Image

മാർപാപ്പയുടെ ദേഹ വിയോഗം അഗാധമായ വേദന ഉണ്ടാക്കിയെന്നു മോദി (പിപിഎം)

Published on 21 April, 2025
മാർപാപ്പയുടെ ദേഹ വിയോഗം അഗാധമായ വേദന ഉണ്ടാക്കിയെന്നു മോദി (പിപിഎം)

ഫ്രാൻസിസ് മാർപാപ്പയുടെ ദേഹ വിയോഗം തന്നെ അഗാധമായി വേദനിപ്പിച്ചെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച്ച പറഞ്ഞു.

അനുകമ്പയും വിനയവും ആദ്ധ്യാത്മികമായ ധീരതയും നിറഞ്ഞ വ്യക്തിയായി ലോകത്തു കോടിക്കണക്കിനാളുകൾ അദ്ദേഹത്തെ ഓർമിക്കുമെന്നു മോദി പറഞ്ഞു.

"പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പയുടെ ദേഹവിയോഗത്തിൽ അഗാധമായി വേദനിക്കുന്നു," മോദി പറഞ്ഞു. "ദുഖത്തിന്റെയും അനുസ്‌മരണത്തിന്റെയുമായ ഈ സമയത്തു ആഗോള കത്തോലിക്കാ സമൂഹത്തിനു ഞാൻ അഗാധമായ അനുശോചനം അറിയിക്കുന്നു."

വളരെ ചെറിയ പ്രായം മുതൽ ഫ്രാൻസിസ് പാപ്പാ യേശു ക്രിസ്തുവിന്റെ ആദർശങ്ങൾ ഉയർത്തിപ്പിടിച്ചിരുന്നുവെന്നു മോദി ചൂണ്ടിക്കാട്ടി. "അദ്ദേഹം ആത്മാർഥമായി ദരിദ്രരെയും മർദിതരെയും സേവിച്ചു. പീഡിപ്പിക്കപ്പെട്ടവർക്കു അദ്ദേഹം പ്രത്യാശ ഉണർത്തി.

"പാപ്പയുമായുള്ള കൂടിക്കാഴ്ചകൾ ഞാൻ സന്തോഷത്തോടെ ഓർമ്മിക്കുന്നു. എല്ലാവരെയും ഉൾക്കൊള്ളുന്ന സാർവലൗകിക വികസനം എന്ന അദ്ദേഹത്തിന്റെ ആശയം എന്നെ ആവേശം കൊള്ളിച്ചിരുന്നു. ഇന്ത്യൻ ജനതയോട് അദ്ദേഹത്തിനു വാത്സല്യം ആയിരുന്നു.

"അദ്ദേഹത്തിന്റെ ആത്മാവ് ദൈവത്തിന്റെ ആശ്ലേഷത്തിൽ നിത്യമായ സമാധാനം കൈവരിക്കട്ടെ."

മാർപാപ്പയുടെ ജനസേവന പ്രതിബദ്ധതയിൽ ആകൃഷ്ടനായ മോദി അദ്ദേഹത്തെ ഇന്ത്യ സന്ദർശിക്കാൻ ക്ഷണിച്ചിരുന്നു.

2021 ഒക്ടോബറിൽ വത്തിക്കാനിലെ അപ്പോസ്തോലിക കൊട്ടാരത്തിൽ സ്വകാര്യ കൂടിക്കാഴ്ച്ചയ്ക്കു മോദിയെ പാപ്പാ സ്വീകരിച്ചിരുന്നു. രണ്ടു പതിറ്റാണ്ടിനു ശേഷമാണു ഒരു മാർപാപ്പയും ഇന്ത്യൻ പ്രധാനമന്ത്രിയും കണ്ടുമുട്ടിയത്.

ജോൺ പോൾ രണ്ടാമൻ മാർപാപ്പ ആയിരിക്കെ 2000 ജൂണിൽ അന്നത്തെ പ്രധാനമന്ത്രി എ ബി വാജ്പേയി അദ്ദേഹത്തെ സന്ദർശിച്ചിരുന്നു.

ഇന്ത്യയും വത്തിക്കാനും നയതന്ത്ര ബന്ധങ്ങൾ സ്ഥാപിച്ചത് 1948ലാണ്. ഏഷ്യയിൽ ഏറ്റവുമധികം കത്തോലിക്കാ വിശ്വാസികളുളള രാജ്യവുമാണ് ഇന്ത്യ.

Modi deeply pained by Pope demise 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക