കാലിടറി അയാൾ!

     സന്ധ്യാ പ്രാർത്ഥനക്ക് തയാറെടുക്കുമ്പോഴെല്ലാം അന്നു പകൽ കണ്ട ഒരു കാഴ്‌ച്ചയായിരുന്നു അവളുടെ മനസ്സ് നിറയെ അപ്പോൾ.

കണ്മുൻപിൽ രണ്ടിണകൾ തെളിഞ്ഞു വരുന്നു.

അവർ ഉയരങ്ങളിലേക്ക് പറന്നൊരു മരക്കൊമ്പിൽ ചേർന്നിരുന്നു. പറന്നുവന്നൊരു ചെറുപ്രാണിയെ ആ ൺപക്ഷി ചുണ്ടിൽ കുരുക്കിയ ശേഷം പെൺപക്ഷിയുടെ ചുണ്ടിനോട് ചേർത്തു.

പിന്നെ, സാവധാനം പെൺപക്ഷി ആ ൺപക്ഷി കണ്ടു വച്ചിരുന്ന മരപ്പൊത്തിൻ്റെ സുരക്ഷിതത്വത്തിലേക്ക് ഇറങ്ങി.ലഭ്യമായതെല്ലാം കൊത്തിയെടുത്ത് ആൺപക്ഷി പെൺപക്ഷിക്കായി കൂടൊരുക്കി. എന്തെല്ലാം ചെയ്തിട്ടും തൃപ്തിയാകാതെ മരത്തിനു ചുറ്റും പറന്നു. അതിന്റെ ലോകം ഒരു മരപ്പൊത്തിലേക്ക് ചുരുങ്ങിയതുപോലെ.

തൂവൽ കൊഴിഞ്ഞു നഗ്നയായ പെൺ വേഴാമ്പലിനു മുട്ടയിടാൻ , ഇണയെ സുരക്ഷിതയാക്കി, കൊക്ക് മാത്രം പുറത്തു കാണും വിധം കൂടൊരുക്കുന്ന ആൺ വേഴാമ്പൽ.
തീറ്റിയുമായി വരുന്ന പ്രിയപ്പെട്ടവനെ കാത്തു ധ്യാനിച്ചിരിക്കുന്ന സഖി.തീറ്റ തേടി പോയ ഇണ അപകടം പറ്റി ചത്താൽ കൂട്ടിൽ പെൺ ഇണയുo തീറ്റ കിട്ടാതെ...
അവൾ ആ ഓർമ്മയിലൊന്ന് നടുങ്ങി.

അയാൾ കടന്നു വരുമ്പോൾ അവളും കുഞ്ഞുങ്ങളും മുട്ടുകുത്തി പ്രാർത്ഥനയിലായിരുന്നു.

മനോഹരമായി അലങ്കരിച്ച രൂപക്കൂടിനുള്ളിൽ നിന്നും തിരുകുടുംബം അവരുടെ പ്രാർത്ഥനകൾ നിശബ്‍ദമായി കേട്ടുകൊണ്ടിരുന്നു.
നക്ഷത്രങ്ങൾ ആകാശത്തു വിരിയാത്ത, നിലാവ് വിരുന്നിനു പോയൊരു രാത്രി. അയാളുടെ വരവ് പ്രതീക്ഷിച്ച പോലെ പൂമുഖ വാതിൽ തുറന്നു കിടന്നിരുന്നു. കാൽ പെരുമാറ്റം കേട്ട് കുട്ടികൾ തിരിഞ്ഞു നോക്കി.

ശ്....അവൾ ചുണ്ടത്തു വിരൽ വച്ചു, പിന്നെ അല്പം കൂടി ഉച്ചത്തിൽ കരുണ കൊന്ത ചൊല്ലാൻ തുടങ്ങി.

അയാൾ അവളെ സൂക്ഷിച്ചു നോക്കി. രുപക്കൂട്ടിൽ തെളിഞ്ഞു കത്തുന്ന മെഴുകുതിരികളുടെ വെളിച്ചത്തിലും മറ്റു ദീപാലങ്കാരങ്ങളിലും വിളങ്ങി ,സ്നേഹവും സഹനവും പ്രാർത്ഥനയും വഴി ഭർത്താവിനേയും മകനേയും നേരിൻ്റെ വഴിയിലേക്ക് നയിച്ച വിശുദ്ധ മോണിക്കാ പുണ്യവതി.

രൂപക്കൂട്ടിലെ മുഖം തന്നെയാണ് തൻ്റെ ഭാര്യക്കുമെന്നയാൾക്ക് തോന്നി. ഉരുകിയൊലിക്കുന്ന മെഴുകുതിരികൾ അവളുടെ കണ്ണുനീരുമായി ചേർന്ന് തൻ്റെ ഹൃദയത്തിലേക്ക് പ്രവഹിക്കുന്നതു പോലെ അയാൾക്ക് തോന്നി.ആ ചൂടിൽ ഉള്ളം നീറുന്നു.

ആകാശത്തു നിന്ന് രണ്ട് തൂവെള്ള ചിറകുകൾ പറന്നു വന്ന് അവളുടെ തോ ളുകളോടു ചേരുന്നതുപോലെ! ഭ്രമ കൽപ്പനകളിൽ നിന്ന് സ്വയം രക്ഷപ്പെടാനാകാതെ അയാൾ കണ്ണുകൾ ഇറുകെ അടച്ചു.

സന്ധ്യാ പ്രാർത്ഥനകളിൽ അയാൾക്ക് വിശ്വാസം ഉണ്ടായിരുന്നില്ല. സ്വന്തം സ്ഥാപനമടച്ചു വീട്ടിൽ വരുമ്പോൾ കുഞ്ഞുങ്ങൾ ഉറക്കത്തിലാകും. അവൾ കാത്തിരുന്ന് മടുത്ത് സെറ്റിയിൽ മയങ്ങുന്നത് പതിവ് കാഴ്ച.

ഇന്ന് പക്ഷെ എല്ലാത്തിനും മാറ്റം വന്നിരിക്കുന്നു.
കുരിശുവര പൂർത്തീകരിച്ച് കുഞ്ഞുങ്ങൾ അവൾക്ക് സ്തുതി നൽകി അയാളുടെ അടുത്തേക്ക് ഓടിവന്നു.
അയാൾ മക്കളെ അരികിലേക്ക് ചേർത്തണച്ചു.
അവളൊന്നും കാണാത്ത മട്ടിൽ എരിഞ്ഞു കൊണ്ടിരുന്ന മെഴുതിരികൾ മെല്ലെ ഊതിക്കെടുത്തി.

"മേലുകഴുകി വരു, നല്ല ക്ഷീണം കാണും. ഞാൻ അത്താഴം എടുത്തു വയ്ക്കാം " അവൾ അയാളുടെ മുഖത്തേക്ക് നോക്കി പറഞ്ഞു. അവളുടെ കണ്ണുകളിൽ പതിവില്ലാത്തൊരു തിളക്കം അയാൾ കണ്ടു. വെളിച്ചത്തിന്റെയൊരു തുണ്ടുമായൊരു മിന്നാ മിന്നി അകത്തേക്ക് പറന്നു വന്നു.അവൾ മുൻവാതിൽ ഭദ്രമായി അടച്ചു.
കുട്ടികൾ ടീവി ഓണാക്കി,ന്യൂസ്‌ ചാനലിൽ അന്നത്തെ പ്രധാന വാർത്തകൾ സ്ക്രോൾ ചെയ്തു പോകുന്നു.
അടുക്കളയിലേക്ക് നടന്നവൾ എന്തോ ഓർത്ത മട്ടിൽ തിരിച്ചു വന്നു.

"ടീവി ഓഫ്‌ ആക്കു... " അവൾ കുട്ടികളുടെ നേരെ കണ്ണുരുട്ടികൊണ്ട് വീണ്ടും അടുക്കളയിലേക്ക് തിരിഞ്ഞു.

അയാൾ കുളി കഴിഞ്ഞെത്തിയതും അവൾ ഊണ് മേശയിൽ പ്ലേറ്റുകൾ നിരത്തി.
അയാൾക്കിഷ്ടപ്പെട്ട വിഭവങ്ങൾ എല്ലാമുണ്ട്‌.
അവൾ അയാളുടെ പ്ലേറ്റിലേക്ക് എല്ലാം ഒന്നൊന്നായി പകർത്തി.

"ഡാഡീടെ ഫോൺ എന്തിയെ " ? ഊണ് മേശയിൽ പോലും ഫോൺ കൈയിൽ കരുതുന്ന ഡാഡിയുടെ കൈയിൽ ഫോൺ കാണാത്തതുകൊണ്ട് മക്കൾ രണ്ടുപേരും പരസ്പരം ചോദിച്ചു.

"ഡാഡിയോട് ഒന്നും ചോദിക്കാതെ " അവൾ മക്കളെ ശാസിച്ചു.
അയാൾ ഒന്നും മിണ്ടാതെ ഭക്ഷണം മതിയാക്കി കൈകഴുകി കിടപ്പുമുറിയിലേക്ക് നടന്നു.
മക്കൾ ഭക്ഷണം കഴിച്ച് അവരുടെ മുറികളിലേക്ക് ചേക്കേറിയിരിക്കുന്നു.

അവൾ സിങ്കിൽ കിടന്ന പാത്രങ്ങൾ കഴുകി.കൺകോണുകളിൽ ഊറി വന്ന കണ്ണുനീർ തുടച്ച് അടുക്കളയിൽ കിടന്ന കസേരയിൽ സ്ലാബിൽ കൈകളൂന്നി ഇരുന്നു.

ലൈറ്റ് ഇടയ്ക്കിടെ മങ്ങി കത്തുന്നു.

വെന്റിലേഷനിലുടെ നോക്കിയാൽ കാണുന്ന പുറത്തെ രാത്രിയുടെ വളർച്ച!

അനുവാദം ചോദിക്കാതെ ഇടയ്ക്കിടെ കടന്നുവരുന്ന തണുത്ത കാറ്റിലും, 
നന്നായി വിയർക്കുന്നു.
അവൾ ചുറ്റും നോക്കി .

തേച്ചു തേച്ച് തേഞ്ഞു തുടങ്ങിയ പാത്രങ്ങൾ, ചിരവ, ചൂല് ...

അവൾ തൻ്റെ കൈകളിലേക്ക് നോക്കി ഞാനും തേഞ്ഞ് തീരാറായോ? അലമാരയിലെ പാത്രങ്ങൾക്കിടയിൽ തൻ്റെ നോട്ടുബുക്കും പേനയും അവൾ കണ്ടു. തൻ്റെ സങ്കടങ്ങൾ ആരോടും പറയാനില്ലാതെ വരുമ്പോൾ എല്ലാം എഴുതി വച്ച് സമാധാനിക്കാൻ നടത്തുന്ന വിഫല ശ്രമം! ഈ ബുക്കിന് തൻ്റെ കണ്ണീരിൻ്റെ നനവുണ്ടെന്ന വൾക്ക് തോന്നി.

ശക്തമായൊരു കാറ്റിൽ കരണ്ട് പോയി.അവൾ വിളക്ക് തെളിച്ചില്ല.

പുറത്തെയിരുട്ടതിവേഗം അടുക്കളയിൽ വ്യാപിച്ചു.ഇരുട്ടിൽ തൻ്റെ അടുക്കള ഉപകരണങ്ങൾക്ക് രൂപമാറ്റം വരുന്നതായവൾക്ക് തോന്നി. താനുമൊരു അടുക്കള ഉപകരണം മാത്രമാണോ?

" അവനെ കളഞ്ഞിട്ടു പോ പെണ്ണേ , ജീവിതം വെറുതെ കരഞ്ഞു പാഴാക്കാതെ "ഇരുൾ രൂപങ്ങളിലൊന്ന് അവളോട് വിളിച്ചു പറഞ്ഞു.

തൻ്റെ കുഞ്ഞുങ്ങൾ... അവരെ ആരുനോക്കും?അവളുടെ മനസ്സിൽ നിന്നൊരു മറുചോദ്യം ഉയർന്നു വന്നു!

തൻ്റെ സങ്കടങ്ങൾ പറഞ്ഞപ്പോൾ വികാരിയച്ചൻ തന്ന ഉപദേശം,
"ദൈവം കൂട്ടിച്ചേർത്തതിനെ മനുഷ്യൻ വേർപ്പെടുത്തരുത് ".

ഇല്ല തനിക്കതിനു കഴിയില്ല.

“നീ ഭീരുവാണ്” ഇരുൾ രൂപങ്ങളിൽ നിന്ന് 
വീണ്ടും!

“എനിക്ക് ഇങ്ങനെ ഒക്കെയേ ആകാൻ കഴിയു “അവൾ സ്ലാബിന്മേൽ നിസ്സഹായതയോടെ മുഖം ചേർത്തു.

കാറ്റ് കൊണ്ടുപോയ കരണ്ട് തിരിച്ചു വന്നു.

അവൾ വെളിച്ചത്തിലേക്ക് തുറിച്ചു നോക്കി.

പാത്രങ്ങൾ വയ്ക്കുന്ന അലമാരയിലിരുന്ന തന്റെ ഡയറി ഒന്നിനുമല്ലാതെ വെറുതെ കൈയിലെടുത്ത് തുറന്നു.

സങ്കടങ്ങൾ മാത്രം!

പഴകി പതിഞ്ഞ ഒരശരീരി തൻ്റെ കാതുകളിൽ വീണ്ടും പതിക്കുന്നതായി അവൾക്ക് തോന്നി.

'സ്ത്രീ പുരുഷനു വേണ്ടി സൃഷ്ടിക്കപ്പെട്ടവളാണ്. പുരുഷന്റെ വാരിയെല്ലിൽ നിന്ന് രൂപം കൊണ്ടവൾ.അവനെ അനുസരിക്കണം.'

പാരമ്പര്യവാദം അശരീരിയായി തുടരവേ ,അവൾ അസഹ്യതയോടെ ചെവികൾ കുടഞ്ഞഞ്ഞെഴുന്നേറ്റു.ഡയറി വീണ്ടും അലമാരയിൽ സ്ഥാനം പിടിച്ചു.

കുടിക്കാൻ ചില്ലു ജഗ്ഗിൽ ഇളം ചുടുള്ള ജീരകവെള്ളവുമായി അവൾ കിടപ്പുമുറിയിലേക്ക് നടന്നു.
ജഗ്ഗ്‌ ടേബിളിൽ വച്ചവൾ വാതിലടച്ചു.

എന്നും കിടന്നുറങ്ങുന്ന ആ മുറി അപരിചിതമായി തോന്നുന്നു.ഇതാദ്യമായി ആരുടേയോ നേർത്തൊരു തേങ്ങൽ മുറിയിൽ പരക്കുന്നു.

അയാൾക്കരികിലേക്ക് ചേർന്നിരുന്ന് 
ആദ്യമായി കാണുന്നതു പോലെയവൾ കണ്ണുകൾ കൊണ്ടയാളെ ഒപ്പിയെടുത്തു.
ആ ചങ്കിന്റെ മിടിപ്പവൾ തിരിച്ചറിഞ്ഞു.

'പേടിക്കേണ്ട ഉപേക്ഷിച്ചു പോവാത്തി ല്ല" അവളുടെ ചുണ്ടുകൾ അയാളുടെ ചെവിയിൽ മന്ത്രിച്ചു.പിന്നെ അവൾ മെല്ലെ അയാളിലേക്ക് പടർന്നു കയറി.

അവൾ ആണും, താൻ അവൾക്ക് കീഴ് പ്പെട്ട പെണ്ണുമാകുന്നതയാൾ തിരിച്ചറിഞ്ഞു. അവൾ അതേ സമയം തന്നിൽ നുരഞ്ഞു പൊങ്ങുന്ന വിരക്തിയോട് മത്സരിക്കുകയായിരുന്നു. അയാൾ കിതക്കുകയും വികൃത ശബ്ദങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തു. അത് തന്നെ ഭയപ്പെടുത്താറുള്ള രാക്കി നാക്കളിൽ കാതിൽ മുഴങ്ങാറുള്ള ശബ്ദങ്ങളുമായി ലയിച്ചു ചേർന്ന പോലെ..

വേട്ടക്കാരനിൽ നിന്നും പ്രാണനുമായോടുന്ന ഇരയുടെ നേർത്തൊടുങ്ങുന്ന നിലവിളി ...., വേട്ടപ്പട്ടികൾ അതിവേഗം ലക്ഷ്യത്തിലേക്ക് പായുന്നതിൻ്റെ വന്യമായ ശബ്ദം ...

ഉടലുകളുടെ മത്സരയോട്ടത്തിൽ ആദ്യം തളർന്നതയാളാണ്. അവൾ പിന്നെയും കാറു കൊണ്ട മേഘം പോലെ!

അയാൾക്കുമേൽ പേമാരിയായി പെയ്തടങ്ങവെ ,അവൾ ചോദിച്ചു

''നിങ്ങൾക്കു തൃപ്തിയായോ?',

അയാൾ ആദ്യമായി കാണുന്നതുപോലെ അവളെ നോക്കി.

നിങ്ങൾക്ക് തൃപ്തിയായോന്ന്???അവളുടെ ചോദ്യത്തിന്റെ മുനയിൽ അയാൾ പിടഞ്ഞു.

അയാളുടെ കണ്മുൻപിലേക്ക് വിവാഹദിവസം ഇറങ്ങി വന്നു.
തൂവെള്ള വസ്ത്രത്തിൽ മാലാഖയെപ്പോലെ അവൾ….തന്റെ ഇടതു വശം ചേർന്നു നാണത്താൽ കൂമ്പിയ മുഖവും ധ്യാനത്തിലെന്നപോലെ പാതിയടഞ്ഞ മിഴികളുമായ് തനിക്കു വിധേയപ്പെട്ട് ശിരസ് കുനിച്ചു തന്നവൾ!

"എല്ലാം അവസാനിപ്പിച്ച് മക്കളേയും കൂട്ടി എനിക്ക് ഇവിടെ നിന്ന് ഇറങ്ങി പോകാം, ജീവിതത്തിലേക്കോ, മരണത്തിലേക്കോ!

പക്ഷെ അങ്ങനെ പോയാൽ അതെന്റെ മാത്രം പരാജയം ആയിരിക്കും, അതുണ്ടാവരുത്. " അവളുടെ സ്വരം ഉറച്ചിരുന്നു.

 ബാത്‌റൂമിലേക്ക് നടന്നു മറയുന്ന അവളെ കുറ്റബോധം നിറഞ്ഞ മനസ്സോടെ അയാൾ കണ്ടു.

തെറ്റുകളിൽ നിന്ന് തെറ്റുകളിലേക്ക് കടിഞ്ഞാൺ നഷ്ടപ്പെട്ട കുതിരയെപ്പോലെ താൻ പായുമ്പോൾ ഒരിക്കലെങ്കിലും ഇവളുടെ നിർമലമായ മുഖം ഓർത്തിട്ടുണ്ടോ!
ഇല്ല…അയാൾ ഓർമയിൽ പരതി.

മനസാക്ഷി കോടതിയുടെ വിചാരണയിൽ അയാൾ വെന്തുരുകി.കഴിഞ്ഞ ദിവസം നടന്ന സംഭവം അയാളുടെ മുന്പിൽ തെളിഞ്ഞു വന്നു.
ഹോട്ടൽ മുറിയിൽ നിന്ന് പിടിക്കപ്പെടുമ്പോൾ കൂടെ ഉണ്ടായിരുന്ന സ്ത്രീ തന്നെ തള്ളി പറഞ്ഞു.
പീഡന കേസ് പ്രതി!
അറസ്റ്റ്!
വാർത്ത!
ജാമ്യത്തിൽ ഇന്ന്.

വക്കീലിനെ ഏർപ്പാടാക്കിയതു കാര്യങ്ങൾ നീക്കിയതു ഇവൾ ഒറ്റയ്ക്കാണ് .
ജാമ്യം കിട്ടി വക്കീലിനൊപ്പം വരുമ്പോൾ വീടിന്റെ അടഞ്ഞ വാതിൽ ആണ് പ്രതീക്ഷിച്ചത്.
പക്ഷേ…

എവിടെ തന്റെ ബന്ധുക്കൾ,
എവിടെ തന്റെ സുഹൃത്തുക്കൾ, അയാൾ ചുറ്റിനും നോക്കി. ആരുടെയുo മുഖം തെളിയുന്നില്ല.
എല്ലാവരും കൈയൊഴിഞ്ഞപ്പൊഴുo വാതിൽ ചാരാതെ തന്റെ വരവും കാത്തു മിഴികൾ പായിക്കുന്നവൾ!
അന്നാദ്യമായി അയാളുടെ മനസ് കനലിലിട്ട മുളകു പോലെ പുകഞ്ഞു.

അവളാകട്ടെ, ബാത്‌റൂമിന്റെ കതകടച്ചു,ഷവറിന് താഴെ നിന്നു. അതുവരെ അടക്കി വച്ച മനസിന്റെ വിങ്ങലുകൾ ഷവറിനൊപ്പം നിറഞ്ഞൊഴുകുന്നു.തന്റെ ശരീരത്തിൽ പറ്റി പിടിച്ച അയാളുടെ ആവേശത്തിന്റെ അവശിഷ്ടങ്ങൾ വെള്ളത്തിൽ അലിയുന്നു.നീലയിൽ വെളുത്ത പൂക്കൾ ഡിസൈൻ ചെയ്ത ടൈൽ പാകിയ ചുവരിലേക്കവൾ മുഖം അമർത്തി.

എന്റെ ദൈവമേ…. എന്റെ ദൈവമേ…. ആലംബം നഷ്ടപ്പെട്ടവളെപ്പോലെയവൾ ബാത്‌റൂമിന്റെ സീലിങ്ങിലേക്ക് മിഴികൾ ഉയർത്തി.തൂവെള്ള സീലിംഗ് തിരശീല പോലെ അവൾക്കു മുന്പിൽ തെളിഞ്ഞു വന്നു.

ഒരു ചിത്രവും പതിയാത്ത തിരശീല.

ഏറെ നേരത്തിനു ശേഷം,
ശരീരവും മനസുo ഒരു പോലെ തോർത്തിയെടുത്തവൾ ബാത്‌റൂമിൽ നിന്ന് പുറത്തിറങ്ങി.


പിറ്റേന്ന് രാവിലെ അയാൾക്കുള്ള ചായയുമായി സിറ്റൗട്ടിലേക്ക് വന്നപ്പോൾ മൂത്ത മകൻ നോട്ട് ബുക്കുമായി മുമ്പിൽ.
"കേരളത്തിന്റെ ഔദ്യോഗിക പക്ഷി ഏതാ മമ്മീ… "

"ഡാഡിയോട് ചോദിക്ക് " അവൾ ചായഗ്ലാസ്സ് അയാൾക്ക് നേരേ നീട്ടി.
''അത് ഡാഡിക്കറിയില്ല മോനേ.." അയാൾ ആലോചനയോടെ പറഞ്ഞു.

മകൻ വീണ്ടും അവളുടെ നേർക്ക് തിരിഞ്ഞു.

"ഇന്നൊരു കുറിപ്പെഴുതി ചെല്ലണമെന്ന് മലയാളം ടീച്ചർ പറഞ്ഞു ", മകൻ പൂരിപ്പിച്ചു.

"മലമുഴക്കി വേഴാമ്പൽ "…അവൾ ദൂരേക്ക് മിഴികൾ പായിച്ചു.

''മലമുഴക്കി വേഴാമ്പൽ…ഞാൻ ബുക്കിലെഴുതി " മകന്റെ ശബ്ദമരികിൽ. 
"ഇനി രണ്ടു വാചകം കൂടി വേണം "
മകൻ ബുക്കിൽ നിന്ന് കണ്ണുകളുയ ർത്തി.

"ജീവിതകാലം മുഴുവൻ ഒറ്റ ഇണയെ ഉള്ളു, അതാണതിന്റെ പ്രത്യേകത അതുകൊണ്ട് തന്നെയാണ് നമ്മുടെ ഔദ്യോഗിക പക്ഷി ആയതും ".

ഏക പത്നി വ്രതക്കാരനായൊരു വേഴാമ്പലിന്റെ രൂപം അവളുടെ മനസ്സിനെ കൊതിപ്പിച്ചു കൊണ്ടപ്പോൾ ഉയരങ്ങളിലേക്ക് പറക്കുന്നുണ്ടായിരുന്നു.

>>>കൂടുതല്‍ വായിക്കാന്‍ താഴെ കാണുന്ന പി.ഡി.എഫ് ലിങ്കില്‍ ക്ലിക്കുചെയ്യുക
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക