Image

അമേരിക്കൻ അതിഭദ്രാസനം 'ഇന്ത്യൻ ഫുഡ് ഫെസ്റ്റിവൽ' മെയ് 31-ന്

Published on 11 April, 2025
അമേരിക്കൻ അതിഭദ്രാസനം 'ഇന്ത്യൻ ഫുഡ് ഫെസ്റ്റിവൽ' മെയ് 31-ന്

ന്യൂയോര്‍ക്ക്: സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ അമേരിക്ക- കാനഡ അതിഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ മെയ് 31-ആം തീയതി ശനിയാഴ്ച നടത്തപ്പെടുന്ന വിപുലമായ ഇന്ത്യന്‍ ഫുഡ് ഫെസ്റ്റിവലിന്റെ ഒരുക്കങ്ങള്‍ ത്വരിതഗതിയില്‍ നടന്നുവരുന്നതായി ഭാരവാഹികള്‍ അറിയിച്ചു. ഭദ്രാസനത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന വിവിധ ഭക്തസംഘടനകളുടെയും, എല്ലാ ഇടവകകളുടെയും സഹകരണത്തിലും നേതൃത്വത്തിലുമായി നടത്തുന്ന ഫുഡ് ഫെസ്റ്റിവല്‍ 2024-ല്‍ വിജയകരമായി നടത്തിയിരുന്നു. ഫെസ്റ്റിവലില്‍ രുചികരമായ ഇന്ത്യന്‍, അമേരിക്കന്‍ വിഭവങ്ങള്‍, വൈവിദ്ധ്യമാര്‍ന്ന ഇന്ത്യന്‍ വസ്ത്രശേഖരങ്ങള്‍, ആകര്‍ഷകമായ ആഭരണ ശൃംഖല, മെഹന്ദി ഡിസൈനുകളും വര്‍ക്കുകളും, പൂച്ചെടികള്‍, കേരള പച്ചക്കറി തൈകള്‍ എന്നിവയുടെയെല്ലാം പ്രദര്‍ശനങ്ങളും വിപണിയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിനോദത്തിനും ഉല്ലാസത്തിനുമായി വിവിധ കലാപരിപാടികളും അരങ്ങേറും. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ഏകദിന ഭക്ഷണ ഉത്സവമേള വൈകുന്നേരം 5 മണിക്ക് അവസാനിക്കും. ലൈവായി പാചകം ചെയ്യുന്ന പ്രഭാതഭക്ഷണങ്ങള്‍, ഉച്ചഭക്ഷണവിഭവങ്ങള്‍ എന്നിവ ഇന്ത്യന്‍, അമേരിക്കന്‍ രുചികളില്‍ ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്.

അമേരിക്കന്‍ അതിഭദ്രാസന ഭാരവാഹികള്‍ക്കൊപ്പം തെരഞ്ഞെടുക്കപ്പെട്ട കോര്‍ഡിനേറ്റര്‍മാര്‍, കോര്‍ കമ്മിറ്റി അംഗങ്ങള്‍, വിവിധ കമ്മിറ്റികളുടെ ചുതലയുള്ളവര്‍ തുടങ്ങി വിപുലമായ ടീമാണ് ഇന്ത്യന്‍ ഫുഡ് ഫെസ്റ്റിവലിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചുവരുന്നത്.

Malankara Archdiocesan Extravaganza - MAE 2025-ന്റെ മുഖ്യ കോര്‍ഡിനേറ്റര്‍മാരായി ശ്രീ. മാത്യൂസ് മഞ്ച, ശ്രീമതി റീബാ ജേക്കബ്, ശ്രീ. ജിന്‍സ് മാത്യു എന്നിവര്‍ വിവിധ കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നു. റവ. ഫാദര്‍ ഡോ. ജെറി ജേക്കബ് (ഭദ്രാസന സെക്രട്ടറി), അഡ്വ. ശ്രീ. ജോജി കാവനാല്‍ (ഭദ്രാസന ട്രഷറര്‍), കോര്‍ കമ്മിറ്റി അംഗങ്ങളായി റവ. ഫാദര്‍ പോള്‍ തോട്ടക്കാട്ട്, ശ്രീമതി ലിസി തോമസ്, ശ്രീമതി മഞ്ജു തോമസ്, ശ്രീ. രാജു എബ്രഹാം, ശ്രീ. സാജു പൗലോസ്, ശ്രീമതി. സാലി ജെബിന്‍, ശ്രീമതി ഷാന ജോഷ്വ, റവ. ഡീക്കന്‍ സുബിന്‍ ഷാജി, ശ്രീ. ബിജു ചെറിയാന്‍, ശ്രീ. സാബു സ്‌കറിയ, ശ്രീ. സ്ലീവാക്കുഞ്ഞ് മത്തായി തുടങ്ങിയവരോടൊപ്പം വിവിധ ഇടവകകളില്‍ നിന്നുള്ള കമ്മിറ്റി ഭാരവാഹികള്‍, മാര്‍ത്തമറിയം വനിതാസമാജം, സെന്റ് പോള്‍സ് ഫെല്ലോഷിപ്പ് ഭാരവാഹികള്‍ എന്നിവരും വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.

ബാങ്കിങ്, റിയല്‍ എസ്റ്റേറ്റ്, മോര്‍ട്ട്‌ഗേജ് സംരംഭകര്‍, ലോ ഓഫീസുകള്‍, ഇന്ത്യന്‍ ഭക്ഷണ റസ്റ്റോറന്റുകള്‍, ട്രാവല്‍ ആന്‍ഡ് ടൂറിസം ഗ്രൂപ്പുകള്‍, മെഡിക്കല്‍ പ്രൊഫഷണല്‍ സ്ഥാപനങ്ങള്‍, മെഡിക്കല്‍ ഫാര്‍മസി ഗ്രൂപ്പുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, അഭ്യുദയകാംക്ഷികള്‍ എന്നിവരുടെ സഹായസഹകരണങ്ങളും ഉത്സവമേളയുടെ സാമ്പത്തിക സ്രോതസ്സായി ലഭ്യമായിട്ടുണ്ട്.

1960-കളുടെ ആരംഭത്തില്‍ അമേരിക്കന്‍ ഐക്യനാടുകളിലേയ്ക്ക് കുടിയേറ്റം ആരംഭിച്ച മലയാളി സമൂഹത്തില്‍ ഉള്‍പ്പെട്ട യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍ തങ്ങളുടെ പൂര്‍വ്വിക വിശ്വാസങ്ങളും പാരമ്പര്യവും കാത്തുപരിപാലിക്കാന്‍ ആരംഭിച്ച് വിവിധ സ്ഥലങ്ങളിലെ കൂട്ടായ്മകള്‍ പില്‍ക്കാലത്ത് കോണ്‍ഗ്രിഗേഷനും, ഇടവകകളുമായി രൂപം പ്രാപിച്ചു. സിറിയിന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ അമേരിക്കന്‍ ഭദ്രാസന ചുതമല നിര്‍വ്വഹിച്ചിരുന്ന പുണ്യശ്ലോകനായ യേശു മോര്‍ അത്താനാസിയോസ് ആര്‍ച്ച് ബിഷപ്പിന്റെ ആത്മീയ നേതൃത്വത്തില്‍ ദിനംപ്രതി വളര്‍ന്നുകൊണ്ടിരുന്ന മലയാളി സമൂഹത്തിനായി 'മലങ്കര ആര്‍ച്ച് ഡയോസസ് ഓഫ് ദി സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഇന്‍ നോര്‍ത്ത് അമേരിക്ക- കാനഡ' എന്ന അതിഭദ്രാസനം രൂപീകരിച്ചുകൊണ്ട് കാലംചെയ്ത മോറാന്‍മോര്‍ ഇഗ്നാത്തിയോസ് സാഖ പ്രഥമന്‍ ബാവ കല്‍പ്പന പുറപ്പെടുവിച്ചു. 1993 മുതല്‍ 2004 വരെ വിവിധ മലയാളി മെത്രോപ്പൊലീത്തമാര്‍ ഈ ഭദ്രാസന മെത്രാപ്പൊലീത്തമാരായി ശുശ്രൂഷ നിര്‍വ്വഹിച്ചു. 2004 ജനുവരി മാസത്തില്‍ ഇപ്പോഴത്തെ ഭദ്രാസനാധിപനും, പാത്രിയാര്‍ക്ക പ്രതിനിധിയുമായ ആര്‍ച്ച് ബിഷപ്പ് യെല്‍ദോ മോര്‍ തീത്തോസ് മെത്രാപ്പൊലീത്ത ചുമതലയേറ്റ് ശുശ്രൂഷ നിര്‍വ്വഹിച്ച് വരുന്നു. കഴിഞ്ഞ 20 വര്‍ഷത്തിനുള്ളില്‍ ദൈവിക പരിപാലനത്തിലും, ശുശ്രൂഷയിലും വളരുവാന്‍ ഈ ഭദ്രാസനത്തിന് കഴിഞ്ഞത് മോര്‍ തീത്തോസ് മെത്രാപ്പൊലീത്ത തിരുമനസ്സിന്റെ ദീര്‍ഘവീക്ഷണത്തിന്റെയും, അക്ഷീണ പരിശ്രമത്തിന്റെയും, എല്ലാറ്റിലുമുപരി ദൈവഭയത്തിലൂന്നിയ പ്രവര്‍ത്തനങ്ങളുടെയും ഫലമായിട്ടാണ്. അമേരിക്കയിലും കാനഡയിലുമായി ഇടവക ദൈവാലയങ്ങളും കോണ്‍ഗ്രിഗേഷനുമായി 81 പള്ളികളില്‍ വിശ്വാസികള്‍ ആരാധിച്ചുവരുന്നു. കോറ്റപ്പിസ്‌ക്കോപ്പമാരും, ദൈവീകരുമായി 81 പട്ടക്കാര്‍ ഈ ഭദ്രാസനത്തില്‍ ആത്മീയശുശ്രൂഷ നിര്‍വ്വഹിക്കുന്നു. പുതുതലമുറയില്‍ നിന്നുള്ള 40 ശെമ്മാശന്മാരും ദൈവിക ശുശ്രൂഷയിലേയ്ക്കുള്ള പാതയില്‍ ഭദ്രാസനത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

മെയ് 31-ആം തീയതി ശനിയാഴ്ച രാവിലെ 9 മുതല്‍ വൈകുന്നേരം 5 മണി വരെ ഭദ്രാസന ആസ്ഥാനകേന്ദ്രത്തിലെ വിശാലമായ കോംപൗണ്ടില്‍ വച്ച് നടത്തപ്പെടുന്ന ഇന്ത്യന്‍ ഫുഡ് ഫെസ്റ്റ് 2025-ലേയ്ക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

വിലാസം:
Malankara Archdoices Headquarters Complex
236 OLD TAPPAN ROAD
OLD TAPPAN
NEWJERSEY, 07675

കൂടുതല്‍ വിവരങ്ങള്‍ക്ക്:

മാത്യൂസ് മഞ്ച (കോര്‍ഡിനേറ്റര്‍) - (201) 317-3442
റീബ ജേക്കബ് മഞ്ച (കോര്‍ഡിനേറ്റര്‍) - (484) 744-4770
ജിന്‍സ് മാത്യു മഞ്ച (കോര്‍ഡിനേറ്റര്‍) - (845) 729-5649
റവ. ഫാ. ഡോക്ടര്‍ ജെറി ജേക്കബ് (ഭദ്രാസന സെക്രട്ടറി)- (845) 519-9669
അഡ്വ. ജോജി കാവനാല്‍ (ഭദ്രാസന ട്രഷറര്‍) - (914) 409-5385

 

വാര്‍ത്ത: ബിജു ചെറിയാന്‍ (Team PRO)
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക