പ്രിയപ്പെട്ട ചന്ദ്രമതി ടീച്ചർ
'എന്റെ അപ്പയുടെ ആനയെ' വായിക്കുവാൻ എടുത്തിരിക്കുന്നു.
ഈ എഴുത്ത് വായിച്ചിട്ട് എന്റെ കണ്ണു നിറയുന്നു. ഒത്തിരി സ്നേഹം ടീച്ചറേ.
ടീച്ചറെ വായിക്കൂ കൂട്ടുകാരെ.
വൈക്കം മുഹമ്മദ് ബഷീറിന്റെ " ന്റുപ്പൂപ്പാക്ക് ഒരാനേണ്ടാർന്നു " ഞാനിപ്പോഴും മടങ്ങിപ്പോകാൻ ആഗ്രഹിക്കുന്ന ഒരു ക്ലാസിക് കൃതിയാണ്. ആനയോടുള്ള ഒരു ആകർഷണം പണ്ടുമുതലേ എന്നിൽ ഉണ്ടായിരുന്നു. ഈയിടെ പത്രങ്ങൾ നിരത്തുന്ന നെഗറ്റീവ് ആനക്കഥകൾ ഒന്നും തന്നെ അതിനെ ബാധിച്ചിട്ടില്ല. ആ നെഗറ്റിവിറ്റികളുടെ കാരണം മനുഷ്യനാണ് എന്നാണ് എന്റെ വിശ്വാസം.
പെരുന്താന്നി ഇരവിപേരൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ എഴുന്നള്ളിപ്പ് വീട് വഴി വരുന്നുണ്ടെന്നും ഞാൻ ചെല്ലണമെന്നും എന്റെ മകൾ ക്ഷണിച്ചു. പാൽക്കുളങ്ങരയിലെ അവളുടെ വീടിന് നേരെ എതിരായി ഒരു ദേവീക്ഷേത്രമുണ്ട്. അവിടെനിന്ന് ശ്രീകൃഷ്ണൻ ഉപ്പുമാങ്ങ സ്വീകരിക്കുന്ന ഒരു ചടങ്ങ് കുറേ വർഷങ്ങൾക്കു മുമ്പ് ഉണ്ടായിരുന്നത്രെ. ഞാൻ കണ്ടതായി ഓർമിക്കുന്നില്ല.അത് ഈ വർഷം മുതൽ പുനരാരംഭിക്കുമെന്നും അവൾ അറിയിച്ചു. അങ്ങനെ ഞാൻ അവിടെ എത്തി..
ആന ഒരു കുട്ടിക്കുറുമ്പൻ ആണെന്ന് തോന്നിച്ചു. കുണുങ്ങിക്കുണുങ്ങിയുള്ള നടത്തവും, സൗമ്യഭാവവും, ചിരിയുള്ള മുഖവും കണ്ടപ്പോൾ അവനോട് എനിക്കൊരു പ്രത്യേക ഇഷ്ടം തോന്നി. വീട്ടുനടയിൽ വന്നു നിന്ന് പൂജാരി ശ്രീകൃഷ്ണന് ദീപാരാധന നടത്തുമ്പോൾ ആനക്കുറുമ്പൻ ചിരിയോടെ എന്നെ നോക്കി നിൽക്കുന്നതുപോലെ!
എഴുന്നള്ളത്ത് മുന്നോട്ട് നീങ്ങിയപ്പോൾ എന്റെ മകൾ പറഞ്ഞു -- "അമ്മേ ആ ആന എന്നെ നോക്കി കണ്ണിറുക്കി കാണിച്ചു. " " ശ്രീകൃഷ്ണന്റെ ആനയല്ലേ, അതുകൊണ്ടാ " എന്ന് ഞാനും ചിരിച്ചു. പിന്നീട് അവൾ രഹസ്യമായി എന്നോട് പറഞ്ഞു-- " ഞാൻ ദീപാരാധന ശരിക്ക് കണ്ടില്ല, ആനയെ നോക്കി നിൽക്കുകയായിരുന്നു. " " അത് സാരമില്ല, ദൈവം ആനയിലും ഉണ്ട് " എന്ന് ഞാൻ.
വെള്ളായണിയിലെ വീട്ടിൽ മടങ്ങിയെത്തുമ്പോൾ എന്നെ കാത്ത് ഒരു പുസ്തകം " എന്റെ അപ്പയ്ക്ക് ഒരാന ഉണ്ടായിരുന്നു. ". പ്രിയപ്പെട്ട കുഞ്ഞമ്മയുടെ (ഡോ. കുഞ്ഞമ്മ ജോർജിന്റെ ) പുസ്തകം! എന്തൊരു യാദൃശ്ചികത!
" ഒരു മൃഗമാണെന്ന് ഒരിക്കലും തോന്നിയിട്ടില്ല..... മൃഗങ്ങൾ സംസാരിക്കും. അത് മനസ്സിലാക്കാൻ പ്രത്യേകം ഭാഷ ആവശ്യമില്ല അവരോട് സ്നേഹം ഉണ്ടായാൽ മതി."
അധ്യായം ഒന്ന് തുടങ്ങുകയാണ്. എന്റെ പ്രിയ എഴുത്തുകാരി, ഞാനീ പുസ്തകം വായിക്കുകയാണ്.