Image

'സ്നേഹത്തിന്റെ കട' തുറക്കാൻ ആഹ്വാനവുമായി രാഹുൽ ഗാന്ധി; ബോസ്റ്റണിൽ ഉജ്വല സമ്മേളനം

ഷൈമി ജേക്കബ് Published on 21 April, 2025
'സ്നേഹത്തിന്റെ  കട' തുറക്കാൻ  ആഹ്വാനവുമായി  രാഹുൽ ഗാന്ധി;  ബോസ്റ്റണിൽ ഉജ്വല സമ്മേളനം

ബോസ്റ്റൺ, മസാച്യുസെറ്റ്സ് : 'വെറുപ്പിന്റെ വിപണിയിൽ, നമ്മൾ സ്നേഹത്തിന്റെ ഒരു കട തുറക്കണം' എന്ന ആഹ്വാനവുമായി   പ്രതിപക്ഷ നേതാവ്  രാഹുൽ ഗാന്ധി, ബോസ്റ്റണിൽ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്യുകയും ഇന്ത്യ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെപ്പറ്റി  സംസാരിക്കുകയും ചെയ്‌തു 

“ഒരു ഭാഷ, ഒരു മതം, അല്ലെങ്കിൽ ഒരു പാരമ്പര്യം എന്നിവയാൽ ഇന്ത്യ നിർവചിക്കപ്പെടുന്നില്ല. അതിന്റെ ആത്മാവ് ബഹുസ്വരതയാണ്, അവിടെ പഞ്ചാബിക്കും,  മലയാളിക്കും,  ഗുജറാത്തിക്കും ഒരുമിച്ച് ഐക്യത്തോടെ ഇരിക്കാൻ കഴിയണം. അങ്ങനെയുള്ള ഇന്ത്യയ്ക്കുനേരെയാണ് ഇന്ന് ആക്രമണം നടന്നുകൊണ്ടിരിക്കുന്നത്." രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.

ആർ‌എസ്‌എസ്-ബിജെപി ഭരണത്തിൻ കീഴിൽ വളരുന്ന  ഏക പ്രത്യയശാസ്ത്ര ആഖ്യാനം അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങൾ ഇന്ത്യൻ ജനാധിപത്യത്തിന്റെയും ഐക്യത്തിന്റെയും അടിത്തറയെ തന്നെ ഭീഷണിപ്പെടുത്തുന്നുവെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

മാരിയറ്റ് ബോസ്റ്റൺ ലോംഗ് വാർഫിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐഒസി) യുഎസ്എ സംഘടിപ്പിച്ച പ്രത്യേക മീറ്റ് ആൻഡ് ഗ്രീറ്റിൽ തിങ്ങിനിറഞ്ഞ സദസ്സ് ആരവങ്ങളോടെയാണ് പ്രിയനേതാവിന്റെ വാക്കുകൾ ശ്രവിച്ചത്. ഇന്ത്യയുടെ ഭാവിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാട് കേൾക്കാൻ ന്യൂ ഇംഗ്ലണ്ടിൽ നിന്നും ദൂര പ്രാന്തങ്ങളിൽ നിന്നും ആളുകൾ ഒഴുകിയെത്തിയത് ജനമനസ്സുകളിൽ രാഹുൽ ഗാന്ധിക്കുള്ള ഇടം വിളിച്ചോതി.

അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തിന്റെ അച്ചടക്കത്തെയും  സമർപ്പണത്തെയും പ്രകീർത്തിച്ചുകൊണ്ടാണ് പ്രതിപക്ഷ നേതാവ് സംസാരിച്ചുതുടങ്ങിയത്. ഇന്ത്യൻ ഓവർസീസ് കോൺഗ്രസും അതിലെ അംഗങ്ങളും കോൺഗ്രസ് പാർട്ടിയുടെ മാത്രമല്ല, ഇന്ത്യയുടെ തന്നെ സുപ്രധാന അംബാസഡർമാരായി പ്രവർത്തിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഐഒസി അംഗങ്ങളുടെ സാന്നിധ്യവും പ്രതിബദ്ധതയും വിദേശ രാജ്യത്തുപോലും ഇന്ത്യയ്ക്ക്  വലിയ അംഗീകാരം  നൽകുന്നതായി രാഹുൽ ഗാന്ധി വിലയിരുത്തി.  ഈ ബന്ധം കേവലം രാഷ്ട്രീയമല്ല; സ്നേഹം, മൂല്യങ്ങൾ, പരസ്പര ബഹുമാനം എന്നിവയിൽ വേരൂന്നിയ കുടുംബബന്ധമാണെന്നും  അദ്ദേഹം അഭിപ്രായപ്പെട്ടു.

.ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ  ഉള്ളിൽ തന്നെ മാറ്റങ്ങൾ കൊണ്ടുവരാനുള്ള നിരന്തരമായ ശ്രമങ്ങളെക്കുറിച്ചാണ് അദ്ദേഹം  പ്രസംഗത്തിൽ ഊന്നൽനൽകിയത്.  പാർട്ടി ഘടനയ്ക്കുള്ളിൽ അധികാര വികേന്ദ്രീകരണം ലക്ഷ്യമിട്ട് ഗുജറാത്തിൽ നടന്നുകൊണ്ടിരിക്കുന്ന  പരിഷ്കരണത്തെക്കുറിച്ച് രാഹുൽ ഗാന്ധി വിശദീകരിച്ചു. ജില്ലാ പ്രസിഡന്റുമാർക്കും അവരുടെ കമ്മിറ്റികൾക്കും തീരുമാനമെടുക്കാനുള്ള അധികാരം നൽകിക്കൊണ്ട് പ്രാദേശിക നേതാക്കളെ ശാക്തീകരിക്കുന്നതിന് ഊന്നൽ നൽകുമെന്നും വിദേശത്തുള്ള ഇന്ത്യൻ സഹോദരീസഹോദരങ്ങളുടെതുൾപ്പെടെ ഏവരുടെയും അഭിപ്രായങ്ങളും  വിലമതിക്കുമെന്നും വ്യക്തമാക്കി. സൃഷ്ടിപരമായ മത്സരം, ഉത്തരവാദിത്തം, പ്രാപ്യത എന്നിവ പുതിയ കോൺഗ്രസിനെ രൂപപ്പെടുത്തുമെന്നും വ്യക്തമാക്കി.

ഇന്നത്തെ ഇന്ത്യയിൽ പ്രതിപക്ഷം നേരിടുന്ന വെല്ലുവിളികളിലേക്കും അദ്ദേഹം ശ്രദ്ധ ക്ഷണിച്ചു. മുഖ്യധാരാ മാധ്യമങ്ങളെയും  സോഷ്യൽ മീഡിയയെയും സ്വാധീനിച്ച്, ഭരണക്കാർക്കെതിരെയുള്ള വിവരങ്ങൾ   പൊതുജന ശ്രദ്ധയിൽ  എത്താതെ  പരിമിതപ്പെടുത്തുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ തടസ്സങ്ങൾക്കിടയിലും,  ബിജെപിക്കെതിരെ പ്രതിരോധം തീർത്ത സമീപകാല ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കും രാഹുൽ ഗാന്ധി വിരൽചൂണ്ടി.

"ഇത് രണ്ട് പ്രത്യയശാസ്ത്രങ്ങൾ തമ്മിലുള്ള പോരാട്ടമാണ്. ഇന്ത്യ എല്ലാവരുടേതാണെന്ന് വിശ്വസിക്കുന്ന ഒരുവിഭാഗവും,  ചിലരിൽ മാത്രം അധികാരവും സമ്പത്തും കേന്ദ്രീകരിക്കാൻ ശ്രമിക്കുന്ന മറ്റൊരു വിഭാഗവും തമ്മിലുള്ള പോരാട്ടം." അദ്ദേഹം പറഞ്ഞു.  മുമ്പ് കൂടുതൽ കഠിനമായ പോരാട്ടങ്ങൾ നേരിട്ടിട്ടുണ്ടെന്നും ഇതിലും വിജയിക്കുമെന്നും പ്രിയനേതാവ് പ്രത്യാശ പ്രകടിപ്പിച്ചു.

പ്രസംഗത്തിനുശേഷം, സദസ്സിൽ നിന്നുള്ളവരുടെ നിർണായക ചോദ്യങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു.
മഹാരാഷ്ട്രയിലെ വോട്ടിംഗ് ക്രമക്കേടുകളെക്കുറിച്ച് ചോദിച്ചപ്പോൾ, ഇന്ത്യയുടെ തിരഞ്ഞെടുപ്പ് സംവിധാനത്തിന്റെ സമഗ്രതയെക്കുറിച്ച് അദ്ദേഹം ഗുരുതരമായ ആശങ്കകൾ ഉന്നയിച്ചു. സംസ്ഥാന തിരഞ്ഞെടുപ്പിൽ വൈകുന്നേരം 5:30 നും 7:30 നും ഇടയിൽ, 650,000-ത്തിലധികം വോട്ടുകൾ രേഖപ്പെടുത്തിയതായി റിപ്പോർട്ടുണ്ട് - വോട്ടർമാരുടെ വേഗതയും ശേഷിയും അടിസ്ഥാനമാക്കിയാൽ ഇത് ഒരിക്കലും സാധ്യമാകുന്നതല്ല. നിയമം അനുശാസിക്കുന്ന ഔദ്യോഗിക വീഡിയോഗ്രാഫിക്കുള്ള അഭ്യർത്ഥനകൾ നിരസിക്കുകയും  ഭാവിയിൽ അത്തരം അഭ്യർത്ഥനകൾ തടയുന്നതിന് നിയമത്തിൽ മാറ്റങ്ങൾ വരുത്തുകയും ചെയ്തതും തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിട്ടുവീഴ്ചാമനോഭാവത്തിന്റെ സൂചനയാണെന്നും  അദ്ദേഹം പറഞ്ഞു.

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ വിശ്വാസ്യതയെക്കുറിച്ച് ഇന്ത്യയിൽ മാത്രമല്ല ആശങ്കയെന്നും   തുളസി ഗബ്ബാർഡിനെ പോലുള്ളവർ  അവയെ ഹാക്ക് ചെയ്യാൻ കഴിയുമെന്ന് പറഞ്ഞിട്ടുള്ളതും രാഹുൽ ഗാന്ധി പരാമർശിച്ചു.

യുവാക്കൾക്ക് രാഷ്ട്രീയത്തിൽ അർത്ഥവത്തായ പങ്കു വഹിക്കാൻ എങ്ങനെ കഴിയുമെന്ന് സദസ്സിലുണ്ടായിരുന്ന ഒരു യുവ വിദ്യാർത്ഥി ചോദിച്ചു. രാഷ്ട്രീയം എളുപ്പമല്ലെന്നും  കഠിനവുമാണെന്നായിരുന്നു മറുപടി.

ഇന്റേൺഷിപ്പുകളിലൂടെയും പാർട്ടി പരിപാടികളിൽ പങ്കെടുത്തുകൊണ്ടും  രാഷ്ട്രീയത്തിൽ അഭിനിവേശമുള്ള യുവ മനസ്സുകളെ പ്രോത്സാഹിപ്പിക്കാനാകുമെന്നും രാഹുൽ ഗാന്ധി വിശദീകരിച്ചു. ക്ഷമയും പ്രതിബദ്ധതയുമുള്ള യുവാക്കൾക്കുമുൻപിൽ കോൺഗ്രസ് പാർട്ടി  സന്തോഷത്തോടെ വഴി തുറക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. പാർട്ടിയുടെ ഭാവി അത്തരം യുവാക്കളിലാണെന്നും അഭിപ്രായപ്പെട്ടു.

ഇന്ത്യയിലെ സർവകലാശാലകളിൽ  ആർ‌എസ്‌എസ് അനുകൂല ഫാക്കൽറ്റികളുടെ നിയമനത്തെ അഭിസംബോധന ചെയ്യുന്ന മറ്റൊരു ചോദ്യമുണ്ടായിരുന്നു. അക്കാദമിക് മികവിന് പകരം പ്രത്യയശാസ്ത്രപരമായ പ്രബോധനത്തിനുള്ള ഒരു ഉപകരണമായി വിദ്യാഭ്യാസ സമ്പ്രദായം ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ്  സമ്മതിച്ചു. ഇത് നമ്മുടെ ബൗദ്ധിക അടിത്തറയെ തകർക്കുമെന്നും അഭിപ്രായപ്പെട്ടു.കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തുമ്പോൾ, ഈ നിയമനങ്ങൾ  ഗൗരവമായി പരിശോധിക്കുമെന്നും കൂട്ടിച്ചേർത്തു.

'വെറുപ്പിന്റെ വിപണിയിൽ, നമ്മൾ സ്നേഹത്തിന്റെ ഒരു കട തുറക്കണം.' എന്ന  സന്ദേശത്തോടെയാണ് രാഹുൽ ഗാന്ധി വേദി വിട്ടത്.
 

'സ്നേഹത്തിന്റെ  കട' തുറക്കാൻ  ആഹ്വാനവുമായി  രാഹുൽ ഗാന്ധി;  ബോസ്റ്റണിൽ ഉജ്വല സമ്മേളനം
'സ്നേഹത്തിന്റെ  കട' തുറക്കാൻ  ആഹ്വാനവുമായി  രാഹുൽ ഗാന്ധി;  ബോസ്റ്റണിൽ ഉജ്വല സമ്മേളനം
'സ്നേഹത്തിന്റെ  കട' തുറക്കാൻ  ആഹ്വാനവുമായി  രാഹുൽ ഗാന്ധി;  ബോസ്റ്റണിൽ ഉജ്വല സമ്മേളനം
'സ്നേഹത്തിന്റെ  കട' തുറക്കാൻ  ആഹ്വാനവുമായി  രാഹുൽ ഗാന്ധി;  ബോസ്റ്റണിൽ ഉജ്വല സമ്മേളനം
'സ്നേഹത്തിന്റെ  കട' തുറക്കാൻ  ആഹ്വാനവുമായി  രാഹുൽ ഗാന്ധി;  ബോസ്റ്റണിൽ ഉജ്വല സമ്മേളനം
Join WhatsApp News
(ഡോ.കെ) 2025-04-21 22:03:18
കോൺഗ്രസ് പാർട്ടി ചത്ത വഴിയിലൂടെയാണ് ഇന്നും സഞ്ചരിക്കുന്നത്.ഒരു നല്ല പ്രസംഗം ചെയ്ത് ഇന്ത്യയിലെ യുവമനസ്സിനെ സ്വാധീനിക്കാൻ കഴിയുന്ന ഒരൊറ്റ നേതാവുപോലും ഇന്ന് കോൺഗ്രസ്സ് പാർട്ടിയിലില്ല.ഒരു കുടുംബത്തിന്റെ പിന്നാലെ നേതാക്കൾ പരക്കം പാഞ്ഞ് ആ കുടുംബത്തിന്റെ സ്നേഹം പിടിച്ച് പറ്റാനാണ് അവർ പരസ്പ്പരം മത്സരിക്കുന്നത്.വെറുപ്പിന്റെ വിപണിയിൽ സ്നേഹത്തിന്റെ കട തുറന്ന് അധികാരം കൈയടക്കാമെന്നുള്ള മോഹം വെറും വ്യാമോഹം മാത്രം.നിങ്ങൾ പറയുന്ന ഈ വെറുപ്പിന്റെ വിപണിയിന്ന് പടർന്ന് പന്തലിച്ച മഹാവൃഷം.ഏത് കാറ്റിലും കോളിലും വീഴാതെ എത്ര ആടിയുലഞ്ഞാലും നിലം പതിക്കാതെ ഉയർന്ന് നിൽക്കുന്നുണ്ടെങ്കിൽ അതിന്റെ വേരുകൾ ആഴത്തിൽ പോയതാണ്.അതാരും മണ്ണ് നീക്കി നോക്കേണ്ടതില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക