Image

'ഭര്‍ത്താവ് വീടിനുള്ളിലൂടെ തോക്കുമായി ആക്രമിക്കാന്‍ നടക്കുന്നു'; അമ്മ സ്‌കീസോഫ്രീനിയ രോഗിയെന്ന് കൊല്ലപ്പെട്ട ഓം പ്രകാശിന്റെ മകന്‍

Published on 21 April, 2025
'ഭര്‍ത്താവ് വീടിനുള്ളിലൂടെ തോക്കുമായി ആക്രമിക്കാന്‍ നടക്കുന്നു'; അമ്മ സ്‌കീസോഫ്രീനിയ രോഗിയെന്ന്  കൊല്ലപ്പെട്ട ഓം പ്രകാശിന്റെ മകന്‍

ബെംഗളൂരു: കര്‍ണാടക മുന്‍ ഡിജിപി ഓം പ്രകാശ്  വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്ന ഓം പ്രകാശിന്റെ ഭാര്യയും തന്റെ അമ്മയുമായ പല്ലവി 12 വര്‍ഷമായി സ്‌കീസോഫ്രീനിയയ്ക്ക് ചികിത്സയിലായിരുന്നെന്ന് മകൻ  കാര്‍ത്തിക് പൊലീസിന് മൊഴി നല്‍കി.

കഴിഞ്ഞ കുറെ നാളുകളായി തന്റെ അമ്മ കടുത്ത മാനസിക വെല്ലുവിളികളിലൂടെയാണ് കടന്നുപോയിരുന്നതെന്നും കാര്‍ത്തിക് പൊലീസിന് മൊഴി നല്‍കിയതായാണ് വിവരം. നിത്യേന അനുഭവിച്ചുകൊണ്ടിരിക്കുന്ന അപൂര്‍വ്വവും അസാധാരണവുമായ കാര്യങ്ങള്‍ എല്ലാം തന്നെ യഥാര്‍ഥത്തില്‍ സംഭവിക്കുന്നതാണെന്ന് തെറ്റിദ്ധരിക്കുന്ന മാനസികാവസ്ഥയാണ് സ്‌കീസോഫ്രീനിയ.

താന്‍ ആക്രമിക്കപ്പെടുമെന്നും തനിക്ക് വധഭീഷണി ഉണ്ടെന്നും പല്ലവി ഭയന്നിരുന്നതായും ഭര്‍ത്താവ് വീടിനുള്ളിലൂടെ തോക്കുമായി തന്നെ ആക്രമിക്കാന്‍ നടക്കുകയാണ് എന്ന് പലതവണ പറഞ്ഞിരുന്നതായും കുടുംബാഗങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. വാട്‌സാപ് ഗ്രൂപ്പുകളിലടക്കം ഭര്‍ത്താവ് തന്നെ അപായപ്പെടുത്താന്‍ ശ്രമിക്കുന്നതായി കൊലയ്ക്ക് 5 ദിവസം മുന്‍പും പല്ലവി ആരോപിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം പല്ലവിയുടെ രോഗാവസ്ഥ കൊണ്ടുണ്ടായ തോന്നലാണെന്നാണ് കുടുംബത്തിന്റെ ആരോപണം. ഇല്ലാത്ത കാര്യങ്ങള്‍ ഉള്ളതായി പല്ലവിക്ക് തോന്നിയിരുന്നുവെന്നും ഇതിന്റെ പേരില്‍ കടുത്ത സമ്മര്‍ദം അനുഭവിച്ചിരുന്നുവെന്നും അടുത്ത ബന്ധുക്കള്‍ പറഞ്ഞു.

ഇന്നലെ വൈകിട്ടാണ് ഓം പ്രകാശിനെ വീട്ടില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശരീരത്തില്‍ 6 കുത്തേറ്റിട്ടുണ്ടെന്നും മുഖത്ത് അടിയേറ്റ പാടുകളുണ്ടെന്നും പൊലീസ് പറഞ്ഞു. ഗുണ്ടാസംഘങ്ങളുടെ സഹായം തേടിയിട്ടുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് കുടുംബത്തിന് ക്രിമിനല്‍ സംഘങ്ങളുമായി അടുത്ത ബന്ധമുണ്ടായിരുന്നു എന്നും സൂചനയുണ്ട്. മകന്റെ പരാതിയില്‍ ഓം പ്രകാശിന്റെ ഭാര്യ പല്ലവിയെയും മകള്‍ കൃതിയെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക