കാസര്‍കോട്: കാസര്‍കോട് നഗരത്തില്‍ ഞായറാഴ്ച രാത്രി യുവാവിനെ കൊലപ്പെടുത്തിയ പ്രതികള്‍ അറസ്റ്റില്‍. സംഭവത്തില്‍ പങ്കുള്ള ആറുപേരില്‍ നാലുപേരെയാണ് മണിക്കൂറുകള്‍ക്കകം വലയിലാക്കിയത്. രണ്ടു പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
പുതിയ ജില്ലാ പൊലീസ് മേധാവിയായി ഞായറാഴ്ച ചുമതലയേറ്റ ബി.വി വിജയ്ഭരത് റെഡ്ഡിയുടെ ചടുല നീക്കത്തിലൂടെയാണ് നാലുപേരെ ഒറ്റപ്പാലത്തു വച്ച് പിടികൂടിയത്. ഇവരെ കാസര്‍കോട്ടേക്ക് കൊണ്ടു വരുന്നതിനായി പൊലീസ് സംഘം ഒറ്റപ്പാലത്തേക്ക് പോയിട്ടുണ്ട്.
ഞായറാഴ്ച അര്‍ധരാത്രിയോടെയാണ് കാസര്‍കോട് നഗരത്തെ നടുക്കിയ കൊല നടന്നത്. നഗരത്തിന് സമീപത്തെ ആനവാതുക്കലാണ് കൊലപാതകം നടന്നത്.
പശ്ചിമബംഗാള്‍, ബേംടിയ, ബര്‍ഗാറിയയിലെ സുഭാഷ് റോയിയുടെ മകന്‍ സുശാന്ത റോയ് (28) ആണ് കൊല്ലപ്പെട്ടത്. നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്ന കെട്ടിടത്തിനു സമീപത്താണ് സുശാന്തും പത്തോളം തൊഴിലാളികളും താമസിച്ചിരുന്നത്. ഞായറാഴ്ച രാത്രി വൈകി ഉണ്ടായ വാക്കുതര്‍ക്കത്തിനും കയ്യാങ്കളിക്കും ഇടയിലാണ് സുശാന്ത റോയ് കൊല്ലപ്പെട്ടത്.
പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളുവെന്ന് പൊലീസ് പറഞ്ഞു.
കൊല നടന്ന ഉടനെ പൊലീസ് സ്ഥലത്തെത്തിയിരുന്നു. അപ്പോഴേക്കും കൂടെ താമസിച്ചിരുന്ന ആറു പേര്‍ രക്ഷപ്പെട്ടിരുന്നു.
ഇവരെ പിടികൂടുന്നതിനായി ജില്ലാ പൊലീസ് മേധാവി വിവിധ പൊലീസ് സ്റ്റേഷനുകളിലേക്കും റെയില്‍വെ പൊലീസിനും വിവരം നല്‍കി. ഇതിലൂടെയാണ് പ്രതികളെ മണിക്കൂറുകള്‍ക്കകം വലയിലാക്കിയത്. സുശാന്ത് റോയി മൂന്നു മാസം മുമ്പാണ് ജോലിക്കായി കാസര്‍കോട്ടെത്തിയത്.