വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് മാര്‍പാപ്പ (88) കാലംചെയ്തു. പ്രാദേശിക സമയം ഇന്നു രാവിലെ 7.35 ന് ആയിരുന്നു മാര്‍പാപ്പയുടെ വിയോഗമെന്ന് വത്തിക്കാന്‍ അറിയിച്ചു. ന്യൂമോണിയ ബാധിതനായി ഗുരുതരാവസ്ഥയില്‍ കഴിഞ്ഞ അദ്ദേഹം സുഖം പ്രാപിച്ചു തിരിച്ചെത്തിയത് അടുത്ത കാലത്താണ്.
1936 ഡിസംബര്‍ 17ല്‍ അര്‍ജന്റീനയില്‍ ബ്യൂണസ് ഐറിസില്‍ ജനിച്ച ജോര്‍ജ് മാരിയോ ബര്‍ഗോളിയോ സഭാ തലവനായപ്പോൾ അസീസ്സിയിലെ ഫ്രാന്‍സിസിന്റെ പേരാണ് സ്വീകരിച്ചത്. കത്തോലിക്കാ സഭയുടെ 266ാമത്തെ മാര്‍പാപ്പയും ഫ്രാന്‍സിസ് എന്ന പേരു സ്വീകരിച്ച ആദ്യ മാര്‍പാപ്പയുമാണ് അദ്ദേഹം. ഈശോസഭയില്‍ (ജെസ്യൂട്ട്) നിന്നും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍നിന്നുമുള്ള ആദ്യത്തെ മാര്‍പാപ്പയുമായിരുന്നു. 731741 കാലഘട്ടത്തിലെ, സിറിയയില്‍ നിന്നുള്ള ഗ്രിഗറി മൂന്നാമനു ശേഷം യൂറോപ്പിനു പുറത്തുനിന്നുളള മാര്‍പാപ്പയും അദ്ദേഹമാണ്.
സഭയ്ക്കുള്ളിലും പുറത്തും നവീകരണത്തിന്റെ വക്താവായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. ഭീകരതയും അഭയാര്‍ഥി പ്രശ്‌നവും മുതല്‍ ആഗോളതാപനം വരെയുള്ള കാര്യങ്ങളില്‍ അദ്ദേഹത്തിന്റെ നിലപാടുകള്‍ക്ക് ലോകം കാതോര്‍ത്തിരുന്നു.
അദ്ദേഹത്തിന്റെ പിതാവ് ഇറ്റലിക്കാരനായിരുന്നു. മുസോളിനിയുടെ ഭരണകൂടത്തെ ഭയന്ന് അര്‍ജന്റീനയിലേക്കു കുടിയേറിയതായിരുന്നു അദ്ദേഹം. അവിടെ റയില്‍വേ ജീവനക്കാരനായി. അദ്ദേഹത്തിന്റെ അഞ്ചു മക്കളില്‍ ഒരാളാണ് ജോര്‍ജ് മാരിയോ. രസതന്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ജോര്‍ജ് മാരിയോ ബര്‍ഗോളിയോ 1969 ഡിസംബര്‍ 13ന് ജെസ്യൂട്ട് വൈദികനായി. 1973 മുതല്‍ 1979 വരെ അര്‍ജന്റീനന്‍ സഭയുടെ പ്രൊവീന്‍ഷ്യാളായിരുന്നു. 1980ല്‍ സാന്‍ മിഗ്വല്‍ സെമിനാരി റെക്ടറായി. 1992ല്‍ ബ്യൂണസ് ഐറിസിന്റെ സഹായമെത്രാനായി. 1998ല്‍ ബ്യൂണസ് ഐറിസ് ആര്‍ച്ച് ബിഷപ്പായി. ബിഷപ്പായിരിക്കെ ആഡംബരപൂര്‍ണമായ വസതി ഉപേക്ഷിച്ച് ചെറിയ വീട്ടിലായിരുന്നു താമസം, സ്വന്തമായി ഭക്ഷണം പാകം ചെയ്തു. ഔദ്യോഗിക വാഹനം ഉപയോഗിക്കാതെ പൊതുഗതാഗത സംവിധാനത്തിലായിരുന്നു യാത്ര.
2001ല്‍ കര്‍ദിനാളായി. വത്തിക്കാന്‍ ഭരണകൂടമായ റോമന്‍ കൂരിയായയുടെ വിവിധ ഭരണ പദവികളില്‍ സേവനമനുഷ്ഠിച്ചു. 2005ല്‍ അര്‍ജന്റീനയിലെ എപ്പിസ്‌കോപ്പല്‍ കോണ്‍ഫറന്‍സിന്റെ അധ്യക്ഷനായി. മൂന്നു വര്‍ഷത്തിനു ശേഷം ഇതേ പദവിയില്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.