വത്തിക്കാന്‍ സിറ്റി: അടുത്ത പാപ്പ ആഫ്രിക്കയിൽ നിന്നോ ഇറ്റലിയിൽ നിന്നോ ശ്രീലങ്കയിൽ നിന്നോ - ഒരുപക്ഷേ അമേരിക്കയിൽ നിന്നുപോലും - വരാം. ആര് പോപ്പായാലും കത്തോലിക്കാ സഭയെ യാഥാസ്ഥിതിക പ്രത്യയശാസ്ത്രത്തിലേക്ക് തിരികെ കൊണ്ടുപോകാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ പറയുന്നു .
ആരാകും അടുത്ത മാര്‍പാപ്പയെന്ന ചര്‍ച്ചയിലാണ് ലോകം. കര്‍ദിനാള്‍ പീറ്റര്‍ എര്‍ദോ, കര്‍ദിനാള്‍ പിയട്രോ പരോളിന്‍, കര്‍ദിനാള്‍ പീറ്റര്‍ തുര്‍ക്‌സണ്‍, കര്‍ദിനാള്‍ ലൂയിസ് താഗിള്‍, കര്‍ദിനാള്‍ മരിയോ ഗ്രെഞ്ച്, കര്‍ദിനാള്‍ മാറ്റിയോ സുപ്പി എന്നിവരാണ് അടുത്ത പോപ്പ് ആകാന്‍ ഏറ്റവും സാധ്യതയുള്ളവര്‍.
ലോകത്തുടനീളം ഏതാണ്ട് 240 ലേറെ കര്‍ദിനാളുമാരുണ്ട്. നിലവിലെ പോപ് മരിക്കുകയോ രാജിവെക്കുകയോ ചെയ്യുമ്പോള്‍, കര്‍ദിനാൾമാര്‍ വോട്ടെടുപ്പിലൂടെ പിന്‍ഗാമിയെ കണ്ടെത്തുന്നു. കോണ്‍ക്ലേവ് എന്നാണ് ഈ പ്രക്രിയ അറിയപ്പെടുന്നത്. വോട്ടര്‍മാരുടെ എണ്ണം 120 ആയി പരിമിതപ്പെടുത്തിയിട്ടുണ്ടെങ്കിലും നിലവില്‍ 138 വോട്ടര്‍മാരാണുള്ളത്. ഈ 138 പേരും രഹസ്യ ബാലറ്റിലൂടെയാണ് വോട്ട് രേഖപ്പെടുത്തുന്നത്.
പുതിയ പോപ്പിനെ തെരഞ്ഞെടുക്കാന്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണം. ഈ പരിധി എത്തുന്നത് വരെ വോട്ടെടുപ്പ് തുടരും. ഓരോ റൗണ്ട് വോട്ടെടുപ്പ് കഴിയുംതോറും ബാലറ്റുകള്‍ രാസവസ്തുക്കള്‍ ഉപയോഗിച്ച് കത്തിച്ചുകളയും. ഇത് കത്തിക്കുമ്പോള്‍ കറുപ്പോ വെളുപ്പോ ആയ പുകയുയരുന്നു. കറുത്ത പുകയാണെങ്കില്‍ തീരുമാനമായില്ല എന്നാണ് സൂചന. വെളുത്ത പുകയാണെങ്കില്‍ പുതിയ പോപ്പിനെ തെരഞ്ഞെടുത്തു എന്ന് മനസിലാക്കാം. പോപ്പിനെ തെരഞ്ഞെടുത്ത് കഴിഞ്ഞാല്‍ കൊങ്കളാവിന്റെ ഡീൻ സെന്റ് പീറ്റോഴ്‌സ് ബസിലിക്കയില്‍ നിന്ന് പേര് പ്രഖ്യാപിക്കുന്നു.
സാധാരണഗതിയില്‍ പോപ്പ് മരിച്ച് രണ്ടോ മൂന്നോ ആഴ്ച കഴിഞ്ഞാണ് കോണ്‍ക്ലേവ് നടക്കുക. 2013ല്‍ ബെനഡിക്ട് പതിനാറാമൻ രാജിവെച്ച് 12 ദിവസങ്ങള്‍ക്ക് ശേഷമാണ് കോണ്‍ക്ലേവ് തുടങ്ങിയത്. കര്‍ദിനാൾമാർക്കിടയില്‍ ഐക്യമുണ്ടെങ്കില്‍ പുതിയ പോപ്പിനെ പെട്ടെന്ന് തെരഞ്ഞെടുക്കാം. അല്ലെങ്കില്‍ ആഴ്ചകളെടുത്തേക്കാം.
മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടുന്നതിനായി കോണ്‍ക്ലേവില്‍ ഓരോ ദിവസവും നാല് റൗണ്ട് വോട്ടെടുപ്പ് വരെ നടക്കും. 33 റൗണ്ടുകള്‍ക്ക് ശേഷവും തീരുമാനമെടുത്തില്ലെങ്കില്‍ അവസാന റൗണ്ടിലെത്തുന്ന രണ്ടുപേര്‍ തമ്മിലാകും മത്സരം.
1271 ല്‍ ഗ്രിഗറി പത്താമന്‍ മാര്‍പാപ്പയെ തിരഞ്ഞെടുക്കാന്‍ പേപ്പല്‍ കോണ്‍ക്ലേവ് ഏകദേശം മൂന്ന് വര്‍ഷമെടുത്തു.
സാധ്യത കല്പിക്കപ്പെടുന്നവർ
കർദിനാൾ പിയട്രോ പരോളിൻ, 70, ഇറ്റലി: വത്തിക്കാൻ സെക്രട്ടറി ഓഫ് സ്റ്റേറ്റ്. ഫ്രാൻസിസ് പാപ്പാ വന്ന ശേഷം 12 വർഷമായി അദ്ദേഹം വത്തിക്കാനിലുണ്ട്. രാഷ്ട്രീയ മിതവാദിയാണ് അദ്ദേഹം. നൈജീരിയയിലും മെക്സിക്കോയിലും വത്തിക്കാന്റെ നയതന്ത്ര പ്രതിനിധി ആയിരുന്നു. 2014ലാണ് ഫ്രാൻസിസ് പാപ്പാ അദ്ദേഹത്തെ കർദിനാൾ ആക്കിയത്.
കർദിനാൾ ഫ്രിഡലിൻ അംബോംങ്ങോ ബേസുങ്ങു ഒരു ആഫ്രിക്കൻ സാധ്യതയാണ്. എപ്പിസ്കോപ്പൽ കോൺഫറൻസസ് ഓഫ് ആഫ്രിക്ക ആൻഡ് മഡഗാസ്കർ പ്രസിഡന്റായ അദ്ദേഹം പക്ഷെ വിവാദ പുരുഷനാണ്. ഒരേ ലിംഗക്കാരുടെ വിവാഹം നടത്താൻ അനുമതി നൽകുന്ന പാപ്പയുടെ പ്രഖ്യാപനം അദ്ദേഹം തള്ളിയിട്ടുണ്ട്. ആഫ്രിക്കയിൽ അത് വേണ്ടെന്ന അദ്ദേഹത്തിന്റെ നിലപാടിനെ ഫ്രാൻസിസ് പാപ്പാ എതിർത്തില്ല. 2019ൽ കർദിനാൾ ആയ അദ്ദേഹം ഫ്രാൻസിസ് പാപ്പായുടെ ഇടതു ചായ്വുള്ള തത്വങ്ങൾ അംഗീകരിക്കുന്നില്ല.
കർദിനാൾ വില്യം ജാക്കോബസ് ഐജിക് , 72 , നെതർലൻഡ്‌സ്: മുൻ മെഡിക്കൽ ഡോക്ടറായ ഐജിക് കടുത്ത യാഥാസ്ഥിതികനാണ്. ആദ്യ വിവാഹം റദ്ദാക്കാതെ രണ്ടാമത് വിവാഹം കഴിക്കാം എന്ന ഫ്രാൻസിസ് പാപ്പയുടെ നിലപാടിനെ അദ്ദേഹം എതിർത്തിട്ടുണ്ട്. അത് വ്യഭിചാരമാണെന്നു വരെ അദ്ദേഹം പറഞ്ഞു. പ്രൊട്ടസ്റ്റന്റ് വിശ്വാസികൾക്കു കത്തോലിക്കാ പള്ളികളിൽ വിശുദ്ധ കുർബാന സ്വീകരിക്കാം എന്ന ജർമൻ ബിഷപ്പുമാരുടെ തീരുമാനത്തെ ഫ്രാൻസിസ് ചെറുത്തില്ലെന്നു അദ്ദേഹം പരാതിപ്പെടുകയും ചെയ്തു. കർദിനാൾ ആയത് 2012ൽ.
കർദിനാൾ പീറ്റർ എർഡോ, 73, ഹങ്കറി: യൂറോപ്പിലെ ബിഷപ്‌സ് കോൺഫറൻസ് പ്രസിഡന്റായിരുന്ന എർഡോ യാഥാസ്ഥിതികനാണ്. സഭാ രാഷ്ട്രീയത്തിൽ സജീവമായിരുന്നു. വിവാഹമോചനം നേടിയവർക്കും പുനർവിവാഹം ചെയ്തവർക്കും കുർബാന കൊടുക്കുന്നതിനെ അദ്ദേഹം എതിർത്തിരുന്നു. യൂറോപ്പ് അഭയാർഥികളെ സ്വീകരിക്കരുത് എന്നാണ് അദ്ദേഹത്തിന്റെ നിലപാട്. 2003ൽ ജോൺ പോൾ രണ്ടാമനാണ് അദ്ദേഹത്തെ കർദിനാൾ ആക്കിയത്.
കർദിനാൾ ലൂയി അന്റോണിയോ ടാഗിൾ, 68 , ഫിലിപ്പൈൻസ്: സഭയിൽ സ്ഥാനങ്ങൾ വഹിക്കുന്ന ടാഗിൾ 'ഏഷ്യൻ പോപ്പ് ഫ്രാൻസിസ്' എന്നാണ് അറിയപ്പെടുന്നത്. എൽജിബിടി വിഭാഗത്തോടും വിവാഹമോചിതരോടും പുനർവിവാഹം ചെയ്തവരോടുമുള്ള സഭയുടെ നിലപാടുകൾ തിരുത്തണമെന്നു അദ്ദേഹം ആവശ്യപ്പെടുന്നു. പോപ്പ് ബെനഡിക്ട് 2012ൽ ഏഴാം ഏഷ്യൻ കർദിനാൾ ആക്കിയ അദ്ദേഹം മാർപാപ്പയായാൽ ഏഷ്യയിൽ നിന്ന് ആദ്യമാവും.
കർദിനാൾ റെയ്മണ്ട് ബർക് , 77, യുഎസ്: കടുത്ത യാഥാസ്ഥിതികൻ. ഫ്രാൻസിസ് പാപ്പയുടെ ഇടതുപക്ഷ സമീപനങ്ങളെ നിശിതമായി വിമർശിച്ചിട്ടുണ്ട്. വിസ്കോൺസിനിൽ ജനിച്ചു. 2010ൽ പോപ്പ് ബെനഡിക്ട് ആണ് കർദിനാൾ ആക്കിയത്.
കർദിനാൾ മരിയോ ഗ്രെച്, 68 , മാൾട്ട: സിനഡ് ഓഫ് ബിഷപ്‌സിന്റെ ഇപ്പോഴത്തെ സെക്രട്ടറി ജനറൽ. മിതവാദി. ലൈംഗികതയോ വിവാഹമോചനമോ മൂലം സഭ ഭ്രഷ്ട് കല്പിച്ചവർക്കു വേണ്ടി ശബ്ദമുയർത്തി. പോപ്പ് ഫ്രാൻസിസ് ആണ് 2020ൽ കർദിനാൾ ആക്കിയത്.
കർദിനാൾ മറ്റെയോ സൂപ്പി, 70, ഇറ്റലി: ഇറ്റാലിയൻ എപ്പിസ്കോപ്പൽ കോൺഫ്രൻസ് പ്രസിഡന്റ്. റോമിൽ ജനിച്ചു വളർന്നു. ഫ്രാൻസിസ് പാപ്പയ്ക്കു ഇഷ്ടപ്പെട്ടയാൾ. 2023ൽ യുക്രൈനിലേക്കു പാപ്പയുടെ സമാധാന ദൂതനായി പോയി. 2019ൽ ഫ്രാൻസിസ് തന്നെയാണ് കർദിനാൾ ആക്കിയത്.