Image

നിർമ്മല സീതാരാമൻ യുഎസിൽ; അഞ്ച് ദിവസത്തെ സന്ദർശനത്തിന് തുടക്കം

രഞ്ജിനി രാമചന്ദ്രൻ Published on 21 April, 2025
നിർമ്മല സീതാരാമൻ യുഎസിൽ; അഞ്ച് ദിവസത്തെ സന്ദർശനത്തിന് തുടക്കം

കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ അഞ്ച് ദിവസത്തെ യുഎസ് സന്ദർശനത്തിനായി സാൻ ഫ്രാൻസിസ്കോയിൽ എത്തി. യുഎസിലെ ഇന്ത്യൻ അംബാസഡർ വിനയ് മോഹൻ ക്വാത്രയും സാൻ ഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസൽ ജനറൽ ശ്രീകർ റെഡ്ഡി കൊപ്പുലയും ചേർന്ന് മന്ത്രിയെ സ്വീകരിച്ചു.

സന്ദർശനത്തിൻ്റെ പ്രധാന ലക്ഷ്യം അന്താരാഷ്ട്ര നാണയ നിധിയുടെയും (IMF) ലോക ബാങ്കിൻ്റെയും സ്പ്രിംഗ് മീറ്റിംഗുകളിൽ പങ്കെടുക്കുക എന്നതാണ്. കൂടാതെ, G20 ധനമന്ത്രിമാരുടെയും സെൻട്രൽ ബാങ്ക് ഗവർണർമാരുടെയും (FMCBG) മീറ്റിംഗുകളിലും അവർ പങ്കെടുക്കും.
ഇന്ത്യ-യുഎസ് സാമ്പത്തിക ബന്ധങ്ങൾ ശക്തിപ്പെടുത്തുക, വിവിധ രാജ്യങ്ങളിലെ സാമ്പത്തിക പ്രതിനിധികളുമായി ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തുക എന്നിവയും ഈ സന്ദർശനത്തിൻ്റെ ലക്ഷ്യങ്ങളിൽ പെടുന്നു.

സാൻ ഫ്രാൻസിസ്കോയിലെ അവരുടെ പരിപാടികളിൽ, സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിലെ ഹൂവർ ഇൻസ്റ്റിറ്റ്യൂട്ടിൽ 'വികസിത് ഭാരത് 2047' എന്ന വിഷയത്തിൽ ഒരു പ്രധാന പ്രഭാഷണം നടത്തും. പ്രമുഖ ഫണ്ട് മാനേജ്‌മെൻ്റ് സ്ഥാപനങ്ങളിലെ സിഇഒമാരുമായി റൗണ്ട് ടേബിൾ മീറ്റിംഗിലും സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായുള്ള മുൻനിര ഐടി സ്ഥാപനങ്ങളിലെ സിഇഒമാരുമായി ഉഭയകക്ഷി കൂടിക്കാഴ്ചകളിലും അവർ പങ്കെടുക്കും. കൂടാതെ സാൻഫ്രാൻസിസ്കോയിലെ ഇന്ത്യൻ പ്രവാസികളുമായി അവർ സംവദിക്കും.

വാഷിംഗ്ടൺ ഡിസിയിലെ പരിപാടികളിൽ, ഐഎംഎഫിൻ്റെയും ലോക ബാങ്കിൻ്റെയും സ്പ്രിംഗ് മീറ്റിംഗുകളിലും, G20 ധനമന്ത്രിമാരുടെയും സെൻട്രൽ ബാങ്ക് ഗവർണർമാരുടെയും മീറ്റിംഗുകളിലും അവർ പങ്കെടുക്കും. കൂടാതെ വിവിധ രാജ്യങ്ങളിലെ ധനമന്ത്രിമാരുമായി ഉഭയകക്ഷി കൂടിക്കാഴ്ചകളും, പ്രമുഖ ധനകാര്യ സ്ഥാപനങ്ങളുടെ പ്രതിനിധികളുമായി കൂടിക്കാഴ്ചകളും നടത്തും. യുഎസ് സന്ദർശനത്തിന് ശേഷം സീതാരാമൻ പെറുവിലേക്ക് പോകും. അവിടെയും നിരവധി കൂടിക്കാഴ്ചകൾ നടത്തും. ഇന്ത്യയുടെ സാമ്പത്തിക രംഗത്ത് ഈ യാത്ര വളരെ അധികം പ്രാധാന്യം ഉള്ളതാണ്.

 

 

 

 

English summary:

Nirmala Sitharaman in the US; begins five-day visit.

 

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക