കൊച്ചി: ലഹരിമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് എതിരെ നിലവില്‍ ശക്തമായ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ. ഷൈന്‍ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് എന്ന് വ്യക്തമായിട്ടുണ്ട്. പക്ഷേ എന്ത് ലഹരിയാണ്, എങ്ങനെ ഉപയോഗിക്കുന്നു എന്നിവയെല്ലാം വിശദമായി അന്വേഷിക്കേണ്ടതുണ്ട്. ഇക്കാര്യം പരിശോധിച്ച് വരികയാണ്, കേസ് അന്വേഷണം പ്രാരംഭഘട്ടത്തില്‍ ആയതിനാല്‍ മറ്റ് വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ ഇല്ലെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
ഷൈനുമായി ബന്ധപ്പെട്ട സാഹചര്യങ്ങളില്‍ കൂടുതല്‍ പരിശോധന വേണമെന്ന സാഹചര്യത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ തീരുമാനിച്ചത്. പൊലീസിനെ കണ്ട് ഷൈന്‍ ഓടിപ്പോകാന്‍ ഉണ്ടായ സാഹചര്യം ഉള്‍പ്പെടെ വിശദമായി പരിശോധിക്കേണ്ടതുണ്ട്. പൊലീസ് ഉദ്യോഗസ്ഥരെ കണ്ട് ഗുണ്ടകളാണെന്ന് കരുതിയാണ് ഓടിയത് എന്നാണ് ഷൈന്‍ പറയുന്നത്. ഗുണ്ടകള്‍ എന്ന് കരുതിയെങ്കില്‍ പൊലീസിനെ സമീപിക്കാമായിരുന്നു. അതുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.
സിനിമ മേഖലയില്‍ ലഹരിയുടെ സാന്നിധ്യമുണ്ടെന്ന് മാധ്യമ വാര്‍ത്തകള്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍ ഷൈന്‍ ടോം ചാക്കോയുടെ മൊഴിയില്‍ ഇതുസംബന്ധിച്ച് പ്രത്യേകമായ പരാമര്‍ശങ്ങള്‍ ഒന്നും തന്നെയില്ല. സിനിമ മേഖലയിലെ ലഹരി ഉപയോഗം സംബന്ധിച്ച് ഹൈക്കോടതി നിര്‍ദേശങ്ങള്‍ നിലവിലുണ്ട്. അതുള്‍പ്പെടെ പരിഗണിച്ചുള്ള നടപടികള്‍ ഉണ്ടാകും. ഷൈനിന് എതിരെ കുടുതല്‍ വകുപ്പുകള്‍ ചേര്‍ക്കാന്‍ ഇപ്പോള്‍ നീക്കമില്ല. മയക്കുമരുന്ന് ഇടപാടുകാരന്‍ സജീര്‍ ഉള്‍പ്പെടെയുള്ളവരെ നിരീക്ഷിച്ച് വരികയാണ്. ഷൈനിന്റെ കേസ് പ്രത്യേകമായി മുന്നോട്ട് പോകും. മറ്റ് കേസുകള്‍ അതിന്റെ വഴിക്ക് പുരോഗമിക്കുമെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കുന്നു.