നിലമ്പൂര്‍ സീറ്റിന് വേണ്ടി വിഎസ് ജോയിയും ആര്യാടന്‍ ഷൗക്കത്തും പിടിമുറുക്കിയതോടെ കടുത്ത പ്രതിസന്ധിയിലായി കോണ്‍ഗ്രസ് നേതൃത്വം. ജോയിക്കു വേണ്ടി മണ്ഡലത്തിലെ മുന്‍ എംഎല്‍എ പി വി അന്‍വര്‍ ചരട് വലിക്കുമ്പോള്‍ ഒരു തരത്തിലും പിന്മാറാന്‍ തയ്യാറല്ലെന്ന നിലപാടിലാണ ഷൗക്കത്ത്.
ഇതോടെ ഇരുവരേയും ഒഴിവാക്കി മൂന്നാമനെ പരിഗണിക്കാനുളള ആലോചനയിലാണ് കോണ്‍ഗ്രസ് നേതൃത്വം എന്നാണ് റിപ്പോര്‍ട്ട്.
എംഎല്‍എ സ്ഥാനം രാജിവച്ച വേളയില്‍ തന്നെ നിലമ്പൂരില്‍ വിഎസ് ജോയിയുടെ പേരായിരുന്നു പിവി അന്‍വര്‍ മുന്നോട്ട് വെച്ചത്. അദ്ദേഹം അല്ലാതെ മറ്റൊരാളെ മത്സരിപ്പിച്ചാല്‍ യുഡിഎഫ് മണ്ഡലത്തില്‍ കനത്ത പരാജയം രുചിക്കുമെന്ന പരോക്ഷ ഭീഷണിയും അന്‍വര്‍ ഉയര്‍ത്തുന്നുണ്ട്. അന്‍വറിനെ അനുനയിപ്പിക്കാന്‍ കഴിഞ്ഞ ദിവസം ഷൗക്കത്ത് നേരിട്ട് സന്ദര്‍ശിച്ചെങ്കിലും തന്റെ നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് അദ്ദേഹം.
ആര്യാടന്‍ ഷൗക്കത്ത് മത്സരിക്കുന്നതിനോട് കോണ്‍ഗസിലേയും ലീഗിലേയും പലര്‍ക്കും താല്‍പ്പര്യമില്ല. മാത്രമല്ല വിഎസ് ജോയിക്ക് അനൂകൂല തരംഗം മണ്ഡലത്തില്‍ ഉണ്ടെന്നും നേതാക്കള്‍ കരുതുന്നുണ്ട്.
വീണ് കിട്ടിയ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പെന്ന അവസരം കളഞ്ഞ് കുളിക്കരുതെന്ന നിര്‍ബന്ധവും കോണ്‍ഗ്രസിനുണ്ട്. ഇതെല്ലാം കൊണ്ട് തന്നെ ഇലയ്ക്കും മുള്ളിനും കേടില്ലാതെ പ്രശ്‌നപരിഹാരത്തിനുള്ള സാധ്യതയാണ് യു ഡി എഫ് തേടുന്നത്.
ഈ സാഹചര്യത്തിലാണ് വിഎസ് ജോയിയും ഷൗക്കത്തും അല്ലാതെ മൂന്നാമതൊരു പേര് കോണ്‍ഗ്രസ് നേതൃത്വം പരിഗണിക്കുന്നത്. കെപിസിസി സംസ്ഥാന സെക്രട്ടറിയും മുന്‍ മലപ്പുറം ഡിസിസി ജനറല്‍ സെക്രട്ടറിയുമായ കെ പി നൗഷാദ് അലിയുടെ പേരാണ് നേതൃത്വം പരിഗണിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. വിഎസ് ജോയിയെ പോലെ തന്നെ മണ്ഡലത്തില്‍ സ്വീകാര്യതയുള്ള നേതാവാണ് നൗഷാദലി. സമവായ സ്ഥാനാര്‍ത്ഥി എന്ന നിലയ്ക്ക് കെ മുരളീധരന്റെ പേരും പരിഗണനയില്‍ ഉണ്ട്.