ഒരുപാട് നാളായി എഴുതണം എന്ന് തോന്നിയ ഒരു മൂവി, ഒരുപാട് ആലോചിച്ചു, സ്വയം ചോദിച്ചു അവസാനം എഴുതിക്കളയാം എന്ന് കരുതി.
ആദ്യമായി, ഇത് രാഷ്ട്രീയാവലോകനം അല്ല, ഒരു സിനിമ അവലോകനം മാത്രം. സിനിമയെ സിനിമയായി കാണാൻ എല്ലാവര്ക്കും സാധിക്കട്ടെ എന്ന് പ്രത്യാശിക്കുന്നു. എന്നെക്കുറിച്ചു, തീർച്ചയായും എന്റേതായ വിശ്വാസങ്ങളും, കാഴ്ചപ്പാടുകളും, പുരോഗമനപരമായ ആശയങ്ങളെ ചേർത്തുപിടിക്കുന്ന ചിന്തയും, തത്വശാസ്ത്രങ്ങളും പ്രത്യയശാസ്ത്രങ്ങളും ഉള്ള ഒരു മനുഷ്യമനസ്സിന്റെ ഉടമയാണ്.
സാധാരണ ഞാൻ സിനിമ പേരിലാണ് തുടങ്ങാറ്. ഇത്തവണ ഒന്ന് മാറ്റി പിടിക്കട്ടെ. പൃഥ്വിരാജ് വളരെ കഴിവും തന്റേടവും സ്വന്തമായി നിലപാടുമുള്ളതുമായ ഒരു കലാകാരൻ ആണെന്നതിൽ ഒരു തർക്കവുമില്ല. അദ്ദേഹവും മുരളി ഗോപിയും ഒന്നിക്കുമ്പോൾ തീർച്ചയാവും അതൊരു മെഗാ ഹിറ്റ് ആകും എന്നതിൽ ആർക്കും ഒരു തർക്കവുമില്ല. നല്ലൊരു മാർക്കറ്റിംഗ് സ്റ്റണ്ട് ആണ് എമ്പുരാൻ മൂവി എന്ന് ഞാൻ പറയും, കാരണം ഗുജറാത്ത് രാഷ്ട്രീയം, ഇന്ത്യൻ ദേശീയ രാഷ്ട്രീയം, ഇന്ത്യൻ ഭരണഘടനയുടെ തലപ്പത്തിരിക്കുന്ന പല രാഷ്ട്രീയ നേതാക്കളുടേയും രാഷ്ട്രീയ ദിശ തിരിച്ചുവിട്ട, ഇന്ത്യൻ ജനതയെ തന്നെ പാർശ്വവൽക്കരിച്ച, അവർ തന്നെ സംസാരിക്കുവാനോ ഓർമപ്പെടുത്തുവാൻ പോലും താല്പര്യം കാണിക്കാത്ത ഒരു സംഭവത്തെ അതേപടി ചിത്രീകരിക്കുന്നത് ഒരു കച്ചവട തന്ത്രം എന്നല്ലാതെ പിന്നെന്തു പറയാനാണ്. ചിലസംഭവങ്ങൾ അങ്ങിനെയാണ് അത് മറക്കാൻ മനസ്സിനെ പാകപ്പെടുത്തുന്നതാണ് സാമൂഹ്യപരമായ നീതിക്കു നല്ലതു, സിനിമയിൽ പരാമർശിക്കുന്ന സംഭവം, അതിനു നേതൃത്വം കൊടുത്ത ആരും തന്നെ പൊതുമാധ്യമ രംഗത്ത് സംസാരിക്കാൻ താല്പര്യപ്പെടാത്ത ഒരു വിഷയമാണ് എന്ന് എടുത്തു പറയേണ്ടതുണ്ട് , അതിനു ഘടകവിരുദ്ധമായതു സിനിമയിൽ പരാമർശിച്ചിരിക്കുന്ന വില്ലൻ കഥാപാത്രം മാത്രം. തീർച്ചയായും അത്തരം സംഭവങ്ങളുടെ പരാമർശം സിനിമയിൽ ഒഴിവാക്കപ്പെടേണ്ടതായിരുന്നു.
ഇനി സിനിമയിലേക്കു തിരിച്ചുവരാം, എന്റെ കാഴ്ച്ചയിൽ ഇത് ഒരു ലാലേട്ടൻ പടമായി എനിക്ക് തോന്നിയിട്ടില്ല, ലാലേട്ടന്റെ ജനങ്ങളിലുള്ള അംഗീകാരത്തെ അതിന്റെ പരമാവധി പ്രയോജനപ്പെടുത്തിയിട്ടുണ്ട്, ലാലേട്ടന്റെ സ്ലോ മോഷൻസ്, അവതരണം, ഇതെല്ലാം ലാലേട്ടൻ ഫാൻസിനെ ത്രില്ല് അടിപ്പിക്കാൻ ഉതകുന്നതാണ്. എന്റെ അഭിപ്രായത്തിൽ ഇത് മഞ്ജു വാരിയർ മൂവി ആണ്, മഞ്ജു ആണ് ശെരിക്കും ഇതിൽ കേന്ദ്ര കഥാപാത്രവും, ജനങ്ങളുടെ കയ്യടി ഏറ്റുവാങ്ങിയതും, പ്രിയങ്ക ഗാന്ധിയോട് സാധൃച്ചയം ഉളവാക്കുന്ന സന്ദർഭങ്ങൾ, ചേഷ്ടകൾ എന്നിവ അതിശക്തമായ രീതിയിൽ അവതരിപ്പിച്ച മഞ്ജു ആണ് ശെരിക്കും എന്റെ കണ്ണുകളിൽ ഇതിലെ കേന്ദ്ര കഥാപാത്രം.
ഹോളിവുഡ് മൂവിയോട് കിടപിടിക്കുന്ന പശ്ചാത്തലം, ബിജിഎം , സംഘടരംഗങ്ങൾ, VFX എന്നിവ മലയാള സിനിമയെ മറ്റൊരു തലത്തിലേക്ക് എത്തിച്ചതിന്റെ അംഗീകാരം തീർച്ചയായും സംവിധായകന് അവകാശപ്പെടാം. സ്റ്റീഫൻ നെടുമ്പള്ളിയുടെ വളർച്ചയുടെ കറുത്ത ഇരുണ്ട നാളുകളുടെ കഥയുടെ ഉദ്വേഗജനകത്വം നിറഞ്ഞുനിൽക്കുന്ന ഉപസംഹാരത്തോടെ സിനിമ നിർത്തിയത് തീർച്ചയായും മൂന്നാംഭാഗത്തിന്റെ ഒരു മുന്നോടിയായിട്ടാണ്. മൂന്നാംഭാഗവും ഒരു സൂപ്പർ ഹിറ്റാകും എന്ന് നിസംശയം പറയാം.
സാംഗീതിക മികവ് മാറ്റിനിർത്തിയാൽ, ഒരു ശരാശരി മൂവി എന്നതിലുപരി ഈ മൂവിയെ കാണാൻ പ്രയാസമാണ്. ഒരുപക്ഷെ അതുകൊണ്ടാകും തികച്ചും വിവാദപരമായ സന്ദർഭങ്ങളിലൂടെ ഇതിനെ വാണിജ്യവൽക്കരിക്കാൻ ശ്രേമിച്ചത്.
ദേശസ്‌നേഹം വാണിജ്യവൽക്കരിച്ചു സിനിമയിലൂടെ ലാഭം കൊയ്യുന്ന ഒരുപാട് സിനിമകൾ നമ്മൾ ഈ അടുത്തകാലത്തായി കാണുകയുണ്ടായി. അതിൽ അമരൻ എന്ന സിനിമ എടുത്തു പറയേണ്ടതുണ്ട്, ദേശസ്നേഹത്ത പ്രണയം മറികടന്ന ഒരു മൂവിയായി നമുക്ക് അതിനെ കാണാം. വാണിജ്യവൽക്കരിക്കാതെ ഒരു മൂവിയെ ഒരു മൂവിയായി പ്രതിനിധാനം ചെയ്യാൻ സാധിക്കും എന്നതിന്റെ ഉത്തമഉദാഹകരണം. ഒരു ചോദ്യം അവശേഷിക്കുന്നു അല്ലെങ്കിൽ ബാക്കിവെക്കുന്നു, എന്തുകൊണ്ട് എമ്പുരാൻ ഒരു മൂവിയായി കാണുവാൻ സാധിച്ചില്ല?