യേശു അവളോടു: ''ഞാന്‍ തന്നേ പുനരുത്ഥാനവും ജീവനും ആകുന്നു; എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും. ജീവിച്ചിരുന്നു എന്നില്‍ വിശ്വസിക്കുന്നവന്‍ ആരും ഒരു നാളും മരിക്കയില്ല; ഇതു നീ വിശ്വസിക്കുന്നുവോ...'' എന്നു പറഞ്ഞു. (യോഹന്നാന്‍ 11: 25-26).
ലോക സമാധാനത്തിന്റെ പ്രകാശഗോപുരം, അതായിരുന്നു മരണത്തിനുമപ്പുറത്തെ നല്ലിടയനായ ഫ്രാന്‍സിസ് മാര്‍പാപ്പ. യുദ്ധവും മതവൈരവും വിഘടനവാദവുമൊക്കെ നിറഞ്ഞ് സംഘര്‍ഷഭരിതമായ ലോകത്തിന്റെ ശുഭപ്രതീക്ഷയായിരുന്നു അദ്ദേഹം. റോമിലെ ജെമെല്ലി പോളിക്ലിനിക് ആശുപത്രിയില്‍ ചികില്‍സയെ തുടര്‍ന്ന് സാധാരണ ജീവിതത്തിലേയ്ക്ക് മാര്‍പാപ്പ തിരികെയെത്തിയെന്ന് സമാധാന പ്രിയര്‍ വല്ലാതെ ആശ്വസിച്ചിരുന്ന സമയത്താണ് വലിയൊരു ശൂന്യത സൃഷ്ടിച്ചുകൊണ്ട്, പത്രോസിന്റെ സിംഹാസനത്തിന്റെ അവകാശിയും അപ്രകാരം ക്രിസ്തുവിന്റെ വികാരിയുമായ മാര്‍പാപ്പ പെട്ടെന്ന് വിടചൊല്ലിയത്.
ക്രൈസ്തവ സമൂഹത്തിന് മാത്രമല്ല, സങ്കുചിതത്വങ്ങള്‍ക്കതീതമായി ലോകം വണങ്ങുന്ന ആത്മീയ വ്യക്തിത്വമാണ് മാര്‍പാപ്പ. ഫ്രാന്‍സിസ് മാര്‍പാപ്പ കാലത്തിന് അനുസൃതമായി വിശ്വാസ ലോകത്തെ സ്‌നേഹത്തിന്റെ തേരില്‍ ഉറച്ച നിലപാടുകളോടെയാണ് നയിച്ചത്. ആഢംബരത്തെ ആകലേയ്ക്ക് മാറ്റി നിര്‍ത്തി തീര്‍ത്തും ലളിതമായ ജീവിതം സ്വീകരിച്ച മാര്‍പാപ്പ, മാനവികതയുടെ ഉദാത്തായ മാതൃകയാണ് ലോകത്തിനു മുന്നില്‍ തുറന്നുകാട്ടിയത്. കടുത്ത യാഥാസ്ഥിതികരെയും അദ്ദേഹം തന്റെ സ്ഥിതിസമത്വവാദത്തിന്റെ പാതയിലെത്തിച്ചുവെന്ന് അതിശയോക്തിയില്ലാതെ പറയാം.
മാനവികതയുടെ അന്തസിനെ എതിര്‍ക്കുന്ന സാംസ്‌കാരിക ചായ്‌വുകളില്‍ മെത്രാന്‍മാര്‍ക്ക് എക്ലീസിയല്‍ സെന്‍സിറ്റിവിറ്റി അനിവാര്യമാണെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഉദ്‌ബോധിപ്പിച്ചിട്ടുണ്ട്. ക്രിസ്തുവിന്റെ വിനയവും സഹാനുഭൂതിയും ദയയും ഇന്ദ്രിയ ഗോചരാവസ്ഥയും ജ്ഞാനവും എക്ലീസിയല്‍ സെന്‍സിറ്റിവിറ്റിയില്‍ ഉള്‍പ്പെടുന്നുവെന്ന് ഒരിക്കല്‍ പറഞ്ഞ അദ്ദേഹം, ക്രിസ്തുവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ സന്തോഷചിത്തരായ സാക്ഷികളായി മറ്റുള്ളവരിലേയ്ക്ക് പ്രത്യാശയും ആന്ദവും പകരേണ്ടത് നമ്മുടെ കടമയാണെന്ന് വ്യക്തമാക്കി. ഈസ്റ്ററിന്റെ പിറ്റെ ദിവസം തന്നെ മാര്‍പാപ്പ ദൈവ സന്നിധിയിലേയ്ക്ക് യാത്രയായത് യാദൃശ്ചികമാകാം. അതിനാല്‍ വിശ്വാസികള്‍ തങ്ങളുടെ പാപങ്ങളില്‍ നിന്ന് ഉയര്‍ത്തെഴുന്നേല്‍ക്കണം എന്ന അശരീരി എവിടെയോ മുഴങ്ങുന്നതായി നമുക്കനുഭവപ്പെടുന്നു.
ഭൂമിയില്‍ നിന്ന് സമാധാനം അകന്നപപൊയ്‌ക്കൊണ്ടിരിക്കുന്ന ദുര്‍ഘട സന്ധിയില്‍ തന്റെ ജീവിതം കൊളുത്തിയ പ്രകാശത്താല്‍ തിന്‍മയാര്‍ന്ന ഇരുട്ടിനെ അകറ്റാന്‍ നിലകൊണ്ട വ്യക്തിത്വമാണ് ഫ്രാന്‍സിസ് മാര്‍പാപ്പ. സരളവും സമ്പന്നവുമായ വാക്കുകളാലും ലളിതമായ ജീവിതംകൊണ്ടും ശക്തമായ നിലപാടുകള്‍കൊണ്ടും വ്യത്യസ്തനായ മാര്‍പാപ്പ 2013 മാര്‍ച്ച് 19-നാണ് കത്തോലിക്കാസഭയുടെ 266-ാം പാപ്പയായി സ്ഥാനമേറ്റത്. സ്ഥാനാരോഹണത്തിനു ശേഷം ഉടന്‍ തന്നെ സഭയില്‍ മാറ്റങ്ങള്‍ വരുത്തുകയുണ്ടായി. അതിനാല്‍ 'മാറ്റങ്ങളുടെ പാപ്പ' എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്.
ചരിത്രത്തിലാദ്യമായിട്ടാണ് ഒരു മാര്‍പാപ്പ 'ഫ്രാന്‍സിസ്' എന്ന പേര് സ്വീകരിക്കുന്നത്. ഇതിനും കാരണമുണ്ട്. സമാധാനത്തിന്റെയും സ്നേഹത്തിന്റെയും ഉത്തമോദാഹരണവും രണ്ടാം ക്രിസ്തുവെന്നു വിളിക്കപ്പെടുന്നയാളുമായ വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ നാമം അദ്ദേഹം സ്വീകരിച്ചത് ബോധപൂര്‍വമാണ്. എല്ലാ മനുഷ്യരോടുമെന്നതിനപ്പുറം, സര്‍വ ചരാചരങ്ങളോടും പ്രകടിപ്പിച്ച സ്‌നേഹത്തിന്റേയും സഹോദരഭാവത്തിന്റേയും പേരില്‍ പ്രത്യേകം അനുസ്മരിക്കപ്പെടുന്ന വിശുദ്ധനാണ് ഫ്രാന്‍സിസ് അസീസി.
പോപ് ജോണ്‍ പോള്‍ രണ്ടാമനെപ്പോലെ യാത്രകള്‍ക്കും സാധാരണക്കാരായ ജനങ്ങളുമായി അടുത്തിടപഴകാനും താല്പര്യപെടുന്ന പോപ് ഫ്രാന്‍സിസ്, ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 പേരുടെ ഫോബ്‌സ് പട്ടികയില്‍ നാലാം സ്ഥാനം അടുത്തയിടെ നേടിയിരുന്നു. 2019 ഫെബ്രുവരി മൂന്ന് മുതല്‍ അഞ്ചുവരെ നടത്തിയ യുണൈറ്റഡ് അറബ് എമിറേറ്റുകളിലേക്കുള്ള മാര്‍പാപ്പയുടെ സന്ദര്‍ശനം ചരിത്രപ്രാധാന്യമര്‍ഹിക്കുന്നതായിരുന്നു. ചരിത്രത്തില്‍ ആദ്യമായിട്ടായിരുന്നു ഒരു മാര്‍പ്പാപ്പ ഒരു ഗള്‍ഫ് രാജ്യം സന്ദര്‍ശിച്ചത്.
ദൈവശാസ്ത്രമേഖലയില്‍ യാഥാസ്ഥിതികനായി അറിയപ്പെടുന്ന ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഗര്‍ഭഛിദ്രം, സ്വവര്‍ഗാനുരാഗം, സ്ത്രീപൗരോഹിത്യം, വൈദികബ്രഹ്‌മചര്യം, കൃത്രിമ ജനന നിയന്ത്രണം മുതലായ വിഷയങ്ങളില്‍ സഭയിലെ പരിഷ്‌കരണ വാദികളുടെ മറുചേരിയിലാണ്. സ്വവര്‍ഗ ലൈംഗികത കുറ്റകൃത്യമല്ലാതാക്കണമെന്ന് ആവശ്യപ്പെട്ടു. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനഘട്ടത്തില്‍ ലാറ്റിന്‍ അമേരിക്കന്‍ ക്രിസ്തീയതയില്‍ ശക്തിപ്രാപിച്ച വിമോചന ദൈവശാസ്ത്രത്തെ മാര്‍ക്‌സിസത്തിന്റെ കറവീണ ആശയസംഹിതയായി കണ്ട് അദ്ദേഹം തീവ്രമായി എതിര്‍ത്തു.
എങ്കിലും സാധാരണക്കാരോടും സമൂഹത്തില്‍ താഴേക്കിടയിലുള്ളവരോടുമുള്ള മാര്‍പാപ്പയുടെ പ്രതിബദ്ധതയും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. മതങ്ങള്‍ക്കിടയിലുള്ള ആശയവിനിമയത്തെ അദ്ദേഹം പിന്തുണക്കുന്നു. നിയന്ത്രണമില്ലാത്ത കമ്പോളവ്യവസ്ഥയെ വിമര്‍ശിക്കുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ സമത്വരാഹിത്യത്തെ ''സ്വര്‍ഗ്ഗവാതിലിനു മുമ്പില്‍ അലമുറ ഉയര്‍ത്താന്‍ പോന്ന സാമൂഹിക പാപം...'' ആയി കാണുന്നു. 'സാധാരണക്കാരനായ യാഥാസ്ഥിതികന്‍' എന്നും അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നു. കാലാവസ്ഥ വ്യതിയാനം, ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള സമീപനം, യുദ്ധങ്ങള്‍, വംശീയ അതിക്രമങ്ങള്‍ തുടങ്ങി മാനവരാശിയെ ബാധിക്കുന്ന വിഷയങ്ങളിലെല്ലാം മാനവികതയുടെ പക്ഷത്തായിരുന്നു. വധശിക്ഷയെ എതിര്‍ത്ത മാര്‍പാപ്പ.
ഏതാനും മാസങ്ങള്‍ക്ക് മുമ്പ് റോമിലെ ജെമെല്ലി പോളിക്ലിനിക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിനി മുമ്പ് മാര്‍പാപ്പ ഒരു സത്യം ലോകത്തോട് വിളിച്ചുപറഞ്ഞു. സ്‌നേഹിക്കാന്‍ കഴിവില്ലാതിരിക്കുന്നത് മഹാ വ്യാധിയാണെന്നാണ് പാപ്പാ വ്യക്തമാക്കിയത്. ''ജീവിതത്തിലെ ഏറ്റവും വലിയ രോഗം സ്നേഹത്തിന്റെ അഭാവമാണ്, സ്നേഹിക്കാനുള്ള കഴിവില്ലായ്മയാണ്...'' ഫ്രാന്‍സിസ് മാര്‍പാപ്പ കണ്‍വെട്ടത്തുനിന്ന് മാഞ്ഞുപോയിരിക്കെ സ്‌നേഹിക്കാന്‍ പഠിച്ചാലേ അകക്കണ്ണുകൊണ്ട് ഇനി അദ്ദേഹത്തെ കാണാനൊക്കൂ.