കൊച്ചി: നഗരത്തിലെ ഹോട്ടല്‍ മുറിയില്‍ പൊലീസ് പരിശോധനയ്ക്ക് എത്തിയപ്പോള്‍ ഓടിരക്ഷപ്പെട്ട നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് ഹാജരാകാന്‍ ഇന്ന് പൊലീസ് നോട്ടീസ് അയക്കും. തൃശ്ശൂരിലെ വീട്ടില്‍ എത്തിക്കുന്ന നോട്ടീസ് അനുസരിച്ച് പരിശോധനയ്ക്കിടെ എന്തിന് ഓടിപ്പോയെന്ന് താരം വിശദീകരിക്കണം. ഒരാഴ്ചയ്ക്കകം ഹാജരാകണമെന്ന നിര്‍ദേശമാണ് താരത്തിന് നല്‍കുക.
എന്നാല്‍ നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിറകെ പോവാനില്ലെന്ന് പൊലീസ് വ്യക്തമാക്കി. ഷൈന്‍ ടോം ചാക്കോക്കെതിരെ നിലവില്‍ കേസില്ലെന്ന് എസിപി അബ്ദുല്‍ സലാം പറഞ്ഞു. ഹോട്ടലിലെ പരിശോധനയില്‍ തെളിവ് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി കഴിഞ്ഞ ദിവസം രാത്രി പരിശോധന നടത്തുന്നതിനിടെയാണ് താരം ഇറങ്ങിയോടിയത്. നടന്‍ ഷൈന്‍ ടോം ചാക്കോയുടെ മുറിയില്‍ ലഹരി ഉപയോഗം നടക്കുന്നുവെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഡാന്‍സാഫ് സംഘം കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലെത്തിയത്.
സിനിമാസെറ്റില്‍ വെച്ച് ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയത് ഷൈന്‍ ടോം ചാക്കോയാണെന്ന് യുവനടി വിന്‍സി അലോഷ്യസ് പരാതി നല്‍കിയിട്ടുണ്ട്. ഫിലിം ചേംബര്‍, സിനിമയുടെ ഇന്റേണല്‍ കംപ്ലൈന്റ് കമ്മിറ്റി എന്നിവയിലാണ് വിന്‍സി പരാതി നല്‍കിയത്. സൂത്രവാക്യം എന്ന സിനിമയുടെ സെറ്റില്‍ വച്ചായിരുന്നു മോശം അനുഭവം നേരിട്ടത് എന്നാണ് വിന്‍സിയുടെ പരാതി.