“ഭയപ്പെടേണ്ട, ക്രൂശിക്കപ്പെട്ട യേശുവിനെയാണ് നിങ്ങൾ അന്വേഷിക്കുന്നതെന്ന് എനിക്കറിയാം. അവൻ ഇവിടെയില്ല. അരുളിച്ചെയ്തതുപോലെ അവൻ ഉയിർപ്പിക്കപ്പെട്ടു. അവൻ കിടന്ന സ്ഥലം വന്നു കാണുവിൻ ”(മത്താ. 28,5-6)
ആഘോഷങ്ങൾ എക്കാലവും ആന്ദകരമാണ്. അത് മനുഷ്യ മനസ്സിൽ സൃഷ്ടിക്കുന്ന സന്തോഷങ്ങൾ ചെറുതല്ല. എന്നാൽ ഈ ആഘോഷങ്ങൾ മതത്തിന്റേയും വിശ്വാസത്തിന്റേയും ഭാഗമായി കടന്നു വരുമ്പോൾ അതിൽ ആരാധനക്കാണ് പ്രാധാന്യം നൽകുക . ഒട്ടുമിക്ക മതങ്ങളും ഇതുമായി യോജികുന്നതായി നമുക്ക് കാണാം. എല്ലാ മതങ്ങളിലും ആ മതത്തിന്റെ അരികു ചേർന്നുകൊണ്ട് ആഘോഷങ്ങളും കടന്നുവരുന്നുണ്ട്. ലോകത്ത് ഇന്ന് നിലനിൽക്കുന്ന സെമിറ്റിക് മതങ്ങളിലെല്ലാം ഇത്തരം ആഘോഷങ്ങളുണ്ട് .
ക്രിസ്തു മതത്തെ സംബന്ധിച്ചിടത്തോളം വളരെ സുപ്രധാനമായ സമയമാണ് ഏപ്രിൽ . ക്രിസ്തു മതത്തിന്റെ അടിസ്ഥാന ആഘോഷമായ ക്രിസ്മസ് കഴിഞ്ഞാൽ വിശ്വാസികൾ ആദരവോടെ ആചരിക്കുന്ന ഒന്നാണ് ഈസ്റ്റർ ആഘോഷം .ഈസ്റ്റർ ഞായറാഴ്ച്ചക്ക് മുമ്പുള്ള പ്രധാനപ്പെട്ട മൂന്നു ദിവസങ്ങളാണ് പെസഹ വ്യാഴം, ദുഃഖവെള്ളി, ദുഃഖശനി. ഈ ദിവസങ്ങൾ വളരെ ഭക്തിയോടുകൂടിയാണ് വിശ്വാസി സമൂഹം ആചരിക്കുന്നത്. ക്രിസ്തുവിന്റെ പുനരുത്ഥാനത്തിന്റെ ഓർമ്മ കൊണ്ടാടുന്ന ദിനമാണ് ഈസ്റ്റർ . ആദം ചെയ്ത പാപത്താൽ തെറ്റുകാരായി മാറിയ മാനവരാശിയെ പാപത്തിന്റെ പടുകുഴിയിൽ നിന്ന് രക്ഷിക്കാനായി ക്രിസ്തു കാൽവരികുന്നിന്റെ മുകളിൽ കുരിശിൽ മരിച്ച് ഉയർത്തെഴുന്നേറ്റു എന്ന വിശ്വാസമാണ് ഈ ആഘോഷത്തിന് നിദാനം.
അന്ധകാരത്തിൽ കഴിയുന്ന മക്കൾക്ക് നിത്യമായ പ്രതീക്ഷയും ശുഭചിന്തയുമായിരുന്നു യേശു എന്ന് അടിവരയിടുന്ന ആഘോഷം .
ജീവിതത്തിൽ ശാരീരികവും മാനസീകവും ആത്മീകവും സാമൂഹികവുമായ വേദനകളിലും ഞെരുക്കങ്ങളിലും തളരുന്ന, പതറുന്ന, നിലവിളിക്കുന്ന, വേദനിക്കുന്ന മക്കൾക്ക് നിത്യമായ സൗഖ്യവും പ്രതീക്ഷയുമാണ് ഈ ദിനം . ഒരു വേദനയും നിത്യമല്ല, ഏതൊരു വേദനയ്ക്കും കാലപരിധിയുണ്ട്. എന്നാൽ, പരിധികളില്ലാത്ത ഒന്നാണ് പ്രതീക്ഷയും ദൈവസ്നേഹവും എന്ന് കൃത്യമായി ഈസ്റ്റർ അടയാളപ്പെടുത്തുന്നു .
ക്രിസ്തുവിന്റെ പുനരുത്ഥാനം പ്രത്യാശയും അതിലുപരി ജനതകൾക്ക് പ്രതീക്ഷയുമാണ്. അനേകായിരങ്ങൾക്ക് അത്താണിയായിത്തീർന്ന യേശു ജനിച്ച പുൽക്കൂട് മുതൽ കാൽവരി വരെ ആ ജീവിതപ്രത്യാശയുടെ സാന്നിധ്യവും ഉദാഹരണവും പ്രതീക്ഷയുടെ അവതാരവുമായി ഇന്നും നമ്മുടെ കൂടെ ജീവിക്കുകയാണ് ഈശോ. ജീവിതത്തിലെ കാർമേഘനിബിഡമായ വേളകളിൽ, ഇരുൾനിറഞ്ഞ രാവുകളിൽ, തോരാത്ത മഴയുടെ വേളകളിൽ, പ്രത്യാശയ്ക്ക് യാതൊരു വകയുമില്ലാത്ത വേദനയാർന്ന നിമിഷങ്ങളിൽ പ്രതീക്ഷ നൽകുന്ന ഒരേയൊരു നന്മയാണ് ക്രിസ്തു .ജീവിതത്തിലെ കൊഴിഞ്ഞ ഇലകൾ, നഷ്ടപ്പെട്ട സ്വപ്നങ്ങൾ, കയ്പ്പേറിയ വേദനകൾ, ഇരുണ്ട രാത്രികൾ ഇവയ്ക്കെല്ലാം മറുമരുന്നായി ഈ ഉത്ഥാനത്തെ നാം തിരിച്ചറിയണം . പ്രത്യാശയുടെ പ്രകാശതാരം. നിത്യപ്രകാശമായ ഈശോനാഥൻ. ഓരോ ഈസ്റ്ററും അണഞ്ഞുപോയ പ്രത്യാശയെ ഊതിജ്വലിപ്പിക്കുവാനുള്ള അവസരമാണ്.
മണ്ണിൽ പൂണ്ടുകിടക്കുന്ന വിത്തിൻ്റെ അവസ്ഥയാണ് കല്ലറയിൽ നിശ്ചലനായിക്കിടക്കുന്ന മിശിഹായുടേത്.' അതിനു മഗ്ദലനാമറിയത്തെപ്പോലെ കാവലിരിക്കാൻ കൊതിക്കുന്ന മനസ്സാണ് നമ്മുടേത് .നടക്കാനിരിക്കുന്ന മുളപൊട്ടലിൻ്റെ മൃദുസ്വനം അവിടെ നമുക്ക് കേൾക്കാനാകും.
എല്ലാ അമേരിക്കൻ മലയാളികൾക്കും എന്റെ ഈസ്റ്റർ ആശംസകൾ