ഫാദര്‍ ബോബി ജോസ് കട്ടിക്കാട്
'വ്രുക്ഷം മനുഷ്യനോട് സങ്കടപ്പെട്ടു എത്രയോ വര്‍ഷങ്ങളായി എത്രയോ ചില്ല വെട്ടി എത്ര കുരിശ്ശുകള്‍ നിങ്ങള്‍ ഞങ്ങളില്‍ നിന്ന് രൂപപ്പെടുത്തി എന്നിട്ടും ഇനിയും നിങ്ങളില്‍ നിന്നൊരു ക്രിസ്തു ഉണ്ടാകാത്തതെന്തേ'.
ക്രിസ്തുവിനു 450-500 വര്‍ഷങ്ങള്‍ക്ക് മുമ്പ് സക്കറിയ പ്രവാചകന്‍ പ്രവചിച്ചു. 'സന്തോഷിക്കുക, സിയൊണിലെ പുത്രന്മാരെ നോക്കുക, രാജാവ് വരുന്നു. അവന്‍ ന്യായവാനും മോക്ഷ്മുള്ളവനുമാണു. അവന്‍ കഴുതയുടെ പുറത്ത് കയറി വരും. ആ പ്രവചനം സാക്ഷാത്കരിച്ച്‌കൊണ്ട് യേശുദേവന്‍ ജറുശലേമിലേക്ക് കഴുത പുറത്തിരുന്നു കൊണ്ട് പ്രവേശിച്ചു,
സക്കറിയ ബബിലോണ്‍ തടവറയില്‍ നിന്നു ക്രിസ്തുവിനു 536 വര്‍ഷങ്ങള്‍ക്ക് മുൻപ് 50,000 ജൂതന്മാര്‍ക്കൊപ്പം മടങ്ങി വന്നയാളാണു, ഇസ്രേലികളുടെ ഹ്രുദയത്തില്‍ ആത്മീയതയുടെ അഗ്നി ജ്വലിപ്പിക്കാന്‍ കാരണം അവര്‍ വളരെ ഉദാസീനരും അലസന്മാരുമായി കാണപ്പെട്ടിരുന്നു, അങ്ങനെ യേശുദേവന്റെ ജനനത്തിനു 500 വര്‍ഷങ്ങള്‍ക്ക് മുമ്പ് സക്കറിയ പ്രവാചകന്‍ എഴുതി സിയോണ്‍ പുത്രിയെ ഉച്ചത്തില്‍ ഘോഷിച്ച് ആനന്ദിക്കുക. യരുശലേം പുത്രിയെ ആര്‍പ്പിടുക, ഇതാ നിന്റെ രാജാവ് നിന്റെ അടുക്കല്‍ വരുന്നു, അവന്‍ നീതിമാനും, ജയ്ശാലിയും താഴ്മയുള്ളവനുമായി കഴുതപ്പുറത്തും, പെണ്‍കഴുതയുടെ കുട്ടിയായ ചെറുകഴുതയുടെ പുറത്തും കയറി വരുന്നു. ഒലിവ് മലയില്‍ ചവിട്ടി നിന്ന് കൊണ്ട് ദൈവം ഇസ്രയേല്‍ മക്കള്‍ക്ക് വേണ്ടി പൊരുതുമെന്ന സ്‌ക്കറിയയുടെ മറ്റൊരു പ്രവചനവും ഒലിവ് കൊമ്പുകള്‍ വഴിയില്‍ നിരത്തിയപ്പാള്‍ സാക്ഷാത്കരിക്കപ്പെടുകയായിരുന്നു,
ദാനിയല്‍ പ്രവാചകന്റെ 77 പ്രവചനങ്ങളുടെ സാക്ഷാത്കാരമായിരുന്നു യേശുവിന്റെ രംഗപ്രവേശം.യേശുദേവന്റെ വരവില്‍ ആഹ്ലാദചിത്തരായി ഓശാന പാടിയിരുന്നവര്‍തന്നെ അവനെ ക്രൂശിക്ക, അവനെ ക്രൂശിക്ക എന്നാര്‍ത്ത് വിളിച്ചു. യേശുദേവനെ അന്നത്തെ ജനതയും ഭരണകൂടവും കുരിശ്ശിലേറ്റി.
യേശുദേവന്റെ കുരിശ്ശ് മരണത്തിനുശേഷംഅവന്‍ മൂന്നാം നാള്‍ ഉയര്‍ത്തെഴുന്നേറ്റതിന്റെ പ്രതീകമായിഈസ്റ്റര്‍ ആഘോഷിക്കുന്നു. അമ്പത് നോയ്മ്പിനുശേഷംവരുന്ന ഈ ദിവസം വിശ്വാസികള്‍ക്ക് ഉത്സാഹവും ആത്മസംത്രുപ്തിയും നല്‍കുന്ന പുണ്യദിനമാണു. മനുഷ്യരാശിക്ക് നിത്യജീവന്‍ സാദ്ധ്യമാക്കികൊണ്ട് യേശുദേവന്‍ മരിച്ച് ഉയര്‍ത്തെഴുന്നേറ്റ ദിവസത്തെ 'കര്‍ത്താവ് ഉയര്‍ത്തെഴുന്നേറ്റ ഞായാറാഴ്ച്ച എന്നു പറയാനാണു ഇപ്പോള്‍ വിശ്വാസികള്‍ക്ക് പ്രിയം. ഈസ്റ്റര്‍ എന്ന് പറയുന്നത് വസന്ത കാലത്തോടനുബന്ധിച്ച് കൊണ്ടാടിയിരുന്ന ഒരു ''പഗാന്‍' ആഘോഷവുമായി ബന്ധപ്പെടുന്നു എന്നവര്‍ ശങ്കിക്കുന്നു. ഈസ്റ്റര്‍ എഗ്ഗും, ഈസ്റ്റര്‍ ബണ്ണിയു പ്രസ്തുത ആഘോഷത്തിന്റെ ഭാഗമാണെന്നറിയുമ്പോഴുംഭൂരിപക്ഷം പേരും ഈസ്റ്റര്‍ ആഘോഷം മുട്ടക്ക് നിറം കൊടുക്കുന്നതിലും ഈസ്റ്റര്‍ മുയലുകളെ ഒരുക്കുന്നതിലും ഉത്സാഹം കാണിക്കുന്നുണ്ട്,
ആഘോഷങ്ങളില്‍ ആനന്ദം പങ്കിടാനായി ഇത്തരം വിനോദങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ആ ദിവസത്തിന്റെ പുണ്യപ്രഭാവത്തിനു മങ്ങലേല്‍ക്കാനും വളരെ പ്രാധാന്യം അര്‍ഹിക്കുന്ന ഈ ദിവസത്തിന്റെ അര്‍ഥം പുതുതലമുറ ശ്രദ്ധിക്കാതെ പോകാനും സാദ്ധ്യതയുണ്ട്.മറ്റ് മതങ്ങളെ അപേക്ഷിച്ച് ക്രുസ്തുമതത്തിന്റെ സവിശേഷത അതിന്റെ സ്ഥാപകന്റെ അന്ത്യം ശ്മശാനത്തിലല്ലയെന്നുള്ളതാണു. അദ്ദേഹം ദൈവപുത്രനാണെന്നുള്ളതാണു്.യേശുദേവന്റെ ഉയര്‍ത്തെഴുന്നേല്‍പ്പു ദൈവത്തിനു ജനി-മ്രുതികളിലുള്ള അധികാരത്തെ മനുഷ്യരാശിക്ക് ബോദ്ധ്യപ്പെടുത്തുന്നുവെന്നാണു്., ക്രുസ്തുവില്‍ വിശ്വസിക്കുന്നവര്‍ മരിക്കുന്നില്ല അവര്‍ നിത്യ ജീവനിലേക്ക് ഉയര്‍ത്തെഴുന്നേല്‍ക്കപ്പെടുന്നു എന്ന സന്ദേശമാണു ഈസ്റ്റര്‍ പകരുന്നത്. വിശ്വാസത്താല്‍ രക്ഷിക്കപ്പെടുക എന്ന പാഠമാണു.
സംശയിക്കുന്നവര്‍ കടലിലെ തിരമാലകള്‍ പോലെയാണു. കാറ്റ് പറപ്പിക്കുന്ന, ഇളകിമറിക്കുന്ന തിരമാലപോലെ ( ജെയിംസ് 1ഃ16) സംശയം മനുഷ്യസഹജമാണു. സംശയത്തിന്റെ ആദ്യ വിത്തുകള്‍ ആദിമാതാവായ ഹവ്വയില്‍ പാകിയത് സാത്താനാണു. ആ സംശയം ഇന്നും മനുഷ്യ മനസ്സുകളില്‍ നിന്നും മാഞ്ഞുപോയിട്ടില്ല. അതുകൊണ്ടുതന്നെ മനുഷ്യര്‍ എന്നും പ്രലോഭിതരാകുന്നു, ശങ്കിക്കുന്നവരാകുന്നു, മനഃസ്സമാധാനം നഷ്ടപ്പെടുത്തുന്നവരാകുന്നു. സ്വന്തം യുക്തികൊണ്ട് അവന്‍ ചിന്തിക്കുമ്പോളാണു ഇങ്ങനെ മനസ്സ് സംഘര്‍ഷഭരിതവും സങ്കീര്‍ണ്ണവുമാകുന്നത്. മനുഷ്യരുടെ ചിന്തക്കതീതമാണു ഈശ്വരന്റെ പ്രവ്രുത്തികള്‍ എന്ന് മനസ്സിലാക്കാന്‍ കഴിയാതെ വരുമ്പോഴാണു സംശയം ഉടലെടുക്കുന്നത്. സക്കറിയയുടെ മുമ്പില്‍പ്രത്യക്ഷപ്പെട്ട മാലാ അവനു സന്താനമുണ്ടാകാന്‍ പോകുന്നുവെന്ന വാര്‍ത്തയറിയിച്ചപ്പോള്‍ അദ്ദേഹം വിശ്വസിച്ചില്ല. പ്രായമായ തനിക്കും ഭാര്യക്കും കുഞ്ഞുങ്ങള്‍ ഉണ്ടാകുന്നത് എങ്ങനെയെന്ന് അദ്ദേഹം ചിന്തിച്ചു. അദ്ദേഹത്തിന്റെ ചിന്ത ന്യായമായിരുന്നു ദൈവത്തിന്റെ ഉദ്ദേശ്യങ്ങളും നീതികളും മനുഷ്യരുടെ ബുദ്ധിക്കും അറിവിനും ഉപരിയാണെന്ന് അവര്‍ മനസ്സിലാക്കുന്നില്ല. സക്കറിയാക്ക് മാലാമാരുടെ ദിവ്യസന്ദേശത്തില്‍ ശങ്ക തോന്നിയത് മൂലം കുഞ്ഞ് പിറക്കുന്ന കാലം വരെ അവനെ ദൈവം മൂകനാക്കി.സംശയം മനുഷ്യന്റെ ജീവിതം നരകമാക്കുന്നു.
സംശയമില്ലാതിരിക്കാന്‍ദൈവത്തില്‍ വിശ്വാസമര്‍പ്പിക്കയാണു വേണ്ടത് കാണാതെ വിശ്വസിക്കുന്നവര്‍ ഭാഗ്യവാന്മാര്‍ എന്നു വചനം പറയുന്നു.കര്‍ത്താവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ് ശിഷ്യന്മാരില്‍ ഒരാളായ വിശുദ്ധ തോമസ്സ് പോലും വിശ്വസിച്ചില്ല.പിന്നീട് കര്‍ത്താവിനെ നേരിട്ട് കണ്ടപ്പോഴാണു വിശ്വസിച്ചത്. വിശ്വാസം ദൈവത്തിന്റെ ദാനമാണു്..
ഈ ഈസ്റ്റര്‍ ദിനത്തില്‍ ഓരോരുത്തരും ചിന്തിക്കുക. നിങ്ങളുടെ വിശ്വാസം എത്രമാത്രം ഉറച്ചതാണു. ക്രുസ്തീയ ജീവിതം ഒരു ആത്മീയയുദ്ധമാണു. ആ യുദ്ധത്തിന്റെ വിജയത്തിനായി വചനങ്ങള്‍ ഓര്‍ക്കുകയും പ്രായോഗികമാക്കുകയും ചെയ്യേണ്ടതാണു. ദിവ്യമായ വചനങ്ങളെ മതത്തിന്റെ പരിധിക്കുള്ളില്‍ ബന്ധിപ്പിക്കുമ്പോള്‍ ദൈവ പ്രസാദം മാറിപോകുന്നു.മതത്തെക്കാള്‍ ദൈവത്തെ അറിയുകയും വിശ്വസിക്കുകയും ചെയ്താല്‍ ഭൂമിയില്‍ സ്വര്‍ഗ്ഗമുണ്ടാകും.ദൈവവിശ്വാസത്തിലധിഷ്ഠിതമായ ജീവിതത്താല്‍ സമ്പന്നമാകട്ടെ ഓരോരുത്തരുടേയും ഇഹലോകവാസം.
ശുഭം