Image

ഹെഗ്സേഥ് മറ്റൊരു സിഗ്നൽ ചാറ്റിൽ യെമെൻ ആക്രമണ വിവരങ്ങൾ പുറത്തു വിട്ടെന്ന് ആരോപണം (പിപിഎം)

Published on 21 April, 2025
ഹെഗ്സേഥ് മറ്റൊരു സിഗ്നൽ ചാറ്റിൽ യെമെൻ ആക്രമണ വിവരങ്ങൾ പുറത്തു വിട്ടെന്ന് ആരോപണം (പിപിഎം)

യെമെനിലെ ഹൂത്തി കലാപകാരികൾക്കെതിരെ യുഎസ് ആരംഭിച്ച ആക്രമണത്തിന്റെ വിശദാംശങ്ങൾ ഡിഫൻസ് സെക്രട്ടറി പീറ്റ് ഹെഗ്സേഥ് സിഗ്നൽ ആപ്പിൽ നടന്ന സ്വകാര്യ ചർച്ചയിൽ പങ്കു വച്ചതായി വെളിപ്പെടുത്തൽ.  

മാർച്ച് 15നു  ഭാര്യ ജെനിഫർ, സഹോദരൻ ഫിൽ, അഭിഭാഷകൻ ടിം പാർലറ്റോർ എന്നിവരുമായാണ് ഹെഗ്സേഥ് ആക്രമണ വിവരങ്ങൾ പങ്കു വച്ചത്. ജെനിഫർ ഫോക്സ് ന്യൂസിന്റെ മുൻ പ്രൊഡ്യൂസറാണ്.

ഇതേ ദിവസം മറ്റൊരു സിഗ്നൽ ചാറ്റിൽ 'ദ അറ്റ്ലാന്റിക്' എഡിറ്ററും ഉണ്ടായിരുന്നു എന്നത് ഏറെ വിവാദം ആയെങ്കിലും ഈ രണ്ടാം ചാറ്റിന്റെ വിവരങ്ങൾ രഹസ്യമായിരുന്നുവെന്നു 'ന്യൂ യോർക്ക് ടൈംസ്' വെളിപ്പെടുത്തുന്നു.  

ഹൂത്തികളെ ആക്രമിക്കാനുള്ള എഫ്/എ 18 ഹോർണറ്റ് വിമാനങ്ങളുടെ ഫ്ലൈറ്റ് ഷെഡ്യൂളും ചർച്ചയിൽ ഹെഗ്സേഥ് നൽകി എന്നതാണ് അമ്പരപ്പിക്കുന്നത്. ഡിഫൻസ് ജീവനക്കാരി അല്ലാത്ത ജെനിഫറിനു പോലും നൽകാൻ പാടില്ലാത്ത വിവരങ്ങളാണ് മറ്റു രണ്ടു പേരുമായി കൂടി പങ്കു വച്ചത്. ഫില്ലിനും പാർലറ്റോറിനും പെന്റഗണിൽ ജോലിയുണ്ട്. പക്ഷെ അവർ എന്തിനു ആക്രമണ വിവരങ്ങൾ അറിയണം എന്നത് വ്യക്തമല്ല.

ഈ ചാറ്റ് ആരംഭിച്ചത് സെക്രട്ടറി തന്നെയാണ്. സ്വകാര്യ ഫോൺ ആണ് ഉപയോഗിച്ചത്. സെക്രട്ടറിയയായി സ്ഥിരീകരിക്കുന്നതിനു മുൻപ് ആരംഭിച്ച ചാറ്റ് ഗ്രൂപ്പിന് നൽകിയ പേര് 'Defense | Team Huddle' എന്നായിരുന്നു.

'അറ്റ്ലാന്റിക്' എഡിറ്റർ ഉൾപ്പെട്ട ചാറ്റ് ആരംഭിച്ചത് നാഷനൽ സെക്യൂരിറ്റി അഡ്വൈസർ മൈക്ക് വാൾസ് ആയിരുന്നു. അതിൽ വൈസ് പ്രസിഡന്റ് ജെ ഡി വാൻസും ഉൾപ്പെട്ടിരുന്നു.

യെമെൻ ആക്രമണ വിവരങ്ങൾ ഹെഗ്സേഥ് രണ്ടു ചാറ്റിലും പങ്കു വച്ചത് ഏതാണ്ട് ഒരേ സമയത്താണ്. ആക്രമണ വിവരങ്ങളൊന്നും പങ്കു വച്ചില്ല എന്ന പ്രതിരോധമാണ് ആദ്യം ട്രംപ് ഭരണകൂടം എടുത്തത്. വാൾസ് പക്ഷെ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.

പെന്റഗൺ മുൻ ഉദ്യോഗസ്ഥൻ ജോൺ ഉല്യോട്ട് ഒരു ലേഖനത്തിൽ ഹെഗ്സേഥ് ഭരണത്തെ ആക്രമിച്ചു. പെന്റഗൺ കുത്തഴിഞ്ഞെന്നു ചൂണ്ടിക്കാട്ടി, സെക്രട്ടറിയെ നീക്കം ചെയ്യണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു.

Hegseth accused of another leak 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക