Image

ലോകമേ തറവാട്, ജനിച്ച വീടും പറമ്പും വിറ്റു; എം.എ ബേബിക്കു വ്യത്യസ്തനാം ജ്യേഷ്ഠൻ (കുര്യൻ പാമ്പാടി)

Published on 21 April, 2025
ലോകമേ തറവാട്, ജനിച്ച വീടും പറമ്പും  വിറ്റു; എം.എ  ബേബിക്കു വ്യത്യസ്തനാം   ജ്യേഷ്ഠൻ    (കുര്യൻ പാമ്പാടി)

ഇഎംഎസിന്  ശേഷം  മാർക്സിസ്റ് പാർട്ടിയുടെ  ജനറൽ സെക്രട്ടറിയായ ആദ്യ മലയാളി എംഎ ബേബിയുടെ ജന്മനാട്  കാണാൻ കൊല്ലത്തടുത്ത്  തൃക്കരുവാ പഞ്ചായത്തിലെ പ്രാക്കുളത്തു പോയി. അഷ്ടമുടി കായലിന്റെ ഓരത്തുകൂടി അരമണിക്കൂർ-12  കിമീ- യാത്ര.

കായലിലേക്ക് തള്ളിനിൽക്കുന്ന പ്രാക്കുളം തുരുത്തിന്റെ മുനമ്പാണ് സഞ്ചാരികൾ ഓടിയെത്തുന്ന  സാംബ്രാണിക്കോടി.  ബേബിക്കിന്നു പ്രാക്കുളത്ത്  അച്ഛനമ്മമാരോ സഹോദരങ്ങളോ വീടോ കൂടിയോ ഒന്നുമില്ല. കുന്നത്ത് തറവാടും പുരയിടവും വിറ്റു. സിമന്റ് തൂണിൽ തീർത്ത വാട്ടർ ടാങ്ക് മാത്രമുണ്ട്.

ഏകോദരം പക്ഷെ  വേറിട്ട വഴി-എം. എ. ജോൺസണും എംഎ ബേബിയും ബെറ്റിയും

പിതാവ് റിട്ട. ഹെഡ് മാസ്റ്റർ പി എം അലക്‌സാണ്ടറും ഭാര്യ ആറാടൻ  വീട്ടിൽ ലില്ലിയും പണ്ടേ  കടന്നു പോയി. അഞ്ചു മക്കളിൽ ജോർജ്, ബാബു എന്നിവരും സഹോദരി അമ്മിണിയും വിടവാങ്ങി. അവശേഷിക്കുന്നത് ബേബിയും ജ്യേഷ്ട്ടൻ ജോൺസണും മാത്രം.  

കോഴിക്കോട് ട്രഷറി ഉദ്യോഗസ്ഥൻ ആയിരുന്ന മരിയാൻ  അലക്‌സാണ്ടർ എന്ന എം.എ.  ജോൺസൻ അവിടെ സ്ഥിരതാമസമാക്കി. വായന, എഴുത്ത്, വായനശാല, പരിസ്ഥിതി പ്രവത്തനങ്ങളിൽ സജീവം. ബേബിയ്ക്കാകട്ടെ വള്ളത്തോൾ പാടിയതു  പോലെ ലോകമേ തറവാട്. ഇന്നും സ്വന്തമായി വീടില്ല.  

ഇവിടെ ഇങ്ങിനെ ഒരു മനുഷ്യൻ:  ജോൺസനെക്കുറിച്ചു ഓർമ്മപ്പുസ്തകം; ജോൺസന്റെ പുസ്തകം

"എനിക്ക് 74  വയസും ബേബിക്ക് 71  വയസും പ്രായം.  ബേബിക്ക് എത്ര പണ്ടേ  വീടു വയ് ക്കാമായിരുന്നു. എംഎൽ എ  ഫണ്ടിൽ നിന്ന് വായ്പ കിട്ടും. വീട് വേണം എന്നൊക്കെ ബെറ്റി പറയുമ്പോൾ  വേണ്ടെന്നു വയ്ക്കാനുള്ള കാരണങ്ങൾ  നിരത്തും.  

'ഡൽഹിയിൽ ബജാജ് സ്‌കൂട്ടറും നാട്ടിൽ ചെഗുവേരയുടെ ചിത്രം ഒട്ടിച്ച ചെങ്കൊടി നിറമുള്ള മാരുതി സെൻ കാറും ഉണ്ടായിരുന്നെങ്കിലും ഒന്നും ഓടിക്കില്ല. ആരെക്കൊണ്ടെകിലും ഓടിച്ച് കാര്യം നടത്തും,' ജോൺസൻ പറയുന്നു. എന്താ വണ്ടികൾ ഓടിക്കാത്തതു എന്ന് ചോദിച്ചാൽ " അറിയില്ലെകിൽ അന്യരെക്കൊണ്ട്  അത് ചെയ്യിച്ചെടുക്കാൻ കഴിയും" എന്ന മാർക്ക് ട്വൈൻ ഉദ്ധരണി പുറത്തെടുക്കും.

ജോൺസന്റെ കോഴിക്കോട്ടെ സ്വപ്ന കുടീരം 'ദർശനം'; ശതാഭിഷേക വേളയിൽ എംടിയോടൊപ്പം

ജ്യേഷ്ടന്മാരെപ്പോലെ ബേബിയും സർക്കാർ ജോലിയിൽ കടക്കണമെന്നായിരുന്നു അമ്മ ലില്ലിയുടെ ആഗ്രഹം. ജോർജ് കൊല്ലത്തു തഹസിൽദാരായി.  ബാബു കെഎസ്ആർടിസി യിൽ സൂപ്രണ്ട്. ജോൺസൺ ട്രഷറി ജൂനിയർ സൂപ്രണ്ട്..

പക്ഷെ ബേബി സ്വന്തം പാതയിൽ കാലിറാതെ  മുന്നോട്ടു പോയി. ഇഎംഎസിനെ ഗുരുവാക്കി. അച്യുതാനന്ദനെ ചേർത്തുപിടിച്ചു. ചെഗുവേരയുടെ പടമുള്ള വാച്ചു കെട്ടി.  കെ ആർ ഗൗരിയെ  കേരളത്തിലെ (സ്പാനിഷ് വിപ്ലവകാരി) പാഷനാരയെന്നു വിളിച്ചു.

ബേബിയെപ്പോലെ ഉറച്ച കമ്മ്യൂണിസ്റ്കാരനാണ് ജോൺസണും. പാർട്ടി മെമ്പറാണ്. കൽക്കട്ട, വിജയവാഡ, കോയമ്പത്തൂർ, കൊല്ലം, കണ്ണൂർ, തിരുവനന്തപുരം, മധുര എന്നീ ഏഴു കോൺഗ്രസുകളിൽ പങ്കെടുത്തു. പക്ഷെ പാർട്ടിയുടെ ഇപ്പോഴത്തെ ചെയ്തികളിൽ പലതിനോടും യോജിപ്പില്ല. 'എനിക്ക് എന്റെ വഴി.'

വാർഡ് 13  സാംബ്രാണിക്കോടി; പ്രസി. കോൺഗ്രസിലെ സരസ്വതി രാമചന്ദ്രൻ, വാ.11 പ്രാക്കുളം മെമ്പർ ജോയ് കോടിയിൽ

സാഹിത്യ നഗരമായ കോഴിക്കോട്ടേക്കു കുടിയേറിയിട്ടു  അഞ്ചു പതിറ്റാണ്ടായി. വയനാട്ടിൽ ആദ്യ ജോലി ചെയ്യുമ്പോൾ കൂട്ടാളിയായിരുന്ന സഖാവ് കമലാക്ഷിയെ  ജീവിത പങ്കാളിയാക്കി. അവർ ജീവിതത്തോട് വിട പറഞ്ഞപ്പോൾ ആ ഓർമ്മയ്ക്ക് വീടിനു കമൽ എന്ന് പേരിട്ടു. കോഴിക്കോട് മെഡിക്കൽ കോളേജിൽ നഴ്‌സിംഗ് ഓഫീസർ ആയിരുന്ന സി.എൻ. സുഭദ്രയാണ് പുതിയ സഖി. കമ്മ്യൂണിസ്റ്റ് വിശ്വാസി. വൈക്കം സ്വദേശിനി.

കോഴിക്കോട് മെഡിക്കൽ കോളേജിനടുത്ത് ചെലവൂരിൽ കാളാണ്ടിത്താഴത്താണ് വീടും സ്വപ്ന സാക്ഷാൽകാരമായ  'ദർശനം' എന്ന ഗ്രന്ഥശാലയും. ജോൺസന്റെ സാഹിത്യ, സാംസ്‌കാരിക കലാ പ്രവർത്തനങ്ങളുടെ സിരാകേന്ദ്രം കൂടിയാണ് ദർശനം. ഒഎൻ വി യാണ്  ഉദ്‌ഘാടനം ചെയ്തത്. അഴിക്കോട്, എംടി, ശോഭീന്ദ്രൻ,  പദ്‌മനാഭൻ   പോലുള്ളവരുമായി ആത്മബന്ധം. വായനശാലയിലെ  സംഗമവേദി എൻ എൻ സത്യർത്ഥി ഹാൾ.

 ബേബി അൾത്താരശുശ്രൂകൻ ആയിരുന്ന പ്രാക്കുളം ഇടവകപ്പള്ളിയിൽ  ജപമാല പ്രാർഥന

ഖദർ ഷർട്ടിന് മേലെ  ഷാൾ ചുറ്റി, സാഹിത്യ സഞ്ചി ചുമലിൽ തൂക്കി,കാലൻ  കുടയും കുത്തിപ്പിടിച്ച് കാലിലെ വേദനയും കണ്ണിന്റെ മന്ദതയും മറന്നു കേരളമൊട്ടാകെ  സമാധാന, സാംസ്‌കാരിക,  ജാഥകൾ നയിക്കുന്ന ആൾ. 'ആ ചില്ലകളിൽ കൂടുതൽ കിളികൾ കൂടു കൂട്ടും, അനേകരിലേക്കു വേരുകൾ പടർന്നിറങ്ങും'

പ്രകൃതി സ്നേഹ  പ്രവർത്തനങ്ങളുടെ പേരിൽ 'പരിസ്ഥിതി മിത്രം,' വനമിത്ര പുരസ്കാരങ്ങൾ  നേടി. ജോൺസന്റെ സപ്തതി പ്രമാണിച്ച് 'കൊടുംവേനലിൽ തണൽ നൽകുന്ന ആൽമരം' എന്ന് അദ്ദേഹത്തെ വിശേഷിപ്പിച്ചു കൊണ്ട്  ആരാധകർ ഒരു ലേഖന സമാഹാരം  2024 ഡിസംബറിൽ പുറത്തിറക്കി. 2025ജനുവരിയിൽ രണ്ടാം പതിപ്പായി. പുസ്തകത്തിനു പേര്‌   'ഇവിടെ ഇങ്ങിനെയൊരു മനുഷ്യൻ.'

സെന്റ് എലിസബത്ത് പള്ളി; വികാരി ജോ ആന്റണി അലക്സ്, മുൻ ട്രസ്റ്റി ജോയ് കോടിയിൽ

ജോൺസന്റെ വകയായി രണ്ടു പുസ്തകങ്ങൾ ഇറങ്ങി-എന്നെ സ്വാധീനിച്ച കഥകൾ, എന്നെ സ്വാധീനിച്ച ലേഖനങ്ങൾ. സാഹിത്യത്തോടു തികച്ചും വ്യത്യസ്തമായ സമീപനം നടത്തുന്ന പുസ്തകങ്ങൾ ആണവ. അതാണ് ജോൺസന്റെ വഴി.

നാടിനോടും നാട്ടുകാരോടുമുള്ള സ്നേഹാദരവുകൾ കൈവിടാത്ത ആളാണ്‌ ബേബി. എൻഎസ്എസ് ഹൈസ്‌കൂളിൽ കൂടെപഠിച്ചവരെ കണ്ടെത്തി ചേർത്തു  പിടിക്കുന്നു. കൂടെപ്പഠിക്കുകയൂം തന്നെ സ്‌കൂൾ രാഷ്ട്രീയത്തിലേക്ക്  തള്ളി വിടുകയും ചെയ്ത വിക്രമന്റെ വീട്ടിലെത്തി ആശ്ലേഷിച്ചു.

കുറ്റിയറ്റ തറവാട്; മാതാപിതാക്കളും മക്കളും; ബേബി ഇടത്തു  രണ്ടാമത്, ജോൺസൻ വലത്ത്  രണ്ടാമത്

പ്രാക്കുളം ഐപ്പുഴയിൽ കായലിനോട് തൊട്ടുരുമ്മി നിൽക്കുന്ന സെന്റ് എലിസബത്ത് പള്ളിയിലെ അൾത്താര ശുശ്രൂഷകൻ ആയിരുന്നു. 150 ആം വാർഷികത്തിനായി പള്ളിയിൽ മിനുക്കു പണികൾ നടക്കുന്നു. വാർഷികത്തിന് എത്താമെന്ന് ബേബി സാർ സമ്മതിച്ചിട്ടുണ്ടെന്നു വികാരി ജോ ആന്റണി അലക്‌സാണ്ടർ പറഞ്ഞു.

'മധുരയിൽ സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട ദിവസം വൈകിട്ട് ഞാൻ വിളിച്ചു പത്തുമിനിറ് സംസാരിച്ചു അഭിനന്ദനങ്ങൾ നേർന്നു,' ഫാ. ജോ അറിയിച്ചു. 'സെന്റ് അന്തോണിയുടെ തീർത്ഥാടന കേന്ദ്രം കൂടിയാണ് പള്ളി. പാദുവായിൽ നിന്ന് വിശുധ്ധന്റെ തിരുശേഷിപ്പ് ഇവിടെ കൊണ്ടുവന്നിരുന്നു. പള്ളിയിലെ വിളക്കു നേർച്ച  പ്രസിദ്ധമാണ്''

ബേബി പ്രതിനിധാനം ചെയ്യുന്ന ഇടതു പക്ഷത്തിനു ആഴത്തിൽ വേരുള്ള  തൃക്കരുവാ പഞ്ചായത്തിൽ പക്ഷെ ഭരിക്കുന്നത് യുഡിഎഫ് ആണ്. സാംബ്രാണിക്കോടി വാർഡിലെ കോൺഗ്രസ് മെമ്പർ സരസ്വതി രാമചന്ദ്രൻ പ്രസിഡന്റ്.  പ്രാക്കുളം വാർഡിൽ ജോയ് കോടിയിൽ കോൺഗ്രസ് മെമ്പർ.

ജോയിയുടെ മൂത്ത ജേഷ്ടൻ വർഗീസ് കോടിയിൽ സൈന്യത്തിൽ  സേവനം ചെയ്ത ശേഷം നോർത്തേൺ റയിൽവേയിൽ കയറിയ ആളാണ്‌. തിരുവനന്തപുരം സ്റ്റേഷൻ മാസ്റ്ററായി റിട്ടയർ ചെയ്തു. ബേബിയുടെ സീനിയർ ആയി എൻഎസ്എസ് സ്‌കൂളിൽ പഠിച്ചയാൾ.  ജേഷ്ടൻ ജോൺസനും താനും ഒരേ ക്‌ളാസ്സിൽ പഠിച്ചവർ.

പ്രാക്കുളത്തെ സതീർഥ്യൻ വർഗീസ് കോടിയിൽ; ജന്മനാട്ടിന്റെ അഭിവാദ്യം

ബേബിയുടെ സ്വാധീനവലയത്തിൽ ഇടതുപക്ഷത്ത് അടിയുറച്ചു നിൽക്കുന്ന ആളാണ്‌ വർഗീസ്. വടക്കേ ഇന്ത്യയിൽ ആയിരിക്കുമ്പോൾ ഡിവൈ എഫ്ഐ അഖിലേന്ത്യ സെക്രട്ടറിയായി ബേബി നടത്തിയ ഇംഗ്ലീഷ് പ്രസംഗങ്ങളുടെ റിപ്പോർട്ടകൾ ടൈംസ് ഓഫ് ഇന്ത്യയിൽ വായിച്ച് രോമാഞ്ചം കൊണ്ടിട്ടുണ്ട്. ബേബിക്ക് കൊല്ലത്തു നൽകിയ സ്വീകരണത്തിൽ പങ്കെടുത്തു, ഒന്നിച്ചു നിന്ന് ഫോട്ടോ എടുത്തു.

പതിനഞ്ചു വർഷം  മുമ്പ് റിട്ടയർ ചെയ്ത ശേഷം നാട്ടിലെത്തി പഴയ ജീവിതത്തിലേക്ക് വഴുതി വീണു. ഇടവകപ്പള്ളിയിൽ അജപാലന സമിതി അംഗമായി. അനുജൻ ജോയ് പള്ളി ട്രസ്റ്റിയായി. ഇപ്പോൾ മൂന്നംഗ ധനകാര്യ സമിതി അംഗം.

വർഗീസിന് അഞ്ചു  സഹാദരങ്ങളും ഒരു സഹോദരിയും. സഹോദരങ്ങൾക്കിടയിൽ വോട്ടെടുത്താൽ കോൺഗ്രസ് കാർക്കാണ് ഭൂരിപക്ഷം. പഞ്ചായത്തിൽ കോൺഗ്രസ് അധികാരത്തിലെത്താൻ  കാരണം ആശയങ്ങളല്ല കുടിവെള്ളം പോലുള്ള പ്രാദേശിക പ്രശ്നങ്ങളാണെന്നു വർഗീസ് സമർത്ഥിച്ചു.

ബേബിയുടെ കമലണ്ണൻ, ഗ്രാമത്തിലെ വിഷു മഹോത്സവം

ബേബിക്ക് സംഗീതത്തോടും കലയോടുമുള്ള  ആഭിമുഖ്യം എല്ലാവര്ക്കും അറിയാം. അങ്ങിനെ പ്രാക്കുളത്തെ സതീർഥ്യൻ കമൽ അദ്ദേഹത്തിന്റെ കമലണ്ണൻ  ആയി. കൊല്ലത്ത് നാന ഗ്രൂപ്പിൽ 37 വർഷം   സേവനം ചെയ്ത ആര്ടിസ്റ് കമൽ 27 വർഷവും തിരുവനന്തപുരത്തായിരുന്നു. 'ബേബിസാർ എന്നെക്കാണാൻ വരും. ഒന്നിച്ച് പാളയത്തെ കണ്ണിമാറ മാർക്കറ്റിൽ പോകും. നല്ല മീൻ നോക്കി വാങ്ങും.'  

ബേബി അച്യുതാനന്ദൻ മന്ത്രിസഭയിൽ വിദ്യാഭ്യാസ  സാംസ്‌കാരിക മന്ത്രിയായിരിക്കുബോൾ ഔദ്യോഗിക വസതിയായ ഉഷസിൽ പോയി ഒന്നിച്ച്  നല്ല മീൻ കറി കൂട്ടി ചോറുണ്ണാൻ ഭാഗ്യം കിട്ടിയിട്ടുണ്ട് എനിക്ക്. ഊണു  കഴിഞ്ഞു ഭിത്തിയിലുള്ള ബെറ്റി  ലൂയിസിന്റെ ചിത്രം കാട്ടി പറഞ്ഞു, ഭാര്യയാണ്. കൈരളിചാനലിൽ ജോലിക്കു പോയിരിക്കുന്നു. ഏക മകൻ അശോക് ബെറ്റി നെൽസൺ നിയമബിരുദധാരി. ഗിറ്റാർ കലാകാരൻ.

തൈക്കൂടം ബ്രിഡ്ജ് എന്ന സംഗീത ട്രൂപ്പുമായി നാട്ടിലും വിദേശത്തും പരിപാടികൾ നടത്തുന്ന ആളാണ്‌ അപ്പു എന്ന അശോക്. എകെജി സെന്ററിൽ രാശി കാലത്തു തന്നെയായിരുന്നു സനിധയുമായി വിവാഹം. കുടുംബശ്രീയുടെ കപ്പയും കാച്ചിലും ചേമ്പും പരിപ്പുവടയും ഉണ്ണിയപ്പവും കൊഴുക്കട്ടയും ചേർന്ന ഭക്ഷണം. അന്ധവിശ്വാസങ്ങൾക്കെതിരെ  പടവെട്ടുന്ന  ബേബി എംഎൽഎ ആയിരിക്കുമ്പോൾ 13 ആം  നമ്പർ മുറി ചോദിച്ചു വാങ്ങി. മന്ത്രിയായപ്പോൾ സ്റ്റേറ്റ് കാറിന്റെ നമ്പരും 13.

ബേബിയുടെ മകൻ  അശോകും പങ്കാളി സനിധയും, തൈക്കൂടം ബ്രിഡ്‌ജ്‌ ടീമിൽ  ഗിറ്റാറിസ്റ് 

ഉദ്ദേശ ശുധ്ധിക്കു മാപ്പു നൽകണം. 2010ൽ  ഉഷസിൽ ഞാൻ പോയത് ഒരാൾക്കു വേണ്ടി  ഒരു വാക്കു പറയാൻ.  ഒരു മാസം കഴിഞ്ഞു ഒരു സായംസന്ധ്യയിൽ ടി.വി. യുടെ മുന്നിരിക്കുമ്പോൾ  സ്ട്രീമറിൽ വരുന്നു സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം പ്രൊഫ. ജോസഫ് മറ്റത്തിനെന്ന്. നൂറിലേറെ പുസ്തകങ്ങൾ എഴുതി വന്ദ്യ വയോധികൻ ആയെങ്കിലും അക്കാദമിയുടെ ശ്രദ്ധയിൽ വന്നത് എത്രയോ വൈകി.

മലബാർ കുടിയേറ്റത്തെപറ്റി എഴുതിയ ആദ്യ നോവൽ  'കറുത്ത പൊന്ന്' സ്ത്രീസ്വാതന്ത്ര്യത്തിന്റെ ആദ്യത്തെ വിളംബരമായിരുന്നു. 'ലോകം പിശാച് ശരീരം' കുങ്കുമം അവാർഡ് നേടി. കസന്ത് സക്കിസ്  നോവൽ 'ദൈവത്തിന്റെ ദരിദ്രൻ' എന്ന പരിഭാഷക്കു  നിരവധി പതിപ്പുകൾ. അപ്പൻ തമ്പുരാൻ പുരസ്കാരം.

നന്ദി ആര് ആരോട് ചൊല്ലേണ്ടു? അക്കാദമി ബഹുമാനിച്ച് മൂന്നു വർഷം തികയും മുമ്പ്,  2013ൽ 83 ആം വയസിൽ ജോസഫ് മറ്റം  അന്തരിച്ചു. മരിക്കും വരെ എഴുതിക്കൊണ്ടേയിരുന്നു. ഉറക്കത്തിൽ നിന്ന് ഉണർന്നതേയില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക