കോഴിക്കോട് ജില്ലയിൽ യാതൊരു മുന്നറിയിപ്പും കൂടാതെ ലോഡ് ഷെഡിംഗ് ഏർപ്പെടുത്തി. ഇന്നലെ രാത്രി ഏഴ് മണി മുതലാണ് വൈദ്യുതി നിയന്ത്രണം തുടങ്ങിയത്. അടിയന്തര സാഹചര്യം ഉടലെടുത്തതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നതെന്നാണ് കെഎസ്ഇബി നൽകുന്ന വിശദീകരണം. വിവിധ പ്രദേശങ്ങളിൽ 15 മിനിറ്റ് മുതൽ 30 മിനിറ്റ് വരെ വൈദ്യുതി നിയന്ത്രണം അനുഭവപ്പെട്ടു.
മുന്നറിയിപ്പില്ലാതെ ഏർപ്പെടുത്തിയ ലോഡ് ഷെഡിംഗിൽ നിരവധി പേർ പരാതിയുമായി രംഗത്തെത്തി. രോഗികളും ഇതിൽ ഉൾപ്പെടുന്നു. കീമോതെറാപ്പി കഴിഞ്ഞു വീട്ടിൽ വിശ്രമിക്കാൻ പോലും സാധിക്കാത്ത അവസ്ഥയാണ് അപ്രതീക്ഷിതമായ ലോഡ് ഷെഡിംഗ് കാരണം ഉണ്ടായതെന്ന് ശബാന എന്ന യുവതി പറയുന്നു . 10 മിനിറ്റ് കൂടുമ്പോൾ വൈദ്യുതി നിലയ്ക്കുകയായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. വൈദ്യുതി തടസ്സം കാരണം സാധാരണക്കാരുൾപ്പെടെയുള്ളവർ ദുരിതത്തിലായി. കെഎസ്ഇബിയുടെ ഈ നടപടി വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
English summary:
Unannounced load shedding; patients among those affected; KSEB says emergency situation is the reason.