Image

രാജാവിനെ പ്രണയിച്ച, ഒടുവിൽ ഭ്രാന്തിയായ്‌ മാറിയ സുന്ദരി ചെല്ലമ്മ

രഞ്ജിനി രാമചന്ദ്രൻ Published on 16 April, 2025
രാജാവിനെ പ്രണയിച്ച, ഒടുവിൽ ഭ്രാന്തിയായ്‌ മാറിയ സുന്ദരി ചെല്ലമ്മ

പ്രണയത്താൽ മുറിവേറ്റ ഒരുവൾ , പ്രണയത്തിനായി ജീവിച്ച ആ പ്രണയത്തിൽ ജീവിതം ഉരുക്കിത്തീർത്ത ഒരുവൾ. തിരുവിതാംകൂർ പൊന്നുതമ്പുരാനെ പ്രണയിച്ച ആ പ്രണയത്തിൽ ഭ്രാന്തിയായി തെരുവിൽ അലഞ്ഞു നടന്നവൾ സുന്ദരി ചെല്ലമ്മ . ഭൂമിയിലെ മനോഹരമായ വികാരം 'പ്രണയം'. ഇന്നത്തെ തലമുറക്ക് അന്യമായതും ഇത് തന്നെ.
 

അറിയുമോ സുന്ദരി ചെല്ലമ്മയെ?. ഒരു തുള്ളി കണ്ണ് നീരിന്റെ നനവറിയാതെ ആ കഥ കേട്ട് തീർക്കാനാകില്ല പ്രണയം മരിക്കാത്ത മനസുകൾക്ക് .കൊല്ലംകോട്ടെ ക്ഷേത്രത്തിനടുത്തെ പേരുകേട്ട നായർ തറവാട്ടിലായിരുന്നു ചെല്ലമ്മയുടെ ജനനം. പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ വടക്കേ നടയിലുള്ള പെണ്കുട്ടികൾക്കായുള്ള ഫോർട്ട് മിഷൻ ഹൈ സ്കൂളിലെ സംഗീത നൃത്ത്യ അധ്യാപികയായിരുന്നു സുന്ദരി ചെല്ലമ്മ . പേരുപോലെതന്നെ അതിസുന്ദരിയും വിദ്യാസമ്പന്നയുമായിരുന്നു അവർ. ഒരിക്കൽ സ്കൂളിന്റെ പടിവാതിക്കൽ നിൽക്കുമ്പോൾ ശംഖുമുദ്രയുള്ള വാഹനത്തിൽ പോകുന്ന ശ്രീ ചിത്തിരതിരുനാൾ മഹാരാജാവിനെ ആദ്യമായി കാണുവാനിടയായി . കണ്ടമാത്രയിൽ തന്നെ അവളുടെ ഹൃദയം തുടിച്ചു ഹൃദയം താളം തെറ്റി. അദ്ദേഹത്തിന്റെ കണ്ണുകളിൽ അവൾ വല്ലാതെ ആകൃഷ്ടയായി .

ശേഷം നിരവധി തവണ അവൾ തമ്പുരാനെ കാണുവാനിടയായി. അവളറിയാതെ അവളുടെ ഹൃദയത്തിൽ സുന്ദരനായ തമ്പുരാൻ കയറിക്കൂടി. നേരിൽ കാണാനും അടുത്തിടപഴകാനും അവൾ വല്ലാതെ മോഹിച്ചു .മുടിയിൽ മുല്ലപ്പൂക്കൾ ചൂടി ,നെറ്റിയിൽ ചന്ദനം വരച്ചു, ആഭരണങ്ങൾ അണിഞ്ഞു അവൾ പതിവിലും സുന്ദരിയായി ഒരുങ്ങുവാൻ തുടങ്ങി . തമ്പുരാനിൽ നിന്ന് ഒരു നോട്ടമോ ചിരിയോ കിട്ടിയാൽ അവൾ കോരിത്തരിക്കുമായിരുന്നു. എന്നാൽ മഹാരാജാവ് ഇതൊന്നും അറിഞ്ഞിരുന്നില്ല .

സ്ത്രീകൾ പൊതുവേദികളിൽ അത്ര സജീവമല്ലാതിരുന്ന കാലം. ചെല്ലമ്മ ടീച്ചറുടെ ഒരു സഹപ്രവർത്തക ഒരു നാടകത്തിൽ അഭിനയിക്കുവാൻ ക്ഷണിച്ചു.വിശിഷ്ട്ട അതിഥിയായി എത്തുന്നത് തന്റെ പൊന്നുതമ്പുരാനാണെന്നു അറിഞ്ഞ ചെല്ലമ്മ അഭിനയിക്കാൻ സമ്മതിച്ചു.പക്ഷെ തമ്പുരാൻ അന്ന് എത്താൻ വൈകിയത് അവളെ ദുഃഖത്തിലാഴ്ത്തി . അവൾ തമ്പുരാനായി കാത്തു നിന്നു.തമ്പുരാൻ എത്തിയതോടെ അവൾ നിറപുഞ്ചിരിയോടെ ചുവടുകൾ ആരംഭിച്ചു . അവതരണം നന്നായിട്ടുണ്ട് എന്ന തമ്പുരാന്റ വാക്കുകൾ അവളെ വല്ലാതെ ആകർഷിച്ചു .മാത്രമല്ല തമ്പുരാന്റെ കൈ കൊണ്ട് ലഭിച്ച കാസവുമുണ്ട് ഒരു സമ്മാനംമാത്രമായിരുന്നില്ല ചെല്ലമ്മക്ക് . മറിച്ച് പുടവയായി അവൾ കരുതി.

ചെല്ലമ്മ സ്വയം തമ്പുരാട്ടിയായി കരുതി ഒരു സങ്കല്പലോകത്ത് ജീവിക്കാൻ തുടങ്ങി. തമ്പുരാൻ തന്നെ വേളി കഴിച്ചു പുടവ നൽകി സ്വീകരിച്ചു എന്നൊക്കെ സ്വയം സങ്കല്പിച്ചു കൂട്ടി . അവളുടെ ചെയ്തികൾ ചുറ്റുമുള്ളവരെ പരിഭ്രാന്തരാക്കി .അവളെ കുടുംബത്തിൽ നിന്നും വീട്ടിൽ നിന്നും പുറത്താക്കി.ഒപ്പം ജോലിയും നഷ്ട്ടപ്പെട്ടു.എന്നാൽ ചെല്ലമ്മയെ ഇതൊന്നും ബാധിച്ചില്ല , എല്ലാ ദിവസവും മഹാരാജാവിന്റെ പട്ടമഹിഷിയെപ്പോലെ അണിഞ്ഞൊരുങ്ങി പ്രഭാതത്തിൽ ശ്രീകോവിലിൽ എത്തും ഭഗവാനെ തൊഴാൻ മാത്രമല്ല തന്റെ പൊന്നുതമ്പുരാനെ കാണാനും. ഒരിക്കൽ പടവാളുമേന്തി ഉത്സവത്തിനെത്തിയ തമ്പുരാന്റെ സമീപത്തേക്ക് അവൾ ഓടി ചെന്നു. എന്നാൽ പടയാളികൾ അവളെ തടഞ്ഞു. എന്നാൽ തമ്പുരാൻ അവളെ ഒന്നും ചെയ്യരുതെന്ന് പറഞ്ഞു പടയാളികളെ വിലക്കി. അതോടെ അവളെ ക്ഷേത്രത്തിൽ നിന്നും പിടിച്ചു പുറത്താക്കി. അവളുടെ ചെയ്തികൾ അവരെ അസ്വസ്ഥമാക്കിയിരുന്നു. പിന്നീടവൾ ഒരിക്കലും ക്ഷേത്രത്തിനകത്തു പ്രവേശിച്ചിട്ടില്ല .

എന്നാൽ പതിവുപോലെ ക്ഷേത്രത്തിനു പുറത്തു തമ്പുരാൻ എഴുന്നള്ളുന്നതും കാത്തു അവൾ നിൽക്കുമായിരുന്നു. അങ്ങനെ  51 സംവത്സരങ്ങൾ . ചെല്ലമ്മ നിരന്തരം കത്തുകൾ കവടിയാർ കൊട്ടാരത്തിലേക്ക് അയക്കുമായിരുന്നു.എന്നാൽ ഒരിക്കൽ പോലും തമ്പുരാൻ ഇതൊന്നും അറിഞ്ഞിരുന്നില്ല .ഒടുവിൽ തണുത്തുറഞ്ഞ ഒരു പ്രഭാതത്തിൽ പദ്ഭനാഭന്റെ തിരുനടയിൽ സാഷ്ടാംഗ പ്രണാമം ചെയ്തു  കിടക്കുന്ന ചെല്ലമ്മയുടെ  ചേതനയറ്റ ശരീരമാണ് ആളുകൾ കാണുന്നത്. ശേഷം നഗരസഭയുടെ തേരിൽ പട്ടമഹിഷിയാം വിധം അന്ത്യ യാത്രയായി തൈക്കാട് ശാന്തി കവാടത്തിൽ രാമച്ചവും ചന്ദന തൈലവുമില്ലാതെ സുന്ദരി ചെല്ലമ്മയ്ക്ക് ചിതയൊരുക്കി. ഇന്നും തെരുവോരങ്ങളിൽ സുന്ദരിയായി അണിഞ്ഞൊരുങ്ങി പോകുന്ന ചെല്ലമ്മയെ ഓർക്കുന്നവരുണ്ട്. അവർക്കെല്ലാം ആ 'അമ്മ ഒരു ഭ്രാന്തി ആയിരുന്നു. പ്രണയം ഒരു പക്ഷെ അഗ്‌നി ആയി മാറിയിരിക്കും അതിൽ വെന്തെരിഞ്ഞു സുന്ദരി ചെല്ലമ്മയും. 
 

 

 

 

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക